Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിസ്‌കാരത്തിനും കുർബാനയ്ക്കും കേസെടുക്കും; ഗുരുവായൂരിൽ ആനയൂട്ട് ചാനലുകളെ വിളിച്ച് ചടങ്ങായി നടത്തിയാൽ കോവിഡ് നിയമത്തിൽ എഫ് ഐ ആർ ഇടില്ല; ഭക്തരില്ലെങ്കിലും ക്ഷേത്രത്തിനുള്ളിൽ ഡ്യൂട്ടി എടുക്കുന്നത് പത്തിൽ അധികം സെക്യൂരിറ്റിക്കാരും; ആനക്കൊട്ടിലിലെ ഗുരുവായൂർ ദേവസ്വം ചെയർമാന്റെ കോറോണക്കാലത്തെ ആന പ്രേമം വിവാദത്തിൽ

നിസ്‌കാരത്തിനും കുർബാനയ്ക്കും കേസെടുക്കും; ഗുരുവായൂരിൽ ആനയൂട്ട് ചാനലുകളെ വിളിച്ച് ചടങ്ങായി നടത്തിയാൽ കോവിഡ് നിയമത്തിൽ എഫ് ഐ ആർ ഇടില്ല; ഭക്തരില്ലെങ്കിലും ക്ഷേത്രത്തിനുള്ളിൽ ഡ്യൂട്ടി എടുക്കുന്നത് പത്തിൽ അധികം സെക്യൂരിറ്റിക്കാരും; ആനക്കൊട്ടിലിലെ ഗുരുവായൂർ ദേവസ്വം ചെയർമാന്റെ കോറോണക്കാലത്തെ ആന പ്രേമം വിവാദത്തിൽ

ആർ പീയൂഷ്

തൃശൂർ: കോവിഡ് വിലക്കുകൾ ലംഘിച്ച് ഗുരുവായൂരിൽ ആനകൾക്ക് ചക്കയൂട്ട് ചടങ്ങ് നടത്തിയ സംഭവം വിവാദത്തിൽ. വിഷുദിനത്തിൽ പുന്നത്തൂർ കോട്ടയിലെ ആനകൾക്കാണ് ചക്കയൂട്ട് നടത്തിയത്. സർക്കാർ വിലക്കുകൾ ലംഘിച്ച് അഞ്ചിലധികം പേരാണ് ചക്കയൂട്ടിനെത്തിയത്. ചാനലുകളെ പോലും വിളിച്ചു വരുത്തി ചടങ്ങായി നടത്തുകയും ചെയ്തു. തൃശൂർ പൂരം പോലും വേണ്ടെന്ന് വച്ച് അഞ്ചിൽ താഴെ പേരുമായി ചടങ്ങായി നടത്താനാണ് തീരുമാനം. ഇതിനിടെയാണ് ഗുരുവായൂർ ദേവസ്വം ബോർഡിലെ ചക്കയൂട്ട് വിവാദമാകുന്നത്.

ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ചക്കയൂട്ട് നടത്തിയത്. അഞ്ചിലധികം പേർ സംഘടിച്ച് നടത്തിയ സംഭവം പ്രമുഖ വാർത്താ ചാനലിൽ ഉൾപ്പെടെ വാർത്ത വന്നിട്ടും നടപടി എടുക്കാതെ ജില്ലാ ഭരണകൂടം ഒഴിഞ്ഞുമാറിയിരിക്കുകയാണ്. നിസ്‌ക്കാരം നടത്തിയതിനും കുർബാന നടത്തിയതിനും പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന നിയലംഘനത്തിൽ മാത്രം നടപടി എടുക്കാതിരിക്കുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

ഇത് കൂടാതെ ക്ഷേത്രത്തിൽ നിരവധിപേർ ജോലി ചെയ്യുന്നുണ്ട്. ദേവസ്വം ബോർഡ് പറഞ്ഞിരിക്കുന്നത് ലോക്ക് ഡൗൺ പ്രമാണിച്ച് ജീവനക്കാരെ കുറച്ചു എന്നാണ്. എന്നാൽ ശാന്തിക്കാരുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതിൽ കൂടുതൽ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല ഗുരുവായൂർ ടെമ്പിൾ പൊലീസിനാണ്. ഇവിടെ പൊലീസിന്റെ സംരക്ഷണം ഉള്ളപ്പോഴും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്.

ഭക്തരെത്തുമ്പോൾ അവരെ നിയന്ത്രിക്കാനായിട്ടാണ് സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ഭക്തർ വരാതിരിക്കുന്ന സമയത്ത് എന്തിനാണ് ഇത്രയും സുരക്ഷാ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ദർശനം നടത്താനായി ദേവസ്വം ബോർഡ് ചെയർമാൻ തൃശൂരിൽ നിന്നും കാറിൽ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗുരുതരമായ നിയമലംഘനം നടത്തുമ്പോൾ പൊലീസും ജില്ലാ ഭരണകൂടവും ഗുരുവായൂർ ക്ഷേത്രത്തിന് മാത്രം ഇളവ് നൽകുന്നത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്.

ഏതാനം ദിവസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ ജീവനക്കാരെ വിളിച്ചു കൂട്ടി കീഴ് ശാന്തി കൂട്ട പ്രാർത്ഥന നടത്തി എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് ക്ഷേത്രത്തിലെ നിയമ ലംഘനങ്ങൾ ഓരോന്നായി പുറത്തറിയുന്നത്. ക്ഷേത്രത്തിലെ കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയാണ് വിലക്ക് മറികടന്ന് കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കീഴ് ശാന്തിക്കാരന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ ക്ഷേത്രത്തിനുള്ളിൽ കൂട്ട പ്രാർത്ഥന നടത്തുകയായിരുന്നു ഇവരെല്ലാം ക്ഷേത്രം ജീവനക്കാർ തന്നെയായിരുന്നു. രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായപ്പോൾ ദേവാലയങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിൽ തന്നെ കഴിയുമ്പോഴായിരുന്നു ഗുരുവായൂരിൽ കൂട്ട പ്രാർത്ഥന നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചു. ഇതേ തുടർന്നാണ് ജീവനക്കാരനെതിരെ നടപടി എടുത്തത്.

എന്നാൽ ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലാ എന്ന് വ്യക്തമാക്കി ചെയർമാൻ പത്രകുറിപ്പിറക്കിയിരുന്നു. വ്യാജ വാർത്തയാണെന്നും അത്തരത്തിൽ ഒരു നിയമലംഘനവും നടന്നിട്ടില്ലാ എന്നുമൊക്കെയായിരുന്നു വിമർശനം. എന്നാൽ ദേവസ്വം ബോർഡ് ചെയർമാൻ പുറത്ത് വിട്ട പത്രകുറിപ്പിൽ നിയമലംഘനം നടന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്. പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്...

ആ വാർത്ത ശരിയല്ല

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരിയെ സസ്പെന്റ്് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞതായി ചില സാമൂഹ്യ മാധ്യമങ്ങൾ വാർത്ത പസിദ്ധീകരിച്ചതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അത് തീർത്തും തെറ്റാണ്. ഞാൻ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല. അഡ്‌മിനിസ്ട്രേററർ തുടങ്ങിയ അധികാരികളുടെ സാന്നിദ്ധ്യത്തിൽ പോലും കീഴ്ശാന്തി കീഴിയേടം രാമൻ നമ്പൂതിരി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചുവരുന്നതായി അറിഞ്ഞതിനാൽ ടിയാനെ പ്രവർത്തിയിൽനിന്ന് മാറ്റിനിർത്താനാണ് ചെയർമാൻ എന്ന നിലയ്ക്ക് അഡ്‌മിനിസ്ട്രേറ്റർക്ക് രേഖാമൂലം നിർദ്ദേശം നൽകിയത്. അപ്രകാരം താൽക്കാലികമായി ജോലിയിൽനിന്ന്മാറ്റിനിർത്തുക മാത്രമേ ഉണ്ടായിട്ടുള്ളൂ. കീഴ്ശാന്തിയെ പറ്റി ഉണ്ടായ ആക്ഷേപങ്ങളെസംബന്ധിച്ച് സമയബന്ധിതമായി റിപ്പോർട്ട് നൽകാൻ ക്ഷേത്രം ഡി.എയ്ക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികളെപ്പറ്റി പരിശോധിയക്കുകയുള്ളൂ. അഡ്‌മിനിസ്ട്രേറ്റർക്ക് നൽകിയ നിർദ്ദേശത്തിന്റെ പ്രസക്തഭാഗം താഴെ ചേർക്കുന്നു.

'സർക്കാർ നിർദ്ദേശം ലംഘിച്ച് 5 ലിധികം ആളുകൾ കൂട്ടം കൂടുന്ന രീതി ഇപ്പോഴും ക്ഷേത്രത്തിൽ തുടർന്നുവരുന്നതായി അറിയുന്നു. ഇതിനെല്ലാം നേതൃത്വം നൽകുന്നത് കീഴ്ശാന്തി കീഴിയടം രാമൻനമ്പൂതിരിയാണെന്നും അറിയുന്നു. ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ എല്ലാവരും കൂട്ടമായി നിർമ്മാല്യം, ദീപാരാധന തുടങ്ങിയ സന്ദർഭങ്ങളിൽ ശ്രീകോവിലിന് മുമ്പിൽ തടിച്ചുകൂടുന്നത് സർക്കാർ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. ഇത്തരം പ്രവണതകൾ ഉടൻ അവസാനിപ്പിയക്കണം. കീഴിയേടം രാമൻനമ്പൂതിരിയെ തുടർച്ചയായി എല്ലാ ദിവസവും കീഴ്ശാന്തി പ്രവർത്തിക്ക് നിയോഗിയേക്കണ്ടതില്ല. ടിയാൻ ഈ ലോക്ക്ഡൗൺ കാലത്ത് കീഴ്ശാന്തി പ്രവർത്തി ചെയത അത്രയും ദിവസം മററു കീഴ്ശാന്തിമാർ പ്രവർത്തി ചെയ്യുന്നതുവരെ ടിയാനെ മാറ്റിനിർത്തുക. ക്ഷേത്രം അടച്ചുപൂട്ടേണ്ട സാഹചര്യത്തിൽ എത്താതിരിയക്കാൻ വേണ്ടിയാണ് ഈ നിർദ്ദേശങ്ങൾ രേഖാമൂലം നൽകുന്നത്.
എന്ന് ചെയർമാൻ'

രണ്ടു മാധ്യമപ്രവർത്തകർ ഫോൺ വഴി അന്വഷിച്ചപ്പോൾ മുകളിൽ ചേർത്ത വിവരം മാത്രമേ അവരോട് പറഞ്ഞിട്ടുള്ളൂ. അതിന് വിപരീതമായി 'രാമൻ നമ്പൂതിരിയെ സസ്പെന്റ് ചെയ്തു എന്ന് ചെയർമാൻ പറഞ്ഞു' എന്ന് കളവായി വാർത്ത പസിദ്ധീകരിച്ച് കാണുന്നത് തെറ്റും മാധ്യമധർമ്മത്തിന് നിരയക്കാത്തതുമാണ്. ടി വാർത്ത പിൻവലിച്ച് തെറ്റ് തിരുത്താൻ ടി മാധ്യമം തയ്യാറാകണം.

എന്ന്
അഡ്വ.കെ.ബി.മോഹൻ ദാസ് (ചെയർമാൻ, ഗുരുവായൂർ ദേവസ്വം)

ഈ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാത്രമേ മറുനാടനും റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. എന്നാൽ എന്തുകൊണ്ടാണ് ചെയർമാൻ ഇത്തരത്തിൽ ഒരു വാർത്താകുറിപ്പ് ഇറക്കിയതെന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP