Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ വീണ്ടും പേമാരി വർഷിക്കാൻ ഒഡീഷയിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നു; ശനിയാഴ്ചവരെ കനത്ത മഴയും കാറ്റുമെന്ന് മുന്നറിയിപ്പ്; ഡാമുകളെല്ലാം വീണ്ടും തുറക്കുന്നതോടെ മിക്ക ജില്ലകളിലും പ്രളയ ഭീഷണി; മാട്ടുപ്പെട്ടി തുറന്നതോടെ ദേശീയപാതയിൽ വരെ വെള്ളംകയറി ഒറ്റപ്പെട്ട് മൂന്നാർ; അടിമാലിയിലും കൊട്ടിയൂരും ഇടുക്കി ചുരുളിയിലും വയനാട്ടിലെ മട്ടിക്കുന്നിലും കുറിച്യർ മലയിലും ഉരുൾപൊട്ടൽ; ഭക്തർക്ക് എത്താനാവാതെ അയ്യപ്പ സന്നിധാനം; ഇടുക്കി ഷട്ടറുകൾ വീണ്ടും ഉയർത്തി

കേരളത്തിൽ വീണ്ടും പേമാരി വർഷിക്കാൻ ഒഡീഷയിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നു; ശനിയാഴ്ചവരെ കനത്ത മഴയും കാറ്റുമെന്ന് മുന്നറിയിപ്പ്; ഡാമുകളെല്ലാം വീണ്ടും തുറക്കുന്നതോടെ മിക്ക ജില്ലകളിലും പ്രളയ ഭീഷണി; മാട്ടുപ്പെട്ടി തുറന്നതോടെ ദേശീയപാതയിൽ വരെ വെള്ളംകയറി ഒറ്റപ്പെട്ട് മൂന്നാർ; അടിമാലിയിലും കൊട്ടിയൂരും ഇടുക്കി ചുരുളിയിലും വയനാട്ടിലെ മട്ടിക്കുന്നിലും കുറിച്യർ മലയിലും ഉരുൾപൊട്ടൽ; ഭക്തർക്ക് എത്താനാവാതെ അയ്യപ്പ സന്നിധാനം; ഇടുക്കി ഷട്ടറുകൾ വീണ്ടും ഉയർത്തി

തിരുവനന്തപുരം: കനത്ത മഴ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് എട്ടു ജില്ലകൾ വീണ്ടും പ്രളയക്കെടുതിയിൽ. ഒഡീഷാ തീരത്തെ ന്യൂനമർദ്ദം വീണ്ടും ശക്തിപ്രാപിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇതോടെ ശനിയാഴ്ചവരെ കനത്ത മഴ തുടരുമെന്നത് കേരളത്തെ ശരിക്കും ഞെട്ടിക്കുകയാണ്. ഇപ്പോഴേ പ്രളയക്കെടുതയിൽ വലയുന്ന സംസ്ഥാനത്തിന് താങ്ങാവുന്നതിന് അപ്പുറമാകും ഈ പേമാരിയും കാറ്റുമെന്നാണ് വിലയിരുത്തലുകൾ. അതിനാൽ തന്നെ എല്ലാ ജില്ലകളിലും അതീവ ജാഗ്രതയിലാണ് ഇപ്പോഴെ.

ഇന്ന് കോഴിക്കോട്ടും വയനാടും മലപ്പുറത്തും ഇടുക്കിയിലും പാലക്കാട്ടും ഉരുൾപൊട്ടലുണ്ടായതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പാലക്കാട്ടെ നേരത്തെ വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറി. ബാവലിപ്പുഴയും ചീങ്ങണ്ണിപ്പുഴയും ഇരുവഴിഞ്ഞിപ്പുഴയും കരകവിഞ്ഞു. മൂന്നാർ ഒറ്റപ്പെട്ടു. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ വീണ്ടും വലിയ വെള്ളപ്പൊക്ക ഭീഷണിയിലാണ് നിലവിൽ മഴക്കെടുതി നേരിട്ട മേഖലകളെല്ലാം.

അതേസമയം, നീരൊഴുക്ക് കൂടിയതോടെ ഇടുക്കിയിലെ അടച്ച ഷട്ടറുകൾ വീണ്ടും ഉയർത്തിരിക്കുകയാണ്. ഇന്ന് വൈകീട്ട് നാലും അഞ്ചും ഷട്ടറുകൾ വീണ്ടും തുറക്കുകയായിരുന്നു. ഇതോടെ പെരിയാറിൽ വീണ്ടും ജലനിരപ്പ ഉയരും. ആലുവ വരെയുള്ള പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പാലക്കാട് വാളയർ ഡാമും തുറന്നു. മലമ്പുഴയിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇതോടെ കൽപാത്തി പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പ് ഉയർന്നു. തിരുന്നാവായ തീരത്ത് ഉൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

മാട്ടുപ്പെട്ടി തുറന്നു; മൂന്നാർ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ടു. പ്രദേശം പ്രളയ ഭീതിയിലാണ്. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടർന്ന് മുതിരപ്പുഴയാർ കരകവിഞ്ഞ് ഒഴുകി ദേശീയപാതയിൽ വെള്ളം കയറി. അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയിൽ ഉരുൾപൊട്ടലുണ്ടായതോടെ തടയണ ഒലിച്ചുപോയി. ശക്തമായ വെള്ളപ്പാച്ചിലാണ് മുതിരപ്പുഴയാറിൽ. റോഡുകളെല്ലാം വെള്ളക്കെട്ടുകളായതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മൂന്നാറിൽ അതീവ ജാഗ്രത നിർദ്ദേശം നല്കിയിരിക്കുകയാണ്. സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ് അധികൃതർ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയർന്നതോടെയാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. ഇടുക്കി ചുരുളിയിലും ഉരുൾപൊട്ടി

അടിമാലി കൊന്നത്തടിയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകൾ തകർന്നു. മൂന്നാർ ഗവൺമെന്റ് കോളജിനു മുന്നിൽ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാർ ടൗണിൽ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമ്പത് വർഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പഴയ മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ ബസ്സുകൾ മാത്രമാണ് മൂന്നാർ ടൗണിലേക്ക് സർവ്വീസ് നടത്തുന്നത്.

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ കൂടി തുറക്കുന്നതോടെ മൂന്നാർ ടൗൺ വെള്ളത്തിലാകുമെന്നാണ് സൂചന. കുഞ്ചിത്തണ്ണി, കല്ലാർകുട്ടി എന്നിവിടങ്ങളിലും വെള്ളം കയറിയേക്കുമെന്നാണ് സൂചന. ഇതോടെ ഇടുക്കിയിൽ മറ്റൊരു പ്രദേശം കൂടി കനത്ത മഴക്കെടുതി നേരിടുന്ന സാഹചര്യമാണ് ഉള്ളത്. നീരൊഴുക്ക് ശക്തമായതിനെ തുടർന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റർ എത്തിയതോടെ രാവിലെ ഒൻപതു മണിക്ക് ആദ്യ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തിയിരുന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

ഇന്ന് രാവിലെ അടിമാലി കുരങ്ങാട്ടി മലയിൽ ഉരുൾപൊട്ടി. ഇതേത്തുടർന്ന് താഴ്ഭാഗത്തെ ചെക്ക് ഡാം തകർന്നു. ശക്തമായ മലവെള്ളപ്പാച്ചിലിൽ താഴെ അടിമാലി പ്രദേശം വെള്ളത്തിനടിയിലായി. നിരവധി വീടുകൾക്കും കൃഷിക്കും നാശമുണ്ടായെന്നാണ് ലഭ്യമാകുന്ന വിവരം. കനത്ത മഴ തുടരുന്നത് പ്രദേശത്ത് പരക്കെ ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇ്ന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്.

ഡാമുകളെല്ലാം തുറക്കുന്നു; വീണ്ടും പ്രളയം

വടക്കൻ കേരളത്തിൽ പല മേഖലകളിലും വലിയ പ്രളയദുരിതത്തിലാണ്. നേരത്തെ മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിലും ഡാമുകൾ തുറന്നതോടെ വെള്ളം കയറിയ മേഖലയിലും വീണ്ടും വെള്ളം ഉയരുന്ന സാഹചര്യമാണ്. ഇതോടെ ഇപ്പോൾ തന്നെ സർവവും നഷ്ടപ്പെട്ടവരെല്ലാം വലിയ ആശങ്കയിലാണ്. സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ കൂടുതൽ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടേണ്ട സാഹചര്യവുമായി.

കനത്ത മഴയിലും ശക്തമായ കാറ്റിലും മണ്ണുത്തി വെറ്ററിനറി സയൻസ് കോളജിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്കു പരുക്ക്. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്.

തീർത്ഥാടകർക്ക് എത്താനാവാതെ ഒറ്റപ്പെട്ട് ശബരിമല

കനത്തമഴയിൽ പമ്പാ നദി കരകവിഞ്ഞൊഴുകുന്ന പശ്ചാത്തലത്തിൽ ശബരിമലയിലെ നിറപുത്തരി ചടങ്ങുകൾക്കുള്ള നെൽക്കതിരുമായി തന്ത്രി കണ്ഠരര് മോഹനരും സംഘവും വണ്ടിപ്പെരിയാർ വഴി പുൽമേട് കയറി സന്നിധാനത്തെത്തും. കനത്തമഴയിൽ പമ്പാ നദി കരകവിഞ്ഞ് ഒഴുകുന്നതിന് പിന്നാലെയാണ് നിറപുത്തരി ചടങ്ങുകൾക്കായി പുൽമേട് വഴി തന്ത്രിയേയും സംഘത്തേയും എത്തിക്കാൻ തീരുമാനമെടുത്തത്. തന്ത്രിയും പത്തംഗ സംഘവും വണ്ടിപ്പെരിയാർ പുല്ലുമേട് വഴി യാത്ര തരിച്ചിട്ടുണ്ട്.

നിലയ്ക്കലിൽ ദേവസ്വം ബോർഡ്- ദുരന്തനിവാരണ അഥോറിറ്റി- റവന്യൂ വകുപ്പ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പമ്ബയിലേക്ക് കടക്കാതെ പുൽമേട് വഴി സന്നിധാനത്തെത്താൻ തീരുമാനമെടുത്തത്. പമ്ബയിൽ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ളവർ രണ്ടു സംഘമായി തിരിഞ്ഞാണ് ശബരിമലയിലേക്ക് പോകുക. രണ്ടാമത്തെ സംഘം പമ്ബയാറിന് സമീപം ക്യാമ്ബു ചെയ്യും. ജലനിരപ്പ് കുറഞ്ഞാൽ പമ്ബവഴി അവർ സന്നിധാനത്തിലേക്ക് പോകും. പമ്ബയിലെ ജലനിരപ്പ് അപകടകരമായ വിധം ഉയർന്നതോടെ ത്രിവേണിയുൾപ്പടെ വെള്ളക്കെട്ടിനടയിലായി. വാട്ടർ അഥോറിറ്റിയുടെ ഓഫീസും വെള്ളത്തിനടിയിലായതോടെ സന്നിധാനത്തേക്കുള്ള ജലനവിതരണത്തിലും തകരാർ അനുഭവപ്പെടുകയാണ്.

പമ്പയിലെ കടകൾ ഉൾപ്പടെ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്. അന്നദാന മണ്ഡപമുൾപ്പെടെ കുത്തൊഴുക്കിൽ മുങ്ങിപ്പോയി. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകരെ എരുമേലിയിലും പത്തനം തിട്ടയിലുമായി തടയാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഇതനുസരിച്ച് ഇന്നലെ മുതൽ പമ്പയിലേക്ക് തീർത്ഥാടകർ കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ ഇന്നലെ വീണ്ടും തുറന്നതോടെ പമ്പയിൽ വെള്ളപ്പാച്ചിലാണ്.

നാളെ നടക്കുന്ന നിറപുത്തരി ചടങ്ങുകൾക്കും ചിങ്ങമാസ പൂജകൾക്കുമായി നടതുറക്കവെ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി തീർത്ഥാടകരാണ് എത്തിചേർന്നത്. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും തോരാതെ മഴ തുടരുകയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കും സന്നിധാനത്തേക്കും പോകാൻ. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാൻ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകൾ തകർന്നു. പമ്ബയിലെ ശർക്കര ഗോഡൗണിൽ വെള്ളം കയറി. ഹോട്ടലുകൾക്കും വലിയ തോതിൽ നഷ്ടമുണ്ടായി.

ഡാമുകൾ തുറക്കുന്നതോടെ വീണ്ടും പാലക്കാട്ട് ആശങ്ക

മലമ്പുഴ ഡാമിന് പുറമെ വാളയാർ, ചുള്ളിയാർ ഡാമുകൾ ഉൾപ്പെടെ തുറക്കുന്ന സാഹചര്യമാണ് പാലക്കാട്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുപ്പത് വർഷത്തിന് ശേഷം ചുള്ളിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മലമ്പുഴയുടെ വൃഷ്ടിപ്രദേശ മേഖലയിൽ ഉരുൾപൊട്ടലുണ്ടായതോടെ മലമ്പുഴ ഡാമും ഷട്ടറുകൾ ഉയർത്തി. ഇതോടെ കൽപ്പാത്തിപ്പുഴയിൽ വെള്ളം ഉയർന്നു. കൽപ്പാത്തി, ശേഖരീപുരം മേഖലയിൽ വീണ്ടും വെള്ളമുയർന്നതോടെ നിരവധി വീട്ടുകാർ വീണ്ടും പ്രതിസന്ധിയിലായി. വാളയർ ഡാമും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഭാരതപ്പുഴയുടെ തീരങ്ങളിലും വെള്ളം കൂടുതൽ കയറുമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

തോരാമഴയിൽ ഒറ്റപ്പെട്ട് ഹൈറേഞ്ച്

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കനത്ത മഴയാണ്. ഇന്നു പുലർച്ചെ ചേലച്ചുവട്- മുരിക്കാശ്ശേരി റോഡിൽ ആന്റോപുരത്ത് പാറേക്കുടി അജേഷിന്റെ കൃഷിയിടത്തിൽ ഉരുൾപൊട്ടി ഗതാഗതം തടസപ്പെട്ടു. അടിമാലി കട്ടപ്പന റോഡിലും ഉരുൾപൊട്ടി. ചുരുളി കരിമ്പൻ റോഡിൽ വൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി പ്രദേശങ്ങളിൽ റോഡുകൾ തകർന്നുകിടക്കുകയാണ്. പെരിഞ്ചാംകുട്ടി മേലേചിന്നാർ റോഡ് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ചെറുതോണി അണക്കെട്ടു തുറന്നിരിക്കുന്നതിനാൽ വിവിധ സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്ന റോഡുകളാണ് തടസപ്പെട്ടിരിക്കുന്നത്.

ഫയർഫോഴ്സും നാട്ടുകാരും ദുരന്ത നിവാരണസേനയും ചേർന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം ശക്തമാക്കി. ചെറുവാഹനങ്ങൾ കടന്നു പോകാനുള്ള ക്രമീകരണങ്ങളാണ് ആദ്യം നടത്തുന്നത്. ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ടെങ്കിലും ആളപായമില്ല. ശക്തമായ കാറ്റും തോരാമഴയും ഹൈറേഞ്ച് മേഖലയിൽ കനത്ത നാശം വിതയ്ക്കുകയാണ്.

വീണ്ടും ഞെട്ടിവിറച്ച് മലബാർ മേഖല

കോഴിക്കോട് പുല്ലൂരാംപാറയിൽ ഉരുൾപൊട്ടലുണ്ടായതും കക്കയം ഡാം തുറന്നതുമെല്ലാം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കൊട്ടിയൂരിൽ ഉരുൾപൊട്ടലുണ്ടായി. വൃഷ്്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതോടെ ബാണാസുര സാഗർ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. കോഴിക്കോട് പുല്ലൂരാം പാറ മരിപ്പുഴയിൽ ഉരുൾപൊട്ടി. വയനാട്ടിലും പല മേഖലയിലും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. നിലമ്പൂർ, കരുളായി മേഖലകളിലും ഉരുൾപൊട്ടൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വയനാട് മട്ടിക്കുന്ന് വനത്തിലും കുറിച്യർ മലയിലും ഉരുൾപൊട്ടലുണ്ടായി. നിലമ്പൂർ-കരുളായി മേഖലയിലും കണ്ണൂർ കൊട്ടിയൂരിലും ഉരുൾപൊട്ടലുണ്ടായി. അതേസമയം, വയനാട്ടിലും ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ടതായും ജനങ്ങൾ കുടുങ്ങിക്കിടക്കുന്നതുമായ റിപ്പോർട്ടുകളാണ് വരുന്നത്.

കൊട്ടിയൂർ ചപ്പമലയിൽ വ്യാപകനാശം

ഭീതി വിട്ടൊഴിയാതെ മലയോരം. കൊട്ടിയൂർ ചപ്പമലയിൽ വീണ്ടും ഉരുൾപൊട്ടലിൽ വ്യാപക നാശമാണ് ഉണ്ടായത്. ബാവലി പുഴ കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മേലെ പാൽ ചുരം കോളനി നിവാസികളെയും മാറ്റി പാർപ്പിച്ചു. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് 1.30ഓടെ ആയിരുന്നു ചപ്പമലയിലും വനത്തിലുമായി വീണ്ടും ഉരുൾ പൊട്ടിയത് നേരത്തെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനു സമീപത്തു തന്നെയാണ് വീണ്ടും ഉരുൾപൊട്ടിയത്.

ഏക്കറ് കണക്കിന് കൃഷി സ്ഥലം കുത്തൊഴുക്കിൽ നശിച്ചു.വിളയാനിക്കൽ ജോയ്, നടുക്കനിയാങ്കൽ സാബു, വയലിങ്കൽ മധുസൂദനൻ, പുത്തൻ പറമ്പിൽ സിജു, പുത്തൻ വീട്ടിൽ ഭാർഗ്ഗവി, പുത്തൻ വീട്ടിൽ വിജയൻ എന്നിവരുടെ കൃഷിസ്ഥലങ്ങളിലൂടെയാണ് ഉരുൾ പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ബാവലിപ്പുഴയിൽ കുത്തൊഴുക്ക് വർദ്ധിച്ച് താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. പേരാവൂർ ഫയർ ഫോഴ്‌സും പൊലീസും ഉരുൾ പൊട്ടിയ ചപ്പമലയിലും മറ്റും ക്യാമ്പുചെയ്യുന്നുണ്ട്. മേലെ പാൽ ചുരം കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് കോളനി നിവാസികളെയും ചപ്പമലയിലുള്ള അപകട ഭീഷണിയുള്ള കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.

ബ്‌ളാവന കടത്തിൽ പെരിയാർ കരകവിഞ്ഞു

കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടത്തിൽ പെരിയാർ കരകവിഞ്ഞു. മറുകരയുള്ള ആദിവാസി- കുടിയേറ്റ മേഖലകളിലേയ്ക്ക് എത്തണമെങ്കിൽ തോണിയെ ആശ്രയിക്കണമെന്നതാണ് നിലവിലെ അവസ്ഥ .ഒഴുക്ക് ശക്തമായ സാഹചര്യത്തിൽ കുട്ടമ്പുഴ പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്താണ് ആളുകളെ അക്കരെ - ഇക്കരെ എത്തിക്കുന്നത്. കടത്തിൽ ഏർപ്പെടുത്തിയിരുന്ന ജംഗാർ സർവ്വീസ്സ് വഴിയായിരുന്നു മറുകരയിലെ ആദിവാസി ഊരുകളിലേയ്ക്കും ജനവാസ മേഖലകളിലേയ്ക്കും വാഹന ഗതാഗതം സാധ്യമായിരുന്നത്. പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് നിർത്തിയിരിക്കുകയാണ്. ഇതു മൂലം മറുകരയിൽ താമസിക്കുന്നവർ തീരാദുരിതത്തിലാണ്. അത്യാവശ്യ ഘട്ടത്തിൽ ആശുപത്രികളിലെത്താൻ പോലും സാധ്യമാവില്ലന്നതാണ് ഇവിടുത്തുകാരുടെ ഇപ്പോഴത്തെ അവസ്ഥ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP