Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടാം ഘട്ടത്തിലും നിപ എത്തിച്ചത് പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം; നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ച 36 സാമ്പിളുകളിൽ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം; 2018 ൽ നിപ ബാധയുണ്ടായ സമയത്തെ 19 ശതമാനം സാമ്പിളിലും വൈറസ് ഉണ്ടായിരുന്നതായി റിപ്പോർട്ട്; വിവരം ലോക്‌സഭയിൽ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ; പരാമർശം അടൂർ പ്രകാശിനും ഹൈബി ഈഡനും നൽകിയ മറുപടിക്കിടെ

രണ്ടാം ഘട്ടത്തിലും നിപ എത്തിച്ചത് പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം; നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ച 36 സാമ്പിളുകളിൽ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം; 2018 ൽ നിപ ബാധയുണ്ടായ സമയത്തെ 19 ശതമാനം സാമ്പിളിലും വൈറസ് ഉണ്ടായിരുന്നതായി റിപ്പോർട്ട്; വിവരം ലോക്‌സഭയിൽ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ; പരാമർശം അടൂർ പ്രകാശിനും ഹൈബി ഈഡനും നൽകിയ മറുപടിക്കിടെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കേരളത്തെ ഭീതിലാഴ്‌ത്തിയ നിപ വൈറസ് ബാധയുടെ കറുത്ത ദിനങ്ങളിൽ നിന്നും മോചനം ലഭിക്കുന്ന വേളയിലാണ് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ വ്യക്തമാക്കിയിരിക്കുന്നത്. 36 സാമ്പിളുകൾ പരിശോധിച്ചതിൽ 12 എണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്ക് ലോക്‌സഭയിൽ മറുപടി നൽകുന്നതിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതയാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. പഴംതീനി വവ്വാലുകളിൽ നിന്ന് തന്നെയാണ് വൈറസ് പടർന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.  

2018 ൽ നിപ വൈറസ് ബാധയുണ്ടായ സമയത്ത് ശേഖരിച്ച പത്തെണ്ണത്തിലും (19 ശതമാനം) വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ എറണാകുളം ജില്ലയിൽ ഒരേയൊരു നിപ കേസ് മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും രോഗിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.. 50 പേരിൽ നിപ സംശയിച്ചിരുന്നു. എന്നാൽ ആരിലും നിപ വൈറസ് ബാധ കണ്ടെത്താനായില്ല. വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണ വിധേയമാക്കി. എന്നാൽ, ഒരാളിൽപോലും വൈറസ് ബാധ കണ്ടെത്താനായില്ല.

ജൂൺ ആദ്യവാരമാണ് എറണാകുളം ജില്ലയിൽനിന്ന് ഒരു വൈറസ് ബാധ റിപ്പോർട്ടു ചെയ്തത്. ഇതിനു പിന്നാലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വവ്വാലുകളിൽനിന്ന് സാമ്പിൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടർന്ന് 36 സാമ്പിളുകൾ ശേഖരിച്ചവയിലാണ് 12 എണ്ണത്തിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിൽ 2018 ൽ നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളിൽനിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഇവയിൽ പത്തെണ്ണത്തിലും (19 ശതമാനം) വൈറസ് സാന്നിധ്യം കണ്ടെത്തി.നിപ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ കോളേജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാൽ ആവാസ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പൂണെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്.

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ  2001 ൽ 45 പേർ നിപ്പ വൈറസ് ബാധിച്ചു മരിച്ചിരുന്നു. 2007 ൽ ബംഗാളിലെ നാദിയ ജില്ലയിൽനിന്ന് അഞ്ച് മരണം റിപ്പോർട്ടു ചെയ്തു. 2018 ൽ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായി 19 കേസുകളും 17 മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടു. ഈ വർഷം കേരളത്തിൽനിന്ന് മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

നിപ ബാധിച്ച യുവാവിന്റെ ചികിത്സ പുരോഗമിക്കുകയാണെന്നാണ് ഇപ്പോൾ ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ പട്ടികയിൽ ഇനി 210 പേരാണ് ബാക്കിയുള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് ഇന്ന് സമ്പർക്ക പട്ടികയിൽ നിന്ന് 46 പേരെ ക്കൂടി ഒഴിവാക്കി. ഇവരിൽ 45 പേര് എറണാകുളം ജില്ലയിൽ നിന്നുള്ളവരും ഒരു ആൾ തൃശൂർ ജില്ലയിൽ നിന്നുള്ളതുമാണ്. ഇതോടെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവരുടെ എണ്ണം 120 ആയി. മറ്റുള്ളവരുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും തന്നെ നിരീക്ഷണത്തിൽ ഇല്ല.

നിപ വൈറസ് ഉള്ളിൽ പ്രവേശിക്കുന്നതെങ്ങനെയെന്ന് ഏവരും അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്. വവ്വാലിന്റെ ഉമിനീരിലും വിസർജ്യവസ്തുക്കളിലും നിപ വൈറസ് സാന്നിധ്യമുണ്ട്. വവ്വാൽ കടിച്ച പഴത്തിൽ നിപ്പ വേഗമെത്തും. ഇതിലെ പഞ്ചസാരയും പുളിയും നൽകുന്ന കുറഞ്ഞ പിഎച്ച് കാരണം 3 ദിവസംവരെ ജീവനോടെ ഇരിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.ഈ പഴം ഒരാൾ കഴിച്ചെന്നിരിക്കട്ടെ, അയാളുടെ ശ്വാസനാളത്തിലേക്കുള്ള വഴിയാണ് നിപയ്ക്കു തുറന്നുകിട്ടുക. അവിടെ എത്തിയതിനുശേഷം, ശ്വാസകോശത്തിലെ രക്തക്കുഴലിൽ കാണുന്ന എഫ്രിൻ ബിടുവിൽ പറ്റിപ്പിടിച്ച് ഉള്ളിൽ കടക്കുകയും പെരുകുകയും ചെയ്യും.

രണ്ടാഴ്ചയ്ക്കുള്ളിൽ രോഗിക്കു തുമ്മലും ചുമയും കടുക്കും. രക്തത്തിലേക്കു പുതിയ നിപകൾ എത്തി വൈറീമിയ എന്ന അവസ്ഥയ്ക്കു തുടക്കമിടും. രക്തത്തിൽ വൈറസ് കലരുന്ന അവസ്ഥയാണിത്. തുടർന്നു രക്തത്തിലൂടെ യാത്രചെയ്തു നിപകൾ തലച്ചോറിലെത്തും. തലച്ചോറിലെ നാഡീകോശങ്ങളിലുള്ള എഫ്രിൻ ബിടുവിൽ കടന്നു മസ്തിഷ്‌കജ്വരം വരുത്തും. സോപ്പു വെള്ളത്തിലെ ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ വൈറസ് നിർജീവമാകും. 22-39 ഡിഗ്രി സെൽഷ്യസാണ് വൈറസിന് അനുകൂലമായ ഊഷ്മാവ്. ഈർപ്പമില്ലാത്ത അവസ്ഥയിലും വൈറസിനു ജീവിക്കാനാകില്ല. രോഗിയുടെ അടുത്തു ചെല്ലുമ്പോൾ മൂക്ക്, വായ എന്നിവ മറച്ചു മാസ്‌ക് ധരിക്കുക.

കൈകളിൽ ഗ്ലൗസ് ധരിക്കാം. രോഗിയെ പരിചരിച്ചവർ സോപ്പുകൊണ്ടു കൈ കഴുകണം. ശേഷം സോപ്പ് ഉപയോഗിച്ചു കുളിക്കുന്നതും നിപയെ ഒഴിവാക്കും. വായുവിലൂടെ പകരുമെന്നു പറയുന്നതു പൂർണമായും ശരിയല്ല. രോഗിയുടെ വായിൽനിന്നു കണികകളായി തെറിക്കുന്ന ഉമിനീരും മറ്റും വായുവിലൂടെ ഒരു മീറ്റർ ചുറ്റളവിൽ നിൽക്കുന്ന വ്യക്തിയിലേക്ക് എത്തുന്ന ഡ്രോപ്‌ലെറ്റ് ബോൺ അണുബാധ (Droplet borne infection) മാത്രമാണു നിപയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP