Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിയുടെ ജിഎസ്ടി വിധി സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന കേരളം പിടിവള്ളിയാക്കുമോ? വേണ്ടിവന്നാൽ ലോട്ടറിയുടെ നികുതി മാറ്റാൻ കഴിയുമെന്ന് കണക്കൂട്ടി കേരളം; കോടതി വിധി മറികടക്കാൻ കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടു വരാനും സാധ്യത

സുപ്രീംകോടതിയുടെ ജിഎസ്ടി വിധി സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുന്ന കേരളം പിടിവള്ളിയാക്കുമോ? വേണ്ടിവന്നാൽ ലോട്ടറിയുടെ നികുതി മാറ്റാൻ കഴിയുമെന്ന് കണക്കൂട്ടി കേരളം; കോടതി വിധി മറികടക്കാൻ കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടു വരാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു രാജ്യം, ഒരു നികുതി എന്നതാണ് ജിഎസ്ടി സംവിധാനത്തിലൂടെ ഉദ്ദേശിച്ചതെങ്കിൽ, ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ പാലിച്ചുള്ളതാകണം നികുതി സംബന്ധിച്ച നിയമനിർമ്മാണങ്ങളെന്ന് അടിവരയിടുന്നതായിരുന്നു ഇതു സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് പുറത്തുവന്ന സുപ്രീംകോടതി വിധി. നികുതി നിയമനിർമ്മാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്നത് രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ സുപ്രധാന ഘടകമാണെന്നു കോടതി അടിവരയിട്ടു വ്യക്തമാക്കുകയും ചെയ്്തു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇത് ഏറെ ആശ്വാസം പകരുന്ന കാര്യമായി താനും. ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ അതേപടി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധി, ആവശ്യം വന്നാൽ ലോട്ടറിയുടെ ജിഎസ്ടി നിരക്കു നിർണയത്തിൽ പ്രയോഗിക്കാൻ കഴിയുമെന്ന വിലയിരുത്തലിൽ കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ നിറുകയിൽ നിൽക്കുന്ന കേരളം ഈ അവസരം പിടിവള്ളിയാക്കാനും സാധ്യതയുണ്ട്.

സംസ്ഥാന സർക്കാരുകൾ നേരിട്ടു നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും മറ്റ് ഏജൻസികൾ വഴി നടത്തുന്ന ലോട്ടറികൾക്ക് 28 ശതമാനവുമായിരുന്നു നേരത്തേ ജിഎസ്ടി. ഏജൻസികൾ വഴിയുള്ള ലോട്ടറികൾ കേരളത്തിലേക്കു കടന്നുവരാതിരിക്കാനായി ഈ നികുതി നിരക്കു തന്നെ തുടരണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് 2019 ഡിസംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ എല്ലാ ലോട്ടറികൾക്കും ജിഎസ്ടി 28 ശതമാനമാക്കിയത്. കൗൺസിലിൽ വോട്ടെടുപ്പിലൂടെ തീരുമാനമെടുത്ത ഏക വിഷയവും അതായിരുന്നു.

അന്ന് 21 സംസ്ഥാനങ്ങൾ കേരളത്തിനെതിരെ വോട്ടു ചെയ്തതാണ് തിരിച്ചടിയായത്. ഈ തീരുമാനം കാരണം, സ്വകാര്യ ഏജൻസികൾ നടത്തുന്ന ലോട്ടറികൾ കേരളത്തിലേക്കു കടന്നു വരുമോയെന്ന ആശങ്ക ഇപ്പോഴും സംസ്ഥാന സർക്കാരിനുണ്ട്. വന്നാൽ കേരളത്തിൽ ലോട്ടറിയുടെ എസ്ജിഎസ്ടി നിരക്ക് ചട്ട ഭേദഗതിയിലൂടെ വർധിപ്പിച്ച് സ്വകാര്യ ലോട്ടറികളെ പിന്തിരിപ്പിക്കാൻ പുതിയ സുപ്രീം കോടതി വിധി വഴിയൊരുക്കിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാൻ അവകാശം വരുന്നതോടെ ജിഎസ്ടി കൗൺസിലിലെ ചർച്ചകളുടെ സ്വഭാവം തന്നെ മാറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

അരുൺ ജെയ്റ്റ്‌ലി കേന്ദ്ര മന്ത്രിയായിരിക്കെ ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന നിർബന്ധം പുലർത്തിയിരുന്നു. സമന്വയത്തിന്റെ പാതയൊരുക്കാൻ അദ്ദേഹം അന്നു മന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്കിനെയും മുന്നിൽ നിർത്തി. എന്നാൽ, ഇപ്പോൾ പലപ്പോഴും സംസ്ഥാനങ്ങൾക്കു മേൽ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൊക്കൊള്ളുന്നതെന്ന പരാതി പല സംസ്ഥാനങ്ങൾക്കുമുണ്ട്.

മൂന്നിലൊന്ന് അംഗങ്ങൾക്കു തുല്യമായ വോട്ടവകാശം കേന്ദ്ര സർക്കാരിനുള്ളതിനാൽ തീരുമാനങ്ങൾ സ്വന്തം വഴിക്കു കൊണ്ടുവരാൻ കേന്ദ്രത്തിനു കഴിയും. എന്നാൽ വോട്ടെടുപ്പിൽ തീരുമാനിക്കുന്ന കാര്യങ്ങൾ പോലും നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലാത്തതിനാൽ വോട്ടെടുപ്പിന്റെ തന്നെ പ്രസക്തി നഷ്ടപ്പെടുകയാണ്.

ജനങ്ങളിൽ നിന്നു പിരിക്കുന്ന ജിഎസ്ടിയുടെ പകുതി സംസ്ഥാനവും ബാക്കി കേന്ദ്രവുമാണ് എടുക്കുന്നത്. ഇതിൽ സംസ്ഥാനങ്ങളുടെ നികുതി വിഹിതം കൂട്ടാനോ കുറയ്ക്കാനോ ഉള്ള അവകാശം പോലും സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന തരത്തിലേക്കു വരെ സുപ്രീംകോടതി വിധി വ്യാഖ്യാനിച്ചെടുക്കാം. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ഇന്ധനം, മദ്യം, ഭൂമി, റോഡ് എന്നിവയുടെ നികുതി കേന്ദ്രം ഏറ്റെടുക്കാൻ ശ്രമിക്കില്ലെന്ന ആശ്വാസവും ഈ കോടതി വിധി സംസ്ഥാനങ്ങൾക്കു സമ്മാനിക്കുന്നുണ്ട്.

അസേമയം കേന്ദ്രത്തിന്റെ താൽപര്യത്തിനു വിരുദ്ധവും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വിലപേശൽശേഷി വർധിപ്പിക്കുന്നതുമാണ്. ഇപ്പോഴത്തെ കോടതി വിധി. അതുകൊണ്ടുതന്നെ ജിഎസ്ടി കൗൺസിലിന്റെ തീരുമാനം അന്തിമമാക്കുംവിധമുള്ള ഭരണഘടനാ ഭേദഗതിക്കു കേന്ദ്രം ശ്രമിക്കാനും സാധ്യതയുണ്ട്. ജിഎസ്ടി കൗൺസിൽ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്കു ബാധ്യതയില്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരവിരുദ്ധമായ നിയമങ്ങളുണ്ടാക്കുന്ന സ്ഥിതിയാകുമെന്നാണു കേന്ദ്രം വാദിച്ചത്. എന്നാൽ, ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടുകയെന്നതാണു പ്രധാനമെന്നു വിലയിരുത്തി കേന്ദ്രത്തിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തത്.

കൗൺസിലിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ വോട്ടവകാശമില്ലെന്നതു പ്രശ്‌നമായി കോടതി എടുത്തുപറയുന്നു. കേന്ദ്രത്തിനു മൂന്നിലൊന്നു വോട്ടവകാശം എന്നത് ധനകാര്യ ഫെഡറലിസത്തിനു വിരുദ്ധമെന്നാണു വിലയിരുത്തൽ. കാരണം, കേന്ദ്രത്തിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും കൗൺസിലിൽ പാസാകില്ല. ഒരു കൂട്ടർക്കു േമൽക്കൈ എന്ന സാഹചര്യം തടയുന്നതുകൂടിയാണ് ഫെഡറലിസ സങ്കൽപമെന്നു കോടതി പറയുന്നു.

പങ്കാളിത്തം മാത്രമല്ല, ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമുണ്ടാകണം. അങ്ങനെ തീരുമാനത്തിലെത്താനുള്ള ഭരണഘടനാ സ്ഥാപനമായാണ് കൗൺസിലിനെ ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, കൗൺസിൽ ശുപാർശകൾ സർക്കാരുകൾക്കു ബാധകമല്ലെങ്കിൽ ജിഎസ്ടി സംവിധാനം തകരുമെന്ന വാദം അംഗീകരിക്കാനാകില്ല.

കൗൺസിൽ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ശുപാർശ നൽകുമെന്നാണ് 279എ വകുപ്പു പറയുന്നത്. ഈ ശുപാർശയുടെ മൂല്യമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. അപ്പോൾ, കൗൺസിൽ ശുപാർശകൾ നിയമമായി മാറുമെന്ന വാദം കടന്ന കയ്യാണ്. ഭരണഘടനപ്രകാരം നിയമനിർമ്മാണത്തിന് കൗൺസിലിന് അധികാരം നൽകിയിട്ടില്ല. ജിഎസ്ടി നിയമനിർമ്മാണത്തിന് സർക്കാരിനെ സഹായിക്കുന്ന, ശുപാർശ നൽകുന്ന സംവിധാനമാണ് കൗൺസിൽ കോടതി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP