Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202217Monday

'കാത്തിരിപ്പിന് ഒടുവിൽ' പ്രഖ്യാപനം; ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം; വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം; ഒളിമ്പിക്‌സിൽ പങ്കെടുത്ത എട്ട് മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം

'കാത്തിരിപ്പിന് ഒടുവിൽ' പ്രഖ്യാപനം; ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം; വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം; ഒളിമ്പിക്‌സിൽ പങ്കെടുത്ത എട്ട് മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടിയ മലയാളി താരം പി.ആർ. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണു ശ്രീജേഷ്. കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒളിമ്പിക്‌സിൽ പങ്കെടുത്ത എട്ട് മലയാളി താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും സർക്കാർ നൽകും.നേരത്തെ, ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിക്കാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. ശ്രീജേഷിനുള്ള പുരസ്‌കാരം മന്ത്രിസഭ യോഗത്തിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു കായിക മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നിരവധി ഊഹാപോഹങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേരളത്തിൽ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത് മന്ത്രിസഭയാണ്. അത് അറിയാതെയാണ് പലരും വിമർശനം ഉന്നയിക്കുന്നത്. ഭാവിയിലും ഇത്തരം തീരുമാനം എടുക്കുക മന്ത്രിസഭയായിരിക്കും. ഒളിമ്പിക്‌സിൽ പങ്കെടുത്ത മറ്റു കായികതാരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ 5ാം തീയതി നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിനു വെങ്കല മെഡൽ ലഭിച്ചത്. അതിനുശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സർക്കാർ 6 കോടിയാണ് നൽകിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്കെല്ലാം ഒരു കോടിയാണ് സർക്കാർ നൽകിയത്.

മധ്യപ്രദേശ് സർക്കാർ വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങൾക്ക് 31 ലക്ഷം രൂപ വീതവുമാണ് നൽകിയത്. ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ജർമനിയെയാണ് ഇന്ത്യ തോൽപിച്ചത്. നിർണായകമായത് ഗോൾക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. 41 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കു ഹോക്കി മെഡൽ ലഭിക്കുന്നത്. 49 വർഷത്തിനുശേഷമാണ് മലയാളിക്കു ഒളിംപിക് മെഡൽ ലഭിച്ചതെന്നതും പ്രത്യേകതയാണ്.

അതേസമയം, പി.ആർ. ശ്രീജേഷിന് മലയാളി സംരംഭകനും വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തും സംസ്ഥാന ഹോക്കി ഫെഡറേഷനും ശ്രീജേഷിന് പുരസ്‌കാരം നൽകുമെന്ന് അറിയിച്ചിരുന്നു.

വെങ്കല മെഡൽ നേടി നാടിന്റെ അഭിമാന താരമായി മാറിയ പി ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകിയതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കായികതാരങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു. രാജ്യാന്തര തലത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത അവസരങ്ങളിൽ സർക്കാരിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള അവഗണനകൾ ചൂണ്ടിക്കാട്ടിയാണ് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് അടക്കമുള്ള താരങ്ങൾ രംഗത്ത് എത്തിയത്.

രാജ്യത്തിന്റെ അഭിമാനമുയർത്തിയ കായികതാരത്തെ മുഴുവൻ കേരള സർക്കാർ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്ന വിമർശനമാണ് ആരാധകർ ഉയർത്തിയത്.. ശ്രീജേഷിന് ആദ്യം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത് കേരളമാണെന്നും എന്നാൽ അത് ഉണ്ടായില്ലെന്നും ആരാധകർ ആരോപിച്ചിരുന്നു.

കേരള ഹോക്കി ഫെഡറേഷന്റെ വക അഞ്ചു ലക്ഷം രൂപ മാത്രമാണ് ശ്രീജേഷിന് പ്രഖ്യാപിച്ചിരുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് നിലവിൽ ശ്രീജേഷ്. അതുകൊണ്ട് തന്നെ സർക്കാർ ജോലി ഇനി കൊടുക്കുന്നതിൽ അർഥമില്ല. വേൾഡ് കപ്പ് നേടിയപ്പോൾ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് നൽകിയത് അഞ്ച് ലക്ഷമാണ്. അത് തന്നെയായിരിക്കാം ഇവിടെ ശ്രീജേഷിന്റെ കാര്യത്തിലും നടക്കുകയെന്ന അഭിപ്രായം ഉയരുന്നു.

്അതേ സമയം പി. ആർ. ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നത് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടെന്ന് മുൻ കായികമന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജൻ പ്രതികരിച്ചിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് വേണം സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാനെന്നായിരുന്നു ഇ.പി. ജയരാജൻ പറഞ്ഞത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ പാരിതോഷികം പ്രഖ്യാപിക്കാനാവില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിഷയം കാബിനറ്റ് ചർച്ച ചെയ്ത ശേഷം ഒറ്റക്കെട്ടായ തീരുമാനം എടുക്കണം. പ്രഖ്യാപനം സർക്കാർ വൈകിക്കുന്നതല്ലെന്നും നിരവധി നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ പൂർത്തിയാക്കാനുണ്ടെന്നും ജയരാജൻ പറഞ്ഞു. പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് ഇ. പി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.

അത്ലറ്റിക്‌സിൽ രാജ്യത്തിന്റെ ആദ്യ സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വൺ സർക്കാർ ജോലിയുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രഖ്യാപിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും നീരജിന് രണ്ടു കോടി രൂപ പ്രഖ്യാപിച്ചു. ഇതിനുപുറമെ ഹരിയാന സർക്കാർ ഹോക്കി ടീമംഗങ്ങൾക്കും ഒരു കോടി രൂപ പ്രഖ്യാപിച്ചു.

നാല് പതിറ്റാണ്ടുകൾക്കൊടുവിലാണ് ഹോക്കിയിൽ ഇന്ത്യക്ക് ഒരു മെഡൽ നേട്ടം കൈവന്നിരിക്കുന്നത്. ടോക്യോ ഒളിമ്പിക്സിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ ചരിത്രനേട്ടം കുറിച്ചപ്പോൾ അതിൽ ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടീമിന്റെ ഗോളിയായ മലയാളി താരം ശ്രീജേഷിനോടാണ്.

ഒമ്പത് ഗോളുകൾ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത ഇന്ത്യൻ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകർപ്പൻ സേവുകളായിരുന്നു. കളി തീരാൻ വെറും സെക്കന്റുകൾ ബാക്കി നിൽക്കെ ഇന്ത്യക്കെതിരെ ജർമനിക്ക് പെനാൽറ്റി കോർണർ ലഭിച്ചപ്പോൾ എല്ലാ ഇന്ത്യക്കാരും മുൾമുനയിലായി. പക്ഷെ സമ്മർദ്ദ നിമിഷത്തിൽ പതറാതെ ജർമൻ താരങ്ങൾ എടുത്ത പെനാൽറ്റി കോർണർ വളരെ മികച്ച രീതിയിൽ തടുത്തിട്ടതോടെയാണ് ഇന്ത്യൻ ടീമിന് ചരിത്ര ജയം സ്വന്തമായത്.

ഇന്ത്യൻ ടീം 1980 മോസ്‌ക്കോ ഒളിമ്പിക്സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്‌കോയിൽ നേടിയ സ്വർണമായിരുന്നു ഹോക്കിയിൽ ഇന്ത്യയുടെ അവസാന മെഡൽ. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്‌സിൽ ഹോക്കിയിൽ എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP