Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹർത്താലുകളിലും അക്രമങ്ങളിലും പകച്ച് കോഴിക്കോട്ടുകാർ; ജില്ലയുടെ പലയിടത്തും തുടർച്ചയായ മൂന്നാം ദിവസവും ഹർത്താൽ; അക്രമങ്ങളിൽ മൽസരിച്ച് സി.പി.എം- ബിജെപി പ്രവർത്തകർ; മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റം; കണ്ണൂർ മോഡൽ രാഷ്ട്രീയം കോഴിക്കോട്ടും ആവർത്തിക്കുന്നു

ഹർത്താലുകളിലും അക്രമങ്ങളിലും പകച്ച് കോഴിക്കോട്ടുകാർ; ജില്ലയുടെ പലയിടത്തും തുടർച്ചയായ മൂന്നാം ദിവസവും ഹർത്താൽ; അക്രമങ്ങളിൽ മൽസരിച്ച് സി.പി.എം- ബിജെപി പ്രവർത്തകർ; മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റം; കണ്ണൂർ മോഡൽ രാഷ്ട്രീയം കോഴിക്കോട്ടും ആവർത്തിക്കുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: തുടർച്ചയായ മൂന്നാം ദിവസവും ഹർത്താൽ ഉണ്ടാവുകയും വ്യാപകമായ അക്രമപ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്താൽ ആ നാടിന്റെ സ്ഥിതി എന്തായിരിക്കും. ഇപ്പോൾ കോഴിക്കോട്ടുകാരുടെ അവസ്ഥ അങ്ങനെയാണ്. കണ്ണൂർ മോഡലിൽ സി..പി.എം--ബിജെപി സംഘർഷം വല്ലാത്തൊരു അക്രമ സ്വഭാവം കൈവരിക്കുന്നതാണ് നാട്ടുകാരെ ഭീതിയിൽ ആഴ്‌ത്തുന്നത്.

സി.പി.എം കോഴിക്കോട്് ജില്ലാകമ്മിറ്റി ഓഫിസിലേക്ക് ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പുലർച്ച പ്രഖ്യാപിച്ച ഹർത്താലിലെ പ്രശ്‌നങ്ങൾ തീരുമ്പോഴേക്കും ശനിയാഴ്ച ബിജെപി-ബി.എം.എസ് ഹർത്താലും പ്രഖ്യാപിച്ചിരക്കയാണ്. ജില്ല മൊത്തം തുടർച്ചയായ രണ്ടാം ദിവസമാണ് ഹർത്താലെങ്കിലും ഒളവണ്ണ, ഫറോക്ക്, ചെറുവണ്ണൂർ, നല്ലളം ഭാഗങ്ങൾ, ബേപ്പൂർ മണ്ഡലം എന്നിവിടങ്ങളിലൊക്കെ വ്യാഴാഴ്ചയും ഹർത്താലായിരുന്നു. കൂടാതെ വെള്ളിയാഴ്ച കുറ്റ്യാടി, വടകര, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭമണ്ഡലങ്ങളിൽ സംഘ്പരിവാർ സംഘടനകളും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.

റമദാൻ വ്രതവും പെരുന്നാൾ വിപണിക്കുമിടയിലെ ഹർത്താലുകൾ ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ തടയുന്നില്ലെങ്കിലും പെട്രോൾ പമ്പുകൾ അടച്ചിട്ടതിനാൽ ഇന്ധനം കിട്ടാത്ത സ്ഥിതിയാണ്.വെള്ളിയാഴ്ചത്തെ എൽ.ഡി.എഫ് ഹർത്താലിൽ വാഹനങ്ങളെ ഒഴിവാക്കിയെങ്കിലും സ്വകാര്യ ബസുകൾ ഓടിയില്ല. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം രാവിലെ നഗരത്തിൽ നടത്തിയ പ്രകടനത്തിലെ ആക്രമണമാണ് ശനിയാഴ്ച ബിജെപി ഹർത്താലിന് കാരണമായത്. തങ്ങളുടെ ഓഫിസ് തകർത്തതിന് ആദ്യം ബി.എം.എസ് പ്രഖ്യാപിച്ച ഹർത്താലിന് പിന്നീട് ബിജെപി യും സംഘ്പരിവാർ സംഘടനകളും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിൽ വ്യാപക അക്രമങ്ങളാണ് വെള്ള്ളിയാഴ്ച ഉണ്ടായത്. പലയിടത്തും ബി.എം.എസ്, എ.ബി.വി.പി. ജില്ല കമ്മിറ്റി ഓഫിസുകൾ തകർത്തു. വടകരയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ചില ദീർഘദൂര സർവിസ് നടത്തി. തുടക്കത്തിൽ വടകര, ബേപ്പൂർ, ഫറോക്ക്, ഒളവണ്ണ മേഖലയിൽ വ്യാപകമായി ഇരുവിഭാഗങ്ങളുടേയും പാർട്ടി ഓഫിസുകൾ അക്രമത്തിനിരയായിരുന്നു. എന്നാൽ, സംഘർഷം ജില്ലയെ മൊത്തത്തിൽ ബാധിച്ചിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസിനുനേരെ ബോംബേറുണ്ടായതോടെ സംഘർഷാവസ്ഥ ജില്ല മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ജില്ല സെക്രട്ടറി പി. മോഹനനെ ലക്ഷ്യംവച്ചാണ് ആക്രമണമെന്ന പ്രചാരണം പ്രതിഷേധം ആളിപ്പടരാനിടയാക്കി.

നഗരത്തിൽ ഇടതുമുന്നണി പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ബി.എം.എസ് ഓഫിസ്, കല്ലായ് റോഡിൽ എ.ബി.വി.പി ഓഫിസ്, കുരുക്ഷേത്ര പ്രകാശൻ ബുക്ക് സ്റ്റാൾ, ബി.എം.എസ് പ്രസിദ്ധീകരണമായ മസ്ദൂർഭാരതി ഓഫിസ്, സമീപത്തെ ഹോട്ടൽ എന്നിവക്കുനേരെയും അക്രമമുണ്ടായി. പാളയത്തെ കർണാടക ബാങ്കിന്റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞുതകർത്തു. ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിന്റെ മതിൽ തകത്ത്, ബോർഡുകളും കൊടികളും നശിപ്പിച്ചു. ഓഫിസിനുള്ളിലെ കസേരകളും ഫർണിച്ചറും തകർത്തു. ഫയലുകൾ വാരിവലിച്ചിട്ടു. ജനൽചില്ലുകൾ അടിച്ചുതകർത്തു. തകർത്ത ഫർണിച്ചറുകളിൽ ചിലത് കിണറിലേക്ക് വലിച്ചെറിഞ്ഞതായും ബി.എം.എസ് പ്രവർത്തകർ പറഞ്ഞു. മസ്ദൂർ ഭാരതി ഓഫിസിന്റെയും കുരുക്ഷേത്ര പ്രകാശൻ ബുക്ക് സ്റ്റാളിന്റെയും ചില്ലുകളാണ് തകർന്നത്. കല്ലേറിൽ പരിക്കേറ്റ ഓഫിസ് ജീവനക്കാരൻ കെ.പി. അഖിലേഷിനെ കോഴിക്കോട് ബീച്ച് അശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകരയിൽ ഓടിക്കൊണ്ടിരുന്ന മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. ബസുകളുെട ചില്ല് തകർന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറരക്ക് വടകര നാരായണ നഗറിലെ ആർ.എസ്.എസ് കാര്യാലയത്തിനുനേരെയുണ്ടായ ആക്രമണത്തിനുപുറമെ രാത്രി വൈകിയും ബോംബേറുണ്ടായി. സി.പി.എം നിയന്ത്രണത്തിലുള്ള പഴങ്കാവ് കൈരളി വായനശാലക്കുനേരെയും ചോറോട് എം. ദാസൻ സ്മാരക മന്ദിരത്തിനുനേരെയും ആക്രമണമുണ്ടായി. ഫറോക്ക് കൊളത്തറയിൽ ബിജെപി നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഹർത്താലനുകൂലികൾ അടിച്ചുതകർത്തു. ബേപ്പൂർ ആർ.എം ആശുപത്രിക്കു സമീപമുള്ള ബിജെപിയുടെ കൊടിമരം, നടുവട്ടം മാഹിയിലെ ബിജെപിയുടെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങൾ എന്നിവ തകർക്കപ്പെട്ടു. ജില്ലയിലെ മറ്റിടങ്ങളിൽ ഹർത്താൽ സമാധാനപരമാണ്. മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലും വാഹനങ്ങൾ കുറവായിരുന്നു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രമാണ് പലയിടത്തും ഓടിയത്.

സി.പി.എം -ലീഗ് സംഘർഷം നിലനിൽക്കുന്ന തിരുവള്ളൂരിൽ ലീഗ് ഓഫിസിന് നേരെ ആക്രമണം. ചാനിയംകടവ് റോഡിൽ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ശിഹാബ് തങ്ങൾ സ്മാരക സൗധത്തിന് നേർക്കാണ് അക്രമം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഓഫിസിന് നേരെ ബോംബെറിയുകയും തുടർന്ന് ഓഫിസ് തീവെക്കുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ബോംബെറിഞ്ഞ് ഓഫിസിന്റെ വാതിൽ തകർത്ത ശേഷം ഉള്ളിൽ കയറിയ അക്രമികൾ ഓഫിസിന് തീ വെക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ലീഗ് ഓഫിസിന്റെ പൂട്ട് ഒരു സംഘം ആളുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഭവവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി സി.പി.എം ലോക്കൽ ഓഫിസിന് നേരെ ആക്രമണം നടന്നിരുന്നു.

അടുത്തുള്ള ബസ് വെയ്റ്റിങ് ഷെഡും തകർക്കുകയുണ്ടായി. വടകര റോഡിലുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക സൗധത്തിനെതിരെയും ആക്രമണമുണ്ടായി. വ്യാഴാഴ്ച രാത്രി 11മണിയോടെ മുയിപ്പോത്ത് സ്വദേശി കോട്ടയുള്ള പറമ്പത്ത് മൊയ്തീൻ ഫൈസിക്ക് മർദമേറ്റു. സി.പി.എം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത തിരുവള്ളൂർ പഞ്ചായത്ത് ഹർത്താൽ പൂർണമായിരുന്നു. സംഭവത്തോടനുബന്ധിച്ച് ഏതാനും പേരെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷം നിലനിൽക്കുന്ന വടകരയിൽ അക്രമങ്ങൾക്ക് അറുതിയായില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുനേരെയുണ്ടായ കൈയേറ്റത്തെ തുടർന്നാണ് വടകരയിൽ ആക്രമങ്ങൾ തുടങ്ങിയത്. വ്യാഴാഴ്ചയുണ്ടായ സംഭവങ്ങളുടെ തുടർച്ചയായി വെള്ളിയാഴ്ചയും അക്രമങ്ങൾ നടന്നു. ഇരുവിഭാഗവും ഓഫിസുകൾക്ക് നേരെയാണ് തിരിഞ്ഞിട്ടുള്ളത്.

വെള്ളിയാഴ്ച രാവിലെ മൂന്നോടെ നാരായണനഗറിലെ ആർ.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറുണ്ടായി. രണ്ടു സ്റ്റീൽബോംബുകൾ എറിഞ്ഞതിൽ ഒന്ന് മുൻഭാഗത്തെ തെങ്ങിൽ തട്ടി പൊട്ടി. പൊട്ടാതെ കിടന്ന ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് പിന്നീട്, ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി. ചോറോട് ഗേറ്റിനു സമീപത്തെ സി.പി.എം ഓഫിസായ എം. ദാസൻ സ്മാരകത്തിനുനേരെയും ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫിസിനുനേരെയും കല്ലേറുണ്ടായി. പഴങ്കാവിലെ കൈരളി വായനശാലക്കുനേരെയും ആക്രമണം നടന്നു. വായനശാലയുടെ ജനൽ ഗ്ലാസുകൾ തകർത്തിട്ടുണ്ട്. വെള്ളികുളങ്ങരയിൽ ഡിവൈഎഫ്ഐയുടെ കൊടിമരം നശിപ്പിച്ചു.

ഹർത്താലിനിടെ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ ആർ.എസ്.എസ് പ്രവർത്തകർ കല്ലേറ് നടത്തി. കോഴിക്കോട്ടേക്ക് സർവിസ് നടത്തിയ രണ്ടുബസുകൾ വടകര ദേശീയപാതയിലെ കൃഷ്ണകൃപ ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും കണ്ണൂരിലേക്ക് സർവിസ് നടത്തിയ ബസ് അടക്കാത്തെരുവിൽ നിന്നുമാണ് ആക്രമിക്കപ്പെട്ടത്. കല്ലേറിൽ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. വടകര ബാങ്ക്‌റോഡിലെ കുളങ്ങര താഴ കുനിയിൽ അജിത (48), തലശ്ശേരി കോമത്ത് വൈഷ്ണവ് (11), കതിരൂർ ബേബികൃപയിൽ ഗീത(48)എന്നിവരെ സഹകരണആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേരാണ് ബസുകൾക്കുനേരെ അക്രമം നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കി!!െന്റ നമ്പർ സഹിതമാണ് പരാതി നൽകിയത്. ഹർത്താൽ അനുകൂലികൾ ദേശീയപാതയിൽ ടയറുകൾ കൂട്ടിയിട്ട് തീയിട്ടു.

അതിനടെ മാധ്യമപ്രവർത്തകർക്കുനേരെയും അതിക്രമം ഉണ്ടായി. ഹർത്താലിനോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെ മൂന്നു പത്ര ഫോട്ടോഗ്രാഫർമാരെ മർദിച്ച് ഒരാളുടെ കാമറ തകർത്തു. മറ്റൊരു ഫോട്ടോഗ്രാഫറിൽ നിന്ന് മെമ്മറികാർഡ് ബലമായി പിടിച്ചെടുത്തു. രാവിലെ 9.30ഓടെ മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം പാളയത്ത് എത്തിയപ്പോഴാണ് പിന്നിൽ നീങ്ങിയ സംഘം അക്രമം തുടങ്ങിയത്. ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസി!!െന്റ ഫോട്ടോഗ്രാഫർ എ. സനേഷിനെ മർദിച്ച് നിക്കോൺ കാമറ തകർത്തു. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിനും കേരളഭൂഷണം ഫോട്ടോഗ്രാഫർ കെ.വി. ശ്രീജേഷിനും മർദനമേറ്റു. ശ്രീജേഷിനെ ഭീഷണിപ്പെടുത്തി കാമറയിൽനിന്ന് മെമ്മറികാർഡ് ബലമായി ഊരിവാങ്ങി. അഭിജിത്തിന്റെ ഇരുകൈയും തിരിച്ചൊടിക്കാൻ ശ്രമം നടന്നു. പരിക്കേറ്റ എ. സനേഷ് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.

പ്രകടനം കടന്നുപോകുന്നതിനിടെ എതിർദിശയിൽ വന്ന ഓട്ടോ പിൻനിരയിലുള്ള നൂറോളംപേർ തടഞ്ഞ് മറിച്ചിടാൻ ശ്രമിക്കുന്നത് കാമറയിൽ പകർത്താൻ ശ്രമിച്ചതാണ് പ്രകോപനമായത്. പ്രസ് ക്ലബ് സെക്രട്ടറി എൻ. രാജേഷ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനെ ഫോണിൽ വിവരമറിയിച്ചയുടൻ അദ്ദേഹവും മുൻ മേയർ എം. ഭാസ്‌കരൻ, കേരള പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡന്റും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ. പ്രേമനാഥ് എന്നിവരും സ്ഥലത്തെത്തി. കേടായ കാമറക്കുപകരം കാമറ നൽകാമെന്നും മെമ്മറികാർഡ് വീണ്ടെടുക്കാൻ ശ്രമിക്കാമെന്നും ഇല്ലെങ്കിൽ പുതിയ മെമ്മറി കാർഡ് നൽകാമെന്നും നേതാക്കൾ ഉറപ്പുനൽകി.

ബിജെപി വാഴയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് സാമൂഹിക വിരുദ്ധർ തീവെച്ചു. വ്യാഴാഴ്ച രാത്രി 11നും 12നും ഇടയിലാണ് കാരാട് കെ.എസ്.ഇ.ബിക്ക് സമീപമുള്ള ഓഫിസ് കെട്ടിടത്തിനകത്ത് തീകത്തിയത്. മുന്നിലെ ജനൽച്ചില്ല് തകർത്ത് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഓഫിസിനകത്തെ ഫ്‌ലക്‌സ് ബോർഡുകൾ, അലമാര, മേശ, കസേരകൾ, ഇലക്ട്രിക് വയറിങ്, ഫയലുകൾ എന്നിവ പൂർണമായും കത്തിയിട്ടുണ്ട്. തറയിലെ ടൈൽസും തകർന്നു. മുമ്പും ഈ ഓഫിസിനുനേരെ അതിക്രമമുണ്ടായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ കാരാടിൽ പ്രകടനം നടത്തി. ഹർത്താലിൽ ബാലുശ്ശേരിയിലും സി.പി.എം-ബിജെപി സംഘർഷമുണ്ടായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വൈകീട്ട് സി.പി.എം പ്രവർത്തകർ ബാലുശ്ശേരി ടൗണിൽ പ്രകടനം നടത്തുന്നതിനിടെയുണ്ടായ കല്ലേറിനെതുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. കല്ലേറ് മണിക്കൂറുകളോളം നീണ്ടതിനെ തുടർന്ന് പൊലീസ് അക്രമികളെ പിരിച്ചുവിടാനായി കണ്ണീർവാതകം പ്രയോഗിച്ചു.

ഹർത്താലനുകൂലികൾ മെഡിക്കൽ കോളജിലെ സർജിക്കൽ എക്യുപ്‌മെന്റ്‌സ് സെന്റർ അടിച്ചുതകർത്തു. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ കേരള ഡയഗനോസ്റ്റിക് സെന്ററാണ് വെള്ളിയാഴ്ച മൂന്നുമണിയോടെ ഹർത്താലനുകൂലികൾ അടിച്ചുതകർത്തത്. ശാസ്ത്രക്രിയ ഉപകരണ വിതരണക്കാരായ കടയുടമ ഹർത്താൽ ദിനത്തിൽ കട ശുചീകരിക്കുന്നതിനിടെ അഞ്ചുപേർ കയറി വരുകയും ഹർത്താലിന് കട തുറക്കുമോ എന്ന് ചോദിച്ച് കടയിൽ സൂക്ഷിച്ചിരുന്ന ഹെമറ്റോളജി അനലൈസർ, കമ്പ്യൂട്ടർ മോണിറ്റർ എന്നിവ നിലത്തേക്ക് വലിച്ചെറിയുകയും കടയുടെ ഗ്ലാസുകൾ തല്ലിത്തകർക്കുകയുമായിരുന്നുവെന്ന് കടയുടമ പറഞ്ഞു.

മൂന്നുലക്ഷത്തോളം വില വരുന്നതാണ് അനലൈസർ. അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടം വരുത്തി. ഏറെ നേരം കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ടാലറിയാമെന്ന് കടയുടമ ബഷീർ പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP