Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദേശ വകുപ്പിൽ ഇനി തരികിട കളികൾ നടക്കില്ല; കൈക്കൂലി ചോദിച്ചാലും കാര്യം നടന്നില്ലെങ്കിലും പരാതി നൽകാൻ 'ഫോർ ദ പീപ്പിൾ' റെഡി; വകുപ്പിനെ ക്ലീൻ ആക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ വെബ്‌സൈറ്റ് അഴിമതിക്കെതിരായ യുദ്ധത്തിൽ സർക്കാരിന്റെ മുഖമുദ്രയാകുമോ?

തദ്ദേശ വകുപ്പിൽ ഇനി തരികിട കളികൾ നടക്കില്ല; കൈക്കൂലി ചോദിച്ചാലും കാര്യം നടന്നില്ലെങ്കിലും പരാതി നൽകാൻ 'ഫോർ ദ പീപ്പിൾ' റെഡി; വകുപ്പിനെ ക്ലീൻ ആക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ വെബ്‌സൈറ്റ് അഴിമതിക്കെതിരായ യുദ്ധത്തിൽ സർക്കാരിന്റെ മുഖമുദ്രയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന പ്രഖ്യാപിത അജണ്ടയുമായാണ് ഇടതുപക്ഷം ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിക്കാര്യത്തിൽ ഒട്ടും പിന്നിലല്ലെന്ന് കുപ്രസിദ്ധി നേടിയ തദ്ദേശ സ്വയംഭരണ വകുപ്പിനെ അഴിമതി മുക്തമാക്കുന്നതിന് ചുവടുവച്ചുകൊണ്ട് ഇപ്പോൾ സർക്കാർ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നു. ഫോർ ദ പീപ്പിൾ എന്ന പേരിൽ തുടങ്ങിയ വെബ്‌സൈറ്റാണ് ജനങ്ങളിൽ നിന്ന് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് സ്വീകരിക്കുക. സേവന സംബന്ധമായും അഴിമതി സംബന്ധമായും എന്തു പരാതികൾ ഉണ്ടെങ്കിലും ഓൺലൈനായി സമർപ്പിക്കാനാണ് ഈ വെബ്‌സൈറ്റിലൂടെ സർക്കാർ സൗകര്യമൊരുക്കിയിട്ടുള്ളത്.

മാസങ്ങൾക്കുമുമ്പുതന്നെ തദ്ദേശ വകുപ്പിനെ കഌൻ ആക്കാൻ ഉദ്ദേശിച്ച് ഇത്തരമൊരു സൈറ്റ് ആരംഭിക്കുന്നതായി മന്ത്രി കെ ടി ജലീൽ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂച്ചുവിലങ്ങിടുകയാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ പോലും നിശ്ചിത ദിവസത്തിനുള്ളിൽ ഉപഭോക്താവിന് ലഭിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും എന്നാൽ എത്രകാലം നീട്ടിവയ്ക്കാമെന്ന നിലയിലാണ് അപേക്ഷകളിൽ തീരുമാനമെടുക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. തൊട്ടതിനെല്ലാം കൈക്കൂലിയെന്ന നയമാണ് കാലങ്ങളായി ഒരു വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.

നിരവധി ആവശ്യങ്ങളുമായി ജനം നേരിട്ട് ബന്ധപ്പെടുന്ന വകുപ്പാണ് തദ്ദേശ വകുപ്പും അതിലെ സ്ഥാപനങ്ങളും. സർക്കാർ സഹായത്തിനുള്ള അപേക്ഷമുതൽ മേലോട്ട് നിരവധി ആവശ്യങ്ങൾ നൽകേണ്ട സ്ഥാപനങ്ങൾ അഴിമതിയുടെ കൂത്തരങ്ങാണ്. ഒരു സ്ഥാപനത്തിനെതിരെയെങ്കിലും അഴിമതി വർത്തമാനങ്ങൾ പുറത്തുവരാത്ത ദിവസങ്ങളിലെന്നുതന്നെ പറയാം. ഇതിന് ഒരു അറുതിവരുത്താൻ കഴിയുന്ന വിധത്തിലാണ് ഇപ്പോൾ വെബ്‌സൈറ്റ് എത്തിയിട്ടുള്ളത്. പേരും വ്യക്തിവിവരങ്ങളും നൽകണമെങ്കിലും ഇത് വെളിപ്പെടുത്തരുതെന്ന ഉപാധി വച്ചുകൊണ്ടുപോലും പരാതികൾ ഓൺലൈനായി നൽകാമെന്നതിനാൽ ഇപ്പോൾ തുടങ്ങിയ വെബ്‌സൈറ്റിന് വൻ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജനുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സമാനമായ രീതിയിൽ ഒരു സംരംഭം തുടങ്ങണമെങ്കിൽ പോലും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഉൾപ്പെടെ ലഭിക്കണം. ഇതിന് പലപ്പോഴും തടസ്സം നിൽക്കുന്നതും അപേക്ഷകൾ വച്ചുനീട്ടിക്കൊണ്ടു പോകുന്നതും സ്ഥിരം പ്രവണതയാണെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഒരു സംരംഭം തുടങ്ങാൻ എളുപ്പം സാധിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം 18 ആണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിചാരിച്ചാൽ അത് 10നുള്ളിൽ എത്തിക്കാം. ഇത്തരത്തിൽ കൈക്കൂലി തടയുന്നതിനൊപ്പം വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കൂടി പ്രയോജനപ്പെടുംവിധമാണ് സൈറ്റിന്റെ ക്രമീകരണം.

ഫോർ ദ പീപ്പിൾ ഇപ്പോൾ തലസ്ഥാന ജില്ലയ്ക്ക് മാത്രം

pglsgd.kerala.gov.in എന്ന വിലാസത്തിലാണ് ഫോർ ദ പീപ്പിൾ സൈറ്റ് തുടങ്ങിയിട്ടുള്ളത്. നിലവിൽ തലസ്ഥാന ജില്ലയിലെ പരാതികൾ മാത്രമേ സ്വീകരിക്കാൻ സജ്ജീകരണം ഒരുക്കിയിട്ടുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം. ഇത് നിരീക്ഷിച്ച ശേഷം വിപുലപ്പെടുത്തി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. മലയാളത്തിലും ഇംഗഌഷിലും പരാതികൾ നൽകാം. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കൂടി ഭാഗമായാണ് സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്.
സൈറ്റിന്റെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു.

'തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഫോർ ദ പീപ്പിൾ എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (ഓഡിയോ, വീഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.'

ഫോർ ദ പീപ്പിളിൽ പരാതികൾ സമർപ്പിക്കേണ്ടത് ഇങ്ങനെ

സൈറ്റിന്റെ ഹോംപേജിൽ പരാതികൾ സമർപ്പിക്കേണ്ട ലിങ്കിൽ കഌക്ക് ചെയ്താൽ എത്തുന്നത് സത്യപ്രസ്താവന നൽകേണ്ട പേജിലാണ്. വിവരാവകാശം, കോടതി, മതപരം, രാഷ്ട്രീയം, ഉദ്യോഗസ്ഥരുടെ സർവീസ് റൂൾസ് എന്നിവ സംബന്ധിച്ച പരാതികൾ സൈറ്റിൽ സ്വീകരിക്കില്ല. ഇവയിൽ ഉൾപ്പെട്ടതല്ല പരാതി എന്ന സത്യവാങ്മൂലം അംഗീകരിച്ചതായി രേഖപ്പെടുത്തിയ ശേഷം സമർപ്പിച്ചാൽ പരാതി നൽകാനുള്ള പേജിലേക്കെത്തും. പേര് വിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഏതു സ്ഥാപനത്തെ സംബന്ധിച്ചാണ് പരാതിയെന്നും മറ്റും തിരഞ്ഞെടുക്കണം. തുടർന്ന് പരമാവധി 400 വാക്കുകളിൽ പരാതി നൽകാം.

മുൻപ് നൽകിയ പരാതിയാണെങ്കിൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും സൗകര്യമുണ്ട്. നിങ്ങളുടെ സേവനം സംബന്ധിച്ചുള്ള പരാതികളും അഴിമതി സംബന്ധിച്ചുള്ള പരാതികളും പ്രത്യേകമായി നൽകാം. പ്രവാസികൾക്കും പരാതി നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതി സംബന്ധിച്ച രേഖകൾ ഇതോടൊപ്പം അറ്റാച്ച് മെന്റായി സമർപ്പിക്കാം. ഇത്തരത്തിൽ നൽകിയ പരാതിയുടെ നമ്പരും നിങ്ങളുടെ മൊബൈൽ നമ്പരും നൽകിയാൽ പിന്നീടുള്ള ദിവസങ്ങളിൽ പരാതിയുടെ സ്ഥിതി മനസ്സിലാക്കാം.

നടപടിയുണ്ടായാൽ വിവരം സന്ദേശമായി അറിയിക്കാനും സൗകര്യമുണ്ട്. കഴിഞ്ഞദിവസം തുടങ്ങിയ സൈറ്റിൽ ഇപ്പോൾ തിരുവനന്തപുരം ജില്ലയിലെ പരാതികൾ മാത്രമാണ് സ്വീകരിക്കുന്നത്. ഇതിനകം ഏഴുപേരാണ് പരാതി നൽകിയത്. വരും ദിവസങ്ങളിൽ സൈറ്റിന്റെ പ്രവർത്തനം പടിപടിയായി മെച്ചപ്പെടുത്തും. സൈറ്റ് പൂർണസജ്ജമാകുന്നതോടെ നിരവധി പരാതികൾ സൈറ്റിലൂടെ എത്തുമെന്നാണ് അധികൃതർ കരുതുന്നത്. ഇവ പരിശോധിക്കാൻ ഓരോ ജില്ലയിലും പ്രത്യേകം വിഭാഗം രൂപീകരിക്കാനാണ് സർക്കാർ ആലോചന.

സൈറ്റ് സന്ദർശിക്കാനോ പരാതി സമർപ്പിക്കാനോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP