Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം അനുഭാവിയും ഹാദിയയുടെ പിതാവുമായ അശോകൻ ബിജെപിയിലേക്ക്; നിലവിൽ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടി ബിജെപിയെന്നും അശോകൻ; ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാർട്ടി ബിജെപി; കോൺഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂർണമല്ല; ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാർ; ഹാദിയ എന്നും വിളിക്കാറുണ്ട് പരിഭവമില്ലെന്നും അശോകൻ

സിപിഎം അനുഭാവിയും ഹാദിയയുടെ പിതാവുമായ അശോകൻ ബിജെപിയിലേക്ക്; നിലവിൽ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടി ബിജെപിയെന്നും അശോകൻ; ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാർട്ടി ബിജെപി; കോൺഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂർണമല്ല; ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാർ; ഹാദിയ എന്നും വിളിക്കാറുണ്ട് പരിഭവമില്ലെന്നും അശോകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തനിക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും ചേരാൻ സ്വാതന്ത്ര്യമുണ്ടെന്നും നിലവിൽ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്നും ഹാദിയയുടെ പിതാവ് അശോകൻ. ബിജെപിയിൽ അംഗത്വമെടുത്തെന്ന വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ നിലനിൽപ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാർട്ടി ബിജെപിയാണ്.

കോൺഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂർണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാർ, അവരോട് യാതൊരു താൽപര്യവുമില്ല- അശോകൻ പറഞ്ഞു. സിപിഐ അനുഭാവിയായിരുന്ന അശോകൻ തന്റെ മകളുടെ മതപരിവർത്തന വിവാദത്തിന് പിന്നാലെ പാർട്ടിയിൽ നിന്നും മാനസികമായി അകന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ശബരിമലയിൽ വിശ്വാസമില്ലാത്തവൻ ഇല്ലാത്തവന്റെ വഴിക്ക് പോണം. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം. വിശ്വാസമില്ലാത്തവൻ ഉള്ളവർക്കെതിരെ പോകരുത്. അവരെ ബഹുമാനിക്കാൻ അവർക്ക് കഴിയണം. വിശ്വാസികളെ നിർബന്ധിച്ച് അവിശ്വാസിയാക്കാൻ ശ്രമിക്കുന്ന രീതി ശരിയല്ല. ഭക്തർക്കൊപ്പമാണ് ഞാൻ.

ഹാദിയയോട് സംസാരിക്കാറുണ്ട്. എന്നും വിളിക്കാറുണ്ട്. പരിഭവമില്ല. ബിജെപിയിൽ ചേർന്നതിന് വീട്ടിൽ യാതൊരു എതിർപ്പുമില്ല. കുടുംബത്തിൽ നിരവധി പേർ ബിജെപിയിലേക്ക് വന്നു കഴിഞ്ഞു. ബിജെപിയിൽ ചേരുന്ന കാര്യം മകളുമായി ചർച്ച ചെയ്തിട്ടില്ല. എന്റെരാഷ്ട്രീയം തീരുമാനിക്കുന്നത് ഞാനാണല്ലോ? അത് മകളുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടാണ് ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തതെന്നും അശോകൻ

സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതും പിന്നീട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഷെഫിൻ ജഹാനെ വിവാഹം കഴിക്കുന്നതും. സ്‌കൂൾ രേഖകളിലുണ്ടായിരുന്ന അഖിലയെന്ന പേര് ഹാദിയയെന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയതാണെന്നും മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകൻ നൽകിയ ഹർജിയിൽ ഹാദിയയെ പിതാവിനൊപ്പം വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ഹാദിയയെ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം വിടാൻ സുപ്രീ കോടതി ഉത്തരവിടുകയായിരുന്നു.

അഖിലയെ നിർബന്ധിച്ചും, ബ്രെയിൻ വാഷ് നടത്തിയുമാണ് ഇസ്ലാം മതം സ്വീകരിപ്പിച്ചത് എന്നും സിറിയയിലേക്ക് കടത്താൻ വരെ ശ്രമം നടത്തി എന്നുമാണ് അച്ഛൻ അശോകൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഷെഫിനെ വിവാഹം കഴിച്ചത് എന്നും ഹാദിയ നിലപാടെടുത്തു. പ്രായപൂർത്തിയായ പെൺകുട്ടിയാണ് ഹാദിയ എന്നത് കണക്കിലെടുത്ത് ഷെഫിനൊപ്പം ജീവിക്കാനുള്ള ഹാദിയയുടെ അവകാശത്തെ സുപ്രീം കോടതി അംഗീകരിച്ച് കൊടുക്കുകയായിരുന്നു.

തുടർന്ന് നിർബന്ധിത മതപരിവർത്തനം നടന്നുവെന്നതിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ ഹാദിയക്കേസ് അവസാനിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസി തീരുമാനിച്ചിരുന്നു. ഹാദിയയും ഷെഫിൻ ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും എൻ.ഐ.എ കണക്കിലെടുത്തു. രാജ്യത്ത് ഏതുമതം സ്വീകരിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണ ഏജൻസി തീരുമാനിക്കുകയായിരുന്നു. പെൺകുട്ടികളെ കാണാതായത് അടക്കം പതിനൊന്ന് കേസുകൾ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷൻ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എൻ.ഐ.എയ്ക്ക് ലഭിച്ചില്ല.

2016 ജനുവരി മുതൽ രണ്ടുവർഷത്തോളം നീണ്ട നിയമപോരാട്ടങ്ങളും വിവാദങ്ങളുമാണ് ഹാദിയ കേസ്. 2016 ജനുവരി 6ന് അഖില എന്ന ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് അച്ഛൻ അശോകൻ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതിയോടെയാണ് വിവാദങ്ങളുടെ തുടക്കം. സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളേജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു അന്ന് അഖില. അഖില എന്ന ഹാദിയയുടെ സഹപാഠിയായിരുന്ന ജസീനയുടെ അച്ഛൻ അബൂബക്കറിനെ ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ഹാദിയെ കണ്ടെത്താൻ പൊലീസിന് ആയില്ല. 2016 ജനുവരി 19ന് ഹാദിയയുടെ അച്ഛൻ അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. കോടതി നിർദ്ദേശപ്രകാരം ജനുവരി 25ന് കോടതിയിൽ ഹാദിയ നേരിട്ട് ഹാജരായി തന്നെ ആരും തടവിൽ വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിലെ പൊലീസ് റിപ്പോര്ട്ടുകൂടി പരിഗണിച്ച് കോടതി ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ച് കേസ് തീർപ്പാക്കി. 2016 മാർച്ച് മാസത്തിൽ സത്യസരണിയിൽ നിന്ന് അഖില എന്ന ഹാദിയ മതപഠനം പൂർത്തിയാക്കി. ഓഗസ്റ്റ് 16ന് ഇതിനിടെ അശോകൻ രണ്ടാമത്തെ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതിയിൽ നൽകി.

കേസിൽ ഓഗസ്റ്റ് 22നും സെപ്റ്റംബർ ഒന്നിനും അഞ്ചിനും 27നും ഹാദിയ കോടതിയിൽ ഹാജരായി. സെപ്റ്റംബർ 27ന് സത്യസരണി ഭാരവാഹിയായ സൈനബക്കൊപ്പം പോകാൻ കോടതി ഹാദിയയെ അനുവദിച്ചു. ഡിസംബർ 19ന് കോട്ടക്കലിലെ പുത്തൂർ മഹലിൽ വെച്ച് ഷെഫിൻ ജഹാനും ഹാദിയയയും വിവാഹതിരായി. ഡിസംബർ 21ന് വിവാഹത്തെ കുറിച്ച് അന്വേഷിക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. 2017 മെയ് 24 ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വിട്ടുകൊണ്ട് വിധി പറഞ്ഞു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ ഷെഫിനൊപ്പം ജീവിക്കാനുള്ള ഹാദിയയുടെ അവകാശത്തെ സുപ്രീം കോടതി അംഗീകരിച്ച് കൊടുക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP