Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവമായി നിറഞ്ഞാടി; തലകുത്തി താഴെ വീണപ്പോൾ ദൈവത്തിന് കൈത്താങ്ങായി ഒരുകൂട്ടം ചെറുപ്പക്കാർ; ബാപ്പരിയൻ തെയ്യമായി തെങ്ങിൽനിന്നു വീണു പരിക്കേറ്റ സുമേഷ് പെരുവണ്ണാന് വാടസ്ആപ് കൂട്ടായ്മ നൽകിയത് പുത്തൻ ഓട്ടോറിക്ഷ; അറിയാം കണ്ണൂരിന്റെ നന്മയെ

ദൈവമായി നിറഞ്ഞാടി; തലകുത്തി താഴെ വീണപ്പോൾ ദൈവത്തിന് കൈത്താങ്ങായി ഒരുകൂട്ടം ചെറുപ്പക്കാർ; ബാപ്പരിയൻ തെയ്യമായി തെങ്ങിൽനിന്നു വീണു പരിക്കേറ്റ സുമേഷ് പെരുവണ്ണാന് വാടസ്ആപ് കൂട്ടായ്മ നൽകിയത് പുത്തൻ ഓട്ടോറിക്ഷ; അറിയാം കണ്ണൂരിന്റെ നന്മയെ

കണ്ണൂർ: 'നാളെ ദൈവം ഓടിക്കുന്ന ഓട്ടോയിൽ കയറാം. ഈ ഓട്ടോ റിക്ഷ ഒരു പള്ളിയറയാണ്. മരണത്തിൽ നിന്നും ജീവിതത്തിലേക്കുയിർത്ത ദൈവം ഇവിടെ കുടികൊള്ളുന്നു' ഒരു വാട്‌സ് ആപ് സന്ദേശത്തിലെ വാക്കുകളാണിത്. ഒപ്പം ഒരു ഓട്ടോറിക്ഷയുടെ ചിത്രവും വടിയൂന്നി നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രവുമുണ്ടായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മാസങ്ങൾക്ക് മുമ്പ് കണ്ടുമറന്ന ഒരു വാർത്തയുടെ ഫോളോഅപ്പിലേക്ക് ചെന്നെത്തിയത്.

കഴിഞ്ഞ ഫെബ്രുവരി 22ന് ആയിരുന്നു അത്. ഉൽസവത്തിനിടെ ബാപ്പരിയൻ തെയ്യമായി തെങ്ങിൽ കയറി തേങ്ങ പറിച്ചിടുന്നതിനിടെ പിടിവിട്ടുവീണ ധർമശാല തളിയിൽ സ്വദേശി സുമേഷ് (40) പെരുവണ്ണാൻ അവസാനിച്ചു എന്ന് എല്ലാരും വിധിയെഴുതിയതാണ്. അഴീക്കോട് മീൻകുന്ന് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയായിരുന്നു അപകടം. തെയ്യം തലകീഴായി നിലംപതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും വലതുകാലിന്റെ തുടയെല്ലിനും സാരമായി ക്ഷതമേറ്റു. നാട്ടുകാരും വളപട്ടണം പൊലീസും ചേർന്ന് ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ അക്കാലമത്രയും കെട്ടിയാടിയതിന്റെ അനുഗ്രഹമോ, ആചാരാനുഷ്ഠാനങ്ങളുടെ നിറവോ എന്നാർക്കുമറിയില്ല, മലബാറിൽ കിടന്നകിടപ്പിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാത്ത നിരവധി തെയ്യം കലാകാരന്മാരുടെ കൂട്ടത്തിൽ സുമേഷ് പെരുവണ്ണാന്റെ പേര് വന്നില്ല. രണ്ടുമാസത്തോളംനീണ്ട ചികിത്സയ്‌ക്കൊടുവിൽ തുടയെല്ലിനേറ്റ പൊട്ടൽ മാത്രമേ ഇനി ഭേദപ്പെടാനുള്ളു. ബാക്കിയെല്ലാം ദൈവാനുഗ്രഹംപോലെ. ഒരു ഊന്നുവടിയിൽ നിവർന്നുനിൽക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ഇനിയാണ് പ്രതിസന്ധി. കളിയാട്ടക്കാലമാകുമ്പോൾ വ്രതമെടുത്ത് തെയ്യം കെട്ടാൻ ഇനി കഴിയില്ല. പക്ഷേ, മുന്നിലുള്ള ജീവിതം എത്ര ഔദാര്യങ്ങൾ കിട്ടിയാലും ജീവിച്ചു തീർക്കാനും കഴിയില്ല. പ്രതിസന്ധിയിലേക്ക് കുപ്പുകുത്തുമെന്നു തോന്നുമ്പോഴാണ് അദ്ദേഹത്തിന് കൈത്താങ്ങായി നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരുൾപ്പെട്ട വാട്‌സ്ആപ് കൂട്ടായ്മയെത്തിയത്.

കൂട്ടായ്മയുടെ പേര് 'തെയ്യക്കാഴ്ചകൾ'. തെങ്ങിൽ കയറിയ ബപ്പരിയൻ തെയ്യം താഴെ വീണ ദൃശ്യമുൾപ്പെടെ മാധ്യമങ്ങൾക്കുപോലും നൽകിയത് ഈ ഗ്രൂപ്പായിരുന്നു. കണ്ണൂരിലെ നിരവധി തെയ്യം കലാകാരന്മാർ ഇതുപോലെ കളിയാട്ടത്തിനിടെ അപകടത്തിൽപെട്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്. സുമേഷ് പെരുവണ്ണാൻ അക്കൂട്ടത്തിൽ ഒരാളാകരുതെന്ന് അവർ ആഗ്രഹിച്ചു. പിന്നെ അമാന്തിച്ചില്ല. അസ്ഥികൾ നുറുങ്ങിപ്പിടയുന്ന ദൈവത്തെ താങ്ങി നിർത്താൻ അവർ രംഗത്തിറങ്ങി. സുമേഷ് പെരുവണ്ണാനെന്ന ചെറുപ്പക്കാരൻ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് വീണ്ടും പിച്ചവച്ചു.

തെയ്യക്കാരൻ ഒരു ദേശത്തിന്റെ,സംസ്‌ക്കാരത്തിന്റെ അന്തഃസത്തയാണെന്ന് ദേശവാസികൾ തിരിച്ചറിഞ്ഞു. അവർ സംഘടിച്ച് പണം സ്വരൂപിച്ച് പെരുവണ്ണാനെ ജീവിതത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. പലരിൽനിന്നായി അവർ സ്വരൂപിച്ച് ഒരു ഓട്ടോറിക്ഷ വാങ്ങി. അതിന്റെ പേര് 'തെയ്യക്കാഴ്ചകൾ' എന്നുതന്നെ. 10 വർഷം തെയ്യം കെട്ടിയ സുമേഷിന് ഇനി അത് സാധിക്കുമെന്ന് വൈദ്യശാസ്ത്രത്തിന് ഉറപ്പില്ല. പക്ഷേ, ഇക്കാലമത്രയും കെട്ടിയാടിയ ദൈവങ്ങൾ തന്നോടൊപ്പമുണ്ടെന്ന് സുമേഷ് ഉറപ്പിച്ചുപറയുന്നു. അതിന്റെ ശക്തിയാൽ താൻ തിരിച്ചുവരുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

അതുവരെ വാട്‌സ്ആപ് കൂടായ്മ സമ്മാനിച്ച ഈ ഓട്ടോറിക്ഷയാണ് അദ്ദേഹത്തിന്റെ ജീവിതം. വളപട്ടണം നഗരത്തിലെവിടെയെങ്കിലും 'തെയ്യക്കാഴ്ചകൾ' എന്ന ഓട്ടോറിക്ഷ കാണുന്നവർ ഈ പേരിന്റെ കഥ തേടിപ്പോകുമ്പോൾ തന്റെ കഥയും എല്ലാവരുമറിയുമെന്ന സന്തോഷത്തിലാണ് സുമേഷ് പെരുവണ്ണാൻ. ഒപ്പം തനിക്ക് പുനർജന്മമേകിയ ഒരുസംഘം ചെറുപ്പക്കാരുടെ നന്മയും ജനമറിയുമെന്നും അദ്ദേഹത്തിനുറപ്പുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽമാത്രം നാം ഓർക്കേണ്ട പേരല്ല കണ്ണൂരെന്ന് കാണിച്ചുതരികയാണ് ഈ സംഭവം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP