Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈകിയെത്തിയെങ്കിലും കലിയടങ്ങാതെ കാലവർഷം; പ്രളയത്തിന്റെ അനുഭവത്തിൽ നിതാന്ത ജാഗ്രതയോടെ അധികൃതർ; തിരുവല്ലയിൽ ഒരാൾ മരിച്ചത് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട്; കടൽ ക്ഷോഭത്തിൽ കാണാതായത് ഏഴുപേരെ; കാസർകോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; പാംബ്ല ഡാമിന്റെയും കല്ലാർ കുട്ടി ഡാമിന്റെയും രണ്ടു ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

വൈകിയെത്തിയെങ്കിലും കലിയടങ്ങാതെ കാലവർഷം; പ്രളയത്തിന്റെ അനുഭവത്തിൽ നിതാന്ത ജാഗ്രതയോടെ അധികൃതർ; തിരുവല്ലയിൽ ഒരാൾ മരിച്ചത് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട്; കടൽ ക്ഷോഭത്തിൽ കാണാതായത് ഏഴുപേരെ; കാസർകോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി;നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; പാംബ്ല ഡാമിന്റെയും കല്ലാർ കുട്ടി ഡാമിന്റെയും രണ്ടു ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് പലയിടത്തും വെള്ളപ്പൊക്ക ഭീഷണി. കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചു. വടക്കൻ കേരളത്തിന്റെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദ്ദേശം നൽകി. ഏഴു താലൂക്കുകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. തിരുവല്ല വള്ളംകുളത്ത് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു, നന്നൂർ സ്വദേശി കോശി വർഗീസ് (54) ആണ് മരിച്ചത്. കാസർകോട് ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയാണ്. കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിയുകയാണ്. മഴ ശക്തമായതോടെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ കലക്ടർ നിർത്തിവച്ചു. മീനച്ചിലാറ്റിൽ വെള്ളം പൊങ്ങുന്നതിനാൽ പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇടുക്കിയിലും പലയിടത്തു മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 15 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

ജലനിരപ്പ് ഉയർന്നാൽ മലങ്കര, കല്ലാർകുട്ടി ഡാമുകൾ ഇന്നുതന്നെ തുറന്നു വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പ് 252.6 m ആയി ഉയർന്നു. കല്ലാർകുട്ടി ഡാമിന്റെ ജലനിരപ്പ് 452.4 m ആയി ഉയർന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂലൈ 22 വരെ ഇടുക്കി ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് പാംബ്ല ഡാമിന്റെ 2 ഷട്ടറുകൾ 30 cm ഉയർത്തി 90 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കാനും കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ 30 cm വരെ ഉയർത്തി 60 ക്യുമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കുവാനും ഇടുക്കി ജില്ലാ കളക്ടർ അനുമതി നൽകി. പെരിയാറിന്റെ ഇരുകരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

പമ്പയിൽ ജലനിരപ്പുയർന്ന് മണൽപ്പുറത്തെ കടകളിൽ വെള്ളം കയറി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും അലർട്ട് തുടരും. എറണാകുളം ജില്ലയിൽ കൊച്ചി ചെല്ലാനം കമ്പനിപ്പടി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി.

കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ കണ്ണൂർ നഗരത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഇരുപതോളം കുടുംബങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോഴിക്കോട് നഗരത്തിൽ വെള്ളം കയറി. നെല്ലിയാമ്പതി, സൈലന്റുവാലി മലനിരകളിലും ഭേദപ്പെട്ട മഴ ലഭിച്ചു. മൂന്നുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

കടൽക്ഷോഭവും രൂക്ഷം

കേരള തീരത്ത് കടൽ ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ഇതുവരെ കടൽക്ഷോഭത്തിൽ കാണാതായത് വിവിധയിടങ്ങളിൽ നിന്നായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെയാണ്. അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് 40 മുതൽ 50 കി മി വരെ വേഗതയിൽ കാറ്റ് വീശാനും 3 മീറ്റർ വരെ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിലെ ആലപ്പാട് കടൽ 50 മീറ്ററോളം കരയിലേക്ക് കയറി. പുനരധിവാസം ആവശ്യപ്പെട്ട് തീരവാസികൾ റോഡ് ഉപരോധിച്ചു.

കൊല്ലത്ത് നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിലെ മൂന്നു പേരെ കാണാതായി. കന്യാകുമാരി നീരോട് സ്വദേശികളെയാണു കാണാതായത്. ജോൺ ബോസ്‌കോ, ലൂർഥ് രാജ്, സഹായരാജ് എന്നിവരെയാണു കാണാതായത്. വള്ളത്തിലുണ്ടായിരുന്ന സ്റ്റാൻലി, നിക്കോളാസ് എന്നിവർ രക്ഷപെട്ടു. സ്റ്റാൻലിന്റെ ഉടമസ്ഥതയിലുള്ളതാണു താദേയൂസ് മാതാ വള്ളം. നീണ്ടകര ഹാർബറിൽനിന്ന് ഇന്നു രാവിലെയാണ് ഇവർ മത്സ്യബന്ധനത്തിനു പോയത്.കടലിൽ വച്ചു കാറ്റിൽപ്പെട്ടു മറിയുകയായിരുന്നു. തകർന്ന വള്ളം ശക്തികുളങ്ങര മരുത്തടി ഭാഗത്ത് അടിഞ്ഞു.

ബുധനാഴ്ച വൈകിട്ടോടെ വിഴിഞ്ഞത് നിന്ന് പുറപ്പെട്ട ബോട്ടിലെ നാല് പേരെയാണ് കാണായതായത്. പുതിയ തുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരേയും പുല്ലുവിള സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരേയാണ് കാണാതായത്. ഇവർ ഇന്നലെ വൈകുന്നേരം തിരത്ത് തിരിച്ചെത്തേണ്ടവരായിരുന്നു. തെരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് നാട്ടുകാർ നടത്തുന്ന പ്രതിഷേധവും ശക്തമാകുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിലിനുള്ള ഡോർണിയർ വിമാനം എത്താതിലാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. തെരച്ചിലിന് പോയ കോസ്റ്റ് ഗാർഡ് ബോട്ടിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തതിലും പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, നാട്ടുകാരുമായി ജില്ലാകളക്ടർ ചർച്ച നടത്തി. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം എത്താത്തത് എന്ന് കളക്ടർ പറഞ്ഞു. മറൈൻ എഫോഴ്‌സ്‌മെന്റ് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ആലപ്പുഴ, ചെറിയഴീക്കൽ തീരങ്ങളിലും കടലാക്രമണം രൂക്ഷമാണ്. വിഴിഞ്ഞത്തുനിന്നു കാണാതായ നാലു പേരെ കണ്ടെത്താനായില്ല. തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്ന് അധികൃതർ അറിയിച്ചു. മലപ്പുറത്ത് പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരത്തും വീടുകളിൽ വെള്ളം കയറി. കൊച്ചിയിൽ ചെല്ലാനം, കമ്പനിപ്പടി ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. മലപ്പുറം പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരത്ത് വീടുകളിൽ വെള്ളം കയറി.

മഴയിൽ മുങ്ങി കണ്ണൂർ യൂണിവേഴ്‌സിറ്റിയും

തുടർച്ചയായി പെയ്തു കൊണ്ടിരിക്കന്ന കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.താവക്കര ,പടന്ന പാലം, മഞ്ച പാലം എന്നിവിടങ്ങളിലെ വീട്ടുകളിലും കടകളിലും വെള്ളം കയറി. താവക്കരയിൽ വെള്ളം കയറിയതിനാൽ പത്ത് കുടുംബങ്ങളെ മാറ്റി പാപ്പിച്ച താവക്കര യു .പി സൂളിലും ടൗൺ ഹയർ സെക്കന്ററി സ്‌കൂളിലേക്കുമാണ് മാറ്റിയത്.  കണ്ണൂർ സിറ്റി മഞ്ചപ്പാലം, പടന്ന പ്പാലം പ്രദേശങ്ങളിൽ കടകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ പെട്ടു. ലക്ഷങ്ങളുടെ സാധനസാമഗ്‌റികളിൽ വെള്ളം കയറി. വീട്ടുകാർ പലരുവീട്ടു സാധനങ്ങളുമായി മാറിയിരിക്കയാണ്. അധികൃതരുടെ ജാഗ്രതാ നിദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും മതിയായ മുന്നൊരുക്കങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ല.

ഒറ്റ മഴയിൽ തന്നെ കണ്ണൂർ താവക്കരയിലെ കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസും സമീപത്തെ വീടുകളും വെള്ളത്തിൽ മുങ്ങി. സമീപത്തെ ആശുപത്രികളിൽ നിന്നും നഗരത്തിൽ നിന്നുമെത്തിയ മലിനജലത്തിൽ നിന്ന് ആളുകളെ മാറ്റിയത് ഫയർഫോഴ്‌സെത്തിയാണ്. ചതുപ്പ് പ്രദേശത്ത് യൂണിവേഴ്‌സിറ്റി മണ്ണിട്ടുനികത്തി നടത്തിയ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നഗരത്തിൽ നിന്നുള്ള മാലിന്യം വഹിക്കുന്ന നിരവധി ഓവുചാലുകൾ കടന്നുപോകുന്ന താഴ്ന്ന പ്രദേശമാണ് കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസ് പരിസരം. ഒറ്റമഴയിൽ വീടുകൾ മുങ്ങുന്ന സ്ഥിതിയായിരിക്കുകയാണ് ഇവിടെ. ഫയർഫോഴ്‌സെത്തി ഡിങ്കി ബോട്ടിറക്കിയാണ് ആളുകളെ മാറ്റിയത്. യൂണിവേഴ്‌സിറ്റിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ വിദ്യാർത്ഥികളും വെള്ളക്കെട്ടിനെ തുടർന്ന് വലഞ്ഞു. വെള്ളക്കെട്ടിൽ കുഴിയിൽ വീണ് പലർക്കും പരിക്കേറ്റു. പഴയ ചതുപ്പ് ഭൂമിയിൽ യൂണിവേഴ്‌സിറ്റി പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണെടുക്കുകയും മറ്റിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ജാഗ്രതയോടെ അധികൃതരും

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്റെ അനുഭവത്തിൽ അതീവ ജാഗ്രയതയിലാണ് അധികൃതർ. സർക്കാരും ദുരന്ത നിവാരണ അഥോറിറ്റിയും. സമയാസമയങ്ങളിൽ വിശകലനവും മുന്നറിയിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി രംഗത്തുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുമുള്ള മുൻകരുതലുകൾ റവന്യു വകുപ്പും കൈക്കൊണ്ടിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് തീവ്രമഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവർ എന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയ കുടുംബങ്ങളെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ അതാതു വില്ലേജുകളിൽ ക്യാംപുകൾ തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നു ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകൾ തകരുകയും പുനർനിർമ്മാണം പൂർത്തിയാകാത്തതുമായ വീടുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ അതാത് വില്ലേജിൽ ക്യാംപുകൾ തുറന്ന് താമസിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണെന്നും താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നെന്ന് ഉറപ്പു വരുത്തേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

നാളെ അഞ്ച് ജില്ലകളിലും 22 വരെ ഇടുക്കിയിലും റെഡ് അലർട്ട്

അഞ്ച് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ജൂലൈ 20 ന് കാസർഗോഡ് , ജൂലൈ 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'റെഡ്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലീ മീറ്ററിൽ കൂടുതൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂലൈ 20 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, ജൂലൈ 21ന് മലപ്പുറം, കണ്ണൂർ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലും, ജൂലൈ 23ന് കണ്ണൂർ എന്നി ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP