Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202122Wednesday

നാവറുത്തിട്ടും പെൺകുട്ടി അമ്മയോടും പൊലീസിനോടും പറഞ്ഞത് തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച്; പ്രതികളുടെ പേരുകൾ വരെ വെളിപ്പെടുത്തിയിട്ടും അധികാരികൾ നിർ​​ബന്ധിക്കുന്നത് മൊഴിമാറ്റാനും; സിമന്റ് ബെഞ്ചിൽ ചാരിക്കിടന്ന് മൃതപ്രായയായ പെൺകുട്ടി പറഞ്ഞതെല്ലാം മറയ്ക്കാൻ ശ്രമിക്കുന്നതും ഉന്നതകുലജാതരെ സംരക്ഷിക്കാൻ

നാവറുത്തിട്ടും പെൺകുട്ടി അമ്മയോടും പൊലീസിനോടും പറഞ്ഞത് തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച്; പ്രതികളുടെ പേരുകൾ വരെ വെളിപ്പെടുത്തിയിട്ടും അധികാരികൾ നിർ​​ബന്ധിക്കുന്നത് മൊഴിമാറ്റാനും; സിമന്റ് ബെഞ്ചിൽ ചാരിക്കിടന്ന് മൃതപ്രായയായ പെൺകുട്ടി പറഞ്ഞതെല്ലാം മറയ്ക്കാൻ ശ്രമിക്കുന്നതും ഉന്നതകുലജാതരെ സംരക്ഷിക്കാൻ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഹത്രാസിലെ പെൺകുട്ടിയുടെ ചിത എരിഞ്ഞടങ്ങി ദിവസങ്ങളായിട്ടും സംഭവത്തെ തുടർന്നുയർന്ന പ്രതിഷേധാ​ഗ്നി ഇനിയും അടങ്ങിയിട്ടില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെയും ഉത്തർപ്രദേശിൽ പ്രത്യേകിച്ചും സ്ത്രീകളും പെൺകുട്ടികളും ദളിതരും അനുഭവിക്കുന്ന പീഡനങ്ങളുടെ നേർചിത്രമാകുകയാണ് ഹത്രാസ് സംഭവം. ക്രൂരമായ കൂട്ട ബലാത്സം​ഗത്തിനിരയായ പെൺകുട്ടിയെ നാക്കറുത്ത ശേഷമാണ് അക്രമികൾ ഉപേക്ഷിച്ചത്. ജീവിച്ചിരുന്നാലും അവൾ തങ്ങളുടെ പേര് ആരോടും പറയരുതെന്ന സവർണ ധാർഷ്ട്യത്തിന്റെ നേർ ചിത്രമാണ് ഹത്രാസ് നൽകുന്നത്. മരണത്തോട് മല്ലടിക്കുമ്പോഴും പെൺകുട്ടി തന്റെ അമ്മയോടും സഹോദരനോടും പിന്നീട് പൊലീസുകാരോടും അറ്റുവീഴാറായ തന്റെ നാവുകൊണ്ട് അവ്യക്തമായി പറഞ്ഞത് താൻ അനുഭവിച്ച പീഡനത്തെ കുറിച്ചും തനിക്കെതിരെ ക്രൂരത കാട്ടിയ അക്രമികളെ കുറിച്ചുമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ മൊഴിയോ, അമ്മയുൾപ്പെടെയുള്ള ബന്ധുക്കളുടെ മൊഴിയോ കണക്കിലെടുക്കാതെ സവർണരായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അധികാരികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്.

കഴിഞ്ഞ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡൽഹി എംയിസിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം 29ന് എയിംസിൽ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കളും സഹോദരനും കൂടിയാണ് പരുക്കേറ്റ പെൺകുട്ടിയെ ഹത്രസ് ജില്ലയിലെ ചന്ദ്പ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നത്. ഒരു സിമന്റ് ബെഞ്ചിൽ ചാരിക്കിടക്കുന്ന കുട്ടിയെയും ചോദ്യം ചെയ്യുന്ന പൊലീസുകാരനെയും കാണാവുന്ന ഒരു വിഡിയോയും പുറത്തുവന്നിരുന്നു. പെൺകുട്ടിയുടെ കഴുത്തിലും മുഖത്തും കൈകളിലും പരുക്കിന്റെ അടയാളങ്ങളുണ്ട്. സംസാരിക്കാൻ കുട്ടി ബുദ്ധിമുട്ടുന്നുണ്ടായിരന്നു. നാക്കിൽ മുറിവ് സംഭവിച്ചതാണ് കാരണം. ആക്രമിച്ച വ്യക്തികൾ തന്നെ കൊല്ലാൻ ശ്രമിച്ചതായി പെൺകുട്ടി പറയുന്നുണ്ട്. എന്തിന് എന്ന പൊലീസുകാരന്റെ ചോദ്യത്തിന് പീഡനം തടഞ്ഞതിന് എന്നാണ് പെൺകുട്ടിയുടെ മറുപടി. ഏതാനും മണിക്കൂറിനകം പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെവച്ചും തന്നെ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടത്തുന്നുണ്ട്. ഉയർന്ന ജാതിയിൽപെട്ട അയൽക്കാരാണ് തന്നെ ആക്രമിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേരുകൾ സഹിതം. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു

കളക്ടറുടെ ഭീഷണി വീഡിയോയും പുറത്ത്

വ്യാഴാഴ്ച ഹത്രസ് ജില്ലാ കലക്ടർ പ്രവീൺ ലസ്‌കർ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ പുറത്തു വന്നു. 'മാധ്യമപ്രവർത്തകരിൽ പകുതി പോയിക്കഴിഞ്ഞു. ബാക്കിയുള്ളവർ അടുത്ത ദിവസം പോകും. പിന്നെ ഞങ്ങൾ മാത്രമേ കാണൂ. മൊഴി മാറ്റണോ എന്നു തീരുമാനിക്കേണ്ടതു നിങ്ങളാണ്' പ്രവീൺ ലസ്‌കറിന്റെ ശബ്ദം വിഡിയോയിൽ കേൾക്കാം.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയ ശേഷം, പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന പ്രസ്താവന പെൺകുട്ടിയുടെ പിതാവ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് കുടുംബാംഗങ്ങൾ നിഷേധിച്ചു. 'അന്വേഷണത്തിൽ ഞങ്ങൾ സംതൃപ്തരല്ല. ഈ ഗ്രാമത്തിൽ ഞങ്ങൾ സുരക്ഷിതരല്ല. പൊലീസിനെയോ സർക്കാരിനെയോ ഞങ്ങൾക്കു വിശ്വാസമില്ല.' പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. അതിനിടെ പെൺകുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതു പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമായിരുന്നുവെന്നും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമല്ലെന്നും ഉത്തർപ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി വ്യക്തമാക്കിയിരുന്നു.

വലിച്ചിഴച്ചുകൊണ്ടുപേയി പീഡിപ്പിച്ചത് അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോകവെ

ആകമിക്കപ്പെട്ട ദിവസം പെൺകുട്ടി അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതായിരുന്നു. പെൺകുട്ടിയെ അവശനിലയിൽ കണ്ടതും അമ്മ തന്നെയായിരുന്നു. അബോധാവസ്ഥയിലായിരുന്നു അപ്പോൾ കുട്ടി എന്നോർമിക്കുന്നു അമ്മ. സമയത്തുതന്നെ പൊലീസിൽ വിവരം അറിയിച്ചെങ്കിലും രേഖകളിൽ കുട്ടി പീഡനത്തിന് ഇരയായ വിവരമില്ല. പരാതി രേഖപ്പെടുത്താനും പൊലീസ് തയാറായില്ല. കുട്ടിയുടെ സഹോദരനെക്കൊണ്ടാണ് പരാതി എഴുതിവാങ്ങിയത്. തീരെ അവശനിലയിലായ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലാക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. സംഭവം വിവാദമായതിനെത്തുടർന്ന് ഹത്രസിലെ പൊലീസ് സൂപ്രണ്ടിനെ മാറ്റി. പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന നാലു പൊലീസുകാരെയും സസ്പൻഡ് ചെയ്തു.

പീഡനത്തിൽ ഏറ്റ പരുക്കുകളെത്തുടർന്ന് പെൺകുട്ടി ജീവനുവേണ്ടി പോരാടിയത് രണ്ടാഴ്ചയാണ്. ഡൽഹി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞമാസം 29 ന് മരിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഏറ്റവും ക്രൂരമായ സംഭവം മരണത്തിനുശേഷമാണ് നടന്നത്. മരിച്ച ദിവസം തന്നെ രാത്രി വീട്ടുകാരുടെ അനുമതിയില്ലാതെ കുട്ടിയെ ദഹിപ്പിച്ചു. അതിനുശേഷവും സംസ്ഥാന സർക്കാർ ആവർത്തിക്കുന്നത് കുട്ടി പീഡനത്തിന് ഇരയായിട്ടില്ല എന്നുതന്നെയാണ്. കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കുടുംബം ഇതുവരെയും പറഞ്ഞിട്ടില്ലെന്ന് ഇപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നുമുണ്ട്. ഫൊറൻസിക് റിപ്പോർട്ടിലും പീഡനത്തിന്റെ വിവരം ഇല്ലെന്നും അവർ ആവർത്തിക്കുന്നു. എനാൽ പീഡനം കഴിഞ്ഞ് 11 ദിവസത്തിനു ശേഷമാണ് തെളിവ് ശേഖരിച്ചത്. നാലു ദിവസത്തിനകം തെളിവ് ശേഖരിച്ചാൽ മാത്രമേ വിശദാംശങ്ങൾ നഷ്ടപ്പെടാതിരിക്കൂ എന്നിരിക്കെയാണിത്. ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറോട് കുട്ടി താൻ പീഡനത്തിന് ഇരയായെന്ന വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. ബലപ്രയോഗം നടന്നെന്ന് ഡോക്ടറും തന്റെ റിപ്പോർട്ടിൽ എഴുതിയിട്ടുണ്ട്. എന്നാൽ സംഭവത്തിനുശേഷം ദിവസങ്ങൾ കഴിഞ്ഞുമാത്രമാണ് കുട്ടി വിവരങ്ങൾ പറഞ്ഞതെന്നാണ് ഇപ്പോഴും ജില്ലാ അധികൃതർ വാദിക്കുന്നത്.

മജിസ്ട്രേട്ടിന് നൽകിയ മരണമൊഴിയിലും തന്നെ ആക്രമിച്ചവരെക്കുറിച്ചും പീഡിപ്പിച്ചവരെക്കുറിച്ചും പരാതിപ്പെട്ടിട്ടുണ്ട്. നാലുപേരുകളുടെ പേരുകളും വെളിപ്പെടുത്തിയിരുന്നു. ഇതു പുറത്തുവന്നതിനെത്തുടർന്ന് അവർ അറസ്റ്റിലായി. ഹത്രസിൽ പെൺകുട്ടിയുടെ വീടും ആക്രമിച്ച ഉയർന്ന ജാതിക്കാരുടെ വീടും തമ്മിൽ ചെറിയൊരു വേലിയുടെ വേർതിരിവ് മാത്രമേയുള്ളൂ. എന്നാൽ കാഴ്ചയേക്കാളും രൂക്ഷമാണ് സംസ്ഥാനത്തെ ജാതിവേർതിരിവ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ പലരും പിന്നീട് ആരോപിച്ചത് പെൺകുട്ടിയും കുടുംബവും കള്ളം പറയുകയാണെന്നാണ്. താക്കൂർ സമുദായത്തിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. പെൺകുട്ടി താഴ്ന്ന വിഭാഗമായ വാൽമീകി സമുദായത്തിൽ നിന്നാണ്.

ഇന്ത്യയിൽ ദിവസേന 10 ദലിത് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതായാണ് കണക്ക്. സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് ഉത്തർപ്രദേശും.പീഡനത്തെത്തുടർന്ന് നരകയാതന അനുഭവിച്ച് മരിച്ച കുട്ടിയുടെ വീട്ടുകാരെ മാധ്യമപ്രവർത്തകർ കണ്ടിരുന്നു. പ്രതികൾ ശിക്ഷിക്കപ്പെടുമോ എന്നു ചോദിച്ചപ്പോൾ നിസ്സംഗമായാണ് അവർ മറുപടി പറഞ്ഞത്. ‘നീതി ലഭിക്കുമെന്ന പ്രതീക്ഷയൊന്നും ഞങ്ങൾക്കില്ല. അങ്ങനെ സംഭവിച്ചാൽ നല്ലത്. അതിനുവേണ്ടി കാത്തിരിക്കുക എന്നതുമാത്രമാണ് വിധി’ – കുട്ടിയുടെ സഹോദരൻ പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ ദിവസ വേതനക്കാരനാണ്. നിസ്സഹായരായി കാത്തിരിക്കുന്ന കുടുംബം തേടുന്നത് നീതിയാണ്.

പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പീഡനങ്ങൾക്ക് പലപ്പോഴും ഇരയാകുന്നത്. പട്ടികജാതി സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട കേസുകളിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് യുപി.  ഹത്രസിലും ബൽറാംപുരിലും പീഡനത്തിനിരയായി ദലിത് പെൺകുട്ടികൾ മരിച്ച സംഭവം ക്രമസമാധാന തകർച്ചയുടെ തെളിവാണെന്നു പ്രതിപക്ഷ കക്ഷികൾ പറയുന്നു. 2020 ജൂൺ 26നും ജൂലൈ മൂന്നിനുമിടയിൽ മാത്രം സംസ്ഥാനത്ത് 50 കൊലപാതകങ്ങൾ നടന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഹത്രസിലും ബൽറാംപുരിലും ദലിത് പെൺകുട്ടികൾ മരണമടഞ്ഞ ദിവസം തന്നെ അസംഗഡിൽ 8 വയസ്സുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചു. ഇതേദിവസം ബാഗ്പതിൽ പീഡനത്തിനിരയായ 17 വയസ്സുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. ഹത്രസിൽ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിനിരയായാണു 19 വയസ്സുകാരി മരിച്ചതെങ്കിൽ ബൽറാംപുരിൽ രണ്ടംഗ സംഘമാണ് 22 വയസ്സുകാരിയെ ലഹരിമരുന്ന് കുത്തിവച്ച ശേഷം പീഡിപ്പിച്ചത്. അവശയായി വീട്ടിലെത്തിയ പെൺകുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചിരുന്നു. ഉന്നാവിൽ പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുൻപാണ് വീണ്ടും ക്രൂരസംഭവങ്ങൾ. ലഖിംപുർ ഖേരിയിൽ ഓഗസ്റ്റ് അവസാനം നടന്ന വ്യത്യസ്ത സംഭവങ്ങളിൽ മൂന്നു വയസ്സുള്ള പെൺകുഞ്ഞ്, 18 വയസ്സുകാരി, 13 വയസ്സുകാരി എന്നിവരെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. മൂന്ന് സംഭവങ്ങളിലും പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP