Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തി; ഗുരുതര ആരോപണവുമായി ഹരീഷ് വാസുദേവൻ; സർക്കാർ ചൂട്ടുപിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധർക്ക്?; പ്രതിഫലനം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തി; ഗുരുതര ആരോപണവുമായി ഹരീഷ് വാസുദേവൻ; സർക്കാർ ചൂട്ടുപിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധർക്ക്?; പ്രതിഫലനം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും ഹരീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെടുകയും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഡബ്ല്യു സി സിയുടെ പരാതിയും ഉൾപ്പടെ പരിഗണിച്ചാണ് സംസ്ഥാന സർക്കാർ സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ഹൈക്കോടതി റിട്ടയർഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ നിയമിച്ചത്. കൃത്യമായ നിരീക്ഷണത്തിനും പഠനത്തിനും ശേഷം 300 പേജുള്ള റിപ്പോർട്ടും ആയിരത്തോളം അനുബന്ധരേഖകളും നിരവധി ഓഡിയോ വീഡിയോ പകർപ്പുകളും അടങ്ങിയ റിപ്പോർട്ടാണ് കമ്മീഷൻ മുഖ്യമന്ത്രിക്ക് നൽകിയത്. മലയാളസിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നണ്ടെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. സിനിമയിൽ അവസരങ്ങൾക്കായി കിടപ്പറ വരെ പങ്കിടാൻ പുരുഷന്മാർ നിർബന്ധിക്കുന്നു. സെറ്റുകളിലെ ലഹരി ഉപയോഗം അടക്കം സത്രീകൾക്ക് പലവിധ ബുദ്ധിമുട്ടുകൾ സൃഷിക്കുന്നുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നും സിനിമയിലെ ലോബിയാണ് എല്ലാ തീരുമാനവും എടുക്കുന്നതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അനീതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ ട്രിബ്യൂണൽ രൂപീകരിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

റിപ്പോർട്ട് ലഭിച്ചിട്ട് മാസങ്ങളായിട്ടും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർനടപടികൾ ഉണ്ടാവുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യപ്രവർത്തകനും ആഭിഭാഷകനുമായ ഹരീഷ് വാസുദേവൻ രംഗത്ത് വന്നിരിക്കുന്നത്.46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിനായി ഈ സർക്കാർ ചെലവിട്ടതെന്നും റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ സർക്കാർ അത്പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഹരീഷ് പറയുന്നു. ഇതുവഴി ഏത് സ്ത്രീവിരുദ്ധർക്കാണ് സർക്കാർ കുടപിടിക്കുന്നതെന്നും ഹരീഷ് ചോദിക്കുന്നു.ഈ റിപ്പോർട്ട് പൂഴ്‌ത്തി വെയ്ക്കുക വഴി സർക്കാർ സ്ത്രീവിരുദ്ധർക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയൻ സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരുമെന്നും നിയമസഭാ സമ്മേളനം തീരും മുൻപ്, 46 ലക്ഷം ചെലവിട്ടുണ്ടാക്കിയ ആ റിപ്പോർട്ട് സഭാ മേശപ്പുറത്ത് വെയ്ക്കാൻ ഒരു പൗരനെന്ന നിലയിൽ താൻ സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും ഹരീഷ് പറഞ്ഞു.പരസ്യപ്പെടുത്തരുത് എന്ന നിബന്ധനയിൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോർട്ടിന്റെ ബാക്കി ഭാഗം ജനങ്ങൾക്ക് മുൻപാകെ വെയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്ക്??

46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കാൻ ഈ സർക്കാർ ചെലവിട്ടത്. സിനിമാ മേഖലയിലെ ജെണ്ടർ ഇഷ്യൂസ് പഠിക്കാനാണ് കമ്മിറ്റി. റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായി. ഇതുവരെ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയിൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം മാത്രം മറച്ചുവെച്ചു റിപ്പോർട്ടിന്റെ ബാക്കി ഭാഗം ജനങ്ങൾക്ക് മുൻപാകെ വെയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.
ജനങ്ങളുടെ നികുതി പണം എടുത്ത് ചെലവാക്കി ഉണ്ടാക്കിയ റിപ്പോർട്ട് വായിക്കാൻ ജനത്തിന് അവകാശമുണ്ട്. അതിന്മേൽ നടപടി എടുക്കുമോ ഇല്ലയോ എന്നതൊക്കെ സർക്കാർ കാര്യം. റിപ്പോർട്ട് പൂഴ്‌ത്തി വെയ്ക്കാൻ അതൊന്നും ന്യായമല്ല. റിപ്പോർട്ടിലെ ഉള്ളടക്കമെന്ന പേരിൽ സർക്കാരിന് തോന്നുന്ന കാര്യങ്ങൾ പറയലല്ല മര്യാദ. സ്ത്രീകളുടെ പിന്തുണ ചോദിച്ചു അധികാരത്തിൽ വന്ന ഒരു സർക്കാരിന് പ്രത്യേകിച്ചും.

ഏതൊക്കെ സ്ത്രീവിരുദ്ധരെയാണ് ജസ്റ്റിസ്.ഹേമ കമ്മീഷൻ പ്രതിക്കൂട്ടിൽ നിർത്തുന്നത്? ആ പ്രതികളുടെ പേരുകൾ സമൂഹത്തിൽ വരരുത് എന്നു സർക്കാരിന് എന്താണിത്ര വാശി?

ഈ റിപ്പോർട്ട് പൂഴ്‌ത്തി വെയ്ക്കുക വഴി സർക്കാർ സ്ത്രീവിരുദ്ധർക്ക് സഹായം ചെയ്യുകയല്ലേ എന്ന ചോദ്യത്തിനു ഇന്നാട്ടിലെ സ്ത്രീകളോട് പിണറായി വിജയൻ സർക്കാരിന് തെരഞ്ഞെടുപ്പ് കാലത്തെങ്കിലും മറുപടി പറയേണ്ടി വരും.
നിയമസഭാ സമ്മേളനം തീരും മുൻപ്, 46 ലക്ഷം ചെലവിട്ടുണ്ടാക്കിയ ആ റിപ്പോർട്ട് സഭാ മേശപ്പുറത്ത് വെയ്ക്കാൻ ഒരു പൗരനെന്ന നിലയിൽ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

#Release_Hema_Commission_report
#Gender_Justice
#LDFവരുംഎല്ലാംശരിയാകും.
അഡ്വ.ഹരീഷ് വാസുദേവൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP