Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സർക്കാർ ജോലിയിലും സാമ്പത്തിക സംവരണം 10 ശതമാനം; വിജ്ഞാപനം ഒരാഴ്‌ച്ചക്കുള്ളിൽ; സർക്കാറിന്റെ അതിവേഗ നീക്കം തെരഞ്ഞെടുപ്പു മുന്നിൽ കണ്ട്; നാല് ലക്ഷം രൂപ കുടുംബ വാർഷിക വരുമാനമുള്ളവരും സംവരണത്തിന് അർഹർ; ആരൊക്കെ സംവരണത്തിന് അർഹരെന്ന് അറിയാം..

സർക്കാർ ജോലിയിലും സാമ്പത്തിക സംവരണം 10 ശതമാനം; വിജ്ഞാപനം ഒരാഴ്‌ച്ചക്കുള്ളിൽ; സർക്കാറിന്റെ അതിവേഗ നീക്കം തെരഞ്ഞെടുപ്പു മുന്നിൽ കണ്ട്; നാല് ലക്ഷം രൂപ കുടുംബ വാർഷിക വരുമാനമുള്ളവരും സംവരണത്തിന് അർഹർ; ആരൊക്കെ സംവരണത്തിന് അർഹരെന്ന് അറിയാം..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം സംസ്ഥാനത്തും നടപ്പിലാക്കുന്നു. സ്‌കൂൾ, കോളേജ് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തിയതിന് പിന്നാലെ സർക്കാർ ജോലിയിലും സംവരണം ഏർപ്പെടുത്തുന്നതിന് സർക്കാർ അംഗീകാരം നൽകി. മുന്നോക്ക് വിഭാഗങ്ങൾക്ക് സർക്കാർ ജോലിയിൽ 10 ശതമാനമാണ് സംവരണം ഏർപ്പെടുത്തുക. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടമാണു ഭേദഗതി ചെയ്യുക.

വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലാണു പ്രാബല്യം. നിയമവകുപ്പ് അംഗീകരിച്ചാൽ ഒരാഴ്ചയ്ക്കകം വിജ്ഞാപനം പുറപ്പെടുവിക്കും. അതേസമയം, കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്ഞാപനത്തിനു മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യമുണ്ട്. ഈ ആവശ്യം അംഗീകരിക്കുമോ എന്ന കാര്യം ഇനിയും അറിയാനുണ്ട്.

ഇനി ക്ഷണിക്കുന്ന അപേക്ഷകൾക്കു മാത്രമാണോ അതോ, പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്ക് പട്ടികകൾക്കും കൂടി ഈ സംവരണം ബാധകമാക്കണോ എന്നു വിജ്ഞാപനത്തിലേ വ്യക്തമാകൂ. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു.

റിട്ട ജഡ്ജി കെ. ശശിധരൻ നായർ കമ്മിഷന്റെ ശുപാർശകൾ കണക്കിലെടുത്തു സംവരണത്തിനുള്ള അർഹതാ മാനദണ്ഡങ്ങളും നിശ്ചയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൻ ഹയർ സെക്കൻഡറി, പ്രഫഷനൽ കോളജുകൾ, ദേവസ്വം ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്തു.

എന്നാൽ, സംവരണം നടപ്പാക്കാൻ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്യാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് എൻഎസ്എസ് അടക്കം ആരോപിച്ചിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പു കൂടി അടുത്ത സാഹചര്യത്തിൽ മുന്നോക്ക വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി ഇപ്പോഴത്തെ സർക്കാർ നീക്കത്തിന് പിന്നിലുണ്ട്.

ആരൊക്കയൊണ് സംവരണത്തിന് യോഗ്യർ?

സർക്കാർ നിയമനങ്ങൾക്ക് 50% സംവരണമാണ് ഇപ്പോഴുള്ളത്. പട്ടിക വിഭാഗത്തിനും പിന്നാക്ക സമുദായങ്ങൾക്കുമാണ് ഇതു നൽകുന്നത്. ബാക്കി 50 ശതമാനത്തിൽ (ഓപ്പൺ ക്വോട്ട) നിന്നു 10% എടുത്താണ് സാമ്പത്തിക സംവരണത്തിന് അർഹരായവർക്കു നൽകുന്നത്. ഇതോടെ ഓപ്പൺ മെറിറ്റ് 40 ശതമാനമായി ചുരുങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി തയാറാക്കിയ അതേ മാനദണ്ഡങ്ങൾ തന്നെയാകും പിഎസ്‌സി നിയമനത്തിനും കണക്കിലെടുക്കുകയെന്നാണു സൂചന.

അതിങ്ങനെ: നിലവിൽ സംവരണമില്ലാത്തവരും 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും സംവരണത്തിന് അർഹരാണ്. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവർക്കു മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സംവരണം ലഭിക്കും.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10% സംവരണം നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ചു സംവരണം നടപ്പിലാക്കുകയും ചെയ്തു. ഓരോ മൂന്നു വർഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അവലോകനം ചെയ്യും. ഈ വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കുന്നതിന് സെക്രട്ടേറിയറ്റിൽ പരിശോധനാ സെൽ ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP