Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രോ​ഗബാധയുടെ ആദ്യഘട്ടങ്ങളിൽ ശ്രദ്ധ മുഴുവൻ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്ത വരുത്താൻ; വൈറസ് വ്യാപനം നിയന്ത്രിക്കാൻ അധികാരം നൽകി പൊലീസിനെ രം​ഗത്തിറക്കിയത് പടുത്തുയർത്തിയ ഇമേജെല്ലാം സോപ്പ് കുമിള കണക്കെ പൊട്ടിത്തുടങ്ങിയപ്പോൾ; ആരോ​ഗ്യപ്രവർത്തകരെ നോക്കുകുത്തികളാക്കിയുള്ള കോവിഡ് പ്രതിരോധം തലതിരിഞ്ഞ നയമെന്ന് വിളിച്ച് പറഞ്ഞ് വിവിധ സംഘടനകൾ; ലോകം പുകഴ്‌ത്തിയ കേരള മോഡലിൽ ഇപ്പോൾ കുറ്റപ്പെടുത്തലുകൾ മാത്രം

രോ​ഗബാധയുടെ ആദ്യഘട്ടങ്ങളിൽ ശ്രദ്ധ മുഴുവൻ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്ത വരുത്താൻ; വൈറസ് വ്യാപനം നിയന്ത്രിക്കാൻ അധികാരം നൽകി പൊലീസിനെ രം​ഗത്തിറക്കിയത് പടുത്തുയർത്തിയ ഇമേജെല്ലാം സോപ്പ് കുമിള കണക്കെ പൊട്ടിത്തുടങ്ങിയപ്പോൾ; ആരോ​ഗ്യപ്രവർത്തകരെ നോക്കുകുത്തികളാക്കിയുള്ള കോവിഡ് പ്രതിരോധം തലതിരിഞ്ഞ നയമെന്ന് വിളിച്ച് പറഞ്ഞ് വിവിധ സംഘടനകൾ; ലോകം പുകഴ്‌ത്തിയ കേരള മോഡലിൽ ഇപ്പോൾ കുറ്റപ്പെടുത്തലുകൾ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രതിദിന രോ​ഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏൽപ്പിച്ച സർക്കാർ നടപടി വിവാദമാകുന്നു. ആരോ​ഗ്യ പ്രവർത്തകർ ഉൾപ്പെടെ സർക്കാരിനെതിരെ പരസ്യമായി രം​ഗത്തെത്തിയതോടെ സംസ്ഥാന സർക്കാരും വെട്ടിലായിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ അന്തർദ്ദേശീയ ശ്രദ്ധ നേടിയ കേരള മോഡൽ ഇപ്പോൾ പരസ്പരം പഴിചാരുന്ന കാഴ്‌ച്ചയാണ് ലോകത്തിന് മുന്നിലുള്ളത്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ പൊലീസിന് അധിക ചുമതല നൽകുന്നത് ആരോ​ഗ്യ രം​ഗത്ത് ​ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരോ​ഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഹെൽത്ത് ഇൻസ്‌പെക്ടർ യൂണിയനും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒയുമാണ് സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പരസ്യമായി വിമർശിച്ച് രം​ഗത്തെത്തിയത്.

സമ്പർക്കപ്പട്ടിക തയ്യാറാക്കൽ ഉൾപ്പടെയുള്ള ജോലികൾ പൊലീസിനെ ഏൽപ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കെ.ജി.എം.ഒ നിലപാട്. ഇത് സംബന്ധിച്ച് സംഘടനയുടെ നിലപാടും നിർദ്ദേശങ്ങളും അടങ്ങിയ കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യവിഷയത്തിൽ പരിശീലനം നേടിയവരാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. ക്വാറന്റീനിലുള്ള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടർനടപടികൾ സ്വീകരിക്കാനും മാത്രമേ പൊലീസിനെ ഏൽപ്പിക്കേണ്ടതുള്ളൂ. ആരോഗ്യപരമായ പ്രവർത്തനങ്ങൾ പൂർണമായും ആരോഗ്യപ്രവർത്തകർക്ക് തന്നെ വിട്ടുനൽകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടർ യൂണിയനും ആരോഗ്യവകുപ്പിന്റെ ചുമതല പൊലീസിനെ ഏൽപ്പിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിന് നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന് ആക്കം കൂട്ടുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിക്കുന്ന നിലപാടുകളാണെന്ന് ഐഎംഎ കുറ്റപ്പെടുത്തുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനഘങ്ങൾക്ക് പൊലീസിന് കൂടുതൽ ചുമതലകൾ നൽകിയ പശ്ചാത്തലത്തിലാണ് ഐഎംഎയുടെ പ്രതികരണം. ആരോ​ഗ്യ പ്രവർത്തകരെ അകറ്റി നിർത്തുകയും പൊലീസ് കൂടുതൽ അധികാരങ്ങൾ ഉപയോ​ഗിക്കുകയും ചെയ്യുന്നതിന്റെ ആശങ്ക ഐഎംഎ പ്രകടിപ്പിക്കുന്നു. പ്രതിരോധ മരുന്ന് എന്ന നിലയിൽ ഹോമിയോ ​ഗുളികകളുടെ വിതരണവും ​ഏറെ ദോഷം ദോഷം ചെയ്തെന്നാണ് ഐഎംഎയുടെ നിലപാട്.

സമൂഹ വ്യാപനം കൂടുന്നതിനാൽ ഇനിയും ടെസ്‌‌റ്റുകൾ നടത്തി രോഗികളെ കണ്ടെത്തി മാ‌റ്റിപാർപ്പിക്കണം എന്നാലേ സമൂഹ വ്യാപനം അവസാനിക്കൂ. ആരോഗ്യ പ്രവർത്തകരുടെ ജോലികൾ പൊലീസിനെ ഏൽപ്പിച്ച സർക്കാർ തീരുമാനത്തെയും ഐ എം എ എതിർക്കുന്നു. ആരോഗ്യ പ്രവർത്തകരെ അവരുടെ ജോലി ചെയ്യാൻ അനുവദിച്ചേ മതിയാകൂ. ആരോഗ്യ വിഷയങ്ങളിൽ പരിശീലനം ലഭിച്ചവരാണവർ. നിലവിലെ നീക്കം ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തും.

ഹോമിയോ ചികിത്സ വഴി രോഗ പ്രതിരോധം വർദ്ധിപ്പിക്കാമെന്നുള‌ള ആയുഷ് വകുപ്പിന്റെ അശാസ്‌ത്രീയമായ നിർദ്ദേശങ്ങൾ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിലപാട് സമൂഹവ്യാപനത്തിന് ആക്കം കൂട്ടുന്നു, ഇതേ തുടർന്ന് ശരിയായി മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ജനങ്ങൾ പെരുമാറുമ്പോൾ സമൂഹവ്യാപനം സംഭവിക്കുന്നു. ഇ‌റ്റലിയും അമേരിക്കയും കേരളത്തിൽ ആവർത്തിക്കരുതെന്നും ആധുനിക വൈദ്യശാസ്‌ത്രത്തെ മാത്രം ആശ്രയിക്കേണ്ട സമയമാണിതെന്നും ഐ എം എ വ്യക്തമാക്കുന്നു.

ടെസ്‌‌റ്റുകൾ വർദ്ധിപ്പിക്കണം. ക്ള‌സ്‌റ്ററുകൾ രൂപപ്പെടുന്നതിന് സാദ്ധ്യതയുള‌ള ഇടങ്ങളിൽ വ്യാപകമായി വീടുകൾ തോറും കയറി ടെസ്‌റ്റ് നടത്തണം. ടെസ്‌റ്രുകൾ നടത്തുന്ന അന്നുതന്നെ റിസൾട്ട് ലഭ്യമാക്കാൻ കഴിയണം. റിവേഴ്‌സ് ക്വാറന്റൈനിന്റെ പേരിൽ വയോജനങ്ങളെ മാ‌റ്റി പാർപ്പിക്കുന്നത് പുനപരിശോധിക്കണം. ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ/ സ്വകാര്യ മേഖലകളിൽ ഫേസ്ഷീൽഡും N95 മാസ്‌ക് ഉൾപ്പടെ മതിയായ സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണമെന്നും എൻ ഐ എ ആവശ്യപ്പെട്ടു.

ജീവഹാനിയെക്കാൾ നല്ലതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന് കൂടുതൽ ചുമതലകൾ നൽകിയതായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രോഗവ്യാപനം വർധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാൾ നല്ലത് അൽപ്പം പ്രയാസങ്ങൾ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനതല പൊലീസ് നോഡൽ ഓഫീസർ ആയി എറണാകുളം ജില്ലാ സിറ്റി കമ്മീഷണർ വിജയ് സാഖറെയെ നിയോഗിക്കുകയും ചെയ്തു.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക മുതൽ ക്വാറന്റൈൻ ലംഘനത്തിനെതിരായ നടപടി വരെ ഇനി പൊലീസിന്റെ ചുമലിലാണ്. കണ്ടെയ്‌മെന്റ് സോൺ മാർക്ക് ചെയ്യുക, നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക, ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ പൊലീസിനെ ഏൽപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ജില്ലാ പൊലീസ് മേധാവികൾ കണ്ടെയ്‌മെന്റ് സോൺ മാർക്ക് ചെയ്യാൻ മുൻകൈയെടുക്കണം. ക്വാറന്റൈൻ നിരീക്ഷണത്തിലും പൊലീസിന് പൂർണ ചുമതല നൽകി. ക്വാറന്റൈൻ ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കും. സമ്പർക്ക വിലക്ക് ലംഘിക്കുന്നത് കണ്ടാൽ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും മറ്റും ജനങ്ങൾ അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. കോൺടാക്ട് ട്രെയിസിങും പൊലീസിനെ ഏൽപ്പിച്ചു. പ്രൈമറി, സെക്കന്ററി കോൺടാക്ട് കണ്ടെത്താൻ എസ്ഐയുടെ നേതൃത്വത്തിൽ സംഘം രൂപീകരിക്കും.

പോസിറ്റീവ് സമ്പർക്കപട്ടിക നിലവിൽ ഹെൽത്ത് ഇൻസ്പെക്ടർമാരാണ് തയ്യാറാക്കുന്നത്. വ്യാപനം പരിഗണിച്ച് പൊലീസിന് ചുമതല നൽകും. 24 മണിക്കൂറിനകം കണ്ടെത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ടെയ്‌ന്മെന്റ് സോണിലും പുറത്തും അകലം പാലിക്കൽ പ്രോട്ടോക്കോൾ കർശനമാക്കും. 24 മണിക്കൂറും ജാഗ്രത പുലർത്തും. ആശുപത്രികൾ, മാർക്കറ്റ്, വിവാഹ വീടുകൾ, മരണവീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം.

നിലവിൽ കണ്ടെയ്‌ന്മെന്റ് സോൺ നിശ്ചയിക്കുന്നത് വാർഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രീതിക്ക് മാറ്റം വരുത്തി. രോഗം വന്നവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്‌ന്മെന്റ് മേഖലയാക്കും. വാർഡ് എന്നതിന് പകരം, ആ പ്രദേശമായിരിക്കും സോൺ. കോണ്ടാക്ട് ട്രെയിസിങ് നടത്തി കൃത്യമായ മാപ്പ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തിൽ സോൺ പ്രഖ്യാപിക്കും.ഇവിടെ അകത്തേക്കും പുറത്തേക്കും പോകാൻ സാധിക്കില്ല. പ്രദേശത്തെ പ്രധാന കട കേന്ദ്രീകരിച്ച് അവശ്യ സാധനങ്ങൾ വിതരണം ചെയ്യും. പൊലീസും വോളന്റിയർമാരും സാധനങ്ങൾ വീടുകളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പൊലീസ് ആസ്ഥാനവും അടഞ്ഞുതന്നെ

പൊലീസ് ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിനാണ് മറ്റൊരു എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് ആസ്ഥാനം അടച്ചത്. രണ്ടുദിവസത്തേക്കായിരുന്നു അടച്ചതെങ്കിലും പിന്നീട് രോ​ഗവ്യാപനം കണക്കിലെടുത്ത് തുറക്കുന്നത് നീട്ടുകയായിരുന്നു.

രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേക്ക് അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇത് പൊലീസിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും, കൺട്രോൾ റൂം, വയർലെസ് സംവിധാനങ്ങൾഎന്നിവ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. അണുനശീകരണത്തിനായാണ് ഈ നടപടി സ്വീകരിക്കുന്നത്. അണുനശീകരണം പൂർത്തിയായ ശേഷം പൊലീസ് ആസ്ഥാനം പൂർണമായ തോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP