Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

ഭരണഘടന നൽകുന്ന അധികാരം നടപടിക്രമങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ളതല്ലെന്ന സുപ്രീംകോടതി വിധിയെ ഗൗരവത്തോടെ എടുത്തു; വിയോജിപ്പ് രേഖപ്പെടുത്തി ആ ബില്ലുകൾ രാഷ്ട്രപതിക്ക് നൽകുന്നതും തന്ത്രങ്ങളുടെ ഭാഗം; ഗവർണ്ണർക്കെതിരായ കേരളാ കേസിൽ ഇനി എന്ത്?

ഭരണഘടന നൽകുന്ന അധികാരം നടപടിക്രമങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ളതല്ലെന്ന സുപ്രീംകോടതി വിധിയെ ഗൗരവത്തോടെ എടുത്തു; വിയോജിപ്പ് രേഖപ്പെടുത്തി ആ ബില്ലുകൾ രാഷ്ട്രപതിക്ക് നൽകുന്നതും തന്ത്രങ്ങളുടെ ഭാഗം; ഗവർണ്ണർക്കെതിരായ കേരളാ കേസിൽ ഇനി എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണ്ണർ ഒപ്പിടാത്ത കേസ് സുപ്രീംകോടതിയിൽ ബുധനാഴ്ച വരാനിരിക്കേ എങ്ങും അഭ്യൂഹങ്ങൾ. സമാന കേസിൽ പഞ്ചാബ് കോടതിയുടെ വിധി വായിച്ചു നോക്കാൻ ഗവർണ്ണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെതിരായിരുന്നു ആ വധി. അതിനിടെയാണ് നിർണായക നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ തീരുമാനം എടുത്തത്.. കേസിൽ സർക്കാർ ലിസ്റ്റുചെയ്ത എട്ട് ബില്ലുകളിൽ ഏഴെണ്ണം ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടു. പൊതുജനാരോഗ്യബിൽ അംഗീകരിച്ചു.

സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച രണ്ടുബില്ലുകൾ, ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ടു ബില്ലുകൾ, വൈസ് ചാൻസലർ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതി സംബന്ധിച്ച ബിൽ, ലോകായുക്ത നിയമഭേദഗതി ബിൽ, സഹകരണ നിയമഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതോടെ ഈ ബിൽ ഉടൻ നിയമമാകില്ലെന്ന് ഉറപ്പിക്കുക കൂടിയാണ് ഗവർണ്ണർ. ഈ ബില്ലുകളോടാണ് കേരള സർക്കാരിന് ഏറെ താൽപ്പര്യം. അങ്ങനെ ആ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് കേരള സർക്കാരിനെ വെട്ടിലാക്കുന്നു. ഇതിനൊപ്പം അതിൽ വിയോജിപ്പുമുണ്ട്.

രാഷ്ട്രപതിക്കയച്ച ബില്ലുകളിൽ ഓരോന്നിനോടുമുള്ള തന്റെ വിയോജിപ്പ് ഗവർണർ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ കാഴ്ചപ്പാട് വിശദീകരിച്ചശേഷം ഇതിന്മേൽ രാഷ്ട്രപതി തീരുമാനമെടുക്കണമെന്ന അഭ്യർത്ഥനയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. രാഷ്ട്രപതിക്ക് ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയംവഴിയാണ് അയക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായംകൂടി തേടിയശേഷമാകും ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച ഫയൽ രാഷ്ട്രപതിഭവനിലേക്ക് അയക്കുക. ഇതിനെല്ലാം വലിയ കാലതാമസമുണ്ടാകും. അതായത് ഈ ബില്ലുകൾ പാസാകാൻ ഇനിയും വൈകും.

പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിൽ ബില്ലുകളിലെ തീരുമാനം ഗവർണർമാർ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകരുതെന്നായിരുന്നു സുപ്രീംകോടതിവിധി. കേരളത്തിന്റെ കേസ് പരാമർശിക്കവേ, പഞ്ചാബിന്റെ കേസിലെ വിധി ഗവർണറുടെ സെക്രട്ടറി വായിച്ചുനോക്കി തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച കേസ് വരുന്നതിന് തൊട്ടുമുമ്പ് ബില്ലുകൾ കൂട്ടത്തോടെ രാഷ്ട്രപതിക്ക് അയച്ച് ഗവർണർ പുതു നിലപാട് എടുത്തത്. ഇനി ബില്ലുകളിൽ തീരുമാനം എടുത്ത കാര്യം സുപ്രീംകോടതിയെ രാജ് ഭവൻ അറിയിക്കും. ഇതിനെ എങ്ങനെ കോടതി എടുക്കുമെന്നതാണ് നിർണ്ണായകം.

രണ്ടുവർഷംവരെ തീരുമാനമെടുക്കാത്ത ബില്ലുകൾ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് സംസ്ഥാനസർക്കാർ കേസിന് ആധാരമായി ചൂണ്ടിക്കാണിച്ചത്. ഇവയിൽ തീരുമാനമെടുക്കാത്തത് വിപരീത പരാമർശങ്ങൾക്കിടയാക്കുമെന്ന നിയമോപദേശം ഗവർണർക്ക് ലഭിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് തുടർനടപടിയെന്നനിലയിൽ ഗവർണറുടെ നടപടി. ഭരണഘടനാവ്യവസ്ഥപ്രകാരം ഗവർണർക്ക് ബിൽ തിരിച്ചയക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ അംഗീകാരം നൽകുകയോ ചെയ്യാം. കേസിൽ ഉൾപ്പെടാത്ത 16 ബില്ലുകൾകൂടി രാജ്ഭവനിൽ അംഗീകാരം കാത്തിരിപ്പുണ്ട്. ഇതും സമാന രീതിയിൽ ഗവർണ്ണർ കൈകാര്യം ചെയ്യും. സുപ്രീംകോടതിയിലെ നിർദ്ദേശം അറിയാൻ കൂടിവേണ്ടിയാണ് കാത്തിരിപ്പ്.

നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് എത്തവേ കോടതിയിൽ എത്തുന്നതിന് തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം ഉയർത്തിരുന്നു. ഗവർണർ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായി. ഗവർണർമാർക്ക് ബില്ലുകൾ പാസാക്കുന്നതിൽ നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് ഗവർണർക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇതെല്ലാം പരിഗണിച്ചാണ് കേരളാ ഗവർണ്ണറുടെ തീരുമാനം.

ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിർമ്മാണത്തെ തടസ്സപ്പെടുത്താൻ ഗവർണർക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. ഭരണഘടനാ അനുച്ഛേദം 200 അനുസരിച്ച ബില്ലുകളിൽ അംഗീകാരം ഗവർണർ തടഞ്ഞുവെയ്ക്കുകയാണെങ്കിൽ തിരിച്ചയക്കണം. നിയമസഭ വീണ്ടും ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും വിധി വ്യക്തമാക്കുന്നു.

ഗവർണർ സംസ്ഥാനത്തിന്റെ പ്രതീകാത്മക തലവനാണ്. ബില്ലുകളിലെ നടപടികളെ ഗവർണർക്ക് തടയാൻ കഴിയില്ല. ഭരണഘടന നൽകുന്ന അധികാരം നടപടിക്രമങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ളതല്ലെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP