Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യം ഫിറോസ് കുന്നുംപറമ്പിൽ ചെയ്യുമ്പോൾ പാരയുമായി സർക്കാർ; ഓൺലൈൻ വഴിയുള്ള ചികിത്സ ചെലവ് കണ്ടെത്തുന്നത് സർക്കാരിന്റെ വി-കെയർ പദ്ധതി വഴി മാത്രം ആണെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അറിയിച്ച് ആരോഗ്യമന്ത്രി; സോഷ്യൽ മീഡിയ ചികിത്സ തട്ടിപ്പിനുള്ള നിയന്ത്രണം സ്വാഗതം ചെയ്യുമ്പോൾ നന്മ മരങ്ങളെ തടഞ്ഞ് പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് സോഷ്യൽ മീഡിയ

സർക്കാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യം ഫിറോസ് കുന്നുംപറമ്പിൽ ചെയ്യുമ്പോൾ പാരയുമായി സർക്കാർ; ഓൺലൈൻ വഴിയുള്ള ചികിത്സ ചെലവ് കണ്ടെത്തുന്നത് സർക്കാരിന്റെ വി-കെയർ പദ്ധതി വഴി മാത്രം ആണെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അറിയിച്ച് ആരോഗ്യമന്ത്രി; സോഷ്യൽ മീഡിയ ചികിത്സ തട്ടിപ്പിനുള്ള നിയന്ത്രണം സ്വാഗതം ചെയ്യുമ്പോൾ നന്മ മരങ്ങളെ തടഞ്ഞ് പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലക്ഷങ്ങൾ പോക്കറ്റിൽ നിന്ന് ചെലവാക്കേണ്ട ഗുരുതരരോഗ ചികിത്സയക്ക് പണമില്ലാതെ വിഷമിക്കുന്നവർ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. ഒരത്താണിയുമില്ലാതെ വലയുന്നവർക്ക് കൈത്താങ്ങായി എത്തുന്നത് കാരുണ്യനിറവുള്ള മനസ്സുകളാണ്. സോഷ്യൽ മീഡിയ വന്നതോടെ സുമനസുകളിലേക്ക്എത്താനുള്ള വഴി എളുപ്പമായി. സാങ്കേതിക മികവുകൾ നന്മയ്ക്കായി ഉപയോഗിക്കുന്നത് തെറ്റെന്ന് ആർക്കുപറയാനാവും. പട്ടിണിക്കാർക്ക് ഭക്ഷണം കൊടുത്തുതുടങ്ങി, അനാഥരായവരെയും അശരണരെയും ഏറ്റെടുത്ത് രോഗികളുടെയും പട്ടിണിക്കാരുടെയും കണ്ണീരൊപ്പാൻ സോഷ്യൽ മീഡിയ വഴി സഹായം എത്തിക്കുന്ന ഫിറോസ് കുന്നുംപറമ്പിൽ ഉദാഹരണം. അസൂയക്കാർ ഏഷണിയുമായി ഉണ്ടെങ്കിലും ഫിറോസിനെ പോലുള്ള നന്മ മരങ്ങളുടെ സദ്പ്രവൃത്തി എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാവും? എന്നാൽ, തട്ടിപ്പുക്കാരെ പിടികൂടാനെന്ന പേരിൽ, ഓൺലൈൻ വഴിയുള്ള ചികിത്സ ചെലവ് കണ്ടെത്തുന്നത് സർക്കാരിന്റെ വി-കെയർ പദ്ധതി വഴി മാത്രം ആണെന്നും അല്ലാത്തവർക്കെതിരെ നടപടി ഉണ്ടാവുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം. സോഷ്യൽ മീഡിയ ചികിത്സ തട്ടിപ്പിനുള്ള നിയന്ത്രണം തീർച്ചയായും നല്ലത് തന്നെ. കള്ളനാണയങ്ങളെ തുരത്തണം. എന്നാൽ, എല്ലാ നന്മ മരങ്ങളെയും സംശയിക്കേണ്ടതുണ്ടോ?

ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് ഇങ്ങനെ:

ഓൺലൈൻ ചികിത്സ സഹായം അഭ്യർത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായ റിപ്പോർട്ടിനെ തുടർന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യർത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുരുതര രോഗബാധിതരായവർക്കും ഭാരിച്ച ചികിത്സ ചെലവുകൾ ആവശ്യമായി വരുന്നവർക്കും സഹായം എത്തിക്കാനായാണ് സർക്കാർ തന്നെ വി കെയർ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകൾക്കാണ് ഈ പദ്ധതിയിലൂടെ സഹായം നൽകി വരുന്നത്. സർക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയർ പ്രവർത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാൻ സന്മസുള്ളവർ ധാരളമുണ്ട്. അവർ സംഭാവന നൽകുന്ന തുക അർഹിക്കുന്ന ആളുകളിൽ എത്തിക്കാൻ വി കെയർ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയർ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ പൂർണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകൾ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കൽ ബോർഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അർഹരായവർക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവർക്ക് ഉൾപ്പെടെ വി കെയറിലേക്ക് സംഭാവന നൽകാൻ കഴിയുന്ന എഫ്.സി.ആർ.എ. രജിസ്ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകൾക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓൺലൈൻ പേയ്മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകൾ നൽകാവുന്നതാണ് (http://www.oscialsecuritymission.gov.in) വിദേശത്തുള്ളവർ കറണ്ട് അക്കൗണ്ട്നമ്പർ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവർ എസ്.ബി.അക്കൗണ്ട് നമ്പർ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകൾ നൽകാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോർഡറായും സംഭാവനകൾ നൽകാവുന്നതാണ്.

കണ്ണൂരിലെ അഴീക്കോട് സ്വദേശിനിയും പതിമൂന്നുവയസുകാരിയുമായ ആര്യ എന്ന പെൺകുട്ടി രോഗം മൂലം കഷ്ടപ്പെടുന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറംലോകം അറിയുകയും, ബഹറൈനിലെ ഒരു സോഷ്യൽ ഗ്രൂപ്പിൽ ചർച്ചയാവുകയു ചെയ്തപ്പോഴാണ് അത് അവിടെയുള്ള മലയാളികൾ ഏറ്റെടുത്തത്. ജീവിതം വളരെ ചെറുതാണെന്ന ബോധ്യം ഉണ്ടാകുമ്പോഴാണ് പരസ്പരം സഹായിക്കാനുള്ള മനസ് കൈവരുന്നത്.

പാലക്കാട്ടുകാരനായ ഫിറോസ് കുന്നുംപറമ്പിൽ ഫേസ്‌ബുക്കിൽ ലൈവ് ഇട്ടാൽ കുറഞ്ഞത് 50 ലക്ഷം ബാങ്ക അക്കൗണ്ടിൽ എത്തുന്നുണ്ടെങ്കിൽ അതിനർഥം മലയാളികൾ അയാളെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നാണ്. ആലത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വരുന്ന വഴി ബൈക്കപകടത്തിൽ പെട്ട കുട്ടികൾക്കുവേണ്ടിയാണ് 34 മണിക്കൂർ കൊണ്ട് ഒരു കോടി 17 ലക്ഷം രൂപ ശേഖരിച്ചിരുന്നത്. ഈ തുക ചെലവാക്കാൻ കഴിയാതെ വന്നതോടെയാണ് ഫിറോസ് സോഷ്യൽ മീഡിയയിലൂടെ ബാങ്കിനെതിരെ പ്രതിരോധം തീർത്തത്. സാധാരണക്കാരന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ എതിർപ്പുയർത്തിയ ബാങ്ക ഓഫ് ഇന്ത്യക്ക് പോലും പ്രശ്‌നം തീർത്ത് തലയൂരേണ്ടി വന്നു. എല്ലാ സഹായവും സർക്കാരിന്റെ വി-കെയർ വഴി മാത്രം മതിയെന്ന നിഷ്‌കർഷിക്കുമ്പോൾ ഇത്തരം നന്മമരങ്ങളുടെ വഴി അടയ്ക്കുക കൂടിയാണ് സർക്കാർ ചെയ്യുന്നത്. പുതിയ തീരുമാനം വരുത്തിതീർക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സർക്കാർ ആലോചിച്ചിട്ടുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്. അതേസമയം, ചികിത്സാ സഹായ തട്ടിപ്പുകാരെ കണ്ടം വഴി ഓടിക്കേണ്ടത് അത്യാവശ്യമെന്ന കാര്യം ശരിവയ്ക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP