Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ സമയമാറ്റം അടക്കമുള്ള ശുപാർശകൾ വിവാദമായതോടെ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവിടാതെ സർക്കാർ; അക്കാദമികതലത്തിൽ വരുത്തുന്ന നിർദ്ദേശങ്ങൾ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് കണക്കുകൂട്ടി വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ടിന്റെ ആദ്യ ഭാഗം നടപ്പാക്കാൻ ഉദ്യോഗസ്ഥ തല യോഗം ചേർന്നിട്ടും പൂർണരൂപം പുറത്തുവിടാതെ ഒളിച്ചുകളി

സ്‌കൂൾ സമയമാറ്റം അടക്കമുള്ള ശുപാർശകൾ വിവാദമായതോടെ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തുവിടാതെ സർക്കാർ; അക്കാദമികതലത്തിൽ വരുത്തുന്ന നിർദ്ദേശങ്ങൾ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് കണക്കുകൂട്ടി വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ടിന്റെ ആദ്യ ഭാഗം നടപ്പാക്കാൻ ഉദ്യോഗസ്ഥ തല യോഗം ചേർന്നിട്ടും പൂർണരൂപം പുറത്തുവിടാതെ ഒളിച്ചുകളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ മികവിനായുള്ള ഖാദർ കമ്മിറ്റി റിപ്പോട്ടിന്റെ പൂർണ രൂപം പുറത്തുവിടാതെ സർക്കാർ. ഡോ.എം എ ഖാദർ അധ്യക്ഷനായ വിദഗ്ദ്ധ സമിതി സെപ്റ്റംബർ 22 ന് ഒരു റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചെങ്കിലും ഇതു വരെയും റിപ്പോർട്ടിന്റെ പൂർണ രൂപം പുറത്തു വന്നിട്ടില്ല. റിപ്പോർട്ട് വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുകയാണ്.

ഒന്നാം ഭാഗം 2018 ൽ പ്രസിദ്ധീകരിച്ചപ്പോൾ വലിയ വിവാദങ്ങളും എതിർപ്പുകളും. ഉയർന്നു വന്നിരുന്നു. വിശേഷിച്ചും ഹയർ സെക്കന്ററിയെ പൊതു സ്‌കൂൾ വിദ്യാഭ്യാസവുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അദ്ധ്യാപക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. പുതിയ റിപ്പോർട്ടിൽ അക്കാദമിക തലത്തിൽ വരുത്താൻ പോകുന്ന നിരവധി നിർദ്ദേശങ്ങൾ പ്രതിഷേധത്തിന് കാരണമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് റിപ്പോർട്ട് അദ്ധ്യാപക സംഘടനാ പ്രതിനിധികൾക്ക് പോലും നൽകാതെ, വിശദമായ വാർത്താക്കുറിപ്പ് മാത്രം നൽകിയതെന്നാണ് സൂചന.

എന്നാൽ, അതേ സമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് പൊതു ചർച്ചക്ക് സമർപ്പിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ വാർത്താകുറിപ്പിന്റെ അടിസ്ഥാനത്തിൽ ആണോ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്‌ക്കേണ്ടത് എന്ന ചോദ്യമുയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കുറിപ്പിൽ പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും വിട്ടു കളഞ്ഞുവെന്ന് വിദ്യാഭ്യാസ പ്രവർത്തകർ കരുതുന്നുണ്ട്.

സ്‌കൂൾ സമയമാറ്റം പോലെ ചില വിവാദ കാര്യങ്ങൾ, റിപ്പോർട്ടിൽ നിന്ന് സർക്കാർ ഉയർത്തിക്കാണിക്കുന്നുണ്ട്. എന്നാൽ, അതിനേക്കാൾ ഗുരുതരവും വിമർശനം ക്ഷണിച്ചു വരുത്തുന്നതുമായ കാര്യങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ടാവാം എന്നതിനാലാണ് സർക്കാർ പൂർണ റിപ്പോർട്ട് ലഭ്യമാക്കാൻ മടിക്കുന്നത് എന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവരുടെ ആശങ്ക

അതേ സമയം വിവാദമായ റിപ്പോർട്ടിന്റെ ആദ്യ ഭാഗം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥ തല യോഗം ചേരുകയും ചെയ്തു. പൊതു വിദ്യാഭ്യാസത്തെ സമഗ്രമായി
ബാധിക്കുന്ന റിപ്പോർട്ട് ആയതിനാൽ വിശദ പരിശോധനക്കായി ആ റിപ്പോർട്ടിന്റെ പൂർണ രൂപം ഉടനെ പുറത്തു വിടണമെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ഭാരവാഹികളായ പ്രൊഫ. ജോർജ് ജോസഫ്, എം ഷാജർഖാൻ, അഡ്വ ഇ എൻ ശാന്തിരാജ് എന്നിവർ
ആവശ്യപ്പെട്ടു.

ഖാദർ കമ്മിറ്റിയുടെ ചില ശുപാർശകൾ

സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ ശുപാർശ. 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗിക്കാം.

ക്ലാസുകളിലെന്ന പോലെ സ്‌കൂളുകളിലും ആകെ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു.

എഴുത്തുപരീക്ഷാരീതി കാലോചിതമായി പരിഷ്‌കരിക്കുകയും പൊതുപരീക്ഷാദിനങ്ങൾ കുറയ്ക്കുകയും വേണം. ഇതിനായി എസ്എസ്എൽസി, ഹയർ സെക്കൻഡറി കുട്ടികളെ ഇടകലർത്തിയിരുത്തി ദിവസവും 2 പരീക്ഷകൾ നടത്താം. ഏപ്രിലിൽ തന്നെ പൊതുപരീക്ഷകൾ നടത്തുന്നതാണ് ഉചിതം.

 എസ്എസ്എൽസിക്കും ഹയർ സെക്കൻഡറിക്കും ഗ്രേസ് മാർക്ക് കൊണ്ടു നേടാവുന്ന ഉയർന്ന സ്‌കോർ ഒരു വിഷയത്തിൽ പരമാവധി 79 % ആയി (ബി പ്ലസ്) പരിമിതപ്പെടുത്തണം. നിലവിൽ എസ്എസ്എൽസിക്കു 90% മാർക്ക് വരെയും ഹയർ സെക്കൻഡറിക്കു 100% മാർക്കും ഗ്രേസ് മാർക്കിലൂടെ നേടാം.

 അദ്ധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്‌മെന്റ് ബോർഡ് രൂപീകരിക്കണം. അദ്ധ്യാപക നിയമനസ്ഥാനക്കയറ്റ രീതി പരിഷ്‌കരിക്കണം. സ്‌കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രം നോക്കാതെ മറ്റു മികവുകൾ കൂടി പരിഗണിച്ചാകണം.

 എയ്ഡഡ് സ്‌കൂൾ തസ്തിക അംഗീകാര വ്യവസ്ഥ പരിഷ്‌കരിക്കണം. വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ. എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'സമന്വയ' പോർട്ടൽ വഴിയാകണം.

 സൗജന്യ ഉച്ചഭക്ഷണം 12ാം ക്ലാസ് വരെ നൽകണം. നിലവിൽ 8ാം ക്ലാസ് വരെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP