Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

പ്രതിരോധ ഉപകരണങ്ങൾ ഇല്ലാതെ ഡോക്ടർമാരും നേഴ്‌സുമാരും; ചികിൽസയില്ലാതെ രോഗികൾ; കിടക്കയില്ലെന്ന് പൊലീസുകാർ; ദേശീയ ശരാശരിയേക്കാൾ കൂടിയ മരണ നിരക്കും താഴ്ന്ന റിക്കവറി നിരക്കുമായി കോവിഡ് യുദ്ധത്തിൽ അമ്പേ പരാജയപ്പെട്ട് ഗുജറാത്ത്; മോദിയുടെ ഗുജറാത്ത് മോഡലിനെ കൊറോണ കൊത്തിക്കൊണ്ട് പോയതിന്റെ ദയനീയ കഥ ഇങ്ങനെ

പ്രതിരോധ ഉപകരണങ്ങൾ ഇല്ലാതെ ഡോക്ടർമാരും നേഴ്‌സുമാരും; ചികിൽസയില്ലാതെ രോഗികൾ; കിടക്കയില്ലെന്ന് പൊലീസുകാർ; ദേശീയ ശരാശരിയേക്കാൾ കൂടിയ മരണ നിരക്കും താഴ്ന്ന റിക്കവറി നിരക്കുമായി കോവിഡ് യുദ്ധത്തിൽ അമ്പേ പരാജയപ്പെട്ട് ഗുജറാത്ത്; മോദിയുടെ ഗുജറാത്ത് മോഡലിനെ കൊറോണ കൊത്തിക്കൊണ്ട് പോയതിന്റെ ദയനീയ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വികസനത്തിൽ ഇന്ത്യ ഏറെ ചർച്ച ചെയ്തതാണ് ഗുജറാത്ത് മോഡൽ. വൈദ്യുതി പ്രതിസന്ധിയെ സോളാറിലൂടെ അതിജീവിച്ച വികസന മോഡൽ. വ്യവസായ സംരഭങ്ങൾ പടുത്തുയർത്തി ഗുജറാത്ത് മോദിനെ ചർച്ചയാക്കിയ പഴയ മുഖ്യമന്ത്രി നരേന്ദ്ര ദാമോധർദാസ് മോദി. മോദിയെ പ്രധാനമന്ത്രിയാക്കിയതും ഈ വികസ മോഡലായിരുന്നു. എന്നാൽ കൊറോണക്കാലത്ത് തവിടു പൊടിയാവുകായണ് ഗുജറാത്ത് മോഡൽ. ഇനി ആ മോഡൽ രാജ്യം ചർച്ച ചെയ്യില്ല. കാരണം കോവിഡിൽ പനിച്ചു വറിക്കുകയാണ് ഈ സംസ്ഥാനം.

കേന്ദ്രം ഭരിക്കുന്നത് മോദിയാണ്. അതുകൊണ്ട് തന്നെ ഗുജറാത്തിന് മുന്തിയ പരിഗണന ഉറപ്പ്. പോരാത്തതിന് ആഭ്യന്തര മന്ത്രിയായ ഗുജാറത്തിലെ കരുത്തനായ അമിത് ഷാ. പക്ഷേ ഇതൊന്നും കൊറോണയ്ക്ക് അറിയില്ല. അതിഭീകര വ്യാപനമാണ് ഗുജറാത്തിൽ കോവിഡ് ഉണ്ടാക്കുന്നത്. എങ്ങനെ നേരിടണമെന്ന് സംസ്ഥാന സർക്കാരിന് എത്തും പിടിയുമില്ല. അങ്ങനെ രാജ്യത്തിന് തന്നെ നാണക്കേടാവുകയാണ് ഗുജറാത്തിന്റെ ദയനീയ മുഖം. തുടക്കത്തിൽ കൊറോണ ഗുജറാത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയില്ല. എല്ലാം സുരക്ഷിതമെന്ന അലസ ഭാവം പ്രതിസന്ധിയായി. ഇപ്പോൾ ഓരോ ദിവസവും ശരാശരി 250ൽ അധികം കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.

എങ്ങും ഉയരുന്നത് പരാതികൾ മാത്രം. സുരക്ഷിതത്വമില്ലാത്തതിനെപ്പറ്റി ഡോക്ടർമാർ, പ്രവേശനം വൈകുന്നതിനെപ്പറ്റി രോഗികൾ, കിടക്ക കിട്ടാത്തതിനെക്കുറിച്ച് പൊലീസുകാർ... രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തിനൊപ്പം ഗുജറാത്തിലെ കോവിഡ് നിയന്ത്രണസംവിധാനങ്ങളെപ്പറ്റിയും ആക്ഷേപങ്ങളേറുന്നു. രാഷ്ട്രീയനേതൃത്വം പിന്നണിയിലും ഉദ്യോഗസ്ഥർ മുന്നിലുംനിന്ന് രോഗത്തെ നേരിടുന്ന അവസ്ഥയാണ്. ഇന്നലെ 15 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 127 ആയി. 191 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു; മൊത്തം രോഗബാധിതർ 2815 ആയി. രാജ്യത്തിന്റെ കോവിഡ് പട്ടികയിൽ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതാണ് ഗുജറാത്ത്. എന്നാൽ ചികിൽസാ കണക്കിൽ മഹാരാഷ്ട്രയ്ക്കും മുകളിലാണ് മോദിയുടെ സ്വന്തം ഗുജറാത്ത്.

ദേശീയ ശരാശരിയെക്കാൾ ഉയർന്ന മരണനിരക്കും(4.1 ശതമാനം) താഴ്ന്ന രോഗവിമുക്തി നിരക്കും (10 ശതമാനം) ആണ് ഗുജറാത്തിലേത്. പൊതുജനാരോഗ്യമേഖലയുടെ പിന്നാക്കാവസ്ഥയാണ് ഇതിന് കാരണം. രാജ്യത്തെ കോവിഡ് രോഗികളിൽ പകുതിയിലേറെയുമുള്ള 13 നഗരങ്ങളിൽ അഹമ്മദാബാദും സൂറത്തും അടങ്ങുന്നു. മൂവായിരത്തിനടുത്ത് രോഗികളും നൂറിലേറെ മരണങ്ങളുമുള്ള സംസ്ഥാനത്ത് ഇവയിൽ പകുതിയിലേറെയും അഹമ്മദാബാദിലാണ്. പിന്നാക്കസംസ്ഥാനമായി അറിയപ്പെടുന്ന അയൽപക്കത്തെ രാജസ്ഥാനിലേക്കാൾ കോവിഡ് രോഗികളാണ് അഹമ്മദാബാദ് നഗരത്തിൽ മാത്രം മരിക്കുന്നത്. രാജസ്ഥാനിലും രോഗികൾ ഏറെയുണ്ടെങ്കിലും രോഗത്തെ മെരുക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യത്തിന്റെ കരുത്താണ് ഇതിന് കാരണം. എന്നാൽ ഗുജറാത്ത് അക്ഷരാർത്ഥത്തിൽ തളരുകയാണ് കോവിഡിൽ.

രോഗികളുടെ എണ്ണംകൂടുന്നതിനാൽ ഗൗരവാവസ്ഥയിലുള്ളവരെ മാത്രം ആശുപത്രിയിലാക്കുകയും അല്ലാത്തവരെ കെയർസെന്ററുകളിലേക്ക് മാറ്റുകയുമാണ് ഗുജറാത്ത് സർക്കാർ. പണക്കാർ-പാവപ്പെട്ടവർ എന്ന ചർച്ചയും ചികിൽസയിലുണ്ട്. രോഗികളായ ഡോക്ടർമാരുടെ പരാതിയെത്തുടർന്ന് അവരെ സ്വകാര്യാശുപത്രികളിലേക്ക് മാറ്റി. മുറിയൊന്നിന് പ്രതിദിനം 3000 രൂപ വാടകയ്ക്ക് ഒരു പഞ്ചനക്ഷത്രഹോട്ടലും കെയർ സെന്ററാക്കിയിട്ടുണ്ട്. ഇവിടെ സമ്പന്ന രോഗികൾ മാത്രമാണ് ഉള്ളത്. രോഗപ്രതിരോധപ്രവർത്തനത്തിനിടയിൽ ഏപ്രിൽ 22-ന് കോവിഡ് സ്ഥിരീകരിച്ച കോർപ്പറേഷൻ മെഡിക്കൽ സർവീസിലെ ഡോ. രൂപാൽ മേഘാനിയുടെ പരാതി പുറത്തുവന്നിട്ടുണ്ട്.

കോവിഡ് ഉറപ്പിച്ചവരെ ചികിത്സിക്കുമ്പോൾ മാത്രമേ സുരക്ഷാവസ്ത്രം ലഭ്യമായിരുന്നുള്ളൂ. രോഗം സ്ഥിരീകരിക്കുന്നതുവരെ ജോലി തുടർന്നു. തുടർന്ന് എസ്.വി.പി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടർ പ്രശ്‌നങ്ങൾ വിവരിച്ച് വീഡിയോ തയ്യാറാക്കി അയച്ചപ്പോളാണ് സർക്കാർ ഇടപെട്ടതെന്നും ഈ പരാതിയിൽ വിശദീകരിക്കുന്നു. സിവിൽ ആശുപത്രിയിൽ പ്രവേശനം കിട്ടാനായി ആറുമണിക്കൂറോളം പുറത്തുനിൽക്കുന്ന കോവിഡ് രോഗികളുടെ പരാതിയും വൈറലായി. അമ്പതോളം പൊലീസുകാർക്ക് രോഗമുള്ള നഗരത്തിൽ ചിലർക്ക് കിടക്ക കിട്ടാത്തതും ചർച്ചയായി.

മുഖ്യമന്ത്രി രൂപാണി അടക്കമുള്ളവർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കോവിഡ് അവരേയും ഭയപ്പെടുത്തുന്നു. ഭരണത്തിലെ രാഷ്ട്രീയനേതൃത്വം പിന്നണിയിലേക്ക് മാറിയപ്പോൾ ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയാണ് പത്രസമ്മേളനങ്ങൾ നടത്തുന്നതും നിലപാടുകൾ വിശദീകരിക്കുന്നതും. ആരോഗ്യ പരിപാലന രംഗത്തിന്റെ അപര്യാപ്തതയാണ് ഇതിന് കാരണം.

2014 വരെ 13 വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ മോദഡി ഭരിച്ച സംസ്ഥാനം വികസന മാതൃകയാണെന്നാണ് ബിജെപിയും സംഘപരിവാറും പ്രചരിപ്പിക്കുന്നത്. എന്നാൽ ജനസംഖ്യയിലെ 1000 പേർക്ക് ഇപ്പോഴും ഒരു കിടക്കപോലുമില്ലാത്തസ്ഥിതിയാണ്. ആയിരത്തിന് 0.33 ആണ് ഇവിടെ കിടക്കയുടെ അനുപാതം. ദേശീയ ശരാശരിയാകട്ടെ ആയിരത്തിന് 0.55 എന്നതാണ്. റിസർവ് ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച് സേവന മേഖലയിലെ ചെലവ് നിർവ്വഹിക്കുന്നതിൽ 18ൽ 17-ാം സ്ഥാനത്താണ് ഗുജറാത്ത്. സാമൂഹ്യ മേഖലയ്ക്കായി നീക്കിവയ്ക്കുന്നതിൽ 31.6 ശതമാനമാണ് സംസ്ഥാനത്ത് ചെലവഴിക്കുന്നത്.

ആളോഹരി ചെലവിന്റെ കാര്യത്തിൽ 19992000 വർഷത്തിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം പത്തുവർഷം കഴിഞ്ഞ് 2009-10 വർഷമാകുമ്പോഴേയ്ക്കും 11ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അസം 12ാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നപ്പോഴാണ് ഗുജറാത്തിന്റെ ഈ പിറകോട്ടടി. 19992000 ൽ സംസ്ഥാനത്തെ മൊത്തം ചെലവിന്റെ 4.39 ശതമാനം ആരോഗ്യ മേഖലയ്ക്കായി നീക്കി വച്ചപ്പോൾ 2009-10 ൽ അത് 0.77 ശതമാനമായി കുത്തനെ കുറഞ്ഞു. സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ചെലവിന്റെ കാര്യത്തിലും ബിഹാറിനെക്കാളും മുന്നിലാണ് ഗുജറാത്ത്.

സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്കും പൊതുജനങ്ങൾ പണം വിനിയോഗിക്കേണ്ടിവരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP