Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

അയൽക്കാരൻ സന്തോഷുമായി പ്രണയ വിവാഹം; സൗമ്യ ഇസ്രയേലിലേക്ക് പോയത് മകൻ അഡോൺ ജനിച്ചതിനു ശേഷം; ഈ വർഷം വരാനിരുന്നപ്പോൾ മുടക്കിയത് കോവിഡ് മഹാമാരി; ഹമാസ് റോക്കറ്റ് സൗമ്യയുടെ ജീവനെടുത്തപ്പോൾ ബാക്കിയായത് മകനോട് പറയാൻ വച്ച കഥകൾ

അയൽക്കാരൻ സന്തോഷുമായി പ്രണയ വിവാഹം; സൗമ്യ ഇസ്രയേലിലേക്ക് പോയത് മകൻ അഡോൺ ജനിച്ചതിനു ശേഷം; ഈ വർഷം വരാനിരുന്നപ്പോൾ മുടക്കിയത് കോവിഡ് മഹാമാരി; ഹമാസ് റോക്കറ്റ് സൗമ്യയുടെ ജീവനെടുത്തപ്പോൾ ബാക്കിയായത് മകനോട് പറയാൻ വച്ച കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ ഭാര്യ സൗമ്യ (32) മരിക്കുന്നത് കണ്ടതിന്റെ നടുക്കം മാറാതെ ഭർത്താവ് ഇടുക്കി കീരിത്തോട് കാഞ്ഞിരംതാനം സന്തോഷ്. സൗമ്യയോട് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കീരിത്തോട്ടിൽനിന്ന് വീഡിയോ കോളിൽ സംസാരിക്കുവേയാണ് മിസൈൽ ആക്രമണമുണ്ടായത്. സൗമ്യ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കവേയായിരുന്നു ആക്രമണം. താൻ കെയർ ടേക്കറായി ജോലിചെയ്യുന്ന ഇസ്രയേലിലെ അഷ്‌കലോൺ സിറ്റിയിൽ ആക്രമണഭീഷണി ഉള്ളതിനാൽ ഉടൻതന്നെ സുരക്ഷിതസ്ഥാനത്തേക്ക് പോകുമെന്ന് സൗമ്യ പറഞ്ഞതുമാണ്.

പെട്ടെന്ന് ഫോണിൽ വലിയ ശബ്ദംകേട്ടു. സ്‌ക്രീനിൽ പുകയും പൊടിയും കണ്ടു. ഫോണും ഓഫായി. ഭയന്നുപോയ സന്തോഷ് ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇസ്രയേലിലുള്ള സഹോദരി ഷേർളിയെ ഫോണിൽ വിളിച്ചു. അപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. റോക്കറ്റാക്രമണം ഉണ്ടാകുന്നതിന് മുമ്പുതന്നെ സൗമ്യ മാറേണ്ടതായിരുന്നു. എന്നാൽ, വീട്ടുടമസ്ഥയുടെ അസൗകര്യം കാരണമാണ് വൈകിതെന്നാണ് സന്തോഷ് പറയുന്നത്. അഞ്ചുമിനിറ്റുകൂടി കഴിഞ്ഞിരുന്നെങ്കിൽ ആ സ്ത്രീയുടെ മകൾ വന്ന് ഇരുവരേയും കൂട്ടിക്കൊണ്ടുപോകുമായിരുന്നു. അതിന് മുൻപ് ദുരന്തം സംഭവിച്ചു. കൺമുന്നിൽ ഭാര്യക്കു നേരിട്ട ദുരന്തം പറയുമ്പോൾ സന്തോഷ് വിങ്ങിപ്പൊട്ടുന്നു.

അടുത്തടുത്തുള്ള രണ്ട് വീടുകളിലാണ് കണ്ണീർ തോരാത്ത ദുഃഖം തളംകെട്ടുന്നത്. ഒരു വീട്ടിൽ മകളും മറു വീട്ടിൽ മകളെപ്പോലെതന്നെ സ്‌നേഹിച്ച മരുമകളും ഇനി തിരിച്ചുവരില്ലെന്ന തിരിച്ചറിവിൽ വിങ്ങിപ്പൊട്ടി നിൽക്കുകയാണ്. ഒരു വീട്ടിൽ നിന്നും നോക്കിയാൽ അടുത്ത വീട് കാണാവുന്ന അകലം മാത്രമാണുള്ളത്. സൗമ്യയും സന്തോഷും തമ്മിൽ പ്രണയ വിവാഹമായിരുന്നു.

കീരിത്തോട് പുത്തൻപുരയ്ക്കൽ സതീശന്റെയും സാവിത്രിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളായിരുന്നു സൗമ്യ. സജേഷ് സഹോദരനും സനുപ്രിയ അനുജത്തിയുമാണ്. കഞ്ഞിക്കുഴി എസ്എൽ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന സൗമ്യയുടെ പിതാവ് പുത്തൻപുരയ്ക്കൽ സതീശൻ 2005 ലെ തിരഞ്ഞെടുപ്പിൽ കീരിത്തോട് വാർഡിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി കഞ്ഞിക്കുഴി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തൊട്ടടുത്ത ടേമിൽ വാർഡ് വനിതാ സംവരണമായ വാർഡിൽ നിന്നും സതീശന്റെ ഭാര്യ സാവിത്രിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അഞ്ചു വർഷത്തിനു ശേഷം അഭിപ്രായ ഭിന്നതയെ തുടർന്ന് ഇരുവരും കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെ 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിധിയായി ഇതേ വാർഡിൽ മത്സരിച്ച സന്തോഷിന്റെ സഹോദരൻ സജി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അടുത്തടുത്ത വീടുകളിലായിരുന്ന സന്തോഷിനും സൗമ്യയ്ക്കുമിടയിൽ പ്രണയം മൊട്ടിട്ടതോടെ ഇരു വീടുകളിലും വലിയൊരു പൊട്ടിത്തറിയാണ് ഇരുവരും പ്രതീക്ഷിച്ചത്. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം മൂളി. മൂന്നു വർഷത്തോളം നീണ്ട കടുത്ത പ്രണയത്തിനു ശേഷം 2010 മെയ്‌ 31 നു ആയിരുന്നു സൗമ്യയുടെയും ബാല്യകാല സുഹൃത്തുമായിരുന്ന സന്തോഷിന്റെയും വിവാഹം കീരിത്തോട് നിത്യസഹായ മാതാ പള്ളിയിൽ നടന്നത്. ഇരു മതവിഭാഗത്തിൽ പെട്ടവരായിരുന്നെങ്കിലും രണ്ടു കുടുംബങ്ങൾക്കും വിവാഹത്തിന് പൂർണ സമ്മതമായിരുന്നു.

എട്ടു വർഷം മുൻപ് അഡോൺ ജനിച്ചതിനു ശേഷമായിരുന്നു സൗമ്യ കെയർ ടേക്കറായി ഇസ്രയേലിലേക്ക് പോകുന്നത്. അവിടെ ജോലി ചെയ്തിരുന്ന സന്തോഷിന്റെ സഹോദരിമാർക്ക് ഒപ്പമായിരുന്നു യാത്ര. ഏറ്റവുമൊടുവിൽ 2019 അവസാനം സഹോദരി സനുപ്രിയയുടെ വിവാഹത്തിനായിരുന്നു സൗമ്യ നാട്ടിലെത്തിയത്. ഈ വർഷം വീണ്ടും വരാനിരുന്നതാണെങ്കിലും കോവിഡ് മഹാമാരി ശക്തമായതിനെ തുടർന്ന് സൗമ്യ ഇസ്രയേലിൽ തന്നെ തുടരുകയായിരുന്നു. കോവിഡ് കഴിഞ്ഞ് നാട്ടിലെത്തി മകനോടൊപ്പം യാത്രപോകുന്നതിന്റെ കാര്യം എപ്പോഴും സൗമ്യ പറയുമായിരുന്നെന്ന് ഭർത്താവ് സന്തോഷ് ഓർക്കുന്നു. മകനോട് പറയാൻ വച്ച കഥകളും പോകാൻ കൊതിച്ച യാത്രകളും ബാക്കിവച്ച് സൗമ്യയെ ഹമാസ് മിസൈലിൽ തീഗോളമായി മറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP