Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള വി സി. നിയമനത്തിൽ സർക്കാറുമായി ഏറ്റുമുട്ടലിന് ഉറച്ച് ഗവർണർ; സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ സർവകലാശാല നിശ്ചയിച്ചു നൽകണമെന്ന ആവശ്യവുമായി വീണ്ടും കത്ത്; ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിൽ നിയമസാധ്യതകൾ തേടി സർവകലാശാല

കേരള വി സി. നിയമനത്തിൽ സർക്കാറുമായി ഏറ്റുമുട്ടലിന് ഉറച്ച് ഗവർണർ; സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ സർവകലാശാല നിശ്ചയിച്ചു നൽകണമെന്ന ആവശ്യവുമായി വീണ്ടും കത്ത്; ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിൽ നിയമസാധ്യതകൾ തേടി സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള വി സി നിയമന കാര്യത്തിൽ കേരള സർവകലാശാലക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ ഉടൻ നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് വീണ്ടും കത്തയച്ചു. പ്രതിനിധിയെ സർവകലാശാല നിശ്ചയിച്ചുനൽകണമെന്ന ആവശ്യം ഇപ്പോഴും നിലനിൽക്കുന്നതായി അദ്ദേഹം കത്തിൽ അറിയിച്ചു. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന് ജൂൺ 13 മുതൽ ആവശ്യപ്പെട്ടുവരുകയാണെന്നും ഓർമിപ്പിച്ചു.

ഗവർണർ നൽകിയ അന്തിമസമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ആവശ്യം നിരാകരിച്ച് തിങ്കളാഴ്ച വി സി. അയച്ച കത്തിനാണ് ചൊവ്വാഴ്ച മറുപടിനൽകിയിട്ടുള്ളത്. സർവകലാശാലയ്ക്ക് ഇനിയും അവസരമുണ്ടെന്ന് വ്യക്തമാക്കുന്നതുകൂടിയാണ് കത്തിന്റെ ഉള്ളടക്കം. ഗവർണർ ആവശ്യം ആവർത്തിച്ചതോടെ നിയമപരമായ സാധ്യതകൾ തേടിയിരിക്കുകയാണ് സർവകലാശാല.

തിങ്കളാഴ്ച വി സി. ഡോ. വി.പി. മഹാദേവൻ പിള്ള ഗവർണർക്ക് അയച്ചിരുന്ന മറുപടിയിൽ സെർച്ച് കമ്മിറ്റിയിലേക്ക് രണ്ടുപേരെ മാത്രം നിശ്ചയിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടും അത് റദ്ദാക്കണമെന്ന് അഭ്യർത്ഥിച്ചുമുള്ള സെനറ്റ് തീരുമാനവും വിശദീകരിച്ചിരുന്നു. എന്നാൽ, സർവകലാശാലയുടെ തലവൻ, നിയമനാധികാരി, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആരൊക്കെയെന്ന് നിയമത്തിൽ പറഞ്ഞിട്ടുള്ളതിനെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നാണ് ഇതിന് ഗവർണർ നൽകിയിട്ടുള്ള മറുപടി.

ചൊവ്വാഴ്ച സിൻഡിക്കേറ്റ് യോഗം ചേർന്നെങ്കിലും വി സി. നിയമനവിവാദത്തിൽ പ്രത്യേകചർച്ച നടന്നില്ല. പക്ഷേ, ഇപ്പോൾ നടക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷപ്രതിനിധി ആർ. അരുൺകുമാർ ചോദ്യമുന്നയിച്ചു. തുടർന്ന്, ഗവർണർ വിജ്ഞാപനംചെയ്ത സെർച്ച് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് സെനറ്റ് വിലയിരുത്തിയതും അതു റദ്ദാക്കാൻ അഭ്യർത്ഥിച്ചതുമടക്കമുള്ള നടപടികൾ വി സി. വിശദീകരിച്ചു. ഇക്കാര്യത്തിൽ ചാൻസലറുമായി ഇതിനകം നടന്നിട്ടുള്ള ആശയവിനിമയവും വി സി. വിവരിച്ചു.

അതേസമയം, കേരള വിസിക്കെതിരെ രാജ്ഭവൻ നടപടി വന്നേക്കും. ഇതു കോടതിയിലേക്കു നീങ്ങാനാണു സാധ്യത. കഴിഞ്ഞ ആഴ്ചയായിരുന്നു വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ കേരള വിസിയോട് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ വിസി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യമാണ് വിസി മറുപടിയായി നൽകിയത്. പ്രമേയത്തിന്റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവർണറാകട്ടെ വിസിക്ക് അന്ത്യശാസനമെന്ന നിലക്ക് പുതിയ കത്ത് നൽകി കടുപ്പിച്ചു. ഇന്ന് തന്നെ പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് രാജ്ഭവൻ വിസിക്ക് നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ അന്ത്യശാസനം തള്ളിയ വിസിക്കെതിരെ ഗവർണർ ഇനി എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.

അടുത്ത 24ന് വി സിയുടെ കാലാവധി തീരാനിരിക്കെ നടപടികൾ എല്ലാം ചട്ടപ്രകാരം തന്നെ എന്നാണ് രാജ്ഭവന്റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രനെ സർവകലാശാല നിർദ്ദേശിച്ച ശേഷം അദ്ദേഹം പിന്മാറിയത് സർവകലാശാലയെ സംശയ നിഴലിൽ നിർത്തുന്നു എന്നാണ് രാജ്ഭവൻ നിലപാട്. ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ഓഗസ്റ്റ് അഞ്ചിനാണ്.

ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വി സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതിയാണ് നിയമസഭ പാസ്സാക്കിയത്. ഗവർണർ ബില്ലിൽ ഒപ്പിടാൻ സർക്കാറിനൊപ്പം കേരള സർവകലാശാലയും കാത്തിരിക്കുന്നു. എന്നാൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച ഗവർണർ കേരള സർവ്വകലാശാലക്ക് മേൽ പിടിമുറുക്കുകയായിരുന്നു. സെനറ്റ് പ്രതിനിധി ഇല്ലെങ്കിൽ രണ്ട് അംഗ കമ്മിറ്റി വിസി നിയമന നടപടിയുമായി മുന്നോട്ട് പോകും. ഒപ്പം വിസിക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകാനിടയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP