Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ കയറി തീവ്രവാദികൾ വീട്ടുകാരെ ബന്ദികളാക്കി; രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തി; കാലാവസ്ഥ തിരിച്ചടി ആയതോടെ തീവ്രവാദികളെ തുരത്താൻ രംഗത്തിറങ്ങിയത് സ്‌പെഷ്യൽ ഫോഴ്‌സ്; രൂക്ഷമായ പോരാട്ടത്തിൽ ലഷ്‌ക്കർ ഭീകരനെയും കൂട്ടാളികളെയും വധിച്ചു ഇന്ത്യൻ സേന; ഓപ്പറേഷനിൽ വീരമൃത്യു വരിച്ചത് ധീരതയ്ക്കുള്ള മെഡൽ രണ്ടുതവണ നേടിയ കേണൽ അടക്കം അഞ്ച് പേർ; ഹന്ദ്വാരയിലേത് മേജർരവി ചിത്രത്തെ വെല്ലുന്ന ചോര ചിന്തിയ യാഥാർത്ഥ്യം; വീരജവാന്മാർക്ക് ബിഗ് സല്യൂട്ട് നൽകി സോഷ്യൽ മീഡിയ

വീട്ടിൽ കയറി തീവ്രവാദികൾ വീട്ടുകാരെ ബന്ദികളാക്കി; രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തി; കാലാവസ്ഥ തിരിച്ചടി ആയതോടെ തീവ്രവാദികളെ തുരത്താൻ രംഗത്തിറങ്ങിയത് സ്‌പെഷ്യൽ ഫോഴ്‌സ്; രൂക്ഷമായ പോരാട്ടത്തിൽ ലഷ്‌ക്കർ ഭീകരനെയും കൂട്ടാളികളെയും വധിച്ചു ഇന്ത്യൻ സേന; ഓപ്പറേഷനിൽ വീരമൃത്യു വരിച്ചത് ധീരതയ്ക്കുള്ള മെഡൽ രണ്ടുതവണ നേടിയ കേണൽ അടക്കം അഞ്ച് പേർ; ഹന്ദ്വാരയിലേത് മേജർരവി ചിത്രത്തെ വെല്ലുന്ന ചോര ചിന്തിയ യാഥാർത്ഥ്യം; വീരജവാന്മാർക്ക് ബിഗ് സല്യൂട്ട് നൽകി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി മലയാളത്തിൽ പുറത്തിറങ്ങിയ കീർത്തിചക്ര എന്ന സിനിമ ഏറെ നിരൂപക പ്രശംസ നേടിയ സിനിമയാണ്. സ്വന്തം രാജ്യത്തെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന പട്ടാളക്കാരുടെ കഥ പറയുകയായിരുന്നു ഈ ചിത്രം. ഇന്ന് കാശ്മീരിലെ ഹന്ദ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് വീരജവാന്മാർക്ക് ജീവൻ നഷ്ടമായപ്പോൾ ഒരുനിമിഷം മലയാളികൾ അടക്കം ഓർക്കുന്നത് ഈ പട്ടാള ചിത്രത്തെ കുറിച്ചായിരുന്നു. മോഹൻലാൽ നായകനായി ഈ സിനിമയേക്കാൾ വെല്ലുന്ന ചോരചിന്തിയ യാർത്ഥ്യമാണ് ഹന്ദ്വാര ഏറ്റുമുട്ടലിലൂടെ രാജ്യം ഇന്ന് കണ്ടത്. ലഷ്‌ക്കർ ഇ തോയിബ തീവ്രവാദികൾ ബന്ദികളാക്കിയ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിയ സേനയ്ക്ക് അഞ്ച് പേരുടെ ജീവൻ നഷ്ടമായതോടെ സിനിമക്കഥയെ കുറിച്ചു ഓർത്തെടുക്കുകയാണ് സോഷ്യൽ മീഡിയയും.

രാജ്യത്തിന് ധീരന്മാരായ ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്ത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യൂ വരിക്കുകയായിരുന്നു. രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുള്ള കേണൽ അശുതോഷ് ശർമ്മയാണ് ഹന്ദ്വാര ഏറ്റുമുട്ടലിൽ ഇന്ന് വീരമൃത്യു വരിച്ചത്. 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു കേണൽ അശുതോഷ് ശർമ്മ. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ അശുതോഷിനെ കൂടാതെ മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേശ് എന്നിവരും കൊല്ലപ്പെട്ടു. ജമ്മു കശ്മീർ പൊലീസിന്റെ സബ് ഇൻസ്‌പെക്ടറാണ് കൊല്ലപ്പെട്ട മറ്റൊരാൾ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫീസറോ കേണൽ പദവിയിലോ ഉള്ളവരിൽ ജീവൻ നഷ്ടപ്പെടുന്ന ആദ്യ ഓഫീസറാണ് അശുതോഷ്.

കുപ്വാര ഹന്ദ്വാരയിലെ ചാംഗിമുല്ലയിലെ ഒരു വീട്ടിലെ ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ എട്ടുമണിക്കൂറോളം നീണ്ടുനിൽക്കുകയാായിരുന്നു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരവാദികൾ കടക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന വീട്ടുകാരെ മോചിപ്പിക്കുകയും ഭീകരരുമായി ഏറ്റമുട്ടലുണ്ടാവുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടു നിന്ന ഏറ്റുമുട്ടൽ ശരിക്കം മേജർ രവി ചിത്രത്തെ അനുസ്മരിപ്പിക്കം വിധമായിരുന്നു.

സായുധരെ ഒഴിപ്പിക്കുന്നതിനായി അഞ്ച് യൂണിറ്റ് സൈനികരും, പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തീവ്രവാദികൾക്ക് ആധിപത്യമുള്ള പ്രദേശത്ത് പ്രവേശിച്ചു. കരസേനയുടെയും പൊലീസിന്റെയും സംഘം പ്രദേശത്ത് പ്രവേശിച്ച് ഭീകരർ കൂട്ടിക്കൊണ്ടുപോയവരെ മോചിപ്പിച്ചു. അതേസമയം, തീവ്രവാദികൾ സൈന്യത്തിനും പൊലീസിനും നേരെ കനത്ത വെടിവയ്പ് നടത്തുകയായിരുന്നു. തുടർന്നുണ്ടായ പോരാട്ടത്തിൽ രണ്ട് ഭീകരരെ കൊലപ്പെടുത്തി. എന്നാൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ നാല് സൈനിക ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവൻ നഷ്ടമായതായി കരസേന പത്രകുറിപ്പിൽ അറിയിച്ചു.

ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാജ്ഞലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവൻ നഷ്ടമായ ജവാന്മാരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ലെന്ന് മോദി ട്വീറ്ററിലൂടെ വ്യക്തമാക്കി. 'ഹന്ദ്വാരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ആദരാഞ്ജലികൾ. അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. അർപ്പണബോധത്തോടെയാണ് ജവാന്മാർ രാജ്യത്തെ സേവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അവർ അഹോരാത്രം പ്രവർത്തിച്ചെന്നും മോദി ട്വീറ്റ് ചെയ്തു. ജവാന്മാരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നതായും മോദി കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെ അനുശോചിച്ചു. 'ഹന്ദ്വാരയിൽ (ജമ്മു കശ്മീർ) നമ്മുടെ സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നഷ്ടം വളരെയധികം അസ്വസ്ഥതയുളവാക്കുന്നു. തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ അവർ മാതൃകാപരമായ ധൈര്യം കാണിക്കുകയും രാജ്യത്തെ സേവിക്കുമ്പോൾ പരമമായ ത്യാഗം ചെയ്യുകയും ചെയ്തു. അവരുടെ ധീരതയും ത്യാഗവും ഞങ്ങൾ ഒരിക്കലും മറക്കില്ല,' അദ്ദേഹം പറഞ്ഞു എഴുതി.

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അർപ്പിച്ചു. സൈനികരുടെ പരമമായ ത്യാഗത്തിന് മുന്നിൽ രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷികളായ ധീരസൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാൻ നമിക്കുന്നു. അവരുടെ പരമമായ ത്യാഗത്തോട് രാഷ്ട്രം എപ്പോഴും കടപ്പെട്ടിരിക്കുന്നു. ദുഃഖിതരായ അവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നു അമിത്ഷാ ട്വിറ്ററിൽ പറഞ്ഞു.

വീരമൃത്യൂവരിച്ച സൈനികർക്ക് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ആദരാഞ്ജലി അർപ്പിച്ചു. 'ഇന്ന് രാവിലെ ഹാൻഡ്വാരയിൽ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായ സൈനിക ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും നിര്യാണത്തിൽ ഖേദിക്കുന്നു. അവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. അവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കും ഈ പ്രയാസകരമായ സമയത്തെ അതിജീവിക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ'- ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

മലയാളം സൈബർ ലോകത്തും അതിവൈകാരികമായാണ് ധീരജവാന്മാരുടെ വീരമൃത്യുവിനെ കുറിച്ചു ചർച്ച ചെയ്യുന്നത്. സാമൂഹിക നിരീക്ഷകൻ കൂടിയായ ശ്രീജിത്ത് പണിക്കർ എഴുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ശ്രീജിത്ത് പണിക്കർ എഴുതിയത് ഇങ്ങനൊണ്:

ഒരു വീട്ടിൽ ബന്ദികൾ ആക്കപ്പെട്ട സാധാരണക്കാർ.

രക്ഷാപ്രവർത്തനത്തിന് ഒരു കേണലിന്റെ നേതൃത്വത്തിൽ എത്തുന്ന ഇന്ത്യൻ സൈനികർ.

വീടിനു പുറത്ത് തുറസ്സായ സ്ഥലത്ത് തീവ്രവാദികളുമായി അതിശക്തമായ വെടിവെപ്പ്.

അതിനെ അതിജീവിച്ച് വീടിനുള്ളിൽ പ്രവേശിക്കുന്ന സൈനികർ.

ബന്ദികൾ മോചിപ്പിക്കപ്പെടുന്നു.

ശേഷം സൈനികരുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെടുന്നു.

സൈന്യത്തിൽ നിന്നും കേണലിന്റെ മൊബൈൽ ഫോണിലേക്കുള്ള വിളിക്ക് 'അസ്സലാമു അലൈക്കും' പറഞ്ഞുകൊണ്ട് ഒരു തീവ്രവാദി മറുപടി നൽകുന്നു.

സ്ഥിതി ഗുരുതരം എന്നു മനസ്സിലാക്കി സ്‌പെഷ്യൽ ഫോഴ്സിനെ സൈന്യം രംഗത്ത് ഇറക്കുന്നു.

അവർക്കും സൈനികരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല.

തുടർച്ചയായ മഴയും ഇരുട്ടും കാരണം സ്പെഷ്യൽ ഫോഴ്സിന് മുന്നോട്ടു പോകാൻ കഴിയുന്നില്ല.

എന്നാലും അവർ ജാഗരൂകരായി വീടിനു പുറത്ത് നിലയുറപ്പിക്കുന്നു.

ഇരുട്ടിനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന രണ്ടു തീവ്രവാദികളെയും ഉഗ്രമായ പോരാട്ടത്തിൽ സ്പെഷ്യൽ ഫോഴ്സ് വധിക്കുന്നു.

വീടിനുള്ളിൽ പ്രവേശിച്ച സ്പെഷ്യൽ ഫോഴ്സ് തങ്ങളുടെ സഹപ്രവർത്തകരുടെയും ജമ്മു കാശ്മീർ പൊലീസ് ഉദ്യോഗസ്ഥന്റെയും മൃതശരീരങ്ങൾ കണ്ടെത്തുന്നു.

അതിവൈകാരികമായ ഒരു സിനിമാക്കഥയല്ല. ജീവിതമാണ്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സ്വജീവൻ ത്യജിക്കാൻ സദാ സന്നദ്ധരായി നിൽക്കുന്ന, നാടും കുടുംബവും ഉള്ള, മനുഷ്യരുടെ ജീവിതം. ഹന്ദ്വാരയിൽ, ഒരു കേണലിന്റെയും ഒരു മേജറിന്റെയും ഉൾപ്പടെ അഞ്ച് ജീവനുകൾ നൽകിയെങ്കിലും അവർ നേടിയെടുത്തത് അതേ ലക്ഷ്യമാണ് ആ വീട്ടിൽ ബന്ദികളാക്കപ്പെട്ട സാധാരണക്കാരുടെ മോചനം. ഞാൻ മരിച്ചാലും അവർ മരിക്കരുത് എന്ന വാശി. എന്റെ കുടുംബം അനാഥമായാലും അവരുടെ കുടുംബം അനാഥമാകരുത് എന്ന വാശി.

കമാൻഡിങ് ഓഫീസർ കേണൽ അശുതോഷ് ശർമ്മ
മേജർ അനുജ് സൂദ്
നായിക് രാജേഷ് കുമാർ
ലാൻസ് നായിക് ദിനേഷ് സിങ്
ഇൻസ്‌പെക്ടർ ഷക്കീൽ ഖാസി

രാഷ്ട്രീയ റൈഫിൾസ്
ജമ്മു കാശ്മീർ പൊലീസ്
ഇന്ത്യൻ സൈന്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP