Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

കൊറോണയെ പിടിച്ചുകെട്ടാനുള്ള അശ്വമേധത്തിൽ വിജയക്കൊടി ഇസ്രയേലിനോ? മഹാമാരിക്ക് കടിഞ്ഞാണിടാൻ വാക്‌സിൻ കണ്ടുപിടിച്ചെന്ന് ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച്; ഗവേഷണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; വൈറസിന്റെ ഘടനയും പ്രത്യേകതകളും മനസ്സിലാക്കിയെന്ന് ഗവേഷകർ; വൈറസ് പിടികൂടിയവരുടെ ശരീരത്തിൽ രോഗപ്രതിരോധ വസ്തുക്കളുടെ ഉൽപ്പാദനമാണ് പ്രധാന ലക്ഷ്യം; പുതിയ വാക്സിനെക്കുറിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും ഇസ്രയേൽ ഗവേഷകർ

കൊറോണയെ പിടിച്ചുകെട്ടാനുള്ള അശ്വമേധത്തിൽ വിജയക്കൊടി ഇസ്രയേലിനോ? മഹാമാരിക്ക് കടിഞ്ഞാണിടാൻ വാക്‌സിൻ കണ്ടുപിടിച്ചെന്ന്  ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച്; ഗവേഷണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; വൈറസിന്റെ ഘടനയും പ്രത്യേകതകളും മനസ്സിലാക്കിയെന്ന് ഗവേഷകർ; വൈറസ് പിടികൂടിയവരുടെ ശരീരത്തിൽ രോഗപ്രതിരോധ വസ്തുക്കളുടെ ഉൽപ്പാദനമാണ് പ്രധാന ലക്ഷ്യം; പുതിയ വാക്സിനെക്കുറിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നും ഇസ്രയേൽ ഗവേഷകർ

മറുനാടൻ മലയാളി ബ്യൂറോ

യെരുശലേം:  കൊറോണ വൈറസ്( കോവിഡ് 19) എന്ന മഹാമാരി ചൈനയിലാണ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇന്ന് ലോകമെമ്പാടും പടർന്ന് ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്തു. ലോക ഭൂപടത്തിലെ പകുതിയിലധികം രാജ്യങ്ങളും കൊറോണ വൈറസ് ബാധിച്ചവരാണ്. ദിവസങ്ങൾ കഴിയുംതോറും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്‌ച്ചയാണ് കാണാൻ സാധിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ ആളുകൾ സ്വന്തം വീടുകളിൽ പൂട്ടിയിരിക്കുകയും അവരുടെ രാജ്യങ്ങൾക്ക് പുറത്തേക്കുള്ള യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന കാഴ്‌ച്ച കാണാൻ സാധിക്കും. എന്നാൽ, ആളുകളുടെ ജീവൻ കവർന്ന കോവിഡ് 19 രോഗത്തിന് വാക്‌സിൻ വികസിപ്പിച്ചതായി റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്.

കോവിഡ് 19 രോഗത്തിന് വാക്‌സിൻ വികസിപ്പിച്ചതായി ഇസ്രയേൽ. മാധ്യമ റിപ്പോർട്ടുകളാണ് ഇത്തരത്തിൽ സൂചന നൽകുന്നത്. വരും ദിവസങ്ങളിൽ കണ്ടെത്തിയ വാക്‌സിനെകുറിച്ച് കൂടുതൽ വിശദീകരണം നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ചിൽ നടന്നുവരുന്ന ഗവേഷണത്തിൽ സാർസ് കോവ്-2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസ്സിലാക്കാനായെന്നാണ് ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് ദിനപത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും, പ്രതിരോധ പ്രക്രിയയ്ക്ക് വാക്‌സിനേഷൻ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങൾ് നീണ്ടുനിൽക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണ്, റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പ്രതിരോധ മന്ത്രാലയം ദിനപത്രത്തോടുള്ള പ്രതികരണത്തിൽ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

പുതിയ ചികിത്സാരീതികളും വാക്‌സിനുകളും തയാറാക്കാനും വൈറസ് ബാധിച്ചിരിക്കുന്നവരുടെ ശരീരത്തിൽ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഉൽപാദിപ്പിക്കാനും ഉൾപ്പെടെ സഹായകരമാകുന്നതാണു കണ്ടെത്തൽ. ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അൻപതിൽപരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസിന് ഒരു വാക്‌സിൻ കണ്ടെത്തുന്നതിനോ ടെസ്റ്റിങ് കിറ്റുകൾ വികസിപ്പിക്കുന്നതിനോ ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളിൽ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ ഒരു ചിട്ടയായ വർക്ക് പ്ലാൻ അനുസരിച്ചാണ് നടത്തുന്നത്, ഇതിന് സമയമെടുക്കും. എപ്പോൾ, എന്തെങ്കിലും ഉണ്ടെങ്കിൽ റിപ്പോർട്ടുചെയ്യാൻ, ഇത് കൃത്യമായ രീതിയിലാണ് നടക്കുക, ''പ്രതിരോധ മന്ത്രാലയം ഹാരെറ്റസിനോട് പറഞ്ഞു. ഇസ്രയേൽ പ്രതിരോധ സേനയുടെ സയൻസ് കോപ്‌സിന്റെ ഭാഗമായി മധ്യ ഇസ്രയേൽ നഗരമായ നെസ് സിയോണയിൽ 1952ൽ സ്ഥാപിതമായ ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് സർക്കാർ ഇതര സംഘടനയാകുകയായിരുന്നു. സാങ്കേതികമായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിയന്ത്രണത്തിലാണെങ്കിലും പ്രതിരോധ മന്ത്രാലയവുമായി നിരന്തര ആശയവിനിമയമുണ്ട്. വാക്‌സിൻ വികസിപ്പിക്കാൻ ഫെബ്രുവരി ഒന്നിനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗവേഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നാണു സൂചന. എന്നാൽ ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

വാക്‌സിൻ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർണായക വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധമന്ത്രാലയം വാർത്ത റിപ്പോർട്ട് ചെയ്ത ഹാരെറ്റ്‌സിനെ അറിയിച്ചത്. 'ഇവിടെ എല്ലാം മുറ പ്രകാരമാണു നടക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തലുണ്ടെങ്കിൽ തീർച്ചയായും അറിയിക്കും..'- പ്രതിരോധമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഒരു വാക്‌സിൻ ആദ്യം പരീക്ഷിക്കുക മൃഗങ്ങളിലായിരിക്കും. ഈ പ്രീ-ക്ലിനിക്കൽ ടെസ്റ്റ് വിജയിച്ചാൽ മാത്രമാണ് മനുഷ്യരിൽ ക്ലിനിക്കൽ ടെസ്റ്റ് നടത്തുക. വാക്‌സിന്റെ പാർശ്വഫലങ്ങളും പൂർണ സ്വഭാവവും ലോകമെമ്പാടുമുള്ള വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നുമെല്ലാം മനസ്സിലാക്കണം. സമയമേറെയെടുത്താണ് ഈ പ്രക്രിയ പൂർത്തിയാക്കുക. മാസങ്ങൾ മുതൽ ഒന്നര വർഷം വരെ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർതന്നെ വ്യക്തമാക്കുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി ആഗോളതലത്തിൽ ഭീതി നിറയ്ക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ വികസനം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പലഭാഗത്തും കൊണ്ടുപിടിച്ചു നടക്കുകയാണ്. ഗുരുതരാവസ്ഥയിൽ തുടരുന്നവരെ ഉൾപ്പെടെ രക്ഷിക്കാൻ എത്രയും പെട്ടെന്ന് ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് ആഴ്ച മുൻപ് ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി വൈറസ് സാംപിളുകൾ എത്തിയതായി ഇസ്രയേലിലെ പ്രധാന വാർത്താ പോർട്ടലായ വൈനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച സാംപിളുകൾ മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനു ശേഷമാണ് ഗവേഷണം ശക്തമായത്.

വാക്‌സിൻ വികസനത്തിനായി ഒട്ടേറെ രാജ്യങ്ങൾ നിരന്തര പരിശ്രമത്തിലാണ്. മൃഗങ്ങളിൽ എങ്ങനെയാണ് വൈറസ് പ്രവർത്തിക്കുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകർ പഠിക്കുന്നത്. ആ വൈറസ് മനുഷ്യരിലേക്ക് എത്തുമ്പോൾ അതിന് എന്തെല്ലാം മാറ്റം വരുന്നുവെന്നു കണ്ടെത്തുകയാണ് നിർണായകം. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ജനുവരിയിൽ ചൈന വൈറസിന്റെ ജനിതക ഘടന ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഉപയോഗപ്പെടുത്താനാകുംവിധം പുറത്തുവിട്ടിരുന്നു. വൈറസ് സാംപിളുകൾ ലഭിച്ചില്ലെങ്കിലും, വിവിധ ഗവേഷണ കേന്ദ്രങ്ങൾക്കും മരുന്നുകമ്പനികൾക്കും സാർസ് കോവ്-2 സംബന്ധിച്ച പരിശോധനകൾക്കും വാക്‌സിൻ വികസനത്തിനും സഹായകരമാകുന്നതായിരുന്നു ആ നീക്കം.

ജനിതക ഘടന പുറത്തുവന്ന് ഒന്നര മാസത്തിനു ശേഷം, മാസച്യുസിറ്റ്‌സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള മോഡേണ ബയോടെക്‌നോളജി കമ്പനി കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൽ ക്ലിനിക്കൽ ട്രയലിനായി ഇത് അയച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ട്രയൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു സമാനമായ അതേ കർശന പ്രക്രിയകളിലൂടെ കടന്നുപോയാൽ മാത്രമേ ഇസ്രയേലിലും വൈറസ് വാക്‌സിൻ വിജയകരമായെന്നു പറയാനാവുകയുള്ളൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിൽ ആഗോളതലത്തിൽ ഇരുപതിലധികം വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.

അതിനിടെ, വൈറസിനെ വേർതിരിച്ചെടുത്തെന്ന വാദവുമായി കാനഡയും രംഗത്തുവന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കാനഡയിലെ ഒരു സംഘം ഗവേഷകർ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘത്തിൽ ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. ടോറന്റോയിലെ സണ്ണിബ്രൂക് അശുപത്രിയിലെയും വാട്ടർലൂവിലെ ടോറന്റോ ആൻഡ് മക്മാസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ ചേർന്നാണ് വൈറസിനെ വേർതിരിച്ചടുത്തതെന്നാണു വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നുണ്ട്.

കൃത്രിമമായുള്ള ന്യൂട്രിയന്റ് മീഡിയത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്നവയാണ് ബാക്ടീരിയകൾ. എന്നാൽ വൈറസിനെ അത്തരത്തിൽ കൃത്രിമമായി വളർത്തിയെടുക്കാനാകില്ല. വൈറസ് പെരുകണമെങ്കിൽ അതിനൊരു ജീവനുള്ള ആതിഥേയ കോശം വേണം. വൈറസ് ബാധിച്ച ആതിഥേയ കോശങ്ങളെ (eukaryotic or prokaryotic) ലാബ് സാഹചര്യങ്ങളിൽ കൾചർ ചെയ്തു വളർത്തിയെടുക്കാനാകും. ആ വളർച്ച സാധ്യമായ 'മീഡിയം' പിന്നീട് വൈറസിന്റെ ഉറവിടമായി ഉപയോഗിക്കാനാകും. ഇത്തരത്തിൽ വിവിധ പരീക്ഷണങ്ങൾ കടന്നാണ് പുതിയ കൊറോണ വൈറസിനെ വേർതിരിച്ചെടുത്തതെന്ന് കാനഡയിലെ ഗവേഷകർ പറയുന്നു.

ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർത്ഥി അരിഞ്ജയ് ബാനർജി ഉൾപ്പെടുന്ന ഗവേഷണ സംഘം രണ്ടു രോഗികളുടെ സാംപിളുകളെടുത്താണ് പരീക്ഷണം നടത്തിയത്. സുരക്ഷിതമായ സംവിധാനങ്ങളിൽ വൈറസിനെ വേർതിരിച്ചെടുത്ത് അതിന്റെ പ്രൊപ്പഗേഷനും (പെരുകൽ) സാധ്യമാക്കിയെന്നും ഗവേഷകർ പറയുന്നു. എങ്ങനെയാണ് പുതിയ കൊറോണ വൈറസ് പ്രവർത്തിക്കുന്നതെന്നു പഠിക്കാനും ഇതു സഹായകരമായി. വൈറസിനെ വേർതിരിച്ചെടുത്തതോടെ മഹാമാരിക്കു പരിഹാരം കണ്ടെത്താനാകുമെന്നും ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നു.

മാക്മസ്റ്റർ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷ്യസ് ഡിസീസ് റിസർച്ചിൽ പോസ്റ്റ്‌ഡോക്ടറൽ ഗവേഷകനായ അരിഞ്ജയ് കൊറോണ വൈറസുകൾ, വവ്വാലുകൾ എന്നിവയിലാണു ഗവേഷണം നടത്തുന്നത്. 'ഞങ്ങൾ ഇപ്പോൾ സാർസ് കോവ്-2 വൈറസിനെയാണു വേർതിരിച്ചെടുത്തിരിക്കുന്നത്. ഇതു മറ്റു ഗവേഷകർക്കും പങ്കുവച്ചു കൂട്ടായ പ്രവർത്തനമാണ് ലക്ഷ്യം വയ്ക്കുന്നത്. വൈറസില്ലാതെ യാതൊരു പരീക്ഷണവും സാധ്യമല്ല. പുതിയ പരീക്ഷണത്തിലൂടെ കൂടുതൽ വൈറസുകളെ സൃഷ്ടിക്കാനും അതുവഴി കൂടുതൽ പഠനത്തിനും സാധിക്കും'- അരിഞ്ജയ് പറയുന്നു. രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിൻ തയാറാക്കാനുള്ള സൗകര്യങ്ങളാണ് ഇനി വേണ്ടതെന്നും ഗവേഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP