Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

31,287 കോടിയുടെ നഷ്ടം 2017-18ൽ രേഖപ്പെടുത്തിയ ബിഎസ്എൻഎൽ കുഴപ്പത്തിൽ തന്നെ; രൂപീകൃതമായി 18 വർഷത്തിന് ശേഷം ശമ്പളവും മുടങ്ങി; സ്ഥിരം ജീവനക്കാർക്കടക്കം 1.4 ലക്ഷം ആളുകൾക്ക് ശമ്പളം മുടങ്ങിയതിന് പിന്നാലെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ സമ്മർദ്ദ തന്ത്രമെന്നും ആരോപണം; 3ജിയിൽ തന്നെ തങ്ങി നിൽക്കുന്ന കമ്പനി 4ജിയിലേക്ക് മാറുന്ന നടപടികൾക്കിപ്പോഴും 'ഒച്ചുവേഗം'; പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന വാഗ്ദാനവുമായി എംഡി അനുപം ശ്രീവാസ്തവ

31,287 കോടിയുടെ നഷ്ടം 2017-18ൽ രേഖപ്പെടുത്തിയ ബിഎസ്എൻഎൽ കുഴപ്പത്തിൽ തന്നെ; രൂപീകൃതമായി 18 വർഷത്തിന് ശേഷം ശമ്പളവും മുടങ്ങി; സ്ഥിരം ജീവനക്കാർക്കടക്കം 1.4 ലക്ഷം ആളുകൾക്ക് ശമ്പളം മുടങ്ങിയതിന് പിന്നാലെ തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ സമ്മർദ്ദ തന്ത്രമെന്നും ആരോപണം; 3ജിയിൽ തന്നെ തങ്ങി നിൽക്കുന്ന കമ്പനി 4ജിയിലേക്ക് മാറുന്ന നടപടികൾക്കിപ്പോഴും 'ഒച്ചുവേഗം'; പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന വാഗ്ദാനവുമായി എംഡി അനുപം ശ്രീവാസ്തവ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : ഇന്ത്യയെ ബന്ധിപ്പിക്കുന്ന എന്ന മുദ്രാവാക്യത്തോടെ 18 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച് ബിഎസ്എൻഎൽ ഇപ്പോൾ നേരിടുന്നത് വൻ പ്രതിസന്ധി. മുൻപുണ്ടാവാത്ത വിധം ശമ്പളം മുടങ്ങുകയും കൂടി ചെയ്തതോടെ ജീവനക്കാരും ശക്തമായ പ്രതിഷേധത്തിലാണ്. ബിഎസ്എൻഎല്ലിലെ സ്ഥിരം ജീവനക്കാരുൾപ്പടെ 1.4 ലക്ഷം ആളുകൾക്കാണ് അധികൃതരുടെ പിടിപ്പുകേട് കാരണം ശമ്പളം മുടങ്ങിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മൂന്നു മാസത്തിലേറെയായി കരാർ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ടില്ല. സ്ഥിരം ജിവനക്കാർക്ക് കഴിഞ്ഞ ഒരു മാസത്തെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നതെന്നാണ് വിവരം.

ബിഎസ്എൻഎൽ 3 ജിയിൽ നിന്നും 4ജിയിലേക്ക് മാറുന്നുവെന്ന് പ്രഖ്യാപനം വന്ന് നാളേറെ പിന്നിട്ടെങ്കിലും ഇതിന് വേണ്ട സാങ്കേതിക നടപടികൾ ഇപ്പോഴും ഒച്ചിഴയുന്ന വേഗത്തിലാണ്. കേരളത്തിൽ ചെന്നൈ ഹെഡ്ക്വാർട്ടേഴ്‌സിനു കീഴിലുള്ള സതേൺ ടെലികോം പ്രോജക്ടിലും സതേൺ ടെലികോം സബർബൻ റീജണുകീഴിലുള്ള മൈക്രോവേവ് സ്‌റ്റേഷനുകളിലും പണിയെടുക്കുന്ന ഏഴുന്നൂറോളംപേരും ശമ്പളം മുടങ്ങിയവരിൽ ഉൾപ്പെടുന്നു. കേരളം, ജമ്മുകശ്മീർ, ഒഡിഷ, ആൻഡമാൻ നിക്കോബാർ, മഹാരാഷ്ട്ര സർക്കിളുകളും കോർപറേറ്റ് ഓഫീസുമൊഴിച്ച് മറ്റൊരിടത്തും ഫെബ്രുവരിയിലെ ശമ്പളം വിതരണം ചെയ്തില്ല.

സാമ്പത്തിക പ്രയാസമുള്ളതിനാലാണ് ശമ്പളം നൽകാൻ കഴിയാത്തതെന്നും 20ന് കൊടുക്കാനായേക്കുമെന്നും എംഡി അനുപം ശ്രീവാസ്തവ യൂണിയൻ ഭാരവാഹികളെ അറിയിച്ചു. ഈ അവസരത്തിലാണ് ജീവനക്കാരെ മനപ്പൂർവ്വം നീക്കുന്നതിനായി സമ്മർദ്ദ തന്ത്രം നടക്കുന്നുവെന്നും വിവരം പുറത്ത് വരുന്നത്. മുൻപ് കൃത്യമായി മാസാവസാനം തന്നെ അതത് മാസത്തെ ശമ്പളം ജീവനക്കാർക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ ബിഎസ്എൻഎല്ലിന്റെ നടത്തിപ്പിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച്ചയാണ് ഇപ്പോൾ വലിയ നഷ്ടത്തിലേക്ക് നയിച്ചതെന്നാണ് ജീവനക്കാരുടെ യൂണിയനുകൾ പറയുന്നത്.

മാത്രമല്ല ശമ്പളം നൽകുന്നതിന് വായ്പയെടുക്കാൻ അനുവദിക്കണമെന്ന അധികൃതരുടെ ആവശ്യം ടെലികോം വകുപ്പ് തള്ളിയിരുന്നു. പ്രവർത്തന നഷ്ടത്തിന്റെ പേരുപറഞ്ഞാണ് ഇപ്പോൾ വായ്പ നിഷേധിക്കുന്നത്. സ്ഥാപനം നഷ്ടത്തിലായതിനാൽ അടച്ചുപൂട്ടണമെന്ന് നീതി ആയോഗിന്റെ ശുപാർശ നിലനിൽക്കെയാണ് ഇപ്പോൾ ആ പേരുപറഞ്ഞ് ശമ്പളം മുടക്കിയത്. വിആർഎസ് കൊണ്ടുവന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള സമ്മർദ തന്ത്രമാണ് ഇതിനുപിന്നിൽ.2019--20ൽ വിരമിക്കൽപ്രായം കുറച്ചാൽ 30,000 കോടി രൂപ ലാഭിക്കാമെന്നാണ് വാദം.

56--60 പ്രായമുള്ള 67,000 ജീവനക്കാരുണ്ട്. അതിൽ പകുതിപ്പേരെയെങ്കിലും ഒഴിവാക്കിയാൽ 3,000 കോടി ലാഭിക്കാമെന്നാണ് കണക്കുകൂട്ടൽ. സ്ഥാപനത്തിന്റെ കൈവശമുള്ള സ്ഥലവും കെട്ടിടങ്ങളും വിറ്റാൽ 15,000 കോടിയെങ്കിലും കിട്ടും. ഇത് രണ്ടോ മൂന്നോ വർഷം കൊണ്ട് യാഥാർഥ്യമാക്കണമെന്നാണ് നീതി ആയോഗ് നൽകിയ നിർദ്ദേശം. 2017--18 വർഷം 31,287 കോടി രൂപയാണ് ബിഎസ്എൻഎലിന്റെ നഷ്ടം.

രണ്ടുവർഷത്തിലധികമായി ബിഎസ്എൻഎൽ 4ജിയിലേക്ക് മാറുന്ന നടപടിക്രമം സർക്കാരിന്റെ പിടിവാശിമൂലം പൂർത്തീകരിക്കാനായില്ല. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്ക് അനുകൂലമായ തരത്തിൽ രാജ്യത്തിന്റെ ടെലികോംമേഖലയെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പൊതുമേഖലയിലെ ടെലികോം സ്ഥാപനത്തെ തകർക്കുന്നതെന്ന ആരോപണത്തിന് ശക്തി കൂട്ടുന്നതാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാടെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

ഉടൻ പരിഹരിക്കുമെന്ന് എംഡിയുടെ ഉറപ്പ്

ബിഎസ്എൻഎൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് ഉടൻ പരിഹരിക്കുമെന്നറിയിച്ച് സിഎംഡി അനുപം ശ്രീവാസ്തവ. ബിഎസ്എൻഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ധനസമാഹാരണം നടത്തിയാവും ശമ്പളക്കുടിശ്ശിക തീർക്കുക. 850 കോടി രൂപ ഇത്തരത്തിൽ സമാഹാരിച്ച് വിനിയോഗിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എംടിഎൻഎൽ ജീവനക്കാർക്ക് ശമ്ബളം നൽകിത്തുടങ്ങിയെന്നും അധികൃതർ പറയുന്നു.

ബി.എസ്.എൻ.എലിനോട് അടച്ചു പൂട്ടൽ ഉൾപ്പടെയുള്ള വഴികളെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ അടച്ചുപൂട്ടുമെന്ന റിപ്പോർട്ടുകളെ തള്ളിക്കൊണ്ട് ബി.എസ്.എൻ.എൽ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ജിയോയ്ക്ക് അനുകൂലമായ നിലപാടുകളാണ് എടുക്കുന്നതെന്നും, ബി.എസ്.എൻ.എല്ലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുമാണ് തൊഴിലാളികളടക്കം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP