Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് വാഹനം തടഞ്ഞുനിർത്തി കെ.എം ഷാജി എംഎൽഎയുടെ ഗൺമാന്റെ അക്രമ ഭീഷണി; മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ ബൈക്ക് ഓടിച്ചു കയറ്റാനും ശ്രമം; എംഎൽഎയ്ക്ക് സൈഡ് കൊടുക്കാത്തതാണ് കാരണമെന്ന് പറഞ്ഞ് വാർത്ത കൊടുത്തതോടെ പുലിവാല് പിടച്ച് മാതൃഭൂമി; നാട്ടിലില്ലാത്ത എംഎൽഎയുടെ പേര് വലിച്ചിഴച്ചതിനെതിരെ പ്രതിഷേധം

പൊലീസ് വാഹനം തടഞ്ഞുനിർത്തി കെ.എം ഷാജി എംഎൽഎയുടെ ഗൺമാന്റെ അക്രമ ഭീഷണി; മദ്യലഹരിയിൽ പൊലീസുകാർക്ക് നേരെ ബൈക്ക് ഓടിച്ചു കയറ്റാനും ശ്രമം; എംഎൽഎയ്ക്ക് സൈഡ് കൊടുക്കാത്തതാണ് കാരണമെന്ന് പറഞ്ഞ് വാർത്ത കൊടുത്തതോടെ പുലിവാല് പിടച്ച് മാതൃഭൂമി; നാട്ടിലില്ലാത്ത എംഎൽഎയുടെ പേര് വലിച്ചിഴച്ചതിനെതിരെ പ്രതിഷേധം

കെ.വി നിരഞ്ജൻ

കോഴിക്കോട്: ഒരു ഗൺമാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എത്രത്തോളം തലവേദനയായി മാറിയെന്നത് കേരളീയരെല്ലാം കേട്ട കഥകൾ. അത്രക്ക് എത്തില്ലെങ്കിലും മദ്യപാനവും അടിപിടയുമൊക്കെയായി മറ്റൊരു ഗൺമാനും ഇപ്പോൾ വിവാദനായകനായി മാറിയിരിക്കുകയാണ്. മുസ്ലീലീഗ് എംഎ‍ൽഎ കെ.എം ഷാജിയുടെ ഗൺമാൻ ഷാജിമോന്റെ പേരിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത്. കുറ്റ്യാടിയിൽ ഔദ്യോഗിക ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് വാഹനം തടഞ്ഞു നിർത്തി അക്രമ ഭീഷണി മുഴക്കിയെന്നതാണ് ഇയാൾക്കെതിരെ ഉയർന്ന പരാതി.

മദ്യലഹരിയിലായ പൊലീസുകാരൻ വാഹനത്തിൽ നിന്നിറങ്ങിയ പൊലീസുകാർക്ക് നേരെ ബൈക്ക് ഓടിച്ചു കയറ്റാനും ശ്രമിച്ചു. കോഴിക്കോട് പേരാമ്പ്രക്കടുത്ത് വെള്ളിയൂരിലാണ് സംഭവം. കുറ്റ്യാടിക്കടുത്ത് വട്ടോളി അമ്പലക്കുളങ്ങരയിലുണ്ടായ യൂത്ത് ലീഗ്- ഡിവൈഎഫ്‌ഐ സംഘർഷം നിയന്ത്രിക്കുന്നതിനായാണ് പൊലീസുകാർ യാത്ര തിരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് എ ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരെയും കൊണ്ട് പൊലീസ് വാഹനം വെള്ളിയൂരിലത്തെിയത്. ഇതിന് കുറച്ചു മുമ്പാണ് കെ എം ഷാജി എംഎൽഎയുടെ ഗൺമാൻ ഷാജിമോൻ ബൈക്കിൽ പൊലീസ് വാഹനത്തെ ബ്‌ളോക്കിട്ട് പൊലീസുകാരെ അസഭ്യം പറഞ്ഞത്. ഒടുവിൽ വെള്ളിയൂരിലത്തെിയപ്പോൾ ബൈക്ക് റോഡിന് നടുക്ക് നിർത്തി പൊലീസ് വാഹനത്തെ തടഞ്ഞു. ഗൺമാന്റെ ബൈക്കിന് പിന്നിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നെന്ന് വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞു.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഗൺമാൻ. ബൈക്കിന് പുറകിലുള്ള ആളോട് ഞാനെന്റെ പവർ കാണിച്ചു തരാം. പൊലീസ് വാഹനം ഞാൻ ബ്‌ളോക്കിട്ട് കാണിക്കാമെന്നെല്ലാം പറഞ്ഞായിരുന്നു ഇയാളുടെ കോപ്രായം. വാഹനം മുമ്പോട്ടു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് പൊലീസുകാർ വാഹനത്തിൽ നിന്നിറങ്ങിയത്. ബൈക്ക് മാറ്റാൻ പറഞ്ഞപ്പോൾ 'ഞാനും പൊലീസാടാ.. നിങ്ങളൊക്കെ എന്നെ എന്തുചെയ്യമെടാ.. എന്നെല്ലാം ചോദിച്ച് 'ഇയാൾ വെല്ലുവിളിക്കുകയായിരുന്നു. രക്ഷയില്ലാതെ വന്നപ്പോൾ ബൈക്ക് മാറ്റാൻ തുനിഞ്ഞ പൊലീസുകാർക്ക് നേരെ ഇയാൾ ബൈക്ക് ഓടിച്ചു കയറ്റാനും ശ്രമം നടത്തി.

മദ്യപിച്ച് ലക്കുകെട്ട ഗൺമാനെ മാറ്റി മുമ്പോട്ടു പോകാൻ പൊലീസുകാരും പെടാപ്പാട് പെട്ടു. സംഭവമറിഞ്ഞ് റോഡിൽ ആളുകൾ തടിച്ചുകൂടിയതോടെയാണ് ഗൺമാനും സുഹൃത്തും ബൈക്കിൽ സ്ഥലം വിട്ടത്. ഇതേ തുടർന്ന് വൈകിയാണ് പൊലീസുകാർക്ക് കുറ്റ്യാടിക്ക് തിരിക്കാൻ കഴിഞ്ഞത്. 

സ്ഥിരമായി മദ്യപിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ആളാണ് ഗൺമാനെന്നാണ് അറിയാൻ കഴിയുന്നത്. നിരവധി അടിപിടി കേസുകളിലും ഇയാൾ പെട്ടിട്ടുണ്ട്. സ്ഥിരം പ്രശ്‌നക്കാരനായതുകൊണ്ട് തന്നെ പൊലീസ് സേനയിൽ തന്നെ ആർക്കും ഇയാളോട് വലിയ താത്പര്യമൊന്നും ഇല്ല. സേനക്ക് അപമാനമായ ഇയാൾക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന ആവശ്യത്തിലാണ് പൊലീസുകാർ.

സംഭവത്തെ തുടർന്ന് പൊലീസുകാർ കുറ്റ്യാടി സി ഐയ്ക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. സി ഐ ഇത് സംബന്ധിച്ച അന്വേഷണം റിപ്പോർട്ട് റൂറൽ എസ് പിക്ക് കൈമാറുകയം ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം സംഭവിച്ച കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗൺമാനെതിരെ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എ ആർ ക്യാമ്പിലെ പൊലീസുകാർ.

ഇതേ സമയം ഇത് സംബന്ധിച്ച് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത തെറ്റായിരുന്നുവെന്ന് വ്യക്തമാക്കി ലീഗ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കെ എം ഷാജി എം എൽ എയുടെ വാഹനത്തിന് പൊലീസ് വാഹനം സൈഡ് കൊടുക്കാത്തതിനെ തുടർന്നാണ് ഗൺമാൻ വാഹനത്തിൽ നിന്നിറങ്ങി പ്രശ്‌നമുണ്ടാക്കിയതെന്ന തരത്തിലാണ് പത്രത്തിൽ വാർത്ത പ്രസിദ്ധീകരിച്ചത്.

എംഎ എ സഞ്ചരിച്ച വാഹനത്തിന് ഹോണടിച്ചിട്ടം സൈഡ് കൊടുത്തില്ലെന്നും തുടർന്ന് എം എൽ എയുടെ വാഹനം റോഡിൽ കുറുകെയിട്ട് പൊലീസ് വാഹനം തടഞ്ഞശേഷം ഇറങ്ങി വന്ന ഗൺമാൻ പൊലീസുകാരോട് പരുഷമായി പെരുമാറി എന്നുമാണ് പത്രത്തിലെ വാർത്ത. എന്നാൽ എംഎൽഎ ആവട്ടെ കേരളത്തിന് പുറത്താണ് ഇപ്പോഴുള്ളത്. സ്വന്തം ബൈക്കിലാണ് ഗൺമാൻ എത്തി പ്രശ്‌നം ഉണ്ടാക്കിയത്. ഇതോടെ ലീഗ് അണികൾ മാതൃഭൂമി ഓഫീസിലേക്ക് കൂട്ടമായി വിളിച്ച് പ്രതിഷേധിച്ചതോടെ പത്രം അധികൃതരും പുലിവാലു പിടിച്ച സ്ഥിതിയിലായി.

ഇതേ സമയം സ്ഥിരം കുഴപ്പക്കാരനായ തന്റെ ഗൺമാൻ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എംഎൽഎ അറിയുന്നില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ചാനലുകളിൽ സ്ഥിരമായ ആദർശപ്രസംഗം നടത്താറുള്ള കെ.എം ഷാജി പ്രശ്‌നക്കാരനായ ഗൺമാനെതിരെ നടപടിയെടുക്കാൻ ഇടപെടാത്തത് എന്താണെന്നും ചോദ്യം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP