Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നയപ്രഖ്യാപനം തിരുത്താൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ പകരം വഴികൾ ആലോചിച്ച് ഗവർണ്ണർ; വായിക്കാതെ വിട്ടാലും സ്‌ക്രീനിൽ തെളിയാൻ ഡിജിറ്റലൈസ് ചെയ്തതോടെ ആരിഫ് മുഹമ്മദ് ഖാൻ തിരയുന്നത് വായിക്കാൻ വിസമ്മതിക്കാനുള്ള സാധ്യത; സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണനയിൽ; കരുതലോടെ നീങ്ങാൻ രാജ്ഭവൻ; സർക്കാരിന്റേയും ഗവർണ്ണറുടേയും പിടിവാശി സംസ്ഥാനത്തെ നയിക്കുന്നത് വമ്പൻ ഭരണഘടനാ പ്രതിസന്ധിയിലേക്ക്

നയപ്രഖ്യാപനം തിരുത്താൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ പകരം വഴികൾ ആലോചിച്ച് ഗവർണ്ണർ; വായിക്കാതെ വിട്ടാലും സ്‌ക്രീനിൽ തെളിയാൻ ഡിജിറ്റലൈസ് ചെയ്തതോടെ ആരിഫ് മുഹമ്മദ് ഖാൻ തിരയുന്നത് വായിക്കാൻ വിസമ്മതിക്കാനുള്ള സാധ്യത; സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണനയിൽ; കരുതലോടെ നീങ്ങാൻ രാജ്ഭവൻ; സർക്കാരിന്റേയും ഗവർണ്ണറുടേയും പിടിവാശി സംസ്ഥാനത്തെ നയിക്കുന്നത് വമ്പൻ ഭരണഘടനാ പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വിയോജിപ്പ് പ്രകടിപ്പിച്ച ഭാഗം നയപ്രഖ്യാപനത്തിൽനിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ കൂടുതൽ നിയമ വഴികൾ തേടി രാജ്ഭവൻ.. പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരിനും നിയമസഭയ്ക്കുമുള്ള എതിർപ്പ് പരാമർശിക്കുന്ന ഖണ്ഡികകൂടി ഉൾപ്പെടുത്തി നയപ്രഖ്യാപന പ്രസംഗം അച്ചടിക്കാനയച്ചു. ഇനി ഈ ഭാഗം വായിക്കാതെ വിടാനേ ഗവർണർക്ക് കഴിയൂ. വായിച്ചില്ലെങ്കിലും അത് ഗവർണറുടെ പ്രസംഗത്തിന്റെ ഭാഗമായി സഭാരേഖയിൽ ഇടംപിടിക്കും. 29-നാണ് നയപ്രഖ്യാപനം.

ഈ സാഹചര്യത്തിൽ നയപ്രഖ്യാപനത്തിൽ ഒന്നും വായിക്കാതിരിക്കാനുള്ള സാധ്യതയാണ് ഗവർണ്ണർ തേടുന്നത്. ബുധനാഴ്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപനത്തിനായി ഔദ്യോഗികമായി ക്ഷണിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 176 (1) പ്രകാരം ഗവർണ്ണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനം ഒഴിച്ച് കൂടാൻ പാടില്ലാത്തതും ഭരണഘടനാപരവുമായ കർത്തവ്യമാണ്. പുതി. വിവാദങ്ങളോടെ നയപ്രഖ്യാപനം തന്നെ പ്രതിസന്ധിയിലാകുന്നു. അങ്ങനെ വന്നാൽ നിയമസഭ പോലും കൂടാൻ കഴിയാത്ത തരത്തിൽ പ്രശ്‌നങ്ങളുണ്ടാകും.

പ്രസംഗത്തിലെ 18-ാം ഖണ്ഡിക ഒഴിവാക്കണമെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടതെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരേ സഭ പ്രമേയം പാസാക്കിയതും സർക്കാർകേസിൽ കക്ഷിചേർന്നതും വ്യക്തമാക്കുന്നതാണിത്. ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഒഴിവാക്കുന്നതിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽനിന്ന് ഈ ഭാഗം ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറെ അറിയിച്ചു. ഇതോടെയാണ് പുതിയ വഴികൾ തേടുന്നത്. സുപ്രീംകോടതിയെ സീപിക്കുന്നത് പോലും ആലോചനയിലുണ്ട്. എന്തുവന്നാലും കേന്ദ്ര നിയമത്തെ ചോദ്യം ചെയ്യുന്ന ഭാഗം വായിക്കാനാകില്ലെന്ന നിലപാടിലാണ് ഗവർണ്ണർ. ഇത് വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് സൂചനയുണ്ട്.

നയപ്രഖ്യാപനത്തിൽ മാറ്റംവരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള നിലപാടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നയപ്രഖ്യാപത്തിൽ ഇല്ലാത്തത് വായിക്കാൻ ഗവർണർക്കാവില്ല. നയപ്രഖ്യാപനത്തിലെ പരാമർശങ്ങളെക്കുറിച്ച് പ്രസംഗമധ്യേ ഗവർണർമാർ അഭിപ്രായപ്രകടനം നടത്തുന്നതും പതിവില്ല. അങ്ങനെ ചെയ്താൽ ആ പരാമർശം സഭാരേഖയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂർണമായ അധികാരം സ്പീക്കർക്കാണ്. ഇതെല്ലാം രാജ്ഭവനും തിരിച്ചറിയുന്നു. തന്റെ പ്രസംഗമായി കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ വരുന്നത് ഒഴിവാക്കാനാണ് ഗവർണ്ണറുടെ ശ്രമം.

ഗവർണറുടെ നയപ്രഖ്യാപനം ഇത്തവണ കടലാസിൽനിന്ന് ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയുമുണ്ട്. നിയമസഭാനടപടികൾ ഡിജിറ്റലാക്കുന്നതിനുള്ള ഇ-നിയമസഭാ പദ്ധതിയുടെ ആദ്യഘട്ടത്തിന് നയപ്രഖ്യാനത്തോടെ തുടക്കമാവും. അച്ചടിച്ചതിനുപകരം കംപ്യൂട്ടറിലുള്ള നയപ്രഖ്യാപനപ്രസംഗമാണ് ഗവർണർ വായിക്കുക. ഗവർണർ വായിച്ചുതീരുന്ന മുറയ്ക്ക് ആ പേജുകൾ എം.എൽഎ.മാരുടെ മുന്നിലെ ഡിസ്പ്ലേ സംവിധാനത്തിലും സഭയിലെ മറ്റ് സ്‌ക്രീനുകളിലും തെളിയും. കംപ്യൂട്ടറിൽ പേജ് മറിച്ചാൽ അത് വായിച്ചതായി കണക്കാക്കിയാണ് സ്‌ക്രീനിൽതെളിയുന്നത്. അതിനാൽ വായിക്കാതെവിട്ടാലും അപ്പോൾത്തന്നെ ആ ഭാഗങ്ങൾ സ്‌ക്രീനിൽ തെളിയും.

അച്ചടിച്ച പ്രസംഗം മാത്രമായിരുന്നപ്പോൾ ഗവർണർ പ്രസംഗം പൂർത്തിയാക്കിയാലേ അതിന്റെ പകർപ്പ് അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഗവർണർമാർ എന്തെങ്കിലും വായിക്കാതെവിട്ടാൽ അത് പ്രസംഗസമയത്ത് അറിയാനാകുമായിരുന്നില്ല. പിന്നീട് വിശദമായ പരിശോധനയിലൂടെയേ ഒഴിവാക്കിയ ഭാഗം തിരിച്ചറിയാനാകുമായിരുന്നുള്ളൂ. 'ഇ-നിയമസഭ' സംവിധാനത്തിലുള്ള നയപ്രഖ്യാപനം ചൊവ്വാഴ്ച സാങ്കേതികവിദഗ്ധരും നിയമസഭാഉദ്യോഗസ്ഥരും ഗവർണർക്ക് പരിചയപ്പെടുത്തും. ഗവർണർ പതിവായി കംപ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പുതിയരീതി പരീക്ഷിക്കുന്നതിനോട് രാജ്ഭവന് എതിർപ്പില്ല.

എന്നാൽ, ഓൺലൈൻസംവിധാനത്തിൽ അപ്രതീക്ഷിതമായ തകരാറുണ്ടായാൽ പ്രസംഗം തടസ്സപ്പെടാതിരിക്കാൻ അച്ചടിച്ച ഒരു പകർപ്പുകൂടി കരുതണമെന്ന് രാജ്ഭവൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ വർഷത്തിൽ സർക്കാരിന്റെ നയമെന്താണെന്ന് വ്യക്തമാക്കുന്നതാണ് ഭരണത്തലവനായ ഗവർണർ നിയമസഭയിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യസഭസമ്മേളനത്തിലും ഓരോ വർഷത്തെയും ഒന്നാമത്തെ സമ്മേളനത്തിന്റെ തുടക്കത്തിലുമാണ് നയപ്രഖ്യാപനം നടക്കുന്നത്.കേരള നിയമസഭയുടെ ചരിത്രത്തിലെ 71 ആമത്തെ നയപ്രഖ്യാപനമാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ബുധനാഴ്ച നടത്തുക.

1957 ഏപിൽ 27 ന് ഡോക്ടർ ബി രാമകൃഷ്ണറാവു ആണ് കേരള നിയമസഭയിലെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. 57 മുതൽ ഇതുവരെയുള്ള നിയമസഭയുടെ ചരിത്രത്തിൽ 70 തവണയാണ് ഗവർണ്ണർമാർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തിയിട്ടുള്ളത്. വി വിശ്വാനാഥൻ, സുഖ്‌ദേവ് സിങ് കാങ് എന്നിവർ ഏഴ് തവണ വീതം നയപ്രഖ്യാപനം നടത്തിട്ടുണ്ട്. 2016 ജൂൺ 24ന് പി സദാശിവം നടത്തിയ 2 മണിക്കൂർ 50 മിനിട്ട് നീണ്ട പ്രസംഗമാണ് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നയപ്രഖ്യാപനം.

1982 ജനുവരി 29 ന് ശ്രീമതി ജ്യോതി വെങ്കിടചെല്ലം നടത്തിയ 6 മിനിട്ടുള്ള പ്രസംഗമാണ് ഏറ്റവും ദൈർഘ്യം കുറഞ്ഞത്. സർക്കാരിന്റെ നയം ഭരണത്തലവനായ ഗവർണ്ണർ പ്രഖ്യാപിച്ചതിന് പിന്നാലെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നടക്കും. മൂന്ന് ദിവസമാണ് സാധാരണഗതിയിൽ നന്ദിപ്രമേയ ചർച്ച നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP