Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ടത് പൊലീസ് സ്റ്റേഷന് മുന്നിൽ; വീടുപരിശോധിച്ചതിന് ഗുണ്ടകൾ പകരം വീട്ടിയത് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ്; കൊലപാതകങ്ങളുടെയും പരമ്പര; ഓപ്പറേഷൻ കാവൽ പരാജയമോ? ആഭ്യന്തരവകുപ്പ് നോക്കുകുത്തി, നാട് ഭരിക്കുന്നത് കാർലോസ് പടവീടന്മാർ

യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ടത് പൊലീസ് സ്റ്റേഷന് മുന്നിൽ; വീടുപരിശോധിച്ചതിന് ഗുണ്ടകൾ പകരം വീട്ടിയത് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ്; കൊലപാതകങ്ങളുടെയും പരമ്പര; ഓപ്പറേഷൻ കാവൽ പരാജയമോ? ആഭ്യന്തരവകുപ്പ് നോക്കുകുത്തി, നാട് ഭരിക്കുന്നത് കാർലോസ് പടവീടന്മാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറ്റാരെയും വകുപ്പ് ഏൽപ്പിക്കാതെ ചികിൽസയ്ക്കായി അമേരിക്കയിൽ പോകുമ്പോൾ കേരളത്തിൽ ഗുണ്ടകളുടെ തേർവാഴ്ച. ഗുണ്ടകളുടെ ആക്രമണം പൊലീസ് സ്‌റ്റേഷന് നേരെയും തിരിയുമ്പോൾ പൊലീസുകാർക്ക് പോലും സുരക്ഷിതത്വമില്ലാത്ത നാടായി കേരളം മാറുന്നു.

കഴിഞ്ഞ ദിവസം 19 വയസുള്ള ഷാൻ ബാബു എന്ന യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടത് കേരളത്തിന്റെ ക്രമസമാധാന തകർച്ചയുടെ അടയാളമായിരുന്നു. കാണാനില്ലെന്ന് തലേദിവസം അമ്മ പരാതി നൽകിയ ചെറുപ്പക്കാരനെയാണ് ഏതാനും മണിക്കൂറിനകം ജോമോൻ കെ ജോസ് എന്ന ഗുണ്ട കൊലപ്പെടുത്തി മൃതദേഹം സ്റ്റേഷനിലെത്തിച്ചത്. അതും കാപ്പ നിയമത്തിൽ ഇളവ് കിട്ടിയെങ്കിലും നിരീക്ഷണത്തിലുണ്ടാകേണ്ട കുപ്രസിദ്ധ ഗുണ്ട. ജോമോനെ പുറത്തുവിടരുതായിരുന്നെന്ന ആവശ്യവുമായി മിനിറ്റുകൾക്കുള്ളിൽ ജില്ലയിലെ മന്ത്രി വാസവൻ തന്നെ രംഗത്തെത്തിയിരുന്നു. ഇതുതന്നെ പൊലീസിന്റെ പിടിപ്പുകേട് വെളിച്ചത്തുകൊണ്ടുവരുന്നതാണ്.

കോട്ടയത്തെ സംഭവത്തിന് പുറമെ ഇന്ന് രാവിലെ രണ്ട് ഗുണ്ടകൾ ബൈക്കിലെത്തി തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്‌റ്റേഷന് നേരെ ബോംബേറും നടത്തിയിരുന്നു. യുവാവിനെ ആക്രമിച്ച പ്രതിക്കായി ഇന്നലെ പ്രദേശത്തെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. എന്നാൽ സ്റ്റേഷനിലേയ്ക്ക് ബോംബ് വലിച്ചറിഞ്ഞ പ്രതികളുടെ ദൃശ്യങ്ങൾ കണ്ടെത്താൻ പോലും ആര്യങ്കോട് പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുണ്ടകൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചാൽ പോലും കൈയും കെട്ടി നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് കേരള പൊലീസ്. ഗുണ്ടകളെ പിടികൂടാനായി രൂപീകരിച്ച ഓപ്പറേഷൻ കാവൽ പദ്ധതിയുടെ കാവലിന് ആളുവേണമെന്ന ദയനീയാവസ്ഥയാണ് ഇപ്പോൾ.

എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസുകാരെ ആക്രമിക്കുകയും വാഹനത്തിനു തീയിടുകയും ചെയ്ത കേസും ഇതുവരെ ഒന്നുമായിട്ടില്ല. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പൊലീസിന് പക്കലില്ലാത്തതും കിറ്റക്‌സിലെ സംഭവത്തിൽ പൊലീസ് നിസഹായരായിപോയതും പൊലീസിന്റെ ദൗർബല്യമാണെന്ന വിമർശനമുയരുന്നതിന് കാരണമായിട്ടുണ്ട്. ഇതിനിടെ പോത്തൻകോട് പട്ടാപകൽ ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല് വെട്ടിയെടുത്ത് ആനന്ദനൃത്തമാടിയ സംഭവവും ഉണ്ടായി. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവനെ പിടിച്ചും മാസ്‌ക് വയ്ക്കാത്തവരെക്കൊണ്ട് പിഴയടപ്പിച്ചും സർക്കാർ ഖജനാവിലേക്ക് പണം സ്വരുക്കൂട്ടുന്നതിന്റെ തിരക്കിൽ ക്രമസമാധാനപാലനത്തിന് പൊലീസിന് സമയം കിട്ടുന്നില്ലെന്ന വിമർശനവും വ്യാപകമാണ്.

കേരളത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതും കേരള പൊലീസിനെ പ്രതികൂട്ടിൽ നിർത്തുന്നു. കഴിഞ്ഞ നവംബറിൽ പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെയും ഡിസംബറിൽ തിരുവല്ലയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെയും കൊലപാതകം കേരളത്തെയാകെ കരയിപ്പിച്ചു. ആലപ്പുഴയിൽ ആർഎസ്എസുകാർ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ എസ്ഡിപിഐ തിരിച്ചടിച്ചത് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ ജീവനെടുത്തുകൊണ്ടായിരുന്നു. ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ നടന്ന ഈ കൊലപാതകങ്ങളിൽ കേരളം ഞെട്ടിവിറച്ചു. ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം കൂടിയായപ്പോൾ പൊലീസിന്റെ അനാസ്ഥ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത ശേഷം ശക്തമായ ചാർജ്ഷീറ്റ് സമർപ്പിച്ച് റിമാൻഡ് ഉറപ്പിക്കാൻ പോലും പൊലീസിന് കഴിയുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ പ്രതികളായി വരുന്ന കേസുകളിൽ.

ഇതിനിടെ സാമൂഹിക വിരുദ്ധർക്കെതിരെയുള്ള പൊലീസ് നടപടിയിൽ സംസ്ഥാനത്ത് ഇതുവരെ 14,014 ഗുണ്ടകൾ പിടിയിലായെന്നാണ് പൊലീസ് കണക്കുകൾ. ഗുണ്ടാനിയമപ്രകാരം 224 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിസംബർ 18 മുതൽ ജനുവരി 16 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 6,305 മൊബൈൽ ഫോണുകൾ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു. ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1606 പേർ. ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1188 എണ്ണം.

എന്നാൽ കമ്മിഷണർമാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ഷാഡോ പൊലീസ് സംഘം ഇപ്പോൾ ഏറെക്കുറെ പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. എന്നാൽ ഗുണ്ടകളെ അമർച്ച ചെയ്യാൻ ആരംഭിച്ച ഓപ്പറേഷൻ കാവൽ പദ്ധതിയുടെ മറവിൽ ഗുണ്ടകളേക്കാൾ മനുഷ്യാവകാശ പ്രവർത്തകരെയും ജനകീയ സമര നേതാക്കളെയുമാണ് ഉന്നംവെച്ചതെന്ന ആരോപണവും ശക്തമാണ്. ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നിരവധി ഗുണ്ടകളെ പൊലീസ് അകത്താക്കിയെങ്കിലും ഈ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ തൊടാൻ പൊലീസിനു പേടിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി സിനിമയിൽ ലാൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം കാർലോസ് പടവീടൻ മോഡലിൽ ക്രിമിനലുകളെ തീറ്റിപോറ്റുന്ന, എന്നാൽ പൊതുസമൂഹത്തിൽ മാന്യരായി നടിക്കുന്ന നിരവധി പ്രമുഖർ കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം നഗരങ്ങളിലുണ്ട്. അവർക്കിപ്പോഴും ഭീഷണിയില്ല. പൊലീസിന്റെ തണലിൽ കൊഴുത്തുവളരുന്ന ഈ പടവീടന്മാർ ഇപ്പോഴും അധോലോകത്തിന്റെ നെറുകയിലിരിക്കുന്നു. അവരെ വെറുതേവിട്ട് അവരുടെ കൂലിത്തല്ലുകളെ മാത്രം അകത്താക്കുകയാണ് കേരളാ പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP