Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ഇപ്പോൾ ഗൾഫിൽ കുഴൽ വഴി 100 രൂപ അയച്ചാൽ വീട്ടിൽ കിട്ടുന്നത് 85 രൂപ മാത്രം; 50ഉം 100ഉം നോട്ടുകളില്ലെന്ന് ഹവാലാ ഇടപാടുകാരും; കള്ളപ്പണത്തെ വെളിപ്പിക്കാൻ എങ്ങും നെട്ടോട്ടം; ദുരിതം സാധാരണക്കാരന് മാത്രം

ഇപ്പോൾ ഗൾഫിൽ കുഴൽ വഴി 100 രൂപ അയച്ചാൽ വീട്ടിൽ കിട്ടുന്നത് 85 രൂപ മാത്രം; 50ഉം 100ഉം നോട്ടുകളില്ലെന്ന് ഹവാലാ ഇടപാടുകാരും; കള്ളപ്പണത്തെ വെളിപ്പിക്കാൻ എങ്ങും നെട്ടോട്ടം; ദുരിതം സാധാരണക്കാരന് മാത്രം

എംപി റാഫി

കോഴിക്കോട്: നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം ഒഴുക്കുന്നവർക്ക് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടാക്കിയെങ്കിലും കള്ളപ്പണം തടയാൻ സാശ്വത പരിഹാരം എന്ത് എന്നത് കേന്ദ്രസർക്കാറിനു മുന്നിലും ചോദ്യചിഹ്നമാണ്. ബാങ്ക് റേറ്റിംങിനേക്കാൾ ഹവാല ചാർജ് വർദിച്ചതോടെ വിദേശത്തു നിന്നുള്ള കള്ളപ്പണം ഏതാണ്ട് നിലച്ചു തുടങ്ങി. സ്വർണക്കടത്തും ബ്ലാക്ക് മണി ഒഴുക്കിനും താൽക്കാലിക അറുതിയായിട്ടുണ്ട്. എന്നാൽ ഹവാലപണം പൂർണമായി തടയോനോ ഇതിന്റെ സ്രോതസ്സ് കണ്ടെത്താനോ കഴിയുന്നില്ലെന്നതാണ് ഏറെ തിരിച്ചടിയാകുന്നത്. പണമായി സൂക്ഷിക്കുന്നില്ലെന്നതാണ് കറൻസി പിൻവലിക്കൽ നടപടിയുണ്ടായിട്ടും ഹവാല മാഫിയക്ക് വലിയ ആഘാതം ഉണ്ടാക്കാത്തത്. അതേസമയം വൻകിട ബിസിനസുകാർ,ജനപ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയ കള്ളപ്പണം പണമായി തന്നെ സൂക്ഷിച്ച പ്രമുഖരാണ് നോട്ടു പിൻവലിക്കലിലൂടെ വെട്ടിലായിട്ടുള്ളത്. സാധാരണക്കാർ ബാങ്കിനുമുന്നിൽ വരിനിന്ന് തളരുമ്പോൾ പുതിയ മാർഗങ്ങൾ തേടി പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ പ്രമുഖരെല്ലാം.

കള്ളപ്പണവും കള്ളനോട്ടുകളും തടയുകയാണ് കറൻസി നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രാലയവും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രദ ഉറപ്പുവരുത്തുകയുമാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. ഡിസംബർ 31 നകം കള്ളപ്പണം തുടച്ചു നീക്കുമെന്നുമാണ് പ്രധാനമന്ത്രിയുടെയും പ്രഖ്യാപനം. ഈ പ്രഖ്യാപനങ്ങളെല്ലാം എത്രമാത്രം യാഥാർത്ഥ്യമാകുമെന്ന് കണ്ടറിയണം. സാധാരണ ജനത്തെ വരി നിറുത്തി ദുരിതം വിതച്ചതെല്ലാം വെറുതെയാകുമോയെന്ന് വിമർശന കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കൻ പ്രഖ്യാപനം വന്ന് ഒരാഴ്ച തികയാനിരിക്കുന്നു. 500, 1000 രൂപയുടെ അസാധുവാക്കൽ പ്രഖ്യാപനത്തിലൂടെ കള്ളനോട്ടുകൾക്കു പുറത്തുചാടാനുള്ള യാതൊരു പഴുതും നൽകിയിരുന്നില്ല. എന്നാൽ ഹവാല, കുഴൽ, ഉണ്ടി തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്ന കണക്കിൽപ്പെടാത്ത കള്ളനോട്ടുകളുടെ ഒഴുക്ക് എങ്ങിനെ തടയുമെന്നത് ആശങ്കയായി തന്നെ ബാക്കിയാക്കുന്നു. ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഹവാല പണത്തിന്റെ വൻ ഒഴുക്കുണ്ടാകുന്നത്. പത്തും അമ്പതും കോടികൾ ഇന്ത്യയിലെ ഹവാലാ മാർക്കറ്റുകളിൽ നിക്ഷേപിച്ച ശേഷം വിദേശത്തിരുന്നതാണ് ഈ ശ്ൃംഖലകളുടെ ചരടുവലികളെല്ലാം നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് ഇവരുടെ ഏജൻസികളോ ഇടനിലക്കാരോ വിതരണക്കാരോ ഒക്കെയാണ്. ക്രിത്യമായൊരു സ്ഥലത്ത് നിക്ഷേപിച്ചാൽ മാത്രമേ ഈ തുക കണ്ടെത്താൻ സാധിക്കുകയുള്ളു. എന്നാൽ ഇവിടെ നിക്ഷേപിക്കുന്ന തുക യന്ത്രം പോലെ കറങ്ങികൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ ബിസിനസോ ഭൂമിയോ ആണ്.

വിദേശത്ത് ജോലിചെയ്യുന്നവർ വീട്ടുകാർക്ക് അയക്കുന്ന പണം മുതൽ ഇവിടത്തെ വൻകിട ബിസിനസുകാർക്കെത്തുന്ന ഹവാല പണം വരെ കള്ളപ്പണത്തിന്റെ പരിതിയിൽ വരുന്നതാണ്. നികുതി വെട്ടിച്ചുള്ള ഇത്തരം പണമിടപാടിനു പുറമെ ബിസ്‌ക്കറ്റും കോയിനുകളുമായി എത്തുന്ന സ്വർണവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കു ഭീഷണിയാണ്. കറൻസികൾ പിൻവലിച്ച സാഹചര്യത്തിൽ സ്വർണക്കടത്തും ഹവാല വിതരണവുമെല്ലാം നിലച്ച സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തിൽ സ്വർണം കടത്തിയാൽ വെളുപ്പിക്കൽ അത്രഎളുപ്പമല്ലെന്നതാണ് കാരണം. എന്നാൽ വിദേശ മലയാളികളിൽ കുറവല്ലാത്ത വിഭാഗം പണമയക്കാൻ ഇന്നും ആശ്രയിക്കുന്നത് കുഴൽ മാർഗമാണ്. നൂറ് രൂപ ബാങ്ക് വഴി അയച്ചാൽ 90 രൂപയാണ് നാട്ടിലെത്തുക. കുഴൽ മാർഗമാണെങ്കിൽ 95 രൂപ നാട്ടിലെത്തും. ശമ്പളം ലഭിക്കുന്നതിനു മുമ്പേ വീട്ടിൽ പണം എത്തിക്കണമെന്നുള്ളവർക്ക് കുഴൽ മാർഗമാണങ്കിൽ അതിനും സൗകര്യങ്ങൾ നൽകുന്നുണ്ട്. ഇക്കാരണങ്ങളെല്ലാമാണ് കുഴൽ വഴി പ്രവാസി മലയാളികളെ പണമയക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിന്റെ നിയമക്കുരുക്കും ഭവിഷത്തും പണമയക്കുന്നതവരും വാങ്ങുന്നവരും തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത.

കേന്ദ്രസർക്കാറിന്റെ നോട്ടു മരവിപ്പിക്കൽ തീരുമാനം വന്നതോടെ വിദേശത്ത് നിന്നും കുഴൽ വഴി 100 രൂപ അയച്ചാൽ 85 രൂപ മാത്രമാണ് ഇപ്പോൾ എത്തുന്നത്. ഇതിനാൽ വിദേശത്ത് നിന്നും കുഴൽ വഴി പണം അയച്ചിരുന്നവരെല്ലാം മറ്റു മാർഗങ്ങൾ തേടിപ്പോയി. അല്ലെങ്കിൽ സ്ഥിതി സാധാരണ നിലയിലേക്ക് എത്തും വരെ പണം അയക്കാതിരിക്കുകയാണ്. 100, 50 രൂപാ നോട്ട് ഇന്ത്യൻ ഹവാല വിപണിയിൽ ലഭ്യമല്ലെന്നതാണ് 10 രൂപ അധികം ഈടാക്കി ഇപ്പോൾ കുഴൽപണ വിതരണം നടത്തേണ്ടി വന്നിട്ടുള്ളത്. ഹവാല സംഘങ്ങൾക്ക് ചില്ലറ നോട്ടുകളെത്തിക്കുന്ന സേഠുമാരും അമിത ചാർജ് ഈടാക്കി തുടങ്ങി. ഇതോടെ ഹാവാല വിതരണ മേഖല സ്തംഭിച്ചതായാണ് അറിയുന്നത്. എന്നാൽ രണ്ട് മാസത്തിനകം പുതിയ കറൻസികൾ പരമാവധി ശേഖരിക്കാനുള്ള നീക്കം ഹവാല കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.

മുംബൈ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളാണ് പ്രമുഖ ഹവാല മാർക്കറ്റുകൾ. ഇതിനു പുറമെ തമിഴ് നാട് കേന്ദ്രീകരിച്ച് നിരവധി സേഠുമാരും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലേക്കടക്കം ഹവാല പണം ഒഴുകുന്നതും ഈ പ്രമുഖ നഗരങ്ങളിലെ മാർക്കറ്റുകളിൽ നിന്നാണ്. നേരത്തെ തയ്യാറാക്കിയ കരാർ പ്രകാരമുള്ള ഹവാല ഏജന്റുമാരാണ് ഈ മാർക്കറ്റുകളിൽ നിന്നും കേരളത്തിലേക്ക് കള്ളപ്പണം എത്തിക്കുന്നത്. കോടികൾ മുടക്കിയായിരിക്കും ഓരോ ഹവാല ഏജന്റുമാരും ഈ രംഗത്തേക്കു വരുന്നത്. പണമായി ഒന്നും കാണാൻ പറ്റില്ലെന്നു മാത്രം. ഇത്തരം ഏജന്റുമാരുടെ കീഴിൽ നിരവധി ജോലിക്കാരെ വച്ചായിരിക്കും പണം വിതരണം നടത്തുക. പ്രമുഖ ഹവാല മാർക്കറ്റുകളിൽ നിന്നും പണം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ പൂർണ റിസ്‌കും മുൻകൂട്ടി തയ്യാറാക്കുന്ന എഗ്രിമെന്റുകൾ പ്രകാരം ഇത്തരം ഏജന്റുമാരിൽ നിക്ഷിപ്തമായിരിക്കും.

കഴിഞ്ഞ കാല ഹവാല വേട്ടകളിൽ നിന്നും നിരവധി ഹവാല ശൃംഖലകളുടെ വിവരങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ യാതൊരു നടപടിയും ഇന്നേവരെ ഉണ്ടായില്ല. സാമൂഹിക,രാഷ്ട്രീയ, വ്യവസാ രംഗത്തുള്ള പ്രമുഖർക്കുകൂടി ഇത്തരം ഇടപാടുകളിൽ പങ്കുണ്ട് എന്നത് ഗുരുതരമായ കാര്യമാണ്. ഹവാല വേട്ടയിൽ കോടികൾ പൊലീസ് പിടിക്കാറുണ്ടെങ്കിലും ഇതിന്റെ നൂറിരട്ടി ഇവിടെ ഒഴുകി കഴിഞ്ഞിരിക്കും, അല്ലെങ്കിൽ ഒഴുകി കൊണ്ടിരിക്കുന്നു. ഈ സംവിധാനങ്ങളെയെല്ലാം കണ്ടെത്തുകയോ പിഴുതെറിയുകയോ ചെയ്യാതെ കള്ളപ്പണം തുടച്ചു നീക്കുകയെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കും. ഹവാല ഇടപാടുകാർക്ക് താൽക്കാലിക തിരിച്ചടിയുണ്ടാക്കിയെന്നല്ലാതെ കള്ളപ്പണം തടയാൻ ഇപ്പോഴത്തെ കറൻസി പിൻവലിക്കലിലൂടെ സാശ്വത പരിഹാരമല്ലെന്ന് സാമ്പത്തിക രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു.

ഈ ഹാവാല ശൃംഖലകളെയും കള്ളപ്പണം സൂക്ഷിക്കുന്ന രാജ്യത്തെ ബിസിനസുകാരായ വമ്പൻ സ്രാവുകളെയും തൊടാൻ സാധിക്കാതെയാവുമ്പോൾ ഈ നോട്ടു പിൻവലിക്കൽ വെറും പ്രഹസനമായി മാറും. ഒപ്പം സാധാരണക്കാരന് ദുരിതവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP