Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് ഭർത്താവ് ഷെഫിൻ ജഹാനൊപ്പം പോകണം.. എനിക്ക് നീതി കിട്ടണം.. ഇസ്ലം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം; സുപ്രീംകോടതിയിൽ ഹാജരാകാൻ ഹാദിയ ഡൽഹിയിൽ; കനത്ത സുരക്ഷയിൽ കേരള ഹൗസിൽ താമസം; മാധ്യമ പ്രവർത്തകർക്കും നിയന്ത്രണം; ഹാദിയ നിലപാട് വ്യക്തമാക്കിയതോടെ കേരളത്തെ വിവാദത്തിലാക്കിയ മതംമാറ്റ വിഷയം അന്ത്യത്തിലേക്ക്

എനിക്ക് ഭർത്താവ് ഷെഫിൻ ജഹാനൊപ്പം പോകണം.. എനിക്ക് നീതി കിട്ടണം.. ഇസ്ലം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം;  സുപ്രീംകോടതിയിൽ ഹാജരാകാൻ ഹാദിയ ഡൽഹിയിൽ; കനത്ത സുരക്ഷയിൽ കേരള ഹൗസിൽ താമസം; മാധ്യമ പ്രവർത്തകർക്കും നിയന്ത്രണം; ഹാദിയ നിലപാട് വ്യക്തമാക്കിയതോടെ കേരളത്തെ വിവാദത്തിലാക്കിയ മതംമാറ്റ വിഷയം അന്ത്യത്തിലേക്ക്

അർജുൻ സി വനജ്

വൈക്കം: ന്യൂഡൽഹി: വിവാദമായ മതംമാറ്റക്കേസിൽ സുപ്രീം കോടതിയിൽ ഹാജരാകാൻ വേണ്ടി ഹാദിയ ഡൽഹിയിൽ എത്തി. രാത്രി 11 മണിയോടെയാണ് ഹാദിയയും ഒപ്പമുള്ളവരും എത്തിയത്.കേരളാഹൗസിലാണ് താമസം. ഇവിടെ 108,1 09 മുറികളിലാണ് സൗകര്യം ഒരുക്കിയത്. ഇവിടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകർക്കും നിയന്ത്രണമുണ്ട്. ഡൽഹിയിലെ സുരക്ഷയ്ക്കായി അഞ്ചു പേരടങ്ങുന്ന പൊലീസ് സംഘം വെള്ളിയാഴ്ച തന്നെ പുറപ്പെട്ടിരുന്നു. 27നു ഹാജരാകണമെന്ന സുപ്രിംകോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് ഡോ. ഹാദിയ ഡൽഹിയിലേക്ക് പോയത്. ട്രെയിനിലാണ് പോകാൻ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്ക മൂലമാണ് യാത്ര വിമാനത്തിലാക്കിയത്.

തനിക്ക് ഭർത്താവ് ഷെഫിൻ ജഹാനൊപ്പം പോകണമെന്നും,നീതി കിട്ടണംമെന്നും, താൻ മുസ്ലീമാണെന്നും ഇസ്ലം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഡൽഹിയിലേക്ക് പുറപ്പെടാൻ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൈക്കത്തു നിന്നും പുറപ്പെട്ട് വിമാനത്താവളത്തിൽ എത്തിയ വേളയിലാണ് ഹാദിയ തന്റെ നിലപാട് മാധ്യമങ്ങൾക്ക് മുമ്പിൽ ഏറ്റുപറഞ്ഞത്.

പൊലീസ് വാഹനത്തിൽ നിന്നും വിമാനത്താവളത്തിലേക്ക് കയറുന്ന വേളയിലാണ് ഹാദിയ തനിക്ക് ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് വിളിച്ചു പറഞ്ഞത്. ഉച്ചക്ക് മൂന്നരയോടെ സുപ്രീംകോടതിയിൽ ഹാജരാകാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ പൊലീസിന്റെ വൻ സുരക്ഷാ സന്നാഹങ്ങളെ മറികടന്നായിരുന്നു ഹാദിയ പ്രതികരിച്ചത്. വിമാനത്താവളത്തിലെത്തുന്ന ഹാദിയക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതായിരുന്നു ഹാദിയയുടെ നിലപാട്. എന്നിട്ടും പൊലീസ് വാഹനം നെടുമ്പാശ്ശേരിയിൽ എത്തിയതോടെ മാധ്യമങ്ങൾ ഹാദിയയെ വളഞ്ഞു. ഇതിനിടെ പൊലീസ് വാഹനത്തിൽ നിന്നും ഇറങ്ങവേയാണ് മാധ്യമങ്ങളോടായാ ഹാദിയ നിലപാട് വ്യക്തമാക്കിയത്. തന്നെ ആരും നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ വ്യക്തമാക്കി.

തിങ്കളാഴ്‌ച്ചയാണ് സുപ്രീംകോടതി ഹാദിയയുടെ കേസ് പരിഗണിക്കുന്നത്. അതിന് മുമ്പ് തന്നെ ഹാദിയ തന്റെ നിലപാട് എന്താണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി കഴിഞ്ഞു. കേസിൽ ഹാദിയക്ക് പറയാനുള്ളത് തന്നെയാണ് നിർണായകമായ കാര്യം. അതുകൊണ്ട് തന്നെ ഹാദിയയുടെ വാക്കുകൾ സുപ്രീംകോടതിയും കാര്യമായി എടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ന് ഉച്ചയോടെയാണ് വൈക്കത്തെ വീട്ടിൽ നിന്നും ഹാദിയ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. ഹാദിയയും പിതാവും മാതാവും അഞ്ചംഗ പൊലീസ് സംഘവുമാണ് ഡൽഹിയിൽ എത്തിയത്‌

വൈക്കം ടി.വി പുരത്തെ വസതിയിൽ നിന്ന് റോഡ് മാർഗം നെടുമ്പാശ്ശേരിയിലേക്ക് ഹാദിയ യാത്രതിരിച്ചത് ഹാദിയ സഞ്ചരിച്ച വാഹനത്തിന്റെ മുന്നിലും പിന്നിലുമായി പൊലീസ് വാഹനങ്ങളുമുണ്ടായിരുന്നു. കടുത്തുരുത്തി സി.ഐ ജോൺസന്റെ മേൽനോട്ടത്തിൽ അഞ്ചംഗ പൊലീസ് സംഘമാണ് യാത്രയിൽ അനുഗമിക്കുന്നത്. കടുത്തുരുത്തി സി.ഐ ജോൺസനെ കൂടാതെ ഒരു വനിതാ സി.ഐ, രണ്ട് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ, ഒരു പുരുഷ സിവിൽ പൊലീസ് ഓഫീസർ എന്നിവരാണ് സുരക്ഷാ സംഘത്തിലുണ്ടായിരുന്നു.

വൈകീട്ട് ആറരയോടെ ഹാദിയയും സംഘവും ടാറ്റയുടെ വിസ്താര എയർലൈൻസിൽ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഡൽഹിയിലെ താമസസൗകര്യവും സുരക്ഷയും അടക്കമുള്ള കാര്യങ്ങൾക്കായി അഞ്ചംഗ പൊലീസ് സംഘം നേരത്തെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഡൽഹി കേരളാ ഹൗസിലായിരിക്കും സംഘം താമസിക്കുക എന്നാണ് ലഭിക്കുന്ന വിവരം. വിവാഹം റദ്ദാക്കി കോടതി പിതാവിനൊപ്പം വിട്ട ശേഷം ആദ്യമായാണ് ഹാദിയ പുറത്തിറങ്ങുന്നത്.

തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ഹാദിയയെ നേരിട്ട് ഹാജരാകണമെന്നാണ് പിതാവിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചിരുന്നു. ടി.വി പുരത്തെ അശോകന്റെ വീടിനു മുന്നിൽ രാവിലെ മുതൽ ദേശീയ ചാനലുകളിലേത് ഉൾപ്പെടെ മാധ്യമപ്രവർത്തകർ എത്തിയിരുന്നു. ഇവരൊക്കെ ഹാദിയയുടെ പ്രതികരണത്തിനാണ് ശ്രമിച്ചത്. എന്നാൽ, അത് ലഭിച്ചതുമില്ല. ഇപ്പോൾ നെടുമ്പാശ്ശേരിയിൽ എത്തിയ വേളയിൽ ഹാദിയ പ്രതികരിച്ചതോടെ തിങ്കളാഴ്‌ച്ച സുപ്രീംകോടിയിൽ നടക്കുന്ന കേസും നിർണായകമാകുമെന്നത് ഉറപ്പാണ്.

അതിനിടെ, ചേകന്നൂർ മൗലവിയുടെ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ വനിത വിഭാഗം നേതാവായ ജാമിദ ടീച്ചർ വൈക്കത്തെ വസതിയിലെത്തി ഹാദിയയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത് വിവാദമായി. ഇവർക്ക് ആര് സന്ദർശനാനുമതി നൽകി എന്നതാണ് വിവാദത്തിന് ഇടയാക്കിയത്. നേരത്തെ ട്രെയിനിലാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇതു റദ്ദാക്കുകയായിരുന്നു. ഡൽഹിയിലെത്തുന്ന ഹാദിയ കേരള ഹൗസിൽ തങ്ങുന്നത്.

ഹാദിയ ഷെഫിൻ വിവാഹം റദ്ദാക്കി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഹാദിയയെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസിൽ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് എൻഐഎ സുപ്രീം കോടതിയിൽ സമർപ്പിച്ചു. മുദ്ര വച്ച കവറിലാണു റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം എൻഐഎ സംഘം വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP