Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവ പ്രവർത്തനം; കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച നാടകങ്ങളും ഏറെ; ആകാശവാണിയിലെ ശബ്ദ സൗകുമാര്യം ശ്വാസ കോശം സ്‌പോഞ്ചു പോലെയാക്കിയെന്ന പരസ്യത്തിലൂടെ മലയാളിയുടെ പ്രിയ താരമായി; എന്നിട്ടും ഗോപന്റെ മൃതദേഹത്തിന് കേരളാ ഹൗസിൽ പൊതുദർശന ഇടമില്ല; കാട് പിടിച്ചു കിടക്കുന്ന ട്രാവൻകൂർ ഹൗസിൽ വയ്ക്കാൻ നിർദ്ദേശം; പിണറായി സർക്കാരിനെതിരെ ഡൽഹി മലയാളികൾ പ്രതിഷേധത്തിൽ

യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവ പ്രവർത്തനം; കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച നാടകങ്ങളും ഏറെ; ആകാശവാണിയിലെ ശബ്ദ സൗകുമാര്യം ശ്വാസ കോശം സ്‌പോഞ്ചു പോലെയാക്കിയെന്ന പരസ്യത്തിലൂടെ മലയാളിയുടെ പ്രിയ താരമായി; എന്നിട്ടും ഗോപന്റെ മൃതദേഹത്തിന് കേരളാ ഹൗസിൽ പൊതുദർശന ഇടമില്ല; കാട് പിടിച്ചു കിടക്കുന്ന ട്രാവൻകൂർ ഹൗസിൽ വയ്ക്കാൻ നിർദ്ദേശം; പിണറായി സർക്കാരിനെതിരെ ഡൽഹി മലയാളികൾ പ്രതിഷേധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബ്ദ വൈവിധ്യത്തിലൂടെ മലയാളിയുടെ മനസ്സിലെ താരമായ വ്യക്തിത്വമാണ് ഗോപൻ എന്ന ആകാശവാണി മുൻ ന്യൂസ് റീഡറും പ്രമുഖ നടനും. ഇടതു പക്ഷത്തോടുള്ള താൽപ്പര്യവുമായി ഡൽഹിയിലെത്തി പുതിയൊരു വഴിയിലൂടെ മലയാളിയുടെ അഭിമാനമായ വ്യക്തിത്വം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി പടപൊരുതിയ സഖാവ്. ആകാശവാണിയെന്ന തട്ടകത്തിലെത്തിയപ്പോൾ രാഷ്ട്രീയം മറന്ന് മാധ്യമ പ്രവർത്തനത്തിൽ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയ പ്രതിഭ. ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യ ചിത്രത്തിന് ശബ്ദം നൽകി മലയാളിയെ പുകവലിയുടെ ദൂഷ്യത അറിയിച്ച കമന്റേറ്റർ. എന്നിട്ടും കേരള സർക്കാർ ഈ പ്രതിഭയോട് മരണത്തിൽ അനാദരവ് കാട്ടി.

കഴിഞ്ഞ ദിവസമാണ് ഗോപൻ (എൻ. ഗോപിനാഥൻ നായർ) മരിച്ചത്. ഡൽഹിയിൽ വലിയ സുഹൃത് ബന്ധമുള്ള വ്യക്തിത്വം. മലയാളികുടെ പ്രയിപ്പെട്ട ശബ്ദത്തിനുടമയായ ഗോപന്റെ മൃതദേഹത്തോട് ഡൽഹിയിലെ കേരള ഹൗസും കേരള സർക്കാരും അനാദരം കാട്ടിയെന്നാണ് പരാതി. തിങ്കൾ രാത്രി ഡൽഹിയിൽ അന്തരിച്ച ഗോപന്റെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കുന്നതിനു മുൻപ് കുറച്ചു സമയം കേരള ഹൗസ് കോൺഫറൻസ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കണമെന്ന അഭ്യർത്ഥന അധികൃതർ നിരാകരിച്ചു. മാധ്യമ പ്രവർത്തകരും സംഘടനാ പ്രവർത്തകരും മുഖ്യമന്ത്രി പിണറായി വിജയനോട് അപേക്ഷിച്ചിട്ടും അനുമതി ലഭിച്ചില്ല.

ഇതു സാധ്യമല്ലെന്നു കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ വ്യക്തമാക്കി. ട്രാവൻകൂർ ഹൗസിൽ കുറച്ചുനേരം മൃതദേഹം വയ്ക്കാമെന്ന് അനുമതി നൽകി. എന്നാൽ പൊടിപിടിച്ച് കാടുകയറി അനാഥമായി കിടക്കുന്ന സ്ഥലത്ത് മൃതദേഹം വയ്ക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും തയാറായില്ല. തുടർന്ന് ഗോപന്റെ മൃതദേഹം വീട്ടിൽ പൊതു ദർശനത്തിനു വച്ചശേഷം ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ സംസ്‌കരിച്ചു. 4 പതിറ്റാണ്ടു കാലം ഡൽഹിയുടെ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന മലയാളിയായണ് ഗോപൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച ഗോപനോട് പിണറായി സർക്കാർ തന്നെ ആനാദരവ് കാട്ടിയെന്നതാണ് ഏവരേയും വേദനിപ്പിക്കുന്നത്.

അതേസമയം രേഖാമൂലം തന്നോട് ആരും അനുമതി തേടിയില്ലെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനിത് കുമാർ പ്രതികരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഗോപൻ അന്തരിച്ചത്. രാത്രിയോടെ പൊതുദർശനത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുവെന്നാണ് ഡൽഹിയിലെ മലയാളി സമാജം ഭാരവാഹികൾ പറയുന്നത്. രാവിലെ എട്ട് മണിയോടെ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. 8.10 ഓടെ പൊതുദർശനത്തിന് എത്തിക്കാം. 11 ഓടെ പൊതുദർശനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി വൈകിട്ടോടെ സംസ്‌കാര ചടങ്ങുകൾ നടത്താമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ ബന്ധപ്പെട്ടവർ കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെ ചെന്ന് കണ്ടപ്പോൾ കേരള സർക്കാരിൽനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും അനുമതി ലഭിക്കണമെന്നുമാണ് അറിയിച്ചത്. തുടർന്ന് തിരുവനന്തപുരവുമായി ബന്ധപ്പെട്ടപ്പോൾ ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വയ്ക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പൊതു ദർശനം വേണ്ടെന്ന് വച്ചു.

'ആളുകൾ വന്നു വന്ന് എന്നെ ഇപ്പോൾ വിളിക്കുന്നത് 'ശ്വാസകോശം ഗോപൻ' എന്നാണ് . അത്രയ്ക്കുണ്ട് പുകവലിയെകുറിച്ചുള്ള ആ പരസ്യം കൊണ്ടുവന്ന പ്രശസ്തി-ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യത്തെ കുറിച്ച് ഗോപൻ തന്നെ പറഞ്ഞിരുന്നത് ഇങ്ങനെയാണ്. തിയറ്ററിൽ പോയി സിനിമ കണ്ടവർ, ടി വി യിൽ കണ്ടവർ ആരും മറക്കില്ല. കൊച്ചുകുട്ടികൾക്കുപോലും അറിയാം. മിമിക്രിയിലും ഒരുപാട് പേർ ഗോപനെ അനുകരിക്കുന്നു. ദുശ്ശീലങ്ങളിൽ നിന്ന് അകലാൻ മലയാളിയെ പ്രേരിപ്പിക്കുന്ന ചിരപരിചിതമായ ആ ശബ്ദം അവശേഷിപ്പിച്ചാണ് ഗോപൻ യാത്രയായത്. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം. സി വി രാമൻപിള്ളയുടെ പേരമകളുടെ മകൻ. അടൂർഭാസിയും ഇ വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കൾ. പക്ഷേ കലയും സാഹിത്യവുമായിരുന്നില്ല ഗോപന്റെ മുന്നിൽ തെളിഞ്ഞത്.

എം എ പഠിച്ചിറങ്ങിയപ്പോൾ ചരിത്രാധ്യാപകനാകാനായിരുന്നു മോഹം. അന്ന് സർദാർ കെ എം പണിക്കർ കശ്മീർ സർവകലാശാല വൈസ് ചാർസലറാണ്. അദ്ദേഹം പറഞ്ഞതു പ്രകാരം ഡൽഹിയിക്ക് വണ്ടി കയറി. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന് മൈസുരു സർവ്വകലാശാലയിലേക്ക് മാറ്റമായി. നാട്ടിലേക്ക് ഉടൻ മടങ്ങാൻവയ്യ. തൽക്കാലത്തേക്ക് ഡൽഹിയിൽ നിഖിൽ ചക്രവർത്തിയുടെ മെയിൻസ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തിൽ ജോലിക്ക് പോയിത്തുടങ്ങി. അപ്പോഴാണ് ഡൽഹി ആകാശവാണിയിൽ അവതാരകൻ തസ്തികയിലേക്ക് ആളെ വിളിക്കുന്നത്. ജോലി ലഭിച്ചു; ശമ്പളം 300 രൂപ. ആദ്യവാർത്ത വായിക്കുമ്പോൾ പ്രായം 21. ഇക്കാലത്ത് അടൂർ ഭാസിയും ആകാശവാണി ജോലി തേടി ഗോപനൊപ്പം ഉണ്ടായിരുന്നു. 500 രൂപ പ്രതിഫലത്തിൽ അടൂർ ഭാസിക്ക് സിനിമയിൽ അവസരം ലഭിച്ചതിനാൽ അദ്ദേഹം വഴിമാറിപ്പോയി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സജീവപ്രവർത്തകനായിരുന്നു. അന്ന് നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അടുത്ത സുഹൃത്തായിരുന്നു കണിയാപുരം രാമചന്ദ്രൻ. അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി തെരഞ്ഞെടുപ്പിൽ നാടകം അവതരിപ്പിക്കാൻ പോകും. മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ മരണ വാർത്ത, നിരവധി തെരഞ്ഞെടുപ്പ് വാർത്തകൾ, ആര്യഭട്ടയുടെ വിക്ഷേപണം, അനവധി ശാസ്ത്രനേട്ടങ്ങൾ ഉൾപ്പെടെ മലയാളികളെ അറിയിച്ച വാർത്തകൾ വായിച്ചത് ഗോപനായിരുന്നു. തുടർച്ചയായി മുപ്പത്തൊമ്പതര വർഷം വാർത്ത വായിച്ചു. ഡൽഹി ആകാശവാണി മലയാള വിഭാഗം മേധാവിയായാണ് വിരമിച്ചത്. കേന്ദ്ര സർക്കാരിന്റെ മന്ത്രാലയങ്ങളുടെ പല പരസ്യങ്ങൾക്കും ശബ്ദം നൽകിയത് ഗോപനാണ്. ശബ്ദം നൽകുന്ന ചില പരസ്യങ്ങൾക്കും ലഘു ചിത്രീകരണങ്ങൾക്കും മലയാളത്തിൽ വിവർത്തനം എഴുതുന്നതും ഗോപനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP