Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ പണി കിട്ടിയത് സാധാരണക്കാർക്ക്; വഴിയരികിൽ ലിഫ്റ്റ് ചോദിക്കണമെങ്കിൽ പോലും ഹെൽമെറ്റ് കൊണ്ടു നടക്കേണ്ട ഗതിവരുമെന്ന് ഒരുപക്ഷം; നിരത്തിലിറങ്ങുന്ന പുതിയ വാഹങ്ങൾക്ക് രണ്ട് ഹെൽമെറ്റ് വീതം ഡീലർമാർ നൽകണമെന്ന് പൊതുജനം; ഹൈക്കോടതി ഉത്തരവിൽ തലചൊറിഞ്ഞ് മലയാളികൾ

പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ പണി കിട്ടിയത് സാധാരണക്കാർക്ക്; വഴിയരികിൽ ലിഫ്റ്റ് ചോദിക്കണമെങ്കിൽ പോലും ഹെൽമെറ്റ് കൊണ്ടു നടക്കേണ്ട ഗതിവരുമെന്ന് ഒരുപക്ഷം; നിരത്തിലിറങ്ങുന്ന പുതിയ വാഹങ്ങൾക്ക് രണ്ട് ഹെൽമെറ്റ് വീതം ഡീലർമാർ നൽകണമെന്ന് പൊതുജനം; ഹൈക്കോടതി ഉത്തരവിൽ തലചൊറിഞ്ഞ് മലയാളികൾ

പി.എസ് സുവർണ

കൊച്ചി : ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് വേണമെന്ന് ഹൈക്കോടതി ഉത്തരവ് എത്തിയതിന് പിന്നാലെ ഒരു വിഭാഗം ജനങ്ങൾ ആശങ്കയിലാണ്. സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് അറിയാമെങ്കിലും ഉത്തരവ് നിലവിൽ വരുന്നതിൽ ആശങ്കയാണ് ഇവർക്കിടയിൽ. പിൻസീറ്റിൽ ഇരിക്കുന്ന മുതിർന്നവർക്ക് മാത്രമല്ല നാല് വയസിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാണ്. ഇരുചക്ര വാഹനത്തിൽ ഒരു കുടുംബത്തിലെ അച്ഛനും,അമ്മയും, കുട്ടിയുമായി യാത്ര ചെയ്യുമ്പോൾ ഈ ഉത്തരവ് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനാണ് സാധ്യതയെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. ഇതിന് പുറമേ മറ്റ് നിരവധി പ്രശ്നങ്ങളും കോടതിയുടെ ഈ ഉത്തരവ് മൂലം ഉണ്ടാവാം.

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ ഇനി ഹൈക്കോടതി ഉത്തരവ് പ്രകാരം രണ്ട് ഹെൽമെറ്റുകൾ വാഹന ഡീലർമാർ നൽകേണ്ടി വരും. നിലവിലുള്ള നിയമം അനുസരിച്ച് ഹെൽമെറ്റ് പരിരക്ഷ നൽകേണ്ടത് ഡീലർമാരുടെ ഉത്തരവാദിത്തമാണ്. കുട്ടികൾക്കും പിൻസീറ്റിലിരിക്കുന്ന മുതിർന്നവർക്കും ഹെൽമെറ്റ് ഇനി നിർബന്ധമാകുന്നതോടെ അംഗീകൃതമായ ഹെൽമെറ്റിന്റെ വിപണനവും പൊടി പൊടിക്കാനാണ് സാധ്യത.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ മുൻനിർത്തിയാണ് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിക്ക് ചുവടുപിടിച്ച് ഹൈക്കോടതി പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയത്. അതായത് നാല് വയസിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാണ്.

എന്നാൽ ഒരു സാധാരണ കുടുംബത്തിന്റെ നിത്യജീവിതത്തിൽ ഒരു പ്രധാന ആശ്രയമാണ് ഇരുചക്രവാഹനം. രാവിലെ സമയങ്ങളിൽ ജോലിക്ക് പോവുംവഴി കുട്ടിയെ സ്‌ക്കൂളിലും ഭാര്യയെ ഓഫീസിലും ആക്കി പോവുന്ന ഒരാളെ സംബന്ധിച്ച് ഈ ഉത്തരവ് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കാരണം ഇത്രയും ഹെൽമെറ്റ് ഒക്കെ വെച്ച് എങ്ങനെ ഒരു ബൈക്ക് ഓടിക്കും. തലകൾ തമ്മിൽ കൂട്ടിമുട്ടില്ലേയെന്ന് ചിലർ സംശയം ചോദിക്കുന്നുമുണ്ട്. ഇത് മാത്രമല്ല ഒരു സ്‌ക്കൂട്ടറിൽ കുട്ടിയടക്കം മൂന്ന് പേർ യാത്ര ചെയ്യുകയാണെങ്കിൽ ഹെൽമറ്റ് വയ്ക്കാൻ ഒരു കവർ കൈയിൽ കരുതേണ്ടി വരും. കാരണം സ്‌ക്കൂട്ടറിനുള്ളിൽ ഒരു ഹെൽമറ്റ് മാത്രമേ വയ്ക്കാൻ കഴിയുകയുള്ളൂ. ഇനി പുറത്ത് വയ്ക്കാനാണെങ്കിൽ സുരക്ഷിതമാണോ എന്ന് ഉറപ്പില്ല. അങ്ങനെ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഏറെയാണ്.

അതേസമയം ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ഹെൽമെറ്റ് കടകളിൽ ആവശ്യക്കാരുടെ തിരക്കാണ്. 60 ശതമാനം ആളുകളുടെ വർധനവാണ് ഹെൽമെറ്റ് കടകളിൽ ഇപ്പോൾ ഉള്ളത്. മാത്രമല്ല പൊതുവേ ആവശ്യക്കാർ കുറവായിരുന്ന കുട്ടികളുടെ ഹെൽമറ്റിനും ആവശ്യക്കാർ ഏറെയാണ്. ആവശ്യക്കാർ അധികം ഇല്ലാതിരുന്നതിനാൽ തന്നെ കടകളിൽ കുട്ടി ഹെൽമെറ്റുകളുടെ എണ്ണം തീരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നു തന്നെ ഹെൽമെറ്റുകൾ പെട്ടെന്ന് തീർന്ന് പോയി. അതിനാൽ തന്നെ അടുത്ത സെറ്റിനായി കടയുടമകൾ ഒർഡർ കൊടുത്തിരിക്കുകയാണ്. കോടതി ഉത്തരവ് അനുസരിച്ച് ഹെൽമെറ്റ് വാങ്ങുവാൻ ഒടുന്നവർ എന്നാൽ കോടതി ഉത്തരവ് പാലിക്കാൻ മാത്രമാണ് ഹെൽമറ്റ് വാങ്ങുന്നത്. എന്തെന്നാൽ വില കുറഞ്ഞ ഹെൽമെറ്റുകളാണ് ഭൂരിഭാഗം ആളുകളും അന്വേഷിച്ച് എത്തുന്നത്. ഗുണനിലവാരം നോക്കാതെ നിയമം പാലിക്കാൻ വേണ്ടി മാത്രം ഹെൽമറ്റ് വയ്ക്കുന്നവരാണ് ഇത്തരം ഹെൽമെറ്റുകൾ അന്വേഷിച്ച് എത്തുന്നത്. ഇറക്കുമതി ചെയ്ത് വരുന്ന ഹെൽമറ്റുകളാണ് പൊതുവേ കടക്കാർ വിൽക്കുന്നതെങ്കിലും ഐ.എസ്‌ഐ മാർക്ക് ഇല്ലാത്ത ഹെൽമറ്റുകൾ തേടി കൂടുതൽ ആളുകൾ എത്തുന്നതുകൊണ്ട് തന്നെ സാധാരണ ഹെൽമറ്റുകൾ കടക്കാർ ഓർഡർ ചെയ്യുന്നുണ്ട്. ഗുണനിലവാരം ഇല്ലാത്ത ഹെൽമെറ്റുകൾ ധരിക്കുന്നതിലൂടെ എന്ത് സുരക്ഷയാണ് യാത്രക്കാർക്ക് ലഭിക്കുക എന്നത് ചിന്തിക്കേണ്ടതാണ്.

പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ഒരു വലിയ വിഭാഗം ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുന്നുണ്ട്. സ്വന്തമായി വാഹനം ഇല്ലാത്തവർ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയുമെല്ലാം വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഈ ഉത്തരവ് വളരെയേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൈയിൽ ഹെൽമെറ്റ് ഇല്ലാതെ ആരോടും ലിഫ്റ്റ് ചോദിക്കാൻ പറ്റാത്ത അവസ്ഥയാവും. മാത്രമല്ല സ്വന്തമായി വണ്ടി ഇല്ലെങ്കിൽ പോലും ഒരു ഹെൽമെറ്റ് വാങ്ങേണ്ട അവസ്ഥയാണ്.

അതേസമയം ജനങ്ങളുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നതെങ്കിൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്കും മാറ്റം വരണമെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ഒരു ആവശ്യം. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കെല്ലാം ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കൂടുതൽ ആളുകളും പൊതുഗതാഗതത്തെ ആശ്രയിക്കാനും സാധ്യതയുണ്ട്. മൂന്നു പേരൊക്കെ യാത്ര ചെയ്യുമ്പോൾ തലയനക്കാൻ കഴിയില്ല എന്നതാണ് കാരണം. തലകൾ തമ്മിൽ കൂട്ടിമുട്ടുന്ന അവസ്ഥയായിരിക്കും. അതുകൊണ്ടെല്ലാം തന്നെ ഈ ഉത്തരവ് നടപ്പിലാക്കാൻ എത്രത്തേളം ബുദ്ധിമുട്ടേണ്ടി വരുമെന്നത് വ്യക്തമല്ല.

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് മികച്ച തീരുമാനം തന്നെയാണ്. എന്നാൽ അത് വിജയിക്കണമെങ്കിൽ ജനങ്ങൾ അതിനോട് പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിയമം പാലിക്കാൻ മാത്രമായി ഉപയോഗിച്ചാൽ നിയമം ഉദ്ദേശിക്കുന്ന സുരക്ഷ യാത്രികന് ലഭിക്കുമോ എന്നത് ചിന്തിക്കേണ്ടതാണ്.

പിൻ സീറ്റിൽ ഇരിക്കുന്നവർക്കും ഹൈക്കോടതി ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ജനങ്ങളിൽ പലതരത്തിലുമുള്ള ആശങ്കകൾ രൂക്ഷമാണ്. അതിനാൽ തന്നെ ബോധവത്കരണത്തിലൂടെ ഇത് മാറ്റുന്നതാവും നല്ലത്. അതേസമയം കോടതി ഉത്തരവായതിനാൽ തന്നെ ഭാവിയിൽ എന്തായാലും ഇത് നടപ്പാക്കേണ്ടി വരും. അതുകൊണ്ട് തന്നെ നിലവിൽ ബോധവത്കരണമാണ് അധികൃതർ ലക്ഷ്യമിടുന്നത്. അത് ട്രാഫിക് പൊലീസ് ആരംഭിച്ചു കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP