Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഷിക ബില്ലുകൾക്കെതിരായ കർഷക രോഷം ആളിക്കത്തിക്കാനുറച്ച് കോൺ​ഗ്രസ്; പ്രതിപക്ഷ ശ്രമങ്ങളെ അതിജീവിക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ; റാബി വിളകൾക്ക് 50 മുതൽ 300 രൂപവരെ താങ്ങുവില വർധിപ്പിക്കാൻ അം​ഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോ​ഗം; കർഷകരുടെ ആശങ്ക അകറ്റാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു

കാർഷിക ബില്ലുകൾക്കെതിരായ കർഷക രോഷം ആളിക്കത്തിക്കാനുറച്ച് കോൺ​ഗ്രസ്; പ്രതിപക്ഷ ശ്രമങ്ങളെ അതിജീവിക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ; റാബി വിളകൾക്ക് 50 മുതൽ 300 രൂപവരെ താങ്ങുവില വർധിപ്പിക്കാൻ അം​ഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോ​ഗം; കർഷകരുടെ ആശങ്ക അകറ്റാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകളുടെ പേരിൽ രാജ്യമാകെ ഉയരുന്ന കർഷക രോഷം തണുപ്പിക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാ​ഗമായി റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചു. ഇതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ലോക്‌സഭയെ അറിയിച്ചു. കാർഷിക ബില്ലുകൾ നിയമമാകുന്നതോടെ താങ്ങുവില പ്രഖ്യാപിക്കുന്നത് അവസാനിക്കുമെന്ന ആശങ്ക കർഷകർ ഉയർത്തിയിരുന്നു.

ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 50 മുതൽ 300 രൂപവരെയാണ് താങ്ങുവില വർധിപ്പിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. ഇതനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില 50 രൂപ വർധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വർധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും.

രണ്ട് വിവാദ ബില്ലുകൾ രാജ്യസഭ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയ നടപടിക്ക് പിന്നാലെയാണ് റാഗി വിളകളുടെ താങ്ങുവില വർധിപ്പിക്കുന്നത്. കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിലെയും ഹരിയാണയിലെയും കർഷക സംഘടനകൾ വൻ പ്രക്ഷോഭത്തിനാണ് ആഹ്വാനം നൽകിയിട്ടുള്ളത്. എന്നാൽ, കർഷകർക്ക് ഉത്പന്നങ്ങൾ അനായാസം വിറ്റഴിക്കാൻ അവസരം ഒരുക്കുന്നതാണ് ബില്ലുകളെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. പുതിയ നിയമം കാർഷിക വിപണിയിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും കർഷകർക്ക് ഉത്പന്നങ്ങൾ വാൾമാർട്ട് പോലെയുള്ള വൻകിടക്കാർക്ക് നേരിട്ട് വിൽക്കാൻ വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അതേസമയം, ബില്ലുകൾ കർഷക വിരുദ്ധമാണെന്നാണ് പ്രതിപക്ഷവും ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്ളും ആരോപിക്കുന്നത്. ബില്ലിൽ പ്രതിഷേധിച്ച് അകാലി ദൾ നേതാവ് ഹർസിമ്രത്ത് കൗർ കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവച്ചിരുന്നു. സെപ്റ്റംബർ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കാർഷിക ബില്ലിനെതിരെ 24 ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി കർഷകരെ വഞ്ചിച്ചെന്ന് ആരോപിച്ച കോൺഗ്രസ് രണ്ട് ലക്ഷം ഒപ്പുകൾ ശേഖരിച്ച് കേന്ദ്രത്തെ പ്രതിഷേധമറിയിക്കാണ് തീരുമാനിച്ചത്.

കേന്ദ്ര സർക്കാർ സഭാ മര്യാദ പാലിക്കാതെ കാർഷിക ബില്ലുകൾ പാസാക്കി എന്ന പ്രചരണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് എട്ട് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കിയത്. ഭൂരിപക്ഷമില്ലാതിരിക്കെ വോട്ടെടുപ്പ് വേണമെന്ന ആവശ്യം അംഗീകരിക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാതെയുള്ള നടപടി സംശയം ബലപ്പെടുത്തുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് കൈമാറി.

അതിനിടെ ബില്ലിനെതിരായ കർഷക സമരം കൂടുതൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. അകാലിദളിന്റെ രാജിയും, ജെജെപി, ടിആർഎസ് പാർട്ടികളുടെ എതിർപ്പും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കാർഷിക സംസ്ഥാനമായ ബീഹാർ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ ബിജെപിക്കും സഖ്യകക്ഷിയായ ജെഡിയുവിനും കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രചരണങ്ങളെ മറികടക്കേണ്ടിവരും. ബില്ലുകളെ ആർഎസ്എസിന്റെ ഉൾപ്പടെ എല്ലാ കർഷിക സംഘടനകളും എതിർക്കുകയാണ്. തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP