Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടും ചൂടിൽ കേരളം വെന്തുരുകുമ്പോൾ എസി കച്ചവടം 'ചൂടുപിടിപ്പിച്ച്' കമ്പനികൾ; കോഴിക്കോടും തൃശ്ശൂരും കണ്ണൂരുമടക്കം ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജാഗ്രതയോടെ ജനം; ഫെബ്രുവരി വരെ ലഭിക്കേണ്ട വേനൽ മഴയിൽ ഇടിവ് വന്നത് 46 ശതമാനം! വാഹനങ്ങളും എയർ കണ്ടീഷനുകളും വർധിച്ചതും പച്ചപ്പും നീർത്തടങ്ങളും ഇല്ലാതാകുകയും ചെയ്തതോടെ ഇരട്ടി ശക്തി പ്രാപിച്ച് താപനില

കൊടും ചൂടിൽ കേരളം വെന്തുരുകുമ്പോൾ എസി കച്ചവടം 'ചൂടുപിടിപ്പിച്ച്' കമ്പനികൾ; കോഴിക്കോടും തൃശ്ശൂരും കണ്ണൂരുമടക്കം ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജാഗ്രതയോടെ ജനം; ഫെബ്രുവരി വരെ ലഭിക്കേണ്ട വേനൽ മഴയിൽ ഇടിവ് വന്നത് 46 ശതമാനം! വാഹനങ്ങളും എയർ കണ്ടീഷനുകളും വർധിച്ചതും പച്ചപ്പും നീർത്തടങ്ങളും ഇല്ലാതാകുകയും ചെയ്തതോടെ ഇരട്ടി ശക്തി പ്രാപിച്ച് താപനില

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം കണ്ട മഹാപ്രളയത്തിന് ശേഷം ഇപ്പോൾ അതിന്റെ ഇരട്ടി ഭീതി വിതയ്ക്കുകയാണ് ശക്തമാകുന്ന വേനൽ. കൊടും ചൂടിൽ കേരളം വെന്തുരുകാൻ തുടങ്ങിയതോടെ കൂളിങ് ഓഫറുമായി  കച്ചവടം 'ചൂടുപിടിപ്പിക്കുകയാണ്' എസി കമ്പനികൾ. വേനൽക്കാലമായതോടെ എസി കച്ചവടത്തിന്റെ കണക്കുകൾ ഏവരേയും ഞെട്ടിക്കുന്നതാണ്. നവംബർ, ഡിസംബർ മാസങ്ങളെ അപേക്ഷിച്ച് നോക്കിയാൽ പുതുവർഷം എസി കച്ചവടം കുത്തനേ ഉയർന്നിരിക്കുകയാണ്.

മൂന്നിരട്ടി വർധനയുമായി എസി കച്ചവടം പൊടിപൊടിക്കുമ്പോഴും താപനില ഉയരുന്നതിന് പിന്നിൽ എയർ കണ്ടീഷനുകളുടെ അമിത ഉപയോഗമാണെന്ന് കാര്യവും ആരും ഓർക്കുന്നില്ല. റേറ്റിങ് കണക്കാക്കി വൈദ്യുതി ഉപയോഗം കുറച്ച് കറണ്ട് ചാർജിൽ ലാഭം കൊയ്യാമെന്നും വേനലിൽ നിന്നും രക്ഷപെടാമെന്നും കരുതിയാണ് മിക്കവും എസിക്ക് പിന്നാലെ പായുന്നത്.

മാത്രമല്ല കോഴിക്കോടും തൃശ്ശൂരും കണ്ണൂരും അടക്കമുള്ള സ്ഥലങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന വാർത്തയും ആളുകളെ എസിക്ക് പിന്നാലെ ഓടിക്കാൻ കാരണമായി. ഈ മാസം ഏഴ് വരെ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. മാത്രമല്ല ഉച്ചയ്ക്കു തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്നും കുട്ടികളും ഗർഭിണികളും പ്രായമായവരും കൂടുതൽ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

എസി കച്ചവടം തകർക്കുമെന്നുറപ്പ്

മുറിയിലെ തണുപ്പ് ഓട്ടോമാറ്റിക്കായി വരെ ക്രമീകരിക്കാൻ കഴിവുള്ള ഇൻവെർട്ടർ എസികൾക്കാണ് ഇന്ന് ഏറെ ആവശ്യക്കാരുള്ളത്. മറ്റ് ഏസിയെ അപേക്ഷിച്ച് 40 % വരെ ഊർജ സംരക്ഷണം സാധ്യമാകുന്നുണ്ട് എന്നതിനാൽ വാങ്ങുന്നവർക്കും ഇൻവേർട്ടർ എസികൾക്കാണ് മുൻഗണന നൽകുന്നതെന്നും വ്യാപാരികൾ പറയുന്നു.

കേരളത്തിന്റെ കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ 120 ചതുരശ്ര അടി മുതൽ 140 ചതുരശ്ര അടി വരെ 1 ടൺ, 140-180 ചതുരശ്ര അടി വരെ 1.5 ടൺ, 180-240 വരെ 2 ടൺ എന്നിങ്ങനെയാണ് എസി ഘടിപ്പിക്കുന്നതിന്റെ കണക്ക്. റൂമിന്റെ ഉയരം, ജനൽ ഗ്ലാസുകൾ, സ്ഥാനം ഒക്കെ എസിയുടെ ടണ്ണേജിനെ സ്വാധീനിക്കുമെങ്കിലും പൊതുവെ ഈ രീതിയിലാണ് ടണ്ണേജ് കണക്കാക്കുന്നത്.

എസിയുടെ വില 27,000 മുതലാണ് ആരംഭിക്കുന്നത്. മുറികളുടെ വിസ്തൃതി അനുസരിച്ചാണ് എസി ക്രമീകരിക്കുന്നത്. ഒരു ടൺ വരുന്ന എസിക്കാണു കൂടുതൽ വിൽപന. 5,990 മുതലാണു കൂളറുകളുടെ വില. എസികളെ അപേക്ഷിച്ചു വൈദ്യുതി അധികം ഉപയോഗിക്കുന്നില്ലെങ്കിലും വെള്ളം ആവശ്യമാണ് എന്നതാണ് ഇവയുടെ വ്യത്യാസം. വില കുറവാണെങ്കിലും എസിയാണ് ആളുകൾക്ക് ഏറെ ഇഷ്ടം.

ഉഷ്ണ തരംഗം എന്താണെന്ന് ഓർക്കണേ...

ശരാശരിയായിട്ടുള്ള താപനിലയിൽ നിന്നുമുള്ള ഗണ്യമായ വർധനയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഇത് 4.5 ഡിഗ്രിക്കു മുകളിൽ ഉയരുകയും ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. സംസ്ഥാനത്ത് മാർച്ച് ആദ്യപകുതിയിലെ ശരാശരി ഉയർന്ന താപനില 35 ഡിഗ്രിയാണ്. പാലക്കാട് പോലെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ താപനില അതിലും കൂടാറുള്ളൂ. എന്നാൽ ഇത്തവണ പതിവിനു വിപരീതമായി കോഴിക്കോട്ട് ശരാശരിയിൽ നിന്ന് 3 ഡിഗ്രിയിൽ കൂടുതൽ താപനില ഉയർന്നിരുന്നു.

ആഗോളതാപനത്തെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണു ചൂടു കൂടാനുള്ള കാരണം. വേനൽമഴയുടെ അഭാവം, കാറ്റിന്റെ കുറവ്, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് കൂടുന്നതും കോൺക്രീറ്റ് കെട്ടിടങ്ങളുടെയും ടാർ റോഡുകളുടെയും സാമീപ്യവും ചൂടിന്റെ തോത് വർധിപ്പിക്കും. കേരളത്തിൽ ഇപ്പോൾ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ശരാശരി 80 ശതമാനത്തിനു മുകളിലാണ്. പാലക്കാട്ടും പുനലൂരിലും ശരാശരിയെക്കാൾ 10% കൂടുതലാണിത്.

ഉത്തരേന്ത്യയെ അപേക്ഷിച്ചു കേരളത്തിൽ ഉഷ്ണതരംഗം അപൂർവമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത് 2016 ഏപ്രിലിൽ. പാലക്കാട് ജില്ലയിൽ ചൂട് 41 ഡിഗ്രിക്കു മുകളിലെത്തിയപ്പോഴായിരുന്നു അത്. കാലാവസ്ഥാ വകുപ്പിന്റെ സ്റ്റേഷനുകളിൽ ചൂട് 40 ഡിഗ്രി കവിയുകയോ ശരാശരി ചൂട് 4 ഡിഗ്രിയിലധികം വ്യത്യാസപ്പെടുകയോ രാത്രി താപനില ശരാശരിയിൽ നിന്നു 3 ഡിഗ്രി കൂടുകയോ ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം (ഹീറ്റ് വേവ്) ബാധിച്ചതായി പ്രഖ്യാപിക്കാറുള്ളത്.

കഴിഞ്ഞ വർഷം മാർച്ച് ആദ്യവാരം തൃശൂരിൽ 38 ഡിഗ്രിയും കോട്ടയത്തും കൊല്ലത്തും 37 ഡിഗ്രിയും ചൂടു രേഖപ്പെടുത്തിയിരുന്നു. (ഇന്നലെ തിരുവനനന്തപുരത്ത് രേഖപ്പെടുത്തിയ കൂടിയ ചൂട് 34.3. ശരാശരിയിൽ നിന്ന് 1.2 ഡിഗ്രി കൂടുതൽ). അമിതമായ ചൂടിൽ തൃശ്ശൂർ ജില്ലയും വിയർത്തൊലിക്കുകയാണ്. തിങ്കൾ വൈകിട്ട് 4.30ന് 34.7 ഡിഗ്രി ചൂടാണ് തൃശൂരിൽ അനുഭവപ്പെട്ടത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ശരാശരിയിൽ 1.6 മുതൽ 3 ഡിഗ്രി വരെ കൂടുതലാണിത്. വൈകിട്ട് 05.30ന് 34.6 ഡിഗ്രി ചൂടും അനുഭവപ്പെട്ടു. വരുന്ന ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വേനൽ മഴ കുറഞ്ഞതും പ്രധാന വെല്ലുവിളി

സംസ്ഥാനത്ത് ജനുവരി 1 മുതൽ ഫെബ്രുവരി 27 വരെ ലഭിക്കേണ്ട മഴയിൽ 46 ശതമാനത്തിന്റെ കുറവുണ്ട്. ഇതാണ് വേനൽ കഠിനമാക്കുന്ന കാരണങ്ങളിലൊന്ന് എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ. ജില്ല മഴയിൽ 65 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.മഴ കുറഞ്ഞത് അന്തരീക്ഷ വായുവിലെ ഈർപ്പത്തോതു കുറയുന്നതിനും കാരണമായി. കോൺക്രീറ്റ്, ടാർ ഉപരിതലങ്ങളുടെ വർധന, വാഹനപ്പെരുപ്പം, എയർ കണ്ടീഷനറുകളുടെ വർധന, പച്ചപ്പിന്റെ കുറവ്, നീർത്തടങ്ങൾ നികത്തുന്നത് എന്നിവയും ചൂട് കൂടാൻ കാരണമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP