Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹരിയാന അതിർത്തിയിൽ വീണ്ടും സംഘർഷം; കർഷകർക്ക് നേരെ വീണ്ടും ഡ്രോൺ, കണ്ണീർവാതക പ്രയോഗം; ശംഭുവിലും കനൗരിയിലും കർഷകരെ നേരിട്ട് പൊലീസ്; കർഷകരെ നേരിടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത് വകവെക്കാതെയാണ് ഡ്രോൺ പ്രയോഗം

ഹരിയാന അതിർത്തിയിൽ വീണ്ടും സംഘർഷം; കർഷകർക്ക് നേരെ വീണ്ടും ഡ്രോൺ, കണ്ണീർവാതക പ്രയോഗം; ശംഭുവിലും കനൗരിയിലും കർഷകരെ നേരിട്ട് പൊലീസ്; കർഷകരെ നേരിടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത് വകവെക്കാതെയാണ് ഡ്രോൺ പ്രയോഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹരിയാന അതിർത്തിയിൽ വീണ്ടും കർഷകർക്ക് നേരെ പൊലീസിന്റെ കണ്ണീർവാതക പ്രയോഗം. വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുക ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഡൽഹി ചലോ മാർച്ച് നടത്തുന്ന കർഷകർക്ക് നേരെയാണ് പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിലും കനൗരിയിലും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചത്.

ഇന്നും ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ച് കർഷകരെ നേരിടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത് വകവെക്കാതെയാണ് ഇന്നും ഡ്രോൺ പ്രയോഗം. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം കർഷകർ ഇന്ന് രാവിലെ 11ഓടെയാണ് മാർച്ച് പുനഃരാരംഭിച്ചത്. സംസ്ഥാന അതിർത്തികളായ ശംഭു, കനൗരി എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു.

ബാരിക്കേഡുകൾ നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും കർഷകർ ഇവിടേക്ക് എത്തിച്ചിരുന്നു. കൈകളിൽ ധരിക്കാനുള്ള കൈയുറകളും കണ്ണീർവാതകം പ്രതിരോധിക്കാനുള്ള മാസ്‌കുകളും വെള്ളം ചീറ്റുന്ന യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ബുൾഡോസറുകളും ക്രെയിനുകളും ഉടൻ മാറ്റണമെന്നും അല്ലെങ്കിൽ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹരിയാന പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതേസമയം, കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ കർഷക സംഘടനകൾ നീക്കം തുടങ്ങി. സംയുക്ത കിസാൻ മോർച്ച വ്യാഴാഴ്ച യോഗം ചേർന്ന് സമരത്തിന്റെ ഭാവിപദ്ധതികൾ തീരുമാനിക്കുമെന്ന് 2020ലെ കർഷക പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു. രാജ്യത്തുടനീളമുള്ള കർഷക സംഘടനകൾ സമരം മുന്നോട്ടുകൊണ്ടുപോകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കേന്ദ്ര സർക്കാർ സമരരംഗത്തുള്ള കർഷകരെ വീണ്ടും ചർച്ചക്ക് വിളിച്ചു. നാല് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് അഞ്ചാംവട്ടവും ചർച്ചക്ക് കേന്ദ്രം തയാറായത്. കർഷകർ ഉന്നയിക്കുന്ന എല്ലാ വിഷയത്തിലും ചർച്ച നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ട പറഞ്ഞു. സമാധാനം നിലനിർത്തിക്കൊണ്ട് ചർച്ച നടത്തലാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടത്തിയ നാലാംവട്ട ചർച്ച പരാജയമായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി ഡൽഹി ചലോ മാർച്ച് താൽക്കാലികമായി രണ്ടു ദിവസത്തേക്ക് നിർത്തിയിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവക്ക് മാത്രം അഞ്ചു വർഷത്തേക്ക് താങ്ങുവില ഏർപ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. ഇത് കർഷക സംഘടനകൾ ചർച്ച ചെയ്ത് തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.

വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക, എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, രാജ്യവാപകമായി കാർഷിക, കർഷക തൊഴിലാളി കടം എഴുതിത്ത്തള്ളുക, 2020ലെ സമരത്തിലെ കേസുകൾ പിൻവലിക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിലെ ഇരകൾക്ക് നീതി നൽകുക, ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2023 പിൻവലിക്കുക, സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് ഇന്ത്യ പിന്തിരിയുക തുടങ്ങിയവയാണ് സമരത്തിന്റെ ആവശ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP