Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ച പതിമൂന്നുകാരിക്ക് പ്രധാന രക്ത ധമനിയിൽ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയിൽ 50 ശതമാനം ബ്ലോക്കും; ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുന്നതിൽ തടസമുള്ളതിനാൽ അടിയന്തിരമായി നടത്തിയത് ബൈപാസ് സർജറി; ഇത്രയും ചെറുപ്രായത്തിൽ ഹൃദയാഘാതവും സർജറിയും കേരളത്തിൽ ആദ്യമെന്ന് ആരോഗ്യപ്രവർത്തകർ

നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ച പതിമൂന്നുകാരിക്ക് പ്രധാന രക്ത ധമനിയിൽ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയിൽ 50 ശതമാനം ബ്ലോക്കും; ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുന്നതിൽ തടസമുള്ളതിനാൽ അടിയന്തിരമായി നടത്തിയത് ബൈപാസ് സർജറി; ഇത്രയും ചെറുപ്രായത്തിൽ ഹൃദയാഘാതവും സർജറിയും കേരളത്തിൽ ആദ്യമെന്ന് ആരോഗ്യപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിമൂന്നുകാരിക്ക് ഹൃദയാഘാതം ഉണ്ടാകുന്നതും അതിന് ബൈപ്പാസ് സർജറി വേണ്ടിവരുന്നതും സംസ്ഥാനത്തെ തന്നെ ആദ്യത്തെ സംഭവം. ഇന്ത്യയിൽ തന്നെ ഇത്രയും ചെറിയ പ്രായത്തിൽ ഇത്തരം സംഭവം അപൂർവമാണെന്നും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കൊല്ലം നീണ്ടകര സ്വദേശിനിയായ പെൺകുട്ടിക്കാണ് ഹൃദയാഘാതം ഉണ്ടായതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയതും. തുടർ ചികിത്സകൾക്കു ശേഷം കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. 20 വയസ്സിനു താഴെയുള്ളവരിൽ ഹൃദ്രോഗ സാധ്യത കൂടി വരുന്നത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിലും ആശങ്കയുളവാക്കുന്നുണ്ട്.

കാർഡിയോ തെറാപിക് വിഭാഗത്തിലെ ഡോ വി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ. കൃഷ്ണ, ഡോ. കിഷോർ, ഡോ. മഹേഷ്, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ഗോപാലകൃഷ്ണൻ, ഡോ. ഷീലാ വർഗീസ്, ഡോ. അമൃത, ഡോ. ജയശ്രീ, സ്റ്റാഫ് നഴ്‌സ് രൂപ, ടെക്‌നീഷ്യന്മാരായ അനുരാധ, നിഷാന എന്നിവരടങ്ങുന്ന സംഘം ബൈപ്പാസ് സർജറി നടത്തിയത്.

പൊതുവെ സ്ത്രീകൾക്ക് ഹൃദയാഘാത സാധ്യത കുറവാണെന്നിരിക്കെയാണ് ചെറുപ്രായത്തിൽ തന്നെ പെൺകുട്ടി ഹൃദ്രോഗിയായിരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ നടന്ന ചികിത്സയ്ക്കു ശേഷമാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളിലെ ഹൃദയാഘാത സാധ്യത ഇതുവരെ ഇല്ലാതിരുന്നതിനാൽ രോഗിയുടെ ഹൃദയത്തിന് ജന്മനായുള്ള തകരാർ വല്ലതുമുണ്ടോയെന്ന പരിശോധനയാണ് ആദ്യം നടത്തിയത്. അതിൽ പ്രശ്‌നമൊന്നും കണ്ടില്ല. നെഞ്ചുവേദന തുടരുന്ന സാഹചര്യത്തിൽ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ ജോർജ് കോശിയുടെ നേതൃത്വത്തിൽ നടത്തിയ ഇസിജി പരിശോധനയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ആൻജിയോഗ്രാം ചെയ്യുകയായിരുന്നു.

പരിശോധനയിൽ പ്രധാന രക്തധമനിയിൽ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയിൽ 50 ശതമാനം ബ്ലോക്കും കണ്ടു. മാത്രമല്ല, രക്തധമനീഭിത്തിയിലും തകരാറുണ്ടായിരുന്നു. ഈ അവസ്ഥയിൽ ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുന്നതിൽ തടസമുള്ളതിനാൽ ബൈപ്പാസ് സർജറി തീരുമാനിച്ചു. സാധാരണ ഗതിയിൽ രക്തസമ്മർദം, പ്രമേഹം, പുകവലി എന്നീ കാരണങ്ങളാൽ ഉണ്ടാകുന്ന അതെരോസ്‌ക്ലെറോസിസാണ് മുതിർന്നവർക്ക് രക്തധമനിയിലെ ബ്ലോക്കിന് പ്രധാനമായി കാരണമാകുന്നത്. കുട്ടികളിലുണ്ടാകുന്ന രോഗങ്ങൾ ടാക്കയാസു ആർത്രൈറ്റിസ്, കാവസാക്കി ഡിസീസ്, ജന്മനായുള്ള തകരാറുകൾ എന്നിവയുമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ലക്ഷണമാണ് കുട്ടിയിൽ കണ്ടത്.

ശസ്ത്രക്രിയാ സമയത്ത് രക്തധമനിയുടെ ബയോപ്‌സിയെടുത്തു പരിശോധിച്ചതിൽ പ്രായമായവരിൽ വരുന്ന ഹൃദയാഘാതമല്ലെന്നു തിരിച്ചറിഞ്ഞു. കുട്ടികളിലെ ഹൃദയധമനികളെ ബാധിക്കുന്ന പ്രത്യേകതരം രോഗമാണിത്. ആഹാരരീതിയുമായി നേരിട്ട് ബന്ധമുള്ള അസുഖമല്ലെന്നും ഡോ ജോർജ് കോശി പറഞ്ഞു. തന്റെ സേവനകാലയളവിൽ ഇതുവരെ ഈ പ്രായത്തിലുള്ള കുട്ടികളിൽ ഹൃദയാഘാതം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 ഡോ അബ്ദുൾ റഷീദ് വകുപ്പു മേധാവിയായിട്ടുള്ള മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തെറാപിക് വിഭാഗത്തിൽ ശരീരത്തിനുള്ളിൽ കടന്ന അന്യവസ്തു സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത രണ്ടു സംഭവങ്ങൾ അടുത്തിടെ നടന്നതും ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP