Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ ഭേദഗതി ബിൽ പാസായതിന് പിന്നാലെ നടപടികൾ തുടങ്ങി; ആറ് ബംഗ്ലാദേശികൾ അറസ്റ്റിലായത് മഹാരാഷ്ട്രയിൽ; നിയമത്തിനെതിരായ പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു; കേരളത്തിൽ പ്രതിഷേധത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ ഐക്യമുന്നണി; ബംഗാളിൽ പ്രക്ഷോഭം നയിക്കുന്നത് മുഖ്യമന്ത്രി മമത തന്നെ; ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭയും

പൗരത്വ ഭേദഗതി ബിൽ പാസായതിന് പിന്നാലെ നടപടികൾ തുടങ്ങി; ആറ് ബംഗ്ലാദേശികൾ അറസ്റ്റിലായത് മഹാരാഷ്ട്രയിൽ; നിയമത്തിനെതിരായ പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു; കേരളത്തിൽ പ്രതിഷേധത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ ഐക്യമുന്നണി; ബംഗാളിൽ പ്രക്ഷോഭം നയിക്കുന്നത് മുഖ്യമന്ത്രി മമത തന്നെ; ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമമായതിന് പിന്നാലെ നടപടികൾ തുടങ്ങി ഭരണകൂടം. മഹാരാഷ്ട്രയിൽ പൊലീസ് പടികൂടിയത് ഏഴ് ബംഗ്ലാദേശ് സ്വദേശികളെ. മതിയായ യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ രാജ്യത്ത് തങ്ങിയതിനാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പാസ്‌പോർട്ട് ആക്ട്, ഫോറിനേഴ്‌സ് ആക്ട് എന്നീ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. പാസ്‌പോർട്ട് ഉൾപ്പടെയുള്ള രേഖകളില്ലാതിരുന്ന ഇവർ അനധികൃത കുടിയേറ്റക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി.

മഹാരാഷ്ട്രയിലാണ് ഇവർ പിടിയിലായത്. പാൽഘർ ജില്ലയിലെ അർണാല പൊലീസ് ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. മതിയായ രേഖകൾ ഇവരുടെ പക്കലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ രാജ്യമെങ്ങും പ്രതിഷേധവും പ്രക്ഷോഭങ്ങളും പൊട്ടിപ്പുറപ്പെട്ടതിനിടെയാണ് അനധികൃത കുടിയേറ്റക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമാണ്. കേന്ദ്രമന്ത്രി അമിത്ഷാ നേരത്തേ നിശ്ചയിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പര്യടനം റദ്ദ് ചെയ്തു. ഗുവാഹത്തിയിൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് പടരുന്നു. മുർഷിദാബാദ് ജില്ലയിലെ ബെൽഡംഗയിൽ പ്രക്ഷോഭകാരികൾ റെയിൽവേ സ്റ്റേഷന് തീയിട്ടു. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകാരികൾ മർദ്ദിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തുകൂടെ പോകുകയായിരുന്ന സമരക്കാർ പെട്ടെന്ന് സ്റ്റേഷന്റെ അകത്തേക്ക് കയറി മൂന്ന് കെട്ടിടങ്ങൾക്ക് തീയിടുകയും തടയാൻ എത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്ന് സീനിയർ സുരക്ഷ ഓഫിസർ വാർത്താഏജൻസിയായ പിടിഐയോട് പറഞ്ഞു.

പ്രക്ഷോഭത്തെ തുടർന്ന് മുർഷിദാബാദ് ജില്ലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഹൗറയിലെ ഉലുബേറിയ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് തടയുകയും ട്രെയിനുകൾക്ക് കേടുവരുത്തുകയും ചെയ്തു. ലോക്കോ പൈലറ്റിനും മർദ്ദനമേറ്റു. കൊൽക്കത്തയിലും അക്രമമരങ്ങേറി. മിഡ്‌നാപൂരിൽ ബിജെപി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സായന്തൻ ബസുവിന്റെ കാറിന് നേരെ ആക്രമണമുണ്ടായി. പൊലീസെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

പ്രക്ഷോഭം നടത്തുവരോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും ആവശ്യപ്പെട്ടു. അതേ സമയം, സംസ്ഥാന സർക്കാർ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഡൽഹിയിലും സമരം ശക്തമാകുകയാണ്. പ്രക്ഷോഭവുമായി രംഗത്തെത്തിയ ജാമിയ മിലിയ സർവകലാശാലയിലെ അമ്പതോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ പ്രക്ഷോഭകാരികളെ നേരിടാൻ കൂടുതൽ പൊലീസുകാരെ രംഗത്തിറക്കി.

അതിനിടെ മുംബൈയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം തുടങ്ങും മുൻപേ കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നിയമത്തിനെതിരെ മുംബൈയിൽ നിശ്ചയിച്ചിരുന്ന ലോങ്ങ് മാർച്ചിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധസമരം പൊലീസ് തടഞ്ഞതിനെ തുടർന്ന് തെരുവ് യുദ്ധമാണ് ഇന്ന് അരങ്ങേറിയത്. പാർലമെന്റ് മാർച്ച് നടത്താനുള്ള വിദ്യാർത്ഥികളുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഘർഷമായി വിദ്യാർത്ഥികളും പൊലീസും തമ്മിൽ കല്ലേറ് തുടങ്ങി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. നിരവധി വാഹനങ്ങൾ തകർത്തു. വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു.

വിഷയത്തിൽ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്താൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ തീരുമാനമായി. എൽഡിഎഫും യുഡിഎഫും തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും. പശ്ചിമ ബംഗാളിലും സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പ്രക്ഷോഭത്തിലാണ്. തിങ്കളാഴ്‌ച്ച മഹാറാലി സംഘടിപ്പിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചിട്ടുണ്ട്.

വിമർശനവുമായി ഐക്യരാഷ്ട്ര സഭ

അതേസമയം, പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നൽകുന്നതിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനർപരിശോധിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം-യുഎൻ മനുഷ്യാവകാശ വക്താവ് ജെറമി ലോറൻസ് ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങൾക്കനുസരിച്ച് ഇന്ത്യ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരെ യുഎൻ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ നരേന്ദ്ര മോദി സർക്കാറിന് തിരിച്ചടിയാണ്. നിയമം പാസാക്കിയതിനെ തുടർന്ന് കേന്ദ്രമന്ത്രി അമിത് ഷാക്ക് വിലക്കേർപ്പെടുത്തുമെന്നും യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP