Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

മണിക്കൂറിന് 30 ലക്ഷം രൂപ ഫീസ് നൽകി ഹരീഷ് സാൽവെയെ കേസ് ഏൽപ്പിച്ചത് വെറുതേയായില്ല! കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലിന്റെ വാദങ്ങളിൽ അഴിമതി ആരോപണങ്ങൾ കഴുകി കളഞ്ഞ് പിണറായി വിജയൻ; 'ഡെമോക്ലിസിന്റെ' വാളിൽ നിന്നും രക്ഷപെട്ട കേരള മുഖ്യൻ ഇനി മിന്നൽ പിണറാകും..!

മണിക്കൂറിന് 30 ലക്ഷം രൂപ ഫീസ് നൽകി ഹരീഷ് സാൽവെയെ കേസ് ഏൽപ്പിച്ചത് വെറുതേയായില്ല! കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലിന്റെ വാദങ്ങളിൽ അഴിമതി ആരോപണങ്ങൾ കഴുകി കളഞ്ഞ് പിണറായി വിജയൻ; 'ഡെമോക്ലിസിന്റെ' വാളിൽ നിന്നും രക്ഷപെട്ട കേരള മുഖ്യൻ ഇനി മിന്നൽ പിണറാകും..!

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനനന്തപുരം: മണിക്കൂറിന് 30 ലക്ഷം രൂപ ഫീസ് വാങ്ങുന്ന ഇന്ത്യയിലെ തന്നെ ഒന്നാം നമ്പർ അഭിഭാഷകനായ ഹരീഷ് സാൽവെയെ മുഖ്യമന്ത്രി പിണറായി വിജയൻ ലാവ്‌ലിൻ കേസ് ഏൽപ്പിച്ചതു വെറുതെയായില്ല. പിണറായിക്കു വേണ്ടി സാൽവെ വാദിക്കാൻ എത്തിയത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന വാർത്തയായിരുന്നു. എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെ വെറുതേ വിട്ട സിബിഐ കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധിപ്രസ്താവം ഉണ്ടായത്.

പിണറായി വിജയന് വേണ്ടി വാദിക്കാനെത്തിയ ഹരീഷ് സാൽവെ കുറ്റപത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ഹൈക്കോടതിയിൽ വാദം നടത്തിയത്. ലാവലിൻ കേസ് ഒരു അഴിമതി കേസായി പരിഗണിക്കാൻ പോലും ആകില്ലെന്നാണ് ഹരീഷ് സാൽവെ വാദിച്ചത്. ലാവലിൻ കരാറിൽ അഴിമതി നടന്നു എന്നത് വെറും കെട്ടുകഥയാണ്. കേരളത്തിന്റെയും കെഎസ്ഇബിയുടെയും പുരോഗതി ലക്ഷ്യമിട്ടായിരുന്നു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ പ്രവർത്തിച്ചതെന്നും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷൻ ഹൈക്കോടതിയിൽ വാദിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിക്കുന്നതായി മാറിയിരിക്കുകയാണ് ഹൈക്കോടതിയുടെ വിധി.

കെഎസ്ഇബിയുടെ പുരോഗതിക്കു വേണ്ടിയാണ് പിണറായി വിജയൻ പ്രവർത്തിച്ചത്. സംസ്ഥാനത്ത് വൈ്യുതി പ്രതിസന്ധി രൂക്ഷമായ കാലത്താണ് കനേഡിയൻ കമ്പനിയായ ലാവലിനുമായി അദ്ദേഹം കരാറിനു ശ്രമിച്ചത്. വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായി സർക്കാരിനു മേൽ സമ്മർദം ഉണ്ടായിരുന്നതായും ഹരീഷ് സാൽവെ കോടയെ അറിയിച്ചു. അതുകൊണ്ട് തന്നെ മന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ നിർവഹിച്ചത് തന്റെ കർത്തവ്യം മാത്രമാണ്. യാതൊരു ക്രമക്കേടും കരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
മലബാർ കാൻസർ സെന്ററിനു സഹായം കിട്ടുന്നതിനുള്ള കരാറിൽ ഗൂഢാലോചനയുണ്ടെന്ന സിബിഐ വാദം ഹരീഷ് സാൽവെ തള്ളി. കേസിൽ സിബിഐ കുറ്റപത്രം അസംബന്ധമാണ്. നിറയെ കെട്ടുകഥകളാണ് അതിലുള്ളത്. നല്ല ഉദ്ദേശ്യത്തോടെയാണ് കരാറുണ്ടാക്കിയത്. നല്ല കാര്യങ്ങൾ ചെയ്താലും പഴികേൾക്കുകയാണെന്ന് ഹരീഷ് സാൽവെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പിണറായിയുടെ കാലത്തല്ല ജി കാർത്തികേയന്റെ കാലത്താണ് കരാർ ഉണ്ടാക്കിയത്. എന്നാൽ ജി കാർത്തികേയന്റെ നടപടി തെറ്റായി സിബിഐ കണ്ടെത്തിയിട്ടില്ല. കേരളം വൈദ്യുതി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലാണ് കരാറിന് വേണ്ടേി ശ്രമിച്ചത്. കെഎസ്ഇബിയുടെ വാണിജ്യപുരോഗതിയായിരുന്നു ലക്ഷ്യം. കരാറുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ഗൂഢാലോചനയും ഇല്ലെന്നും ഹരീഷ് സാൽവെ കോടതിയിൽ വാദിച്ചിരുന്നു.

30 ലക്ഷം രൂപയാണ് ഹരീഷ് സാൽവെയുടെ വക്കീൽ ഫീസ്. ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകനായ ഹരീഷ് സാൽവെയുടെ വാദം കേൾക്കാൻ കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. ഹൈക്കോടതിയിലെ മുതിർന്നവരും ഇളമുറക്കാരുമായ അഭിഭാഷകരെല്ലാം കോടതിയിൽ വാദം കേൾക്കാൻ വേണ്ടി എത്തി. കേരളത്തിലെ ഏറ്റവും വിവാദമായ കേസെന്ന നിലയിൽ അതീവ പ്രാധാന്യമുള്ള കേസാണിത്. ഒറ്റദിവസമാണ് സാൽവെ പിണറായിക്കു വേണ്ടി ഹാജരായത്. ഹൈക്കോടതിയിലെ കേസിന്റെ മേൽനോട്ടം വഹിച്ചിരുന്നത് അടുത്തിടെ അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ എംകെ ദാമോദരനായിരുന്നു.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനുള്ള കരാർ കനേഡിയൻ കമ്പനി എസ്എൻസി ലാവ്‌ലിന് നൽകിയതിൽ ക്രമക്കേടുണ്ടെന്ന കേസിൽ പിണറായിഏഴാം പ്രതിയായിരുന്നു. എന്നാൽ, തിരുവനന്തപുരം സിബിഐ കോടതി 2013 നവംബർ അഞ്ചിന് ഇവരെ കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷൻ ഹർജി നൽകിയത്. ഹൈക്കോടതി വിധി എതിരായാൽ പിണറായിക്ക് രാജി വയ്‌ക്കേണ്ട സാഹചര്യം പോലും ഉണ്ടാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വിഐപി അഭിഭാഷകനായ സാൽവെ പിണറായിക്ക് വേണ്ടി ഹാജരായത്.

കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. ഒരു കേസിനായി ഹാജരാകാൻ എത്തുമ്പോൾ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോർപ്പറേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതിൽ സുപ്രധാന കേസ് അംബാനി സഹോദന്മാർ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.

ഈ കേസിൽ മുകേഷ് അംബാനിയുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ. അംബാനിക്ക് നിരവധി സിറ്റിംഗുകൾ നടത്തി അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരായ സഹോദരന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ച് നിരവധി തവണ അദ്ദേഹം കോടതിയിൽ ഹാജരായി. ഒടുവിൽ മുകേഷിനെ വിജയിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഈ കേസിന് വേണ്ടി മുകേഷ് എറിഞ്ഞത് 200 കോടിയിലേറെ രൂപയാണ്. പത്ത് വർഷത്തോളം നീണ്ടു നിന്നും ഈ നിയമയുദ്ധം. ഈ കേസിന് വേണ്ടി 15 കോടിയിലേറെ രൂപ ഹരീഷ് സാൽവെ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കേസിൽ അനിൽ അംബാനിക്കായി ഹാജരായ രാംജത് മലാനിയെന്ന അതികായൻ തന്നെയായിരുന്നു. ഈ വമ്പനെയും മുട്ടുകുത്തിക്കാൻ സാൽവക്ക് സാധിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാനെ ഹിറ്റ് ആൻഡ് റൺ കേസിൽ പുഷ്പം പോലെ ഊരിയെടുത്തതും മറ്റാരുമല്ല. ഇവിടെയും കോടികളുടെ പ്രതിഫലം പറ്റുന്ന അഭിഭാഷകൻ തന്നെയാണ് വിജയം കണ്ടത്. കേന്ദ്ര സർക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാൽവയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസിൽ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാൽവെയും മികവായിരുന്നു. നീരാ റാഡിയ കേസിൽ രത്തൻ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹഹമാണ്. സൈറസ് മിസ്ട്രിക്ക് എതിരായ ടാറ്റായുടെ നിയമ യുദ്ധങ്ങൾക്ക് കടിഞ്ഞാൺ ടാറ്റ ഏൽപ്പിച്ചിരിക്കുന്നതും ഈ സിംഹത്തെയാണ്.

ഭോപ്പാൽ വാതക ദുരന്ത കേസിൽ കേശവ് മഹീന്ദ്രക്ക് വേണ്ടിയും ഇദ്ദേഹം ഹാജരായി. മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ട ഈ കേസിൽ കേശവ് മഹീന്ദ്രയെ അനായാസം രക്ഷിച്ചതും സാൽവെയുടെ മിടുക്കായിരുന്നു. മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദൽ, ലളിത് മോദി തുടങ്ങിയ പ്രമുഖർക്കായും ഹരീഷ് സാൽവേ ഹാജരായിട്ടുണ്ട്. ഇങ്ങനെ കോടീശ്വരന്മാരുടെ കേസുകൾ വാദിക്കുമ്പോൾ തന്നെയും ഹരീഷ് സാൽവെക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അത് ദേശീയ താൽപ്പര്യത്തിന്റെയും മാനവികതയുടെയുമാണ്.

രാജ്യത്തെ നടുക്കിയ ഗുജറാത്ത് കൂട്ടക്കൊലയിൽ ഇരകളുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ എന്ന അഭിഭാഷകൻ നിലകൊണ്ടത്. ഒരു രൂപ പോലും പണം കൈപ്പറ്റാതെ ബിൽക്കിസ് ബാനു കേസിൽ ഇരകൾക്കു വേണ്ടി അദ്ദേഹം വാദിച്ചു. ആ വാദം വെറുതേയായില്ല. ഇരകൾക്ക് നീതി നേടിക്കൊടുത്താണ് അദ്ദേഹം അടങ്ങിയത്. അന്ന് മനുഷ്യസ്നേഹിയായ അഭിഭാഷകൻ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലും ഹരീഷ് സാൽവെയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. കേസിൽ നാവികരെ രക്ഷിക്കാൻ കോടികളുമായി ഇറ്റാലിയൻ ഉദ്യോഗസ്ഥർ ആദ്യം സമീപിച്ചത് സാർവെയെ ആയിരുന്നു. എന്നാൽ, വമ്പൻ പ്രതിഫലത്തിന് മുമ്പിലും അദ്ദേഹം കുലുങ്ങിയില്ല. കൊല്ലപ്പെട്ടത് സാധുക്കളായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറുകയും ചെയ്തു.

നിയമം അരച്ചുകലക്കി കുടിച്ച കുടുംബമാണ് ഹരീഷ് സാൽവെയുടേത്. നാഗ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാൽവേയുടെ മുത്തച്ഛൻ ബ്രിട്ടീഷ് ഭരണകാലത്തു മുംബയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. ഈ രക്തമാണ് സാർവെയുടേത്. 1999ൽ ഇന്ത്യൻ സോളിസിറ്റർ ജനറലായും അദ്ദേഹം സ്ഥാനം വഹിച്ചു.

ഇപ്പോൾ സിപിഎമ്മിന്റെ ഭാവി കൂടി നിയന്ത്രിക്കുന്ന സുപ്രധാന കേസിൽ ഹരീഷ് സാൽവെയെ കേസ് ഏൽപ്പിച്ചതോടെ പ്രതീക്ഷിച്ചതു തന്നെയാണ് സംഭവിച്ചത്. ഏതായാലും പിണറായി വിജനയൻ എന്ന കരുത്തനായ രാഷ്ട്രീയക്കാരനു മേൽ ഡെമോക്ലീസിന്റെ വാളുപോലെ എക്കലവും തൂങ്ങിക്കിടന്ന ഒന്നായിരുന്നു ലാവ്‌ലിൻ കേസ്. ഏതായാലും കുറ്റവിമുക്തനാക്കിയ കീഴ്‌കോടതി നടപടി പിണറായിയെ കൂടുതൽ കരുത്താനാക്കുമെന്നതിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP