Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈഡ്രോക്സി ക്ലോറോക്വിൻ അപകടം വരുത്തുമെന്നും ഉപയോഗം നിർത്തി വയ്ക്കണമെന്നും ലോകാരോഗ്യ സംഘടന; കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്നും ഉപയോഗം തുടരാമെന്നും ഐസിഎംആർ; ആന്റിവൈറൽ ഘടകങ്ങൾ കോവിഡിന് ഫലപ്രദമെന്നും ഡയറക്ടർ ബൽറാം ഭാർഗവ; ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലെന്ന് ആരോഗ്യമന്ത്രാലയം; കോവിഡ് പോസിറ്റീവ് കേസുകൾ 1.50 ലക്ഷം കടന്നു

ഹൈഡ്രോക്സി ക്ലോറോക്വിൻ അപകടം വരുത്തുമെന്നും ഉപയോഗം നിർത്തി വയ്ക്കണമെന്നും ലോകാരോഗ്യ സംഘടന; കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്നും ഉപയോഗം തുടരാമെന്നും ഐസിഎംആർ; ആന്റിവൈറൽ ഘടകങ്ങൾ കോവിഡിന് ഫലപ്രദമെന്നും ഡയറക്ടർ ബൽറാം ഭാർഗവ; ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലെന്ന് ആരോഗ്യമന്ത്രാലയം; കോവിഡ് പോസിറ്റീവ് കേസുകൾ 1.50 ലക്ഷം കടന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന് കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. ഈ മരുന്നിന്റെ ഉപയോഗം തുടരാമെന്ന് ഐസിഎംആർ. കോവിഡ് രോഗികളിൽ ഈ മരുന്ന് പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന താൽക്കാലികമായി നിർത്തി വച്ചതിന് പിന്നാലെയാണ് ഐസിഎംആർ വിശദീകരണവുമായി രംഗത്തെത്തിയത്.

കോവിഡ് 19 ചികിത്സാ പരീക്ഷണങ്ങൾ തുടരുകയാണ്, ഏതുമരുന്നാണ് ഫലപ്രദമെന്നും അല്ലാത്തതെന്നും ഇപ്പോൾ നമുക്കറിയില്ല. ചിലപ്പോൾ അനുഭവപ്പെടുന്ന മനംപിരട്ടൽ, ശർദ്ദി, ഹൃദയമിടിപ്പിലെ നേരിയ വർദ്ധന എന്നിവ ഒഴിച്ചാൽ കാര്യമായ പാർശ്വഫലങ്ങൾ കാണുന്നില്ല. അതുകൊണ്ട് തന്നെ ഈമരുന്ന് ഉപയോഗിക്കുന്നത് തുടരാമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗ്ഗവ പറഞ്ഞു. വെറും വയറ്റിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കഴിക്കരുത്. ഭക്ഷണം കഴിച്ച ശേഷം മാത്രമേ മരുന്ന് ഉപയോഗിക്കാവൂ.

ചികിത്സയ്ക്കിടെ രോഗിയുടെ ഒരു ഇസിജി എടുത്ത് നോക്കണമെന്നും ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. മരുന്നിന്റെ ഗുണഫലങ്ങൾ കണക്കിലെടുത്താണ് ആരോഗ്യ പ്രവർത്തകർക്കും, മുൻനിര പ്രവർത്തകർക്കും മറ്റും ഇത് നിർദ്ദേശിച്ചത്. ഹൈഡ്രോക്സിക്ലോറോക്വിൻ മലേറിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ്. അതിൽ അടങ്ങിയിരിക്കുന്ന ആന്റി വൈറൽ ഘടകങ്ങൾ കോവിഡിന് ഫലപ്രദമാണെന്നതിനാൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ഉപയോഗിക്കുന്നത്. ഐസിഎംആറിന്റെ മേൽനോട്ടത്തിലാണ് ഇത് നടക്കുന്നത്.

പരിശോധനയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ തോതിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്ന് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. പ്രതിദിനം 1.1 ലക്ഷം സാംപിളുകളാണ് പരിശോധിക്കുന്നത്. 612 പരിശോധനാലാബുകൾ രാജ്യത്തുണ്ട്. ഇതിൽ 430 എണ്ണം സർക്കാർ ലാബുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചെത്തുന്ന കുടിയേറ്റത്തൊഴിലാളികൾക്ക് കോവിഡ് രഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആർടി-പിസിആർ കിറ്റുകൾ, വിടിഎം, ശ്രവങ്ങൾ, ആർഎൻഎ എന്നിവ ശേഖരിക്കുന്നതിനുള്ള കിറ്റുകൾ എന്നിവ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്.

എന്നാൽ, ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗം നിർത്തിവയ്ക്കാൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) നിർദ്ദേശിച്ചിരിക്കുകയാണ്. ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ഉപയോഗം പലരുടെയും അന്ത്യം അടുപ്പിക്കുമെന്നു കഴിഞ്ഞയാഴ്ച ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇതിനു പിന്നാലെയാണ് വിർച്വൽ പ്രസ് കോൺഫറൻസിൽ ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് ഘെബ്രെയെസുസ് ഇക്കാര്യം അറിയിച്ചത്.

ആർത്രൈറ്റിസ് ചികിത്സയ്ക്കാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ സാധാരണയായി ഉപയോഗിക്കുക. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിക്കാറുണ്ടെന്നു വെളിപ്പെടുത്തിയതോടെ പല രാജ്യങ്ങളും മരുന്നു വലിയ തോതിൽ വാങ്ങിക്കൂട്ടിയിരുന്നു. ബ്രസീലിന്റെ ആരോഗ്യമന്ത്രിയും ഈ മരുന്ന് ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ക്ലോറോക്വിൻ എന്ന മരുന്നും ഇതിനായി ഉപയോഗിക്കാമെന്നാണ് ബ്രസീൽ മന്ത്രി പറഞ്ഞത്. ഈ രണ്ട് മരുന്നുകൾക്കും പാർശ്വഫലങ്ങളുണ്ടെന്ന് ലാൻസെറ്റിന്റെ പഠനത്തിൽ പറയുന്നു. കോവിഡ്19 രോഗം ബാധിച്ചവർക്ക് ഈ മരുന്നുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് കണ്ടെത്തിയതെന്നും പഠനത്തിൽ പറയുന്നു. അതേസമയം, മലേറിയ ഉള്ളവർക്ക് ഈ മരുന്നുകൾ ഉപകാരപ്രദമാണെന്ന് ടെഡ്രോസ് വ്യക്തമാക്കി.

അതേസമയം , രാജ്യത്ത് രോഗമുക്തി നിരക്ക് 41.61 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ലോകത്ത് കോവിഡ് മരണനിരക്ക് ഒരു ലക്ഷത്തിൽ 4.4 ആണ്. എന്നാൽ ഇന്ത്യയിൽ ഇത് 0.3 ആണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകൾ 1.50 ലക്ഷം കടന്നതിനിടെയാണ് കേന്ദ്രത്തിന്റെ പ്രതികരണം.

രാജ്യത്ത് രോഗബാധിതരായിരുന്ന 41.61 ശതമാനം പേർ രോഗമുക്തരായി. ഇതുവരെ 60,490 കോവിഡ് രോഗികൾ വൈറസ് ബാധയിൽനിന്നു മുക്തരായി. രാജ്യത്ത് മരണനിരക്ക് 2.87 ശതമാനമാണെന്നും അഗർവാൾ പറഞ്ഞു.അതേസമയം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയതോടെ ബിഹാർ, പശ്ചിമ ബംഗാൾ, ആസാം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിയെന്നും അഗർവാൾ കൂട്ടിച്ചേർത്തു.അതേസമയം വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം രാജ്യത്ത് 1,50,762 കോവിഡ് പോസിറ്റീവ് കേസുകളായി. മരണസംഖ്യ-4349 ഉം. രോഗമുക്തരായവർ-64, 272

മുംബൈയിൽ 39 മരണം കൂടി

മുംബൈയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്ന് 1002 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 39 പേർക്ക് കൂടി മരണം സംഭവിച്ചതായി ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.

പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, മുംബൈ നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം 32791 ആയി ഉയർന്നു. 1065 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതിനിടെ, മുംബ്ര പ്രദേശത്ത് ചൊവ്വാഴ്ച അർധരാത്രിമുതൽ സമ്പൂർണ ലോക്ക്ഡൗണിന് ഉത്തരവിട്ടു.

താനെ മുൻസിപ്പൽ കോർപ്പറേഷനാണ് സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിമുതൽ 9 മണിവരെ പാൽ, മെഡിക്കൽ സ്റ്റോറുകൾ എന്നിവക്ക് മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പച്ചക്കറി, പലവ്യഞ്ജന കടകളടക്കം അടച്ചിടാനാണ് നിർദ്ദേശം.

തിങ്കളാഴ്ച രാത്രിവരെ താനെ സിറ്റിയിൽ മാത്രം 2172 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 288 കേസുകളും മുംബ്ര പ്രദേശത്താണ്. സർക്കാർ നൽകുന്ന ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്നും പൊതുസ്ഥലങ്ങളിൽ കൂട്ടം ചേരുകയും ചെയ്യുകയാണ്. തുടർന്നാണ് പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കാൻ കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം മുംബൈ അടക്കം മഹാരാഷ്ട്ര സംസ്ഥാനത്ത് ഇന്ന് 2091 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 97 പേർക്കാണ് ജീവൻ നഷ്ടമായത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 54758 ആയി ഉയർന്നു.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 361 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 14829 ആയി. മരണസംഖ്യ 915 ആണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഇന്ന് ജീവൻ നഷ്ടപ്പെട്ട 27 പേരുടെ കണക്കുകളും ഉൾപ്പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP