Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ആ വീട്ടിൽ തളം കെട്ടിക്കിടക്കുന്നത് മരണാനന്തര കർമങ്ങൾ പോലും ചെയ്യാതെ അവളെ യാത്രയാക്കേണ്ടി വന്നതിന്റെ ദുഃഖം; അവൾ പാവമായിരുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അമ്മ; മർദ്ദിച്ചും മൊബൈൽ പിടിച്ചെടുത്തും സമ്മർദ്ദം തുടരുന്ന പൊലീസ്; മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തുന്ന കളക്ടർ; ശബ്ദരേഖകൾ പുറത്തുവിട്ട് അപമാനിക്കുന്ന ഭരണകൂടം; ഹത്രസിൽ നിറയുന്നത് അരാജകത്വം; രാഹുലും പ്രിയങ്കയും ഈ ക്രൂരത തുറന്നു കാട്ടുമ്പോൾ ചർച്ചയാക്കുന്നത് യുപി ഭരണത്തിലെ കപടതകൾ

ആ വീട്ടിൽ തളം കെട്ടിക്കിടക്കുന്നത് മരണാനന്തര കർമങ്ങൾ പോലും ചെയ്യാതെ അവളെ യാത്രയാക്കേണ്ടി വന്നതിന്റെ ദുഃഖം; അവൾ പാവമായിരുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അമ്മ; മർദ്ദിച്ചും മൊബൈൽ പിടിച്ചെടുത്തും സമ്മർദ്ദം തുടരുന്ന പൊലീസ്; മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തുന്ന കളക്ടർ; ശബ്ദരേഖകൾ പുറത്തുവിട്ട് അപമാനിക്കുന്ന ഭരണകൂടം; ഹത്രസിൽ നിറയുന്നത് അരാജകത്വം; രാഹുലും പ്രിയങ്കയും ഈ ക്രൂരത തുറന്നു കാട്ടുമ്പോൾ ചർച്ചയാക്കുന്നത് യുപി ഭരണത്തിലെ കപടതകൾ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഹത്രസിലെ പീഡന മരണത്തിൽ നിറയുന്നത് ഉത്തർപ്രദേശ് പൊലീസിന്റെ ക്രൂരത തന്നെ. 'പൊലീസ് ഞങ്ങളെ മർദിച്ചു, മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു, ഭീഷണിപ്പെടുത്തി' ഹത്രസിലെ പെൺകുട്ടിയുടെ അടുത്ത ബന്ധുവിൻെ വെളിപ്പെടുത്തലിൽ നിറയുന്നത് ഭയപ്പാടാണ്. മരണവുമായി ബന്ധപ്പെട്ട മൊഴിമാറ്റാനും ജില്ലാ കലക്ടർ ഇവരെ ഭീഷണിപ്പെടുത്തി. അതിക്രൂരമായ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഇപ്പോൾ വിടാതെ പിന്തുടരുന്നത് പൊലീസും മറ്റ് സംവിധാനങ്ങളുമാണ്. കോൺഗ്രസിലെ പ്രധാന നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചർച്ചയാക്കുന്നതും ഈ മനുഷ്യത്വ രഹിതമായ പൊലീസ് ഇടപടെലിനെയാണ്. ഉറക്കെ കരയാൻ പോലുമാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഹത്രസ്. ഗ്രാമം പൂർണമായി പൊലീസിന്റെ നിയന്ത്രണത്തിലാണ്.

മകളെ അവസാനമായി ഒരുനോക്കുപോലും കാണാൻ കഴിയാത, മരണാനന്തര കർമങ്ങൾ പോലും ചെയ്യാതെ അവളെ യാത്രയാക്കേണ്ടി ദുഃഖം ആ വീട്ടിലുണ്ട്. ഈ വീട്ടിലേക്കാണ് രാഹുലും പ്രിയങ്കയും കടന്നു വന്നത്. അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. അവർ പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. അമ്മയെ ചേർത്ത് പിടിച്ച് പ്രിയങ്കയും നൊമ്പരത്തിന്റെ വേദന ലോകത്തെ അറിയിച്ചു. ഹത്രസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും സാക്ഷ്യം വഹിക്കേണ്ടി വന്നത് കണ്ണീരോടെ കഴിയുന്ന ബന്ധുക്കളെയാണ്. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പ്രിയങ്കയും അവരെ ചേർത്തുപിടിച്ച് കരഞ്ഞു.

നേതാക്കൾക്ക് മുമ്പിൽ ആ കുടുംബം തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹത്രസിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കുടുംബത്തെ കാണുന്ന ആദ്യ പ്രതിപക്ഷ സംഘമാണിത്. ഹത്രസിൽ വൻ പൊലീസ് സംഘത്തെയാണ് യുപി സർക്കാർ വിന്യസിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തിൽ രാഹുൽ ഗാന്ധിയും പിന്നാലെ എംപിമാരും ശനിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് ഹത്രസിലേക്ക് പുറപ്പെട്ടത്. എന്നാൽ യുപി അതിർത്തിയിൽ വൻ പൊലീസ് സന്നാഹം സംഘത്തെ തടഞ്ഞു. എന്ത് പ്രശ്‌നം വന്നാലും പിന്നോട്ടില്ലെന്ന നിലപടിൽ തന്നെയായിരുന്നു രാഹുലും പ്രിയങ്കയും. ഇതിനിടയിൽ നിരവധി പ്രവർത്തകർ നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു സംഘടിച്ചെത്തി.

ഒടുവിൽ 5 പേർക്ക് ഹത്രസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകി. അനുമതി നൽകിയ കാര്യം വാഹനത്തിന്റെ മുകളിൽ കയറി രാഹുൽ ഗാന്ധി തന്നെയാണ് വെളുപ്പെടുത്തിയത്. എന്നിട്ടും പ്രവർത്തകരുടെ തിരക്കിൽ നിന്ന് ഏറെ പണിപ്പെട്ടാണ് വാഹനം പൊലീസ് അതിർത്തി കടത്തിവിട്ടത്. ഇതിനിടയിൽ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. പരുക്കേറ്റ പ്രവർത്തകരെ എഴുന്നേൽപ്പിച്ചു വാഹനത്തിൽ കയറ്റിയ ശേഷമാണ് രാഹുലും പ്രിയങ്കയും യാത്ര തിരിച്ചത്.

''അവളെ പീഡിപ്പിച്ചു കൊന്നതാണ്'' - ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ''ഇത് ആദ്യമല്ല. ഇതിനു മുൻപും അവളെ ഉപദ്രവിക്കാൻ ശ്രമം നടന്നു. പൊലീസിൽ പല തവണ പരാതി നൽകിയെങ്കിലും അവർ അനങ്ങിയില്ല. ഇപ്പോൾ അവൾ പോയി. അവസാനമായി ഒന്നു കാണാൻ പോലും ഞങ്ങളെ സമ്മതിച്ചില്ല. അതിനു മുൻപേ ദഹിപ്പിച്ചു കളഞ്ഞു''- ഇതാണ് കുടുംബം പങ്കുവച്ച വികാരം. പാവമായിരുന്നു മകളെന്ന് അമ്മ പറയുന്നു. പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം ബാരിക്കേഡുകൾ നിരത്തി അവർ കാവൽ നിൽക്കുന്നു. പുറമേനിന്നുള്ളവർ ഗ്രാമത്തിലെത്തുന്നത് ക്രമസമാധാനം തകർക്കുമെന്നാണു പൊലീസിന്റെ വാദം.

കളക്ടറുടെ ഭീഷണി വീഡിയോയും പുറത്ത്

വ്യാഴാഴ്ച ഹത്രസ് ജില്ലാ കലക്ടർ പ്രവീൺ ലസ്‌കർ ഇവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ പുറത്തു വന്നു. 'മാധ്യമപ്രവർത്തകരിൽ പകുതി പോയിക്കഴിഞ്ഞു. ബാക്കിയുള്ളവർ അടുത്ത ദിവസം പോകും. പിന്നെ ഞങ്ങൾ മാത്രമേ കാണൂ. മൊഴി മാറ്റണോ എന്നു തീരുമാനിക്കേണ്ടതു നിങ്ങളാണ്' പ്രവീൺ ലസ്‌കറിന്റെ ശബ്ദം വിഡിയോയിൽ കേൾക്കാം.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയ ശേഷം, പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന പ്രസ്താവന പെൺകുട്ടിയുടെ പിതാവ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് കുടുംബാംഗങ്ങൾ നിഷേധിച്ചു. 'അന്വേഷണത്തിൽ ഞങ്ങൾ സംതൃപ്തരല്ല. ഈ ഗ്രാമത്തിൽ ഞങ്ങൾ സുരക്ഷിതരല്ല. പൊലീസിനെയോ സർക്കാരിനെയോ ഞങ്ങൾക്കു വിശ്വാസമില്ല.' പെൺകുട്ടിയുടെ സഹോദരൻ പ്രതികരിച്ചു.

അതിനിടെ പെൺകുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിച്ചതു പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമായിരുന്നുവെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമല്ലെന്നും ഉത്തർപ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവസ്തി പറഞ്ഞു. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി അവിനാഷ് അവസ്തിക്കൊപ്പമാണ് ഡിജിപി എത്തിയത്. കുടുംബാംഗങ്ങളുടെ പരാതികളും ആവശ്യങ്ങളും എന്തൊക്കെയെന്ന് കേൾക്കാനാണ് സന്ദർശിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചതായും വീട്ടുകാരുടെ പരാതികൾ അടക്കം എല്ലാം അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഹത്രസ് ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്‌പി, ഇൻസ്‌പെക്ടർ എന്നിവരടക്കം 5 ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് നടപടി.

ഹത്രസ്: ഫോൺ ചോർത്തലും?

ഇന്ത്യ ടുഡെ ചാനൽ റിപ്പോർട്ടറും ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനും തമ്മിലുള്ള ഫോൺ സംഭാഷണം ചോർന്നതു വിവാദമായി. ഫോൺ ചോർത്തിയതു യുപി സർക്കാരാണെന്ന് ഓഡിയോ ക്ലിപ് പുറത്തുവിട്ട ചാനൽ ആരോപിച്ചു. ഏതു നിയമപ്രകാരമാണു ഫോൺ ചോർത്തുകയും സംഭാഷണം പുറത്തുവിടുകയും ചെയ്തതെന്നു സർക്കാർ വ്യക്തമാക്കണമെന്നു ചാനൽ ആവശ്യപ്പെട്ടു. അന്വേഷണം തൃപ്തികരമെന്നു പറയാൻ തന്റെ മേൽ പൊലീസ് സമ്മർദമുണ്ടെന്നു പെൺകുട്ടിയുടെ പിതാവ് പറയുന്നതിന്റെ വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പുറത്തുവിട്ടിരുന്നു.

അതോടെ, മാധ്യമങ്ങളോടു സംസാരിക്കാൻ പെൺകുട്ടിയുടെ കുടുംബത്തെ അനുവദിക്കാത്ത സ്ഥിതിയായി. അപ്പോൾ, സമ്മർദത്തെക്കുറിച്ച് പിതാവിനു പറയാനുള്ളതു വിഡിയോയായി തനിക്ക് അയച്ചുതരാൻ റിപ്പോർട്ടർ തനുശ്രീ പാണ്ഡെ, പെൺകുട്ടിയുടെ സഹോദരനോടു പറയുന്നതാണു ശബ്ദരേഖയിൽ. ഈ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ പെൺകുട്ടിയുടെ സഹോദരന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ശബ്ദരേഖ പുറത്തുവന്നതിനെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ന്യായീകരിച്ചു.

ആശ്വാസമായി കോടതി ഇടപെടൽ

ഹത്രസ് സംഭവത്തിൽ ഇടപെട്ട് അലഹാബാദ് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് യുപി അഡീഷനൽ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, അഡീഷനൽ ഡിജിപി എന്നിവർക്കു നോട്ടിസ് അയച്ചു.

ഇവരോടു 12നു കോടതിയിൽ ഹാജരാകാനും കേസിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷണത്തിന്റെ പുരോഗതിയും നേരിട്ട് ബോധിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളോടും ഹാജരാകാൻ ആവശ്യപ്പെട്ടു. അവരുടെ ഭാഗം കേൾക്കാനാണിത്. ഇവരുടെ യാത്രയ്ക്കുള്ള ക്രമീകരണമൊരുക്കാൻ ജില്ലാ അധികൃതർക്കും നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP