Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോട്ടൽ മുറി വാടക കൂടുതലെന്ന് കുറ്റപ്പെടുത്തി വിനോദ സഞ്ചാരികൾ ഇനി വരാതിരിക്കില്ല; 7500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജിഎസ്ടി 18 ശതമാനമായി കുറച്ചു; 7500 രൂപയിൽ കുറവ് വാടകയുള്ള മുറികൾക്ക് 18 ൽ നിന്ന് 12 ശതമാനമാക്കി; 1000 രൂപ വരെയുള്ള വാടകമുറികൾക്ക് ജിഎസ്ടി ഇല്ല; ഔട്ട്‌ഡോർ കേറ്ററിങ് നികുതി നിരക്കുകൾ അഞ്ച് ശതമാനമാക്കി; ലോട്ടറി നികുതി ഏകീകരിക്കണമെന്ന ആവശ്യം മന്ത്രിതലസമിതിക്ക് വിട്ടു; ഓട്ടോമൊബൈൽ നികുതി നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കാതെ ജിഎസ്ടി കൗൺസിൽ യോഗം

ഹോട്ടൽ മുറി വാടക കൂടുതലെന്ന് കുറ്റപ്പെടുത്തി വിനോദ സഞ്ചാരികൾ ഇനി വരാതിരിക്കില്ല; 7500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജിഎസ്ടി 18 ശതമാനമായി കുറച്ചു; 7500 രൂപയിൽ കുറവ് വാടകയുള്ള മുറികൾക്ക് 18 ൽ നിന്ന് 12 ശതമാനമാക്കി; 1000 രൂപ വരെയുള്ള വാടകമുറികൾക്ക് ജിഎസ്ടി ഇല്ല; ഔട്ട്‌ഡോർ കേറ്ററിങ് നികുതി നിരക്കുകൾ അഞ്ച് ശതമാനമാക്കി; ലോട്ടറി നികുതി ഏകീകരിക്കണമെന്ന ആവശ്യം മന്ത്രിതലസമിതിക്ക് വിട്ടു; ഓട്ടോമൊബൈൽ നികുതി നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കാതെ ജിഎസ്ടി കൗൺസിൽ യോഗം

മറുനാടൻ ഡെസ്‌ക്‌

പനാജി: ജിഎസ്ടി നിരക്കുകൾ കൂടുതലാണെന്ന ഹോട്ടൽ വ്യവസായത്തിന്റെ പാരിക്ക് പരിഹാരം. ഹോട്ടൽ മുറികളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിൽ ധാരണയായി. 7,500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി. 7,500 രൂപയിൽ കുറവു വാടകയുള്ള മുറികൾക്ക് 18ൽ നിന്ന് 12 ശതമാനമായും കുറച്ചു. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് നിരക്ക് കുറയ്ക്കാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. 1000 രൂപ വരെ വാടകയുള്ള മുറികൾക്ക് ജിഎസ്ടി ഈടാക്കില്ല.ജിഎസ്ടിയിലെ ഏറ്റവും വലിയ സ്ലാബാണ് 28 ശതമാനം നികുതി. ഇത് കുറച്ചത് ഈ മേഖലയ്ക്ക് വലിയ ആശ്വാസമാകും. ഹോട്ടൽ മുറികളുടെ വാടക കുറയ്ക്കാൻ ഉടമകൾ തയ്യാറായാൽ വിനോദസഞ്ചാര മേഖലയ്ക്കും അതുണർവ്വേകും.

ഔട്ട്‌ഡോർ കേറ്ററിങ് നികുതി നിരക്കുകൾ 5 ശതമാനമാക്കാനും ധാരണയായി. ഇൻപുട് ടാക്‌സ് ക്രെഡിറ്റ് സൗകര്യവും ഇവർക്കുണ്ടാകും. കഫീൻ കലർന്ന പാനീയങ്ങളുടെ വില കൂടും. ഇവയുടെ നികുതി നിരക്ക് 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി കൂട്ടി. 12 ശതമാനം സെസുകൂടി ചുമത്തിയത് കഫീൻ കലർന്ന പാനീയങ്ങളെ നിരുത്സാഹപ്പെടുത്തണം എന്ന നയത്തിന്റെ ഭാഗമാണ്.

ബിസ്‌കറ്റുകളുടെ നികുതി നിരക്ക് കുറയ്ക്കണമെന്ന നിർദ്ദേശം കൗൺസിൽ തള്ളി. ഓട്ടോമൊബൈലുകളുടെ നികുതി നിരക്ക് കുറയ്ക്കണമെന്ന നിർദ്ദേശം യോഗം പരിഗണിച്ചില്ല. ലോട്ടറി ടിക്കറ്റുകൾക്ക് ഏകീകൃത നികുതി നിരക്ക് വേണമെന്ന ആവശ്യം മന്ത്രിതലസമിതിക്ക് വിട്ടു. സമിതി ഈ വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

കോർപറേറ്റ് നികുതി കുറച്ച് സമ്പദ് മേഖലയെ ഉഷാറാക്കാൻ ശ്രമം

നേരത്തെ, ആഭ്യന്തര കമ്പനികൾക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികൾക്കും കോർപറേറ്റ് നികുതിയിൽ ഇളവു പ്രഖ്യാപിച്ചിരുന്നു. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് ഇനി 22 ശതമാനം ആദായനികുതി മാത്രം നൽകിയാൽ മതി. 2019 ഒക്ടോബർ 1 മുതൽ സ്ഥാപിക്കുന്ന കമ്പനികൾക്ക് 15 ശതമാനം നികുതി മാത്രമേ ഉണ്ടാകുകയുള്ളൂ. ഇവ 2023 ഒക്ടോബറിനു മുമ്പ് ഉത്പാദനം തുടങ്ങണമെന്നതാണ് നിബന്ധന.

ധനമന്ത്രി നിർമലാ സീതാരാമനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കിയുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരിവിപണിക്ക് ഉണർവു പകർന്നു. വ്യാവസായിക രംഗത്ത് വളർച്ചയും ഉത്പാദനവും ഉറപ്പാക്കാനാണ് പുതിയ നടപടികൾ. മറ്റാനുകൂല്യങ്ങൾ പറ്റാത്ത ആഭ്യന്തര കമ്പനികൾ ആൾട്ടർനേറ്റ് ടാക്സ്, മാറ്റ് എന്നിവ നൽകേണ്ടതില്ല. പൊതു യൂണിവേഴ്സിറ്റികളിലും ഐഐടികളിലും, പൊതു ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും സിഎസ്ആർ ഫണ്ട് ചിലവഴിക്കാം. ഒരു ലക്ഷത്തി നാൽപ്പത്തിയ്യായിരം കോടി രൂപയും ആകെ ആനുകൂല്യമാണ് കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ടത്.

ഗോവയിൽ ജിഎസ്ടി കൗൺസിൽ യോഗത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ധനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. സെൻസെക്‌സ് 1500 പോയിന്റും നിഫ്റ്റി 345 പോയിന്റും ഉയർന്നു. നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കം ധീരമാണെന്നാണ് റിസർവ്വ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത ദാസ് പ്രതികരിച്ചത്.

സെസ്സും എല്ലാ സർചാർജുകളും ഉൾപ്പെടെ ഇനി 25.17 ശതമാനം നികുതി അടച്ചാൽ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന കമ്പനികൾക്ക് മിനിമം ഓൾട്ടർനേറ്റ് ടാക്‌സ് (ങഅഠ) 18 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. കൂടാതെ, ഒക്ടോബർ ഒന്നിനു ശേഷം പ്രവർത്തനം ആരംഭിച്ച മാനുഫാക്ചറിങ് കമ്പനികളുടെ നികുതി 15 ശതമാനമായിരിക്കും. സർചാർജ് ഉൾപ്പെടെ 17.01 ശതമാനം നികുതിയാണ് നൽകേണ്ടി വരിക.

കൂടാതെ, ഓഹരികൾ തിരികെ വാങ്ങാനുള്ള പ്രഖ്യാപനം (ഷെയർ ബൈബാക്ക്) 2019 ജൂലൈ അഞ്ചിനു മുമ്പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. തിരികെ വാങ്ങുന്ന ഓഹരികൾക്ക് ഈ കമ്പനികൾ നികുതി നൽകേണ്ടതില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മൂലധന നേട്ടത്തിന്മേലുള്ള സൂപ്പർ റിച്ച് നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ കോർപ്പറേറ്റ് ടാക്‌സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകിയിട്ടുണ്ട്.സെൻസെക്‌സ് 1607 പോയന്റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്റ് ഉയർന്ന് 11128ലുമെത്തി. പത്തുവർഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയർന്നു.

വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായി. 538 ഓഹരികൾമാത്രമാണ് നഷ്ടത്തിൽ. ജൂലായ് അഞ്ചിലെ ബജറ്റിൽ പ്രഖ്യാപിച്ച ഓഹരി മടക്കിവാങ്ങുമ്പോൾ ഈടാക്കുന്ന നികുതി ഒഴിവാക്കിയതും വിപണിക്ക് തുണയായി. ഓട്ടോ ഓഹരികളിൽ മാരുതി സുസുകി 3.4 ശതമാനവും ഹീറോ മോട്ടോർകോർപ് 3 ശതമാനവും എംആൻഡ്എം 2.6 ശതമാനവും ടാറ്റമോട്ടോഴ്‌സ് 2.2 ശതമാനവും ഉയർന്നു.യെസ് ബാങ്ക് 6 ശതമാനം കുതിച്ചു. താജ് ജിവികെ ഹോട്ടൽസ് ആൻഡ് റിസോർട്ട് അഞ്ച് ശതമാനവും ലീല വെഞ്ച്വർ 3.5 ശതമാനവും ഇന്ത്യ ഹോട്ടൽസ് 1.7 ശതമാനവും നേട്ടമുണ്ടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP