Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

കേരളത്തിലെ മുഴുവൻ വിസിമാരേയും രാജ്ഭവൻ വീണ്ടും നിയമിക്കുമോ? ഗവർണ്ണർ-സർക്കാർ പോരിൽ വഴിത്തിരിവായി സാങ്കേതിക സർവ്വകലാശാലയിലെ വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി തീരുമാനം; ആരിഫ് മുഹമ്മദ് ഖാൻ ഇനി മുമ്പോട്ട് വയ്ക്കുന്ന ഓരോ ചുവടും നിർണ്ണായകം; സുപ്രീംകോടതി വിധിയിൽ രാജ്ഭവന് ശക്തി കൂടുമ്പോൾ

കേരളത്തിലെ മുഴുവൻ വിസിമാരേയും രാജ്ഭവൻ വീണ്ടും നിയമിക്കുമോ? ഗവർണ്ണർ-സർക്കാർ പോരിൽ വഴിത്തിരിവായി സാങ്കേതിക സർവ്വകലാശാലയിലെ വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി തീരുമാനം; ആരിഫ് മുഹമ്മദ് ഖാൻ ഇനി മുമ്പോട്ട് വയ്ക്കുന്ന ഓരോ ചുവടും നിർണ്ണായകം; സുപ്രീംകോടതി വിധിയിൽ രാജ്ഭവന് ശക്തി കൂടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പന്തു വീണ്ടും രാജ്ഭവന്റെ കോർട്ടിലേക്ക്. സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ നടപടിക്കു ദൂരവ്യാപകഫലങ്ങൾ. സംസ്ഥാനത്ത് ആദ്യമായാണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിസി പുറത്താകുന്നത്. കെടിയു വിസിയെ പുറത്താക്കിയതിന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ കാരണം സംസ്ഥാനത്തെ മറ്റ് 5 വിസിമാർക്കു കൂടി ബാധകമാണ്. കണ്ണൂർ, സംസ്‌കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വിസിമാരെ നിയമിച്ചപ്പോഴും ഒരു പേരു മാത്രമാണ് ഗവർണർക്കു സമർപ്പിച്ചിരുന്നത്. ഇവരെ എല്ലാം ഗവർണ്ണർ പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സർക്കാരും ഗവർണ്ണറും ഏറ്റുമുട്ടലിന്റെ പാതയിലാണ്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.

ബയോഡേറ്റ തെറ്റിച്ചു നൽകിയതിനു സർക്കാർ ശുപാർശ അനുസരിച്ച് എംജി സർവകലാശാലാ വിസിയെ ഗവർണർ മുൻപു പുറത്താക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആയതിനാൽ ഇക്കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാടു നിർണായകമാകും. ഇന്നു രാത്രിയോടെ അദ്ദേഹം തിരുവനന്തപുരത്തു മടങ്ങിയെത്തും. വിധിപ്പകർപ്പു പരിശോധിച്ച ശേഷം തീരുമാനം എടുക്കും. സംസ്‌കൃത സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രം നിർദ്ദേശിച്ചപ്പോൾ അത് യുജിസി വ്യവസ്ഥകൾക്കു വിരുദ്ധമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലിൽ ഒപ്പുവയ്ക്കാതെ അദ്ദേഹം 2 മാസത്തോളം മാറ്റിവച്ചു. ഒടുവിൽ സർക്കാരിന്റെ നിർബന്ധത്തെത്തുടർന്നാണ് ഒപ്പിട്ടത്.

സർവകലാശാലാ നിയമനങ്ങളുടെ കാര്യത്തിൽ നിലവിൽ, ഗവർണർ സ്വീകരിക്കുന്ന കടുത്ത നിലപാടിനു കരുത്തു നൽകുന്നതാണ് സുപ്രീം കോടതി വിധി. ഇതു സർക്കാരിനു കനത്ത തിരിച്ചടി ആണെന്ന പ്രതിപക്ഷ ആരോപണം സർക്കാർ തള്ളിയിട്ടുണ്ട്. തീരുമാനം എടുത്തത് ഗവർണർ ആണെന്ന നിലപാടിലാണു സർക്കാർ. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഗവർണ്ണർ എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. ഈ തീരുമാനത്തെ കോടതിയിലും ചോദ്യം ചെയ്യാനാകില്ല. ഫലത്തിൽ എല്ലാ വിസി മാരേയും നിയമിക്കാനുള്ള അധികാരം കൂടി ഗവർണ്ണർക്കു വന്നു ചേരും. അതിനിടെ കേരള സെനറ്റിൽനിന്ന് 15 പേരെ പുറത്താക്കിയതു സംബന്ധിച്ച ഹൈക്കോടതി വിധി ഗവർണർക്കു തിരിച്ചടി ആണെന്ന വ്യാഖ്യാനം രാജ്ഭവൻ തള്ളി. ഗവർണറുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കേസ് കേൾക്കുന്ന സാഹചര്യത്തിൽ പകരക്കാരെ നിയമിക്കുന്നതു മാത്രമാണു തൽക്കാലം തടഞ്ഞിരിക്കുന്നതെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.

ഇതിനിടെയാണ് സുപ്രീംകോടതിയിലെ വിധി വരുന്നത്. ഫിഷറീസ്, കണ്ണൂർ സർവകലാശാലകളിലെ വിസി നിയമനത്തിനെതിരെ കേസുണ്ട്. കേരള സർവ്വകലാശാലയിലെ വിസിക്ക് കാലാവധിയും തീരുന്നു. കണ്ണൂർ, സംസ്‌കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വിസി നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ക്വോവാറന്റോ ഹർജി നൽകും. ഇതും നിർണ്ണായകമാകും. നിയമനത്തിൽ യുജിസി ചട്ടം പാലിച്ചില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണ്, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ഒരിക്കൽ അംഗീകരിച്ചാൽ അതു നടപ്പാക്കാൻ ബാധ്യത ഉണ്ടെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊച്ചി സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്താണു ഹർജി നൽകിയത്.

വിസി തസ്തികയിലേക്ക് ശ്രീജിത് അപേക്ഷകനായിരുന്നു. ആദ്യവട്ടം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ, സേർച് കമ്മിറ്റി പിരിച്ചുവിട്ടതുമൂലം രണ്ടാമതു വീണ്ടും വിജ്ഞാപനമിറക്കിയെങ്കിലും ശ്രീജിത് ഇടംപിടിച്ചില്ല. പിന്നീട് പത്രവാർത്തകളിലൂടെയാണ് രാജശ്രീയെ നിയമിച്ച വിവരം അറിയുന്നത്. ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിയമനം നിയമപരമാണെന്നു വിധിച്ചു. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്. യുജിസി ചട്ടത്തിനു വിരുദ്ധമായി, വൈസ് ചാൻസലറെ നിയമിക്കാൻ സേർച് കമ്മിറ്റി ചാൻസലർക്ക് 3-5 പേരുടെ പാനൽ കൈമാറുന്നതിനു പകരം രാജശ്രീയുടെ പേരു മാത്രമാണു നൽകിയതെന്നു ഹർജിക്കാരൻ വാദിച്ചു.

ഉന്നതവിദ്യാഭ്യാസ രംഗത്തു പ്രാഗൽഭ്യമുള്ളവർ ഉൾപ്പെട്ടതും സർവകലാശാലയുമായി ഒരുതരത്തിലും ബന്ധപ്പെടാത്തവരുമായിരിക്കണം സേർച് കമ്മിറ്റിയിലുണ്ടാവേണ്ടതെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്നു ഹർജിയിൽ പറയുന്നു. എന്നാൽ, യുജിസി ചട്ടങ്ങൾ സംസ്ഥാനം അംഗീകരിച്ചിട്ടില്ലാത്തതിനാൽ അവ ബാധകമല്ലെന്നാണു സർക്കാർ വാദിച്ചത്. 2010 ലെ യുജിസി ചട്ടം സ്വീകരിച്ചിട്ടുണ്ടെങ്കിലും 2013 ലെ ഭേദഗതി പ്രത്യേകമായി സ്വീകരിച്ചിട്ടില്ല. യുജിസി ചട്ടം കണക്കിലെടുത്താൽ തന്നെ സേർച് കമ്മിറ്റി രൂപീകരിച്ചതിൽ അപാകതയില്ലെന്നായിരുന്നു രാജശ്രീയുടെ വാദം. കമ്മിറ്റിയിലെ എഐസിടിഇ പ്രതിനിധിയെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രാഗൽഭ്യമുള്ളയാളായി കണക്കാക്കാമെന്നും വാദിച്ചു.

എന്നാൽ, കമ്മിറ്റി രൂപീകരണം ചട്ടപ്രകാരമല്ലെന്നും ഒരു പേരു മാത്രം കമ്മിറ്റി നൽകിയതിൽ അപാകതയുണ്ടെന്നുമാണു കോടതി കണ്ടെത്തി. സേർച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിസിയെ നിയമിക്കുന്നതു വരെ സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിൽ മറ്റൊരു വിസിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ കെടിയു വിസിയുടെ താൽക്കാലിക ചുമതല ഗവർണർ നൽകിയേക്കും. വിസി നിയമനം റദ്ദായതോടെ യുജിസി വ്യവസ്ഥ പ്രകാരം പിവിസിയും സ്ഥാനം ഒഴിയേണ്ടി വരുമെന്ന വിലയിരുത്തലുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP