Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രിത ജനപ്രിയം ചിന്തിതപ്രദം...; ശ്രുതിവിഭൂഷണം സാധുജീവനം....; ശ്രുതിമനോഹരം ഗീതലാലസം... ഹരിഹരാത്മജം ദേവമാശ്രയേ; അയ്യപ്പൻ ഉണർത്തു പാട്ടിന്റെ രചയിതാവ് സ്ത്രീയെന്ന് അംഗീകരിക്കാനും ദേവസ്വം ബോർഡിന് മടി; ഹരിവരാസനം കോടതി കയറും

ശ്രിത ജനപ്രിയം ചിന്തിതപ്രദം...; ശ്രുതിവിഭൂഷണം സാധുജീവനം....; ശ്രുതിമനോഹരം ഗീതലാലസം... ഹരിഹരാത്മജം ദേവമാശ്രയേ; അയ്യപ്പൻ ഉണർത്തു പാട്ടിന്റെ രചയിതാവ് സ്ത്രീയെന്ന് അംഗീകരിക്കാനും ദേവസ്വം ബോർഡിന് മടി; ഹരിവരാസനം കോടതി കയറും

അരുൺ ജയകുമാർ

തിരുവനന്തപുരം: അയ്യപ്പ ഭക്തിഗാനങ്ങൾ നിരവധിയുണ്ടെങ്കിലും ലോകമെമ്പാടുമുള്ള ഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ടതും മല കയറാൻ പ്രേരിപ്പിക്കുന്നതും ഹരിവരാസനമെന്ന ഗാനമാണ്. അയ്യപ്പന്റെ ഉറക്കുപാട്ടായി അറിയപ്പെടുന്ന ഈ ഗാനം ഓരോ ഭക്തരേയും ഭക്തിയുടെ പാരമ്യത്തിലെത്തിക്കും. എന്നാൽ ഗാനത്തിന്റെ യഥാർത രചയിതാവ് ആരെന്നതിനെ ചോല്ലിയുള്ള തർക്കം കോടതയിലേക്ക് നീങ്ങുന്നു. ഹരിവരാസനം എഴുതിയത് കമ്പക്കുടി കുളത്തൂർ മണി അയ്യരാണെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. എന്നാൽ കൊല്ലം ശാസ്താംകോട്ടയിലെ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനം യഥാർഥത്തിൽ രചിച്ചതെന്നാണ് അവരുടെ പിന്മുറക്കാർ അവകാശപ്പെടുന്നത്.

ശബരിമലയിലെ മുൻ മേൽശാന്തിയും വെളിച്ചപാടുമായിരുന്ന അനന്തകൃഷണ അയ്യരുടെ മകളാണ് കോന്നകത്ത് ജാനകിയമ്മ. 1923ലാണ് അവർ ഹരിവരാസനം രചിച്ചതെന്നും അതിന്റെ കൈയെഴുത്ത് പ്രതിയുടെ പകർപ്പ് കൈവശമുണ്ടെന്നും ബന്ധുക്കൾ പറയുന്നു. രണ്ട് വർഷം മുൻപ് ജാനകിയമ്മയുടെ മകൾ ബാലാമണി ഈ വാദമുന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ അവകാശവുമായി ബന്ധപ്പെട്ട രേഖകളുമായി കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ജാനകിമ്മയുടെ കൊച്ചുമകൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഹരിവരാസനത്തിന്റെ കൈയെഴുത്ത് പ്രതി ശബരിമലയിൽ കാണിക്കയായി സമർപ്പിച്ചിട്ടുണ്ടെന്നും കീർത്തനം ഇപ്പോഴും കൈവശമുണ്ടെന്നും ജാനകിയമ്മയുടെ മകൾ അന്ന് വെളിപ്പെടുത്തിയിരുന്നു. കമ്പക്കുടി കുളത്തൂർ മണി അയ്യർ വെറും സമ്പാദകൻ മാത്രമാണെന്നാണ് ജാനകിയമ്മയുടെ പിന്മുറക്കാരുടെ അവകാശവാദം. കമ്പക്കുടി കുളത്തൂർ മണി അയ്യരെന്നയാൾ ജീവിച്ചിരുന്നുവെന്നതിന് പോലും തെളിവില്ലെന്നാണ് അവർ പറയുന്നത്. ജാനകിയമ്മതന്നെയാണ് ഹരിവരാസനമെഴുതിയതെന്ന് ശാസ്താംകോട്ടയുടെ പ്രാദേശിക ചരിത്രമെഴുതിയവർ പോലും പറയുന്നത്.

1923ൽ തന്റെ 30ാം വയസ്സിലാണ് ജാനകിയമ്മ കീർത്തനം രചിച്ചത്. കോന്നകത്ത തറവാട്ടിൽ അക്കാലത്ത് അയ്യപ്പ ഭക്തർക്കായി വിശ്രമ കേന്ദ്രങ്ങൾ തയ്യാറാക്കുമായിരുന്നുവെന്നും അവിടെ വന്ന ഭജനസംഘങ്ങളുടെ കൈവശമാണ് കീർത്തനം ശബരിമലയിലെത്തിയതെന്നും ബന്ധുക്കൾ പറയുന്നു. 1972ലാണ് ജാനകിയമ്മ മരണപ്പെട്ടത്. 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചലച്ചിത്രത്തിൽ ദേവരാജൻ മാസ്റ്റർ ഈണം നൽകിയഗാനം ഗാനഗന്ധർവൻ യേശുദാസാണ് ആലപിച്ചത്. ഇതാണ് ഇന്നും ഉറക്കുപാട്ടായി എല്ലാ ദിവസവും നടയടയ്ക്കുമ്പോൾ സന്നിധാനത്ത് കേൾപ്പിക്കുന്നത്.

ഹരിവരാസനത്തിന്റെ യഥാർഥ രചയിതാവായി ജാനകിയമ്മയെ ആദരിക്കണമെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും ദേവസ്വം ബോർഡിനും പരാതി നൽകിയിരുന്നു. എന്നാൽ പരാതി അനുഭാവപൂർണം പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചങ്കിലും പിന്നീട് തീരുമാനങ്ങളൊന്നും ആയില്ലെന്നും ബന്ധുക്കൾ പറയുന്നു. സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ശബരിമലയിൽ ഹരിവരാസനം എന്ന ഉറക്കുപാട്ടെഴുതിയത് വനിതയാണെന്ന എന്ന വസ്തുത ചരിത്രമാണ്. പണത്തിനോ പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നും പാട്ടെഴുതിയത് അമ്മയാണെന്ന തെളിയിക്കണമെന്നും ഇല്ലെങ്കിൽ അത് അവരോട് ചെയ്യുന്ന വഞ്ചനയായിരിക്കുമെന്നും ബാലാമണി അന്ന് പറഞ്ഞിരുന്നു.

രചനാവകാശം ജാനകിയമ്മയ്ക്കാണെന്ന് കാണിച്ച് ദേവശ്വം ബോർഡ് അധികാരികൾക്ക് കുടുംബം ആദ്യം കത്തയച്ചങ്കിലും ഓംമ്പുഡ്സ്മാൻ അത് തള്ളുകയായിരുന്നു. പിന്നീട് ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുൾപ്പടെയുള്ളവർ പിന്തുണയുമായി രംഗത്തെതിയെന്നും ജാനകിയമ്മയുടെ ചെറുമകൻ മറുനാടനോട് പറഞ്ഞു. ജാനകിയമ്മയുടെ സഹോദരൻ ശിവറാം പത്രപ്രവർത്തകനായിരുന്നു.

ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ശാസ്താംകോട്ട മനക്കര മേച്ചിറയിൽവീട്ടിൽ ജാനകിയമ്മ. തികഞ്ഞ അയ്യപ്പഭക്തയായ അവർ ഗർഭിണിയായിരക്കെ തന്റെ മുപ്പതാം വയസ്സിലെഴുതിയ 'ഹരിവരാസനം വിശ്വമോഹനം' എന്ന് തുടങ്ങുന്ന കീർത്തനം കാണിക്കയായി ശബരിമലനടയ്ക്കുവയ്ക്കാൻ അച്ഛന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നെന്ന് മകൾ ബാലാമണിയമ്മ പറയുന്നു. കാണിക്കയായതിനാൽ സ്വന്തം പേര് എഴുതിച്ചേർത്തില്ല. പിറന്ന കുഞ്ഞിന് അയ്യപ്പൻ എന്ന് ജാനകിയമ്മ പേരിടുകയും ചെയ്തു. ഇതിനിടെ പുറക്കാട് ക്ഷേത്രത്തിലെ ഭജനസംഘവും 'കല്ലട സംഘ'വുമൊക്കെ ഈ പാട്ട് ജാനകിയമ്മയിൽനിന്ന് പകർത്തിയെടുത്ത് പല താളങ്ങളിൽ പാടി.

1963-ൽ തിരുവനന്തപുരം ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽനിന്ന് ഇറങ്ങിയ കീർത്തന സമാഹാരത്തിലാണ് 'ഹരിഹരാത്മജാഷ്ടകം' എന്ന തലക്കെട്ടിൽ ഈ കീർത്തനം ആദ്യമായി അച്ചടിച്ചത്. ഇതിൽ സമ്പാദകൻ എന്നാണ് കമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് സമ്പാദകൻ എങ്ങിനെയോ കർത്താവായി മാറിയതാകാമെന്ന് ജാനകിയമ്മയുടെ ബന്ധുക്കൾ പറയുന്നു.

ഹരിവരാസനം വിശ്വമോഹനം...വരികൾ

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യ നർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീർത്തനം ഭക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവ മന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവർണ്ണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ
ഭവഭയാവഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിത ജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP