Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവിച്ചപ്പോൾ ലഭിച്ചത് കൈയില്ലാത്ത കുഞ്ഞ്; കുഞ്ഞിനെ മാറിയെന്ന് ആരോപിച്ച് സ്വീകരിക്കാതെ അച്ഛന്റെ ബഹളം; ആർക്കും വേണ്ടെങ്കിൽ താൻ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എസ് ഐ; ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിക്കുന്ന സബ് ഇൻസ്പെക്ടറുടെ ഇടപെടൽ ഗൗരീശ ആശുപത്രിയിലെ കലാപം ഇല്ലാതാക്കിയത് ഇങ്ങനെ

പ്രസവിച്ചപ്പോൾ ലഭിച്ചത് കൈയില്ലാത്ത കുഞ്ഞ്; കുഞ്ഞിനെ മാറിയെന്ന് ആരോപിച്ച് സ്വീകരിക്കാതെ അച്ഛന്റെ ബഹളം; ആർക്കും വേണ്ടെങ്കിൽ താൻ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എസ് ഐ; ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിക്കുന്ന സബ് ഇൻസ്പെക്ടറുടെ ഇടപെടൽ ഗൗരീശ ആശുപത്രിയിലെ കലാപം ഇല്ലാതാക്കിയത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: നവജാത ശിശു വലത് കൈയില്ലാതെ ജനിച്ചതിനെതുടർന്ന് കുട്ടിയുടെ പിതാവും ബന്ധുക്കളും സ്വകാര്യ ആശുപത്രിയായ ഗൗരീശയ്ക്ക് മുന്നിൽ ശ്രിഷ്ടിച്ച സംഘർഷാവസ്ഥയ്ക്ക് വിരാമിട്ടത് മെഡിക്കൽ കോളേജ് എസ്ഐ ഗിരിലാലിന്റെ സമയോചിതമായ ഇടപെടൽ.

തന്റെ കുഞ്ഞിന് യാതൊരു കുഴപ്പവും സ്‌കാനിങ്ങിലുള്ളതായി ഡോക്ടർമാർ പറഞ്ഞിരുന്നില്ലെന്നും ഈ കുട്ടി തങ്ങളുടേതല്ലെന്നും പറഞ്ഞ് വലിയ ബഹളമാണ് കുട്ടിയുടെ പിതാവ് വിനീഷ് ഉണ്ടാക്കിയത്. ഈ കുട്ടിയെ തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു ബഹളം. ആരും പറയുന്നത് കേൾക്കാനുള്ള ഒരു സാവകാശവും കുട്ടിയുടെ പിതാവ് കാണിച്ചില്ല. ഇതോടെയാണ് എസ് ഐയുടെ പ്രഖ്യാപനമെത്തിയത്. ഇതോടെ എല്ലാവരും നിശബ്തരായി. ആർക്കും വേണ്ടെങ്കിൽ കുട്ടിയെ ഞാൻ നോക്കിക്കൊള്ളാമെന്നായിരുന്നു എസ് ഐയുടെ വാക്കുകൾ.

സാമൂഹിക വിഷയത്തിൽ ഇത്തരമൊരു ഇടപെടൽ നടത്തി എസ് ഐ ഇതോടെ ആക്ഷൻ ഹീറോ ബിജുവിനെ പോലെയായി. നാട്ടുകാരെല്ലാം എസ് ഐ പറയുന്നത് മുഖവിലയ്‌ക്കെടുത്തു. ഇതോടെ സംഘർഷം അയയുകയും ചെയ്തു. ഒരു കാരണവശാലും കുട്ടിയെ കൊണ്ട് പോകില്ലെന്നും ആശുപത്രി അധികൃതർ കുട്ടിയെ മാറ്റിയതാണെന്നും വിനീഷ് ആരോപിച്ചിരുന്നു. സ്ഥലതെത്തിയ പൊലീസിനോടും കുട്ടിയെ തങ്ങൾക്ക് വേണ്ടെന്നും വഞ്ചിച്ചുവെന്നും പറഞ്ഞപ്പോൾ നിങ്ങൾക്കാർക്കും വേണ്ടെങ്കിൽ കുട്ടിയെ താൻ കൊണ്ട് പൊയ്ക്കോളാമെന്ന എസ്ഐയുടെ മറുപടിയെത്തിയതോടെ രംഗം അൽപ്പമൊന്നു ശാന്തമാവുകയായിരുന്നു.

കാര്യങ്ങൾ സംഘർഷത്തിലേക്ക് പോകുന്നുവെന്നായപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ ഗിരിലാലിന്റെ നേതൃത്വത്തിലെത്തിയ പൊലീസുകാർ ആശുപത്രി അധികൃതരോടും വിനീഷിനോടും സംസാരിച്ചു. നേരത്തെ നടത്തിയ പരിശോധനയിലോ സ്‌കാനിങ്ങിലോ ഒന്നും കുട്ടിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ആശുപത്രി കുട്ടിയെ മാറ്റിയെന്നാണ് അച്ഛനും ബന്ധുക്കളും പറയുന്നത്. തന്റെ ഭാര്യ ഗർഭിണിയായത് മുതൽ ഇതേ ആശുപത്രിയിലെ രമാദേവിയെന്ന ഡോക്ടറെയാണ് കാണിച്ചിരുന്നത്. ആദ്യമാസം മുതൽ പരിശോധന നടത്തിയിട്ടും കുട്ടിക്ക് ഒരു കുഴപ്പവും ഉള്ളതായി ആശുപത്രി അധികൃതർ പറഞ്ഞില്ലെന്നും വിനീഷ് പറയുന്നു. ഇത് തന്റെ കുട്ടിയല്ല. ഇനി തന്റെ കുട്ടിയാണെങ്കിലും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച തങ്ങൾ എങ്ങനെ സഹിക്കണമെന്നും വിനീഷ് ചോദിക്കുന്നു.

ഗർഭിണിയായ ശേഷം ആറ് തവണ കുട്ടിയുടെ സ്ഥിതി സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിനായി സ്‌കാനിങ് നടത്തിയ ഡോക്ടർമാർ ഒരു പിഴവും കണ്ടെത്തിയില്ലെന്ന് പറഞ്ഞിരുന്നു. സിസേറിയൻ കഴിഞ്ഞപ്പോൾ കുട്ടിക്ക് വലത് കൈ പൂർണമായിട്ടും ഇല്ല. ഒരു കാലിന് വളവുമുണ്ട്. ഈ വിവരം ഡോക്ടർ ഉടൻ തന്നെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ബന്ധുക്കൾക്ക് സംശയം തോന്നിയതും ആശുപത്രിയിൽ ബഹളമുണ്ടായതും. പ്രശ്നം വഷളായപ്പോഴും തങ്ങളോട് കയർത്ത് സംസാരിക്കുകയാണ് രമാദേവിയും മകനും സംസാരിച്ചതെന്ന് വിനീഷ് പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് കുട്ടി ജനിച്ചത്. വലതു കൈയിലാതെ ജനിച്ച കുട്ടിയെ കണ്ട് ബന്ധുക്കളും മാതാപിതാക്കളും പരിഭ്രമത്തിലായി. ആശുപത്രിയിലെ ഡോക്ടർമാരോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി നൽകിയതുമില്ല. കുട്ടിക്ക് ഒരു കൈ ഇല്ലെന്നല്ലേ ഉള്ളൂ അതിന് ഇപ്പോൾ എന്താ, വേറെ കുഴപ്പമൊന്നുമില്ലല്ലോ എന്ന മറുപടി ഡോക്ടറുടെ മകൻ നൽകുകയും ഇതൊന്നും ഗണിച്ചറിയാൻ ജ്യോത്സ്യമൊന്നും പഠിച്ചിട്ടില്ലെന്നുമുള്ള മറുപടിയെത്തിയതോടെയാണ് ബന്ധുക്കൾ ക്ഷുഭിതരായത്.

കുട്ടിക്ക് ഡിസേബ്ലിറ്റി ടെസ്റ്റ് നടത്തിയത് തന്നെ ഗർഭിണിയായി അഞ്ചാം മാസത്തിലാണ്. ഇത് ഡോക്ടർ തന്നെ നേരിട്ട് സമ്മതിച്ചുവെന്ന് എസ്ഐ മറുനാടനോട് പറഞ്ഞു. ഈ അവസ്ഥയിൽ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയാലും പ്രസവം അനിവാര്യമാണ്. സാകാൻ ചെയ്തപ്പോൾ കുട്ടിക്ക് തലച്ചോറിനോ പൾസിനോ ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ കൈയുടെ കാര്യം ശ്രദ്ധയിൽപെട്ടില്ലെന്ന മറുപടുയാണ് രമാ ദേവി നൽകിയത്. ഇവർക്കെതിരെ വിശ്വാസ വഞ്ചനാക്കുറ്റമാണ് ചുമത്തി കേസെടുത്തിരിക്കുന്നത്.

ഗൗരീശപട്ടത്തെ ഗൗരീശ ആശുപത്രിയിൽ കുറ്റിച്ചൽ സ്വദേശിനിയായ ലാവണ്യ ആൺകുഞ്ഞിനെ പ്രസവിച്ചത്. സിസേറിയനിലൂടെയായിരുന്നു പ്രസവം. പ്രസവാനന്തരം ഡോക്ടർ യുവതിയുടെ ഭർത്താവ് വിനീഷിനെ വിളിച്ച് ആൺകുഞ്ഞാണെന്നും എന്നാൽ വലതു കൈ ഇല്ലെന്നും അറിയിക്കുകയായിരുന്നു. ഇതാണ് ബന്ധുക്കളെ സംശയത്തിലാക്കിയത്. ആദ്യ ആഴ്ചമുതൽ പ്രസവത്തിന്റെ രണ്ട് ദിവസം മുൻപ് വരെ ഇതേ ആശുപത്രിയിൽ സ്‌കാൻ ചെയ്തപ്പോഴൊന്നും കുഞ്ഞിന് ശരീരവളർച്ചയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടർമാർ അറിയിയിച്ചിട്ടില്ലെന്നാണ് വിനീഷ് പറയുന്നത്.

യാതൊരു കാരണവശാലും കുട്ടിയെ കൊണ്ട് പോകില്ലെന്ന് രക്ഷകർത്താക്കൾ പറഞ്ഞതോടെയാണ് പൊലീസിനും നിലപാട് കടുപ്പിക്കേണ്ടി വന്നത്. കുട്ടിക്ക് പ്രശ്നമുണ്ടെന്നത് ശരിയാണ്. അത് ആരുടെ ഭാഗത്ത് നിന്നുണ്ടായതാണെന്നും എന്താണ് സത്യാവസ്ഥയെന്നും കണ്ടെത്തേണ്ടതുണ്ട.കുട്ടിയെ ആശുപത്രി അധികൃതർ മാറ്റിയതായ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താമെന്നും പൊലീസ് ഉറപ്പ് നൽകി. എന്നിട്ടും രക്ഷകർത്താവ് വഴങ്ങാതെ വന്നപ്പോൾ എങ്കിൽ കുട്ടിയെ ഞങ്ങൾ കൊണ്ട് പൊയ്ക്കോളാമെന്നും ഇത് പരിശോധിക്കാനും കുട്ടിയെ സംരക്ഷിക്കാനും സർക്കാറിന്റെ സംവിധാനങ്ങളുണ്ടെന്നും പറഞ്ഞപ്പോഴാണ് രക്ഷകർത്താവ് ഒന്ന് തണുത്തത്.അത്തരമൊരു സാഹചര്യത്തിൽ കുട്ടിയുടെ പിതാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ തന്റെ ഔദ്യോഗിക ചുമതലയെന്ന രീതിയിലാണ് കുട്ടിയെ ഏറ്റെടുക്കുമെന്ന ഒരു അറ്റകൈ പ്രയോഗം നടത്തിയതെന്നും എസ്ഐ പറയുന്നു.

അതേ സമയം ഡോക്ടർക്കെതിരെയും ആശുപത്രിക്കെതിരെയും കേസ് എടുത്തിട്ടുണ്ടെങ്കിലും വലിയ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വന്നേക്കില്ലെന്നാണ് വിവരം. ഗർഭസ്ഥ ശിശു അമ്മയുടെ ജീവന് അപകടം സൃഷ്ടിക്കുന്നുവെങ്കിൽ മാത്രം ഗർഭ ധാരണം ഒഴിവാക്കാം. കുട്ടിക്ക് വൈകല്യങ്ങളും ആരോഗ്യ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഭ്രൂണഹത്യ നടത്തുന്നത് മെഡിക്കൽ എത്തിക്സിനും യോജിച്ചതല്ല. അതുകൊണ്ട് തന്നെ സ്‌കാൻ റിപ്പോർട്ടിലെ വിവരങ്ങൾ അതേ പടി പറയണമെന്ന് നിയമമില്ല. പ്രത്യേകിച്ച് ഭ്രൂണഹത്യയിലേക്ക് കടക്കാനുള്ള സാഹചര്യമുള്ളതുകൊണ്ട്. ഇവിടെ കുട്ടിയെ മാറ്റിയെന്ന ആരോപണം മാത്രമാണ് നിലനിൽക്കുന്നത്.

ഇതിലെ സത്യാവസ്ഥ അറിയാൻ ഡിഎൻഎ ടെസ്റ്റിലൂടെ കഴിയും. കൈയില്ലാത്ത കുട്ടിയുടെ മതാപിതാക്കളെ ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചാൽ കുട്ടി മാറിയോ എന്ന് അറിയാനാകും. കുട്ടി മാറിയിട്ടില്ലെന്ന് തെളിഞ്ഞാൽ ആശുപത്രിക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയില്ലെന്നാണ് വിദഗ്ധരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP