Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി തുണിയും പേപ്പറും മതിയെന്ന് സർക്കാർ; സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോർഡുകൾക്ക് പൂർണ നിരോധനം; സർക്കാർ പരിപാടികൾ സിനിമാ പ്രചാരണം, പരസ്യം ഉൾപ്പടെ ഒന്നിനും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ല; ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പിന്റേത്; ലംഘിക്കുന്നവരിൽ പിഴ ഈടാക്കാനും നിർദ്ദേശം; ലംഘനം തുടർന്നാൽ ഏജൻസികളുടെ ലൈസൻസും കട്ട്

ഇനി തുണിയും പേപ്പറും മതിയെന്ന് സർക്കാർ; സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോർഡുകൾക്ക് പൂർണ നിരോധനം; സർക്കാർ പരിപാടികൾ സിനിമാ പ്രചാരണം, പരസ്യം ഉൾപ്പടെ ഒന്നിനും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ല; ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പിന്റേത്; ലംഘിക്കുന്നവരിൽ പിഴ ഈടാക്കാനും നിർദ്ദേശം; ലംഘനം തുടർന്നാൽ ഏജൻസികളുടെ ലൈസൻസും കട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പിവിസി(പോളി വിനൈൽ ക്ലോറൈഡ്) ഫ്ളക്സ് സംസ്ഥാനത്ത് നിരോധിച്ചു. സർക്കാർ പരിപാടികൾ, സ്വകാര്യ പരിപാടികൾ, മതപരമായ ചടങ്ങുകൾ, സിനിമാ പ്രചാരണം, പരസ്യം ഉൾപ്പെടെ യാതൊരുവിധ പ്രചാരണത്തിനും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ലെന്നു തദ്ദേശസ്വയംഭരണവകുപ്പിന്റെ ഉത്തരവ്.

ഫ്ളക്സ് ഉപയോഗം വർധിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും വഴിവെക്കുന്നതായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗം ഫ്ളക്സ് നിരോധനം തത്വത്തിൽ അംഗീകരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഉത്തരവ്.

പിവിസി ഫ്ളക്സിനു പകരം തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിക്കണം. പ്ലാസ്റ്റിക്ക് ആവരണം ഉള്ള തുണി ഉപയോഗിക്കാൻ പാടില്ല. സംസ്ഥാനത്തെ മുഴുവൻ പരസ്യ പ്രിന്റിങ് ഏജൻസികളും പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കുന്നില്ലെന്നു ബോർഡ് പ്രദർശിപ്പിക്കണം. ഉത്തരവിനുശേഷവും പിവിസി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്നവരിൽനിന്ന് ചതുരശ്ര അടിക്ക് 20രൂപ നിരക്കിൽ പിഴ ഈടാക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ ബോർഡ്-ബാനറുകൾ നീക്കം ചെയ്യാത്തവരിൽനിന്നും ഈ പിഴ ഈടാക്കാൻ ഉത്തരവിൽ നിർദ്ദേശിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നാൽ ഏജൻസികളുടെ ലൈസൻസ് റദ്ദു ചെയ്യും.

ഫ്ളകസ് ബോർഡുകൾക്ക് പകരം റീസൈക്കിൾ ചെയ്യാവുന്നതും പി വി സി മുക്തവുമായ പോളി എത്തിലിൻ നിർമ്മിത വസ്തുക്കളോ അതുപോലെയുള്ള മറ്റ് വസ്തുക്കളോ അനുവദിക്കും. പോളി എത്തിലിൻ ഉപയോഗിച്ചുള്ള പരസ്യ ബോർഡുകൾ ഉപയോഗ ശേഷം റീസൈക്ലിങ് നടത്താൻ കഴിയുമെന്നതിനാൽ പാരിസ്ഥിതിക അപായമുണ്ടാക്കുന്നില്ല. പോളി എത്തിലിൻ നിർമ്മിത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ തൊഴിൽ പ്രശ്നവും ഒഴിവാക്കാനാകും.റീ സൈക്കിൾ ചെയ്യാവുന്ന ഇതര മെറ്റീരിയലുകൾ പി വി സി ഫ്ളക്സിന്റെ അതേ വിലയിൽ ലഭ്യമാകുന്നതിനാൽ പി വി സി ഫ്ളക്സിന് പൂർണ നിരോധനം ഏർപ്പെടുത്തിയാലും പ്രിന്റിങ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും യാതൊരു വിധ പ്രയാസവും സൃഷ്ടിക്കില്ലെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

ഫ്ളക്‌സ് നിരോധനത്തിന്റെ പ്രയോഗികതയെക്കുറിച്ച് പഠിച്ച കമ്മറ്റി ഫ്‌ളക്‌സ് നിരോധിക്കണമെന്നു നേരത്തെ സർക്കാരിനു ശുപാർശ നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫ്‌ളക്‌സ് ബോർഡുകളുടെ ഉപയോഗം പൂർണമായും നിരോധിച്ചു. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും നിർമ്മാണവും രണ്ടുവർഷത്തിനുള്ളിൽ ഉപേക്ഷിക്കണമെന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയവും നിർദ്ദേശിച്ചിരുന്നു.

പിവിസി ഫ്‌ളക്‌സിനു പകരം ഉപയോഗിക്കാവുന്നതും റീസൈക്കിൾ ചെയ്യാവുന്നതുമായ ഉൽപന്നങ്ങൾ ഉപയോഗിച്ച് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫ്‌ളക്‌സ് പ്രിന്റിങ് മെഷിനിൽതന്നെ ബാനറുകളും മറ്റും പ്രിന്റ് ചെയ്യാൻ സാധിക്കുമെന്നതിനാൽ തൊഴിൽ നഷ്ടം ഉണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

തീയതി വച്ചുള്ള പ്രോഗ്രാം ബാനറുകൾക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും, തീയതി വെക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങൾക്ക് പരമാവധി 90 ദിവസവും ഉപയോഗ അനുമതിയുണ്ടാകും. ഇത്തരം ബാനറുകൾ പ്രിന്റ് ചെയ്യുമ്പോൾ തന്നെ പ്രിന്റിങ് നമ്പർ പതിക്കുകയും, ഈ നമ്പർ പ്രകാരം പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവൻ വിവരവും സ്ഥാപനത്തിൽ സൂക്ഷിക്കണം. പ്രദർശിപ്പിക്കുന്ന ബോർഡുകൾ, ബാനറുകൾ ഉപയോഗം അവസാനിക്കുന്ന തീയതിക്ക് ശേഷം പരമാവധി മൂന്ന് ദിവസത്തിനകം സ്ഥാപിച്ചവർ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിൽ തിരിച്ചെത്തിക്കണം.

ഫ്ളക്സിൽ അപകടകാരിയായ രാസപദാർഥങ്ങൾ

വ്യാപകമായി ഉപയോഗിക്കുന്ന ഫ്ളക്സ് പുനരുപയോഗിക്കാൻ പറ്റാത്ത ഒരിനം പ്ലാസ്റ്റിക് ആണ്. ഉപയോഗ ശേഷം ഇത് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയുകയുള്ളൂ. ഫ്ളക്സ് നിർമ്മിക്കാനുപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ് വളരെ അപകടകാരിയായ ഒരു രാസ പദാർഥമാണ് . പി വി സിയിൽ ക്ലോറിൻ കൂടി ഉള്ളതിനാൽ ഇത് കത്തുമ്പോൾ വിഷവാതകങ്ങളായ ഡയോക്സിനും ഫ്യൂറാനും പോലുള്ള വിഷവാതകങ്ങൾ ഉണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP