Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ ലഹരി വേട്ട: 21,000 കോടി രൂപയുടെ ലഹരിമരുന്നു കടത്തിയതിനു പിന്നിൽ താലിബാനെന്ന് സംശയം; പിടിയിലായവരിൽ നാല് അഫ്ഗാനികളും; എൻഐഎ കേസ് ഏറ്റെടുത്തേക്കും; ലഭിക്കുന്ന പണം ഭീകരപ്രവർത്തനത്തിന് ലക്ഷ്യമിട്ടായിരുന്നോ എന്നും പരിശോധിക്കും

ഗുജറാത്ത് മുന്ദ്ര തുറമുഖത്തെ ലഹരി വേട്ട: 21,000 കോടി രൂപയുടെ ലഹരിമരുന്നു കടത്തിയതിനു പിന്നിൽ താലിബാനെന്ന് സംശയം; പിടിയിലായവരിൽ നാല് അഫ്ഗാനികളും; എൻഐഎ കേസ് ഏറ്റെടുത്തേക്കും; ലഭിക്കുന്ന പണം ഭീകരപ്രവർത്തനത്തിന് ലക്ഷ്യമിട്ടായിരുന്നോ എന്നും പരിശോധിക്കും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു കഴിഞ്ഞ ദിവസം പിടികൂടിയ 21,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയതിനു പിന്നിൽ താലിബാന് പങ്കുള്ളതായി സംശയം. ഇക്കാര്യം അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നു. മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ നാല് അഫ്ഗാൻ പൗരന്മാർ അടക്കം എട്ടു പേർ അറസ്റ്റിലായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറസ്റ്റിലായവരിൽ മൂന്ന് ഇന്ത്യക്കാരും ഒരു ഉസ്ബക്കിസ്ഥാൻ പൗരനുമുണ്ട്.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനു പിന്നാലെയാണ് വൻതോതിൽ ലഹരിമരുന്ന് ശേഖരം ഇന്ത്യയിലേക്കു കടത്തിയത് എന്നതാണ് സംശയം ബലപ്പെടുത്തുന്നത്. താലിബാൻ ബന്ധം സംശയിക്കുന്നതിനാൽ കേസ് ഏറ്റെടുക്കുന്നതു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിഗണനയിലുണ്ട്. ഹെറോയിൻ വിൽപനയിൽ നിന്നു ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യവും പരിശോധിക്കും.



സംഭവത്തിന് പിന്നാലെ ഡൽഹിയിൽ നിന്ന് 16 കിലോ ഹെറോയിനും നോയിഡയിൽ നിന്നും 23 കിലോ ലഹരിപദാർത്ഥങ്ങളും കണ്ടെത്തി. നോയിഡയിൽ നിന്ന് കണ്ടെത്തിയതുകൊക്കെയ്‌നും ഹെറോയിനുമെന്ന് നിഗമനം. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ആഴ്ച ഗുജറാത്ത് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നടന്നത്.

രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് പിടിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന. ഡിആർഐയ്‌ക്കൊപ്പം ഇഡിയും അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. റോ അടക്കം ഏജൻസികളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്. എന്നാൽ പതിവ് പരിശോധനയിലാണ് കണ്ടെയ്‌നറുകളിൽ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. അതായത് മുൻകൂട്ടിയുള്ള വിവരം ഏജൻസികൾക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ.

ആഷി ട്രേഡിങ് കമ്പനിയെ മറയാക്കി വലിയ സംഘങ്ങളാണ് ലഹരിക്കടത്തിനു പിന്നിലുള്ളതെന്നാണ് നിഗമനം. ഇറക്കുമതിക്ക് വിജയവാഡയിലെ വിലാസം വച്ച ശേഷം മുന്ദ്ര തുറമുഖത്ത് എത്തിക്കുന്ന കണ്ടെയ്‌നറുകൾ അവിടെ നിന്ന് നേരിട്ട് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുകയാണെന്നാണ് സൂചന.



ജൂൺ 21ന് ഇതേ സംഘം സമാനരീതിയിൽ കണ്ടെയ്‌നറിൽ സാധനങ്ങൾ എത്തിച്ചിരുന്നു. ടാൽക്കം പൗഡർ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിജയവാഡയിലേക്ക് ഇറക്കുമതി ചെയ്ത ലോഡ് ഡൽഹിയിലേക്കാണ് പോയതെന്നാണ് വിവരം. ഇപ്പോൾ പിടിച്ച ലോഡും ഡൽഹിക്ക് അയയ്ക്കാനാണു പദ്ധതിയിട്ടിരുന്നതത്രെ.

കണ്ടെയ്‌നർ ഇറക്കുമതി ചെയ്ത വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ ഉടമസ്ഥരായ സുധാകർ, ഭാര്യ വൈശാലി എന്നിവരെ ചെന്നൈയിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുന്ദ്ര പോർട്ട് ഉൾപ്പെടുന്ന ഗുജറാത്തിലെ ഭുജിലെ കോടതി ഇവരെ 10 ദിവസത്തേക്ക് ഡിആർഐയുടെ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനൊപ്പമാണ് വിവിധ നഗരങ്ങളിലെ അന്വേഷണവും പുരോഗമിക്കുന്നത്. കമ്പനി മുൻപും ലഹരിമരുന്ന് കടത്തിയതായാണു വിവരം.

ലഹരിമരുന്നുകടത്തു കണ്ടെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ചെന്നൈ, അഹമ്മദാബാദ്, ഡൽഹി, വിജയവാഡ നഗരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. അഫ്ഗാനിസ്ഥാനിൽനിന്ന് ഇറാൻ വഴി മുന്ദ്രയിലെ അദാനി തുറമുഖത്ത് എത്തിയ 3000 കിലോഗ്രാം ഹെറോയിനാണു ഡിആർഐ പിടികൂടിയത്. ടാൽക്കം പൗഡർ അടങ്ങിയ കണ്ടെയ്‌നറുകളിലാണ് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 7 കോടി രൂപ വരെ വിലയുണ്ട്. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയും അന്വേഷണം ആരംഭിച്ചു. ഹെറോയിൻ കടത്തിലുൾപ്പെട്ടവർ നടത്തിയ ഇടപാടുകൾ പരിശോധിക്കുന്നുണ്ട്.

അതേ സമയം മുന്ദ്രയിലെ അദാനി തുറമുഖത്തു ലഹരിമരുന്നു പിടിച്ച സംഭവത്തിൽ അദാനി ഗ്രൂപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം കമ്പനി നിഷേധിച്ചു. തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രമാണു തങ്ങളെന്നും ചരക്കുകൾ പരിശോധിക്കാൻ അനുമതിയില്ലെന്നും വ്യക്തമാക്കി. ലഹരിമരുന്നു പിടിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പിൽ പറഞ്ഞു.



സംഭവത്തിന് പിന്നാലെ കോൺഗ്രസ് ആരോപണവുമായി രംഗത്തുണ്ട്. ഇതുപോലെ എത്ര കണ്ടെയ്‌നറുകൾ വന്ന് പോയിക്കാണുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ഭീകരർ ഗുജറാത്ത് തീരം ഉപോയഗിക്കുന്നതായി സംശയിക്കണമെന്ന് മുൻപ് നടന്ന ചില ലഹരി വേട്ട കൂടി ഓർമിപ്പിച്ച്‌കൊണ്ട് ഖേര മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP