Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ദുരന്തനിവാരണ പദ്ധതിയുമായി സർക്കാർ; ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും 20 പേരടങ്ങുന്ന ലോക്കൽ റിസോഴ്‌സ് ഗ്രൂപ്പ്; എല്ലാ ഗ്രാമപഞ്ചായത്തുകളും ദുരന്തനിവാരണ പദ്ധതികളും തയ്യാറാക്കി 25നകം നൽകാൻ നിർദ്ദേശം; ജനപങ്കാളിത്തത്തോടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും പദ്ധതി വഴി നീക്കം; പ്രളയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഒരുപടി മുന്നിൽ കുതിക്കാൻ സർക്കാർ

ഗീവർഗീസ് എം.തോമസ്

തിരുവനന്തപുരം: കേരളത്തിൽ പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ദുരന്ത നിവാരണ പദ്ധതികൾ ആവിഷ്‌കരിക്കാൻ സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെയുള്ള ദുരന്ത പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകൾ, ബോധവൽകരണ സെമിനാറുകൾ തുടങ്ങിയവയും നടത്തണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നത്.

ഇതിനായി എമർജൻസി റെസ്‌പോൺസ് ടീമിനെയും ലോക്കൽ റിസോഴ്സ് ഗ്രൂപ്പിനെയും രൂപീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനായി 20 അംഗങ്ങൾ അടങ്ങുന്ന ലോക്കൽ റിസോഴ്സ് ഗ്രൂപ്പ് കളും രൂപീകരിക്കും.

ഇവർക്ക് കില അഥവാ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനും ദുരന്ത നിവാരണ അഥോറിറ്റിയും സംയുകതമായി പരിശീലനം നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പൊതുവിവരങ്ങൾ, അപകട സാധ്യത നിറഞ്ഞതും ദുരന്ത ദുർബല സ്ഥിതി സ്ഥലങ്ങളുടേതുമായ രൂപരേഖ, ക്ഷമതയും വിഭവങ്ങളും, ദുരന്ത പ്രതികരണ ആസൂത്രണ രേഖ, ദുരന്ത അതിജീവന തയ്യാറെടുപ്പുകൾ, ദുരന്ത ലഘൂകരണം, സാമൂഹിക ശാക്തീകരണ പദ്ധതി തുടങ്ങിയവ ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതി വാർഷിക പദ്ധതിയുമായി ഏകോപിപ്പിക്കണം. പ്രാദേശികമായി ലഭിച്ച സ്ഥിതിവിവര കണക്കുകൾ ശേഖരിച്ച് അവസ്ഥാ പഠനങ്ങൾ നടത്തുകയും കരട് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുകയും വേണം. അന്തിമ ദുരന്ത നിവാരണ പദ്ധതി പ്രത്യേക വികസന സെമിനാറുകളിൽ ചർച്ചയ്ക്കുവച്ച് തദ്ദേശ സ്വയംഭരണ സമിതിയുടെ അംഗീകാരത്തിനു വിധേയമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 2020-2021 വാർഷിക പദ്ധതിയോടൊപ്പം എല്ലാ ഗ്രാമപഞ്ചായത്തുകളും ദുരന്ത നിവാരണ പദ്ധതികളും തയ്യാറാക്കി ഈ മാസം 25നകം സമർപ്പിക്കണമെന്നാണ് സർക്കാരിന്റെ ഈ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്

അതെ സമയം കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു ദുരന്ത ലഘൂകരണ പദ്ധതി ഉണ്ടായിരിക്കണമെന്ന് നിർബന്ധമാണ്. ഇതിനനുസരിച്ചാണ് കേരളത്തിന്റെ ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിൽ ഉണ്ടാകുവാൻ സാധ്യതയുള്ള 39വിവിധ ദുരന്ത സാഹചര്യങ്ങളാണ് ഈ പദ്ധതി രേഖയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. മാറിവരുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിന്റെ പ്രകൃതി ദുരന്ത സാഹചര്യങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതാണ്.

ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾ 2015-ൽ ജപ്പാനിൽ'സെൻഡായി'യിൽ ഒപ്പുവെച്ച കരാറിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളെ കുറിച്ചു നിർദ്ദേശിച്ചിട്ടുണ്ട്. പ്രസ്തുത കരാറിന് അനുസൃതമായി കേരളത്തിന്റെ പൊതു പദ്ധതി നിർവഹണത്തിൽ ദുരന്ത ലഘൂകരണത്തിന് ഉതകുന്ന ഘടകങ്ങളും ഉണ്ടായിരിക്കണം.

പൊതുവെ കേരളത്തിൽ ഉണ്ടാകുവാൻ സാധ്യതയുള്ള ദുരന്തങ്ങൾക്ക് തയ്യാറെടുപ്പ് നടത്തേണ്ടുന്ന വകുപ്പുകളേത്, പ്രതികരണ നടപടികൾ സ്വീകരിക്കേണ്ട വകുപ്പുകളേത്,പുനർനിർമ്മാണ നടപടികൾ സ്വീകരിക്കേണ്ട വകുപ്പുകളേത്, ലഘൂകരണ നടപടികൾ സ്വീകരിക്കേണ്ട വകുപ്പുകളേത്, എന്നത് ഗൗരവമായി പരിശോധിക്കപ്പെടുകയും അതാതിന്റെ ഉത്തരവാദിത്വങ്ങൾ നിർവ്വചിക്കുകയും വേണം.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിലെ ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുവാൻ ഉദ്ദേശിക്കുന്ന ഏഴു പ്രധാനപ്പെട്ട മേഖലകളായി കരുതുന്നത് സാമൂഹ്യാധിഷ്ഠിത ദുരന്തനിവാരണം, സംസ്ഥാന ദുരന്തപ്രതികരണ സേനയുടെ ശാക്തീകരണം,അഗ്‌നിശമന സേനയുടെ ശാക്തീകരണം,അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളുടെ ശാക്തീകരണം, ദുരന്ത ലഘൂകരണത്തിനുതകുന്ന ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികസനം,പൊതു വികസനപദ്ധതിയിൽ ദുരന്ത ലഘൂകരണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കൽ,ദുരന്തസാധ്യത അപഗ്രഥനത്തിന്റെയും ജില്ലാ-സംസ്ഥാന ദുരന്ത ലഘൂകരണ പദ്ധതികളുടെയും പുതുക്കൽ തുടങ്ങിയവയാണ്. അതിനാൽ പ്രകൃതി ദുരന്തം ഉണ്ടായതിനു ശേഷമുള്ള പ്രതികരണ പ്രവർത്തനങ്ങളോടൊപ്പം ദുരന്ത ലഘൂകരണത്തിൽ ഊന്നിയുള്ള ഒരു പ്രവർത്തനമാണ് കാലത്തിനു അനിവാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP