Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

കെഎസ്ആർടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സർക്കാർ; എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല; പത്ത് വർഷം സേവനം ലഭിച്ചവരും; എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചവരേയും സ്ഥിരപ്പെടുത്തും; ആനവണ്ടിയെ കരകയറ്റാൻ ഒരുങ്ങി പിണറായി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:കെഎസ്ആർടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്‌സി-എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും തുടങ്ങിയ പ്രഖ്യാപനങ്ങൾ അടക്കമാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

മുഖ്യമന്ത്രിയുടെ വാക്കുകൾ: കോവിഡ് മഹാമാരി പൊതുമേഖല ഗതാഗത സംവിധാനത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ലോക്ക്‌ഡൗണിന് ശേഷവും പൊതുഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല. ഇത് കെഎസ്ആർടിസിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കെഎസ്ആർടിസി പുനരുദ്ധാരണത്തിന് പുതിയ പാക്കേജ് സർക്കാർ തയ്യാറാക്കുകയാണ്.

കഴിഞ്ഞ പാക്കേജിനെക്കുറിച്ച് എല്ലാവർക്കും അറിയാം. അത് എന്തുകൊണ്ട് നടപ്പിലായില്ല എന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സർക്കാർ പറഞ്ഞ വാക്ക് പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷവും 1000 കോടി വീതം കെഎസ്ആർടിസിക്ക് സർക്കാർ നൽകി. നടപ്പു വർഷത്തിൽ സർക്കാർ നൽകുന്ന സഹായം 2000 കോടിയിൽ ഏറെ വരും.

ആകെ 4600 കോടി രൂപ കെഎസ്ആർടിസിക്ക് ഈ സർക്കാർ ഇതുവരെ നൽകിയിട്ടുണ്ട്. യുഡിഎഫിന്റെ അഞ്ചുവർഷത്തെ ഭരണകാലത്ത് ആകെ നൽകിയ സഹായം 1220 കോടി രൂപയായിരുന്നു. എന്നിട്ടും സർക്കാറിന്റെ അവഗണനയെക്കുറിച്ച് പലകോണിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇതിൽ റെയിൽവേ പോലും വിറ്റഴിക്കുന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ട്രേഡ് യൂണിയനാണ് മുന്നിൽ എന്നത് പരിഹാസ്യമാണ്.

കെഎസ്ആർടിസിയെ പുനരുദ്ധരിക്കും. പുതിയ പാക്കേജിലൂടെ തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകും. ബാങ്കുകൾ,എൽഐസി, കെഎസ്എഫ്ഇ, തുടങ്ങിയ സ്ഥാപനങ്ങളുടെ ശമ്പള റിക്കവറികൾ കുടിശികയാണ്. ജൂൺ മാസം വരെ 255 കോടി രൂപ ഈ വകകളിൽ 2016 മുതൽ നൽകാനുണ്ട്. ഈ തുക സർക്കാർ അടിയന്തിരമായി കെഎസ്ആർടിസിക്ക് നൽകും. 2012 ന് ശേഷം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടില്ല. ചർച്ചകൾ നടത്തിയിരുന്നില്ല. അത് മനസിലാക്കി എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാല ആശ്വാസം നൽകും.

ഇതിനുള്ള അധിക തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. ശമ്പള പരിഷ്‌കരണത്തിന് ചർച്ച തുടങ്ങും. എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്‌സി-എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവരെ സിഫ്റ്റിൽ നിയമിക്കും.സ്‌കാനിയ, ദീർഘദൂര ബസ്, കിഫ്ബി വഴി വാങ്ങുന്ന ബസുകളും സിഫ്റ്റ് വഴിയാവും പ്രവർത്തിക്കുക. കെഎസ്ആർടിസി സർക്കാരിന് നൽകാനുള്ള 941 കോടിയുടെ പലിശ എഴുതി തള്ളും.

3600 കോടിയുടെ വായ്പ ഓഹരിയാക്കും. കൺസോർഷ്യവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സർക്കാരിൽ നിന്നല്ലാതെ കോർപ്പറേഷന് വായ്പയെടുക്കാനാവില്ല. വരുമാനം വർധിപ്പിക്കാനും ,ചെലവ് ചുരുക്കാനും നടപടികൾ. ഈ വിടവ് 500 കോടിയായി കുറയ്ക്കാൻ ലക്ഷ്യം.പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചർച്ച ചെയ്യും. കെഎസ്ആർടിസിക്ക് പരമാവധി സഹായം സർക്കാർ നൽകും. ഇതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ലെന്ന് കരുതുന്നു. മാനേജ്‌മെന്റുകളുമായി ചർച്ച ചെയ്യും. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP