Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമ പ്രവർത്തകരിലെ സ്തുതിപാഠകരെ തിരിച്ചറിയാൻ കളർകോഡ്; വാർത്തകളിൽ അസത്യവും കലർത്തണം; മോദി സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മാധ്യമങ്ങളെ എങ്ങനെ ഉപയോ​ഗിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ച് ഒമ്പതംഗ മന്ത്രിതല സമിതി

മാധ്യമ പ്രവർത്തകരിലെ സ്തുതിപാഠകരെ തിരിച്ചറിയാൻ കളർകോഡ്; വാർത്തകളിൽ അസത്യവും കലർത്തണം; മോദി സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മാധ്യമങ്ങളെ എങ്ങനെ ഉപയോ​ഗിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ച് ഒമ്പതംഗ മന്ത്രിതല സമിതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും നിരീക്ഷിക്കണമെന്നും സ്​തുതിപാഠകരായ മാധ്യമങ്ങളെ ​പ്രോത്സാഹിപ്പക്കണമെന്നും മന്ത്രിതല സമിതിയുടെ ശുപാർശ. മാധ്യമങ്ങളെ ഉപയോഗിച്ച്​ മോദി സർക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നത്​ സംബന്ധിച്ച്​ പഠിക്കാൻ നിയോഗിച്ച ഒമ്പതംഗ മന്ത്രിതല സമിതിയുടേതാണ് റിപ്പോർട്ട്​​. സമിതി പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജില്ലാ തലത്തിൽ തന്നെ മാധ്യമപ്രവർത്തകരെ സ്വാധീനിക്കാൻ കഴിയണമെന്നും സമിതി ശുപാർശ ചെയ്യുന്നു. കപട-മതേതരവാദികളാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നത്​. സർക്കാർ സർവ ശക്തിയുമുപയോഗിച്ച്‌ അവരെ ഒതുക്കണം. പാർട്ടി വക്താക്കളെയും സർക്കാർ വക്താക്കളെയും പരിശീലിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

രവിശങ്കർപ്രസാദ്‌, സ്‌മൃതി ഇറാനി, പ്രകാശ്‌ ജാവ്​ദേക്കർ, പി. ജയശങ്കർ, മുഖ്‌താർ അബ്ബാസ്‌ നഖ്​വി, കിരൺ റിജിജു, ഹർദീപ്‌ സിങ്‌ പുരി, അനുരാഗ്‌ ഠാക്കൂർ, ബാബുൽ സുപ്രിയോ എന്നീ കേന്ദ്ര മന്ത്രിമാരാണ്‌ സമിതിയിൽ ഉണ്ടായിരുന്നത്​. പ്രമുഖ മാധ്യമപ്രവർത്തകരുമായും സാമൂഹിക പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിതല സമിതി​ റിപ്പോർട്ട്​ തയാറാക്കിയത്​. എസ്‌. ഗുരുമൂർത്തി (ആർ.എസ്.‌എസ്‌ സൈദ്ധാന്തികൻ), സ്വപൻ ദാസ്‌ഗുപ്‌ത (മാധ്യമപ്രവർത്തകൻ, രാജ്യസഭാംഗം), കാഞ്ചൻ ഗുപ്‌ത- (മാധ്യമപ്രവർത്തകൻ), നിഥിൻ ഗോഖലേ (മാധ്യമപ്രവർത്തകൻ, പ്രതിരോധ വിദഗ്‌ധൻ), ശേഖർ അയ്യർ- (മാധ്യമപ്രവർത്തകൻ), എ സൂര്യപ്രകാശ്‌ (പ്രസാർ ഭാരതി അധ്യക്ഷൻ), അശോക്‌ ടാണ്‌ഠൻ (പ്രസാർ ഭാരതി ബോർഡംഗം), അശോക്‌ മാലിക്‌ (വിദേശകാര്യവകുപ്പ്‌ അഡീഷനൽ സെക്രട്ടറി, ഉപദേശകൻ), ശശി ശേഖർ വെമ്പാട്ടി (സിഇഒ പ്രസാർ ഭാരതി), ആനന്ദ്‌ രംഗനാഥൻ (കൺസൾട്ടിങ്‌ എഡിറ്റർ, സ്വരാജ്യ), ആനന്ദ്‌ വിജയ്‌ (കോളമിസ്‌റ്റ്‌), സുനിൽ രാമൻ, നൂപുർ ശർമ (ബിജെപി വക്താവ്‌) തുടങ്ങിയവരിൽനിന്നാണ്​ സമിതി അഭിപ്രായങ്ങൾ ആരാഞ്ഞത്​. കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സർക്കാറിനെ പിന്താങ്ങുന്ന മാധ്യമപ്രവർത്തകരെയും അല്ലാത്തവരെയും തിരിച്ചറിയാൻ മൂന്ന്​ കളർകോഡ് നൽകണമെന്നും നിർദ്ദേശത്തിലുണ്ട്​. പിന്തുണക്കുന്നവർക്ക്​ വെള്ള നിറം, എതിർക്കുന്നവർക്ക്​ കറുപ്പ്​ നിറം, രണ്ടിനുമിടയിലുള്ളവർക്ക്​ പച്ച നിറം എന്നിവ നൽകണമെന്നാണ്​ പ്രതിരോധ വിദഗ്‌ധനും മാധ്യമപ്രവർത്തകനുമായ നിഥിൻ ഗോഖലേ അഭിപ്രായ​പ്പെട്ടത്​.വയർ, പ്രിൻറ്​, സ്‌ക്രോൾ, ഹിന്ദു എന്നീ വാർത്താ പോർട്ടലുകളുടെ വാർത്തകളെയാണ്‌ ഗൂഗ്‌ൾ പ്രോൽസാഹിപ്പിക്കുന്നത്​. ഇവരെയാണ്​ വിദേശമാധ്യമങ്ങളും ആശ്രയിക്കുന്നത്​. ഇത്​ ഒഴിവാക്കാൻ പ്രത്യേകം ചർച്ച നടത്തണം. ആൾട്ട്‌ ന്യൂസ്‌ എന്ന വാർത്താ പോർട്ടൽ വലിയ ഉപദ്രവമാണ്‌. വിക്കിപീഡിയ എഡിറ്റ്‌ ചെയ്‌ത്‌ ചരിത്രം പുനർരചിക്കുന്നുണ്ട്​. വ്യക്തമായ പക്ഷപാതം അതിലുണ്ട്‌. ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ വേണം.

സർക്കാറിന്​ അനുകൂലമായ തരംഗം സൃഷ്​ടിക്കാൻ ദേശീയ, അന്തർദേശീയ, പ്രാദേശിക ഭാഷ മാധ്യമങ്ങളെ ഉപയോഗിക്കണമെന്നതാണ് മറ്റൊരു​ പ്രധാന നിർദ്ദേശം. ഇതിനായി സർക്കാർ അനുകൂലികളും പ്രതികൂലികളുമായ മാധ്യമപ്രവർത്തകരെ തരംതിരിച്ച്​ കണ്ടെത്തണമെന്നും ഇവർ പറയുന്നു. ഇന്നത്തെ മാധ്യമവിദ്യാർത്ഥികളാണ്‌ നാളത്തെ മാധ്യമപ്രവർത്തകർ. അതുകൊണ്ട്​ മാധ്യമപഠന കേന്ദ്രങ്ങളുമായി നല്ല ബന്ധം സ്​ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. കാര്യങ്ങളെ വളച്ചൊടിക്കാൻ കഴിയുന്നവരെ കണ്ടെത്തി ഉപയോഗിപ്പെടുത്തണം. മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തണം. ജോലി നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരെ ഉപയോഗിച്ച്‌ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതി പ്രചാരണം നടത്തണം.

വാർത്തകളിൽ സത്യവും അസത്യവും കലർത്തണമെന്ന്​​ ആർ.എസ്‌.എസ്‌ സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തി സമിതിയോട്​ നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകരെ സ്വാധീനിക്കാൻ രഹസ്യ വിവരങ്ങൾ നൽകണമെന്ന്​ ​​രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ സ്വപൻ ദാസ്‌ഗുപ്‌ത അഭിപ്രായപ്പെട്ടു. വിദേശ മാധ്യമങ്ങൾക്ക്​ ആവശ്യമായ വിവരങ്ങൾ നൽകണം. ചർച്ചകളിൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. മോദിയുടെ നേതൃത്വം ഇഷ്ടപ്പെടുന്ന മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകളുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം. സർക്കാർ പദ്ധതികളെ കുറിച്ച്​ മാധ്യമങ്ങളുമായി അടുപ്പമുള്ള മന്ത്രിമാർ വിവരങ്ങൾ നൽകണം. പത്രക്കുറിപ്പുകൾ എല്ലാ പ്രധാന ഭാഷകളിലും പുറപ്പെടുവിക്കണം. വിദേശ മാധ്യമങ്ങളുമായി ആശയവിനിമയത്തിന്​ യോഗ്യരായ ആളുകളെ നിയോഗിക്കണം.

പ്രതിസന്ധിയിലുള്ള മാധ്യമങ്ങളെ സഹായിക്കണം. ദൂരദർശനെ ഉപയോഗിച്ച്‌ സർക്കാർ ഭാഷ്യം വരുന്ന വാർത്തകൾ ചെയ്യണം. വാട്‌സാപ്പും മറ്റ്‌ സാമൂഹ്യമാധ്യമങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ രൂപീകരിക്കണം. ഓൺലൈൻ മാധ്യമങ്ങളെ സ്വാധീനിക്കാൻ പഠിക്കണം. ആഗോള വാർത്തകളുള്ള സ്വന്തം ഓൺലൈൻ മാധ്യമങ്ങളുണ്ടാക്കണം.

വ്യത്യസ്‌ത വിഷയങ്ങൾക്ക്‌ വാട്‌സാപ്പ്‌ ഗ്രൂപ്പുകൾ തുടങ്ങണം. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പാർട്ടി മാധ്യമങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്‌. അല്ലാത്ത സമയങ്ങളിൽ ഇതുചെയ്യണം. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പത്രങ്ങളിൽ ലേഖനമെഴുതരുത്‌. അത്‌ പ്രോപഗൻഡയാണെന്ന്‌ കരുതി ആരും വായിക്കില്ല. സാമൂഹിക പ്രശ്‌നങ്ങൾ സംബന്ധിച്ച വാർത്തകളാണ്‌ വിദേശ മാധ്യമങ്ങൾക്ക്‌ സ്വീകാര്യത കൊടുക്കുന്നത്‌. അത്തരം വാർത്തകളിൽ പ്രിൻറ്​, വയർ പോലുള്ളവരെയാണ്‌ ആളുകൾ ആശ്രയിക്കുന്നത്‌. ഇത്‌ രണ്ടും പരിഹരിക്കണം. വിദേശ കാര്യം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങളിൽ വാർത്തകളുടെ ദിശ നിർണയിക്കാൻ കഴിയുന്നവരുടെ ടീം സൃഷ്​ടിക്കണം. അതിനായി മന്ത്രിമാർ, ഉപദേശകർ, വിധഗ്​ദർ, ഉദ്യോഗസ്ഥർ എന്നിവർ ഇരുപത്തിനാല്‌ മണിക്കൂറും പ്രവർത്തിക്കണം.

ഗൂഗിളിനെ ഒഴിവാക്കി ഇൻസ്റ്റഗ്രാം കൂടുതൽ ഉപയോഗിക്കണം. പാശ്ചാത്യ മാധ്യമങ്ങളുമായി കൂടുതൽ ബന്ധം വേണം. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ധാരാളം വിദേശ പണം വരുന്നു. അത്‌ ദേശീയതയെയും ഭാരതീയ സംസ്‌കാരത്തെയും ദുർബലമാക്കുന്നു. തീവ്ര സംഘ്​ പരിവാർ മാധ്യമമായ ഓപ്‌ ഇന്ത്യയെ സഹായിക്കണം. അവരുടെ ട്വീറ്റുകൾ റീട്വീറ്റ്‌ ചെയ്യണം.

മന്ത്രിമാർ സാമൂഹിക മാധ്യമങ്ങളിലെ ഇടപടെൽ വർധിപ്പിക്കുക, പ്രാദേശിക ഭാഷകളിലെ സർക്കാർ അനുകൂലികളായ എഴുത്തുകാരുടെ പട്ടിക തയ്യാറാക്കുക, യുവാക്കളായ പ്രഫഷനലുകളെ മന്ത്രാലയങ്ങളുടെ സോഷ്യൽ മീഡിയയിൽ നിയമിക്കുക, സോഷ്യൽ മീഡിയ മാനേജ്‌മെന്റിൽ പാർട്ടിയും സർക്കാരും ഏകോപനം സാധ്യമാക്കുക, വികസനം നടന്ന പ്രദേശങ്ങളിലേക്ക്‌ മാധ്യമപ്രവർത്തകരുടെ ടൂർ സംഘടിപ്പിക്കുക, വിദേശ ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിച്ച്‌ നെഗറ്റീവ്‌ വാർത്തകൾക്കെതിരെ പ്രതിഷേധമുണ്ടാക്കുക.

മന്ത്രി സഭ തീരുമാനങ്ങൾ വിശദീകരിക്കാൻ ബുധനാഴ്ചകളിൽ കേന്ദ്രസർക്കാർ വാർത്താസമ്മേളനം നടത്തിയാൽ, വ്യാഴാഴ്ച സംസ്ഥാന തലത്തിലും വെള്ളിയാഴ്ച ജില്ലാ പ്രസിഡൻറുമാരും അനുബന്ധ വാർത്താസമ്മേളനം നടത്തണം. ശനി, ഞായർ ദിവസങ്ങളിൽ പാർട്ടി എം‌.പിമാരും എം‌.എൽ‌.എമാരും ജന സമ്പർ‌ക്ക പരിപാടി സംഘടിപ്പിക്കണമെന്നും നിർദ്ദേശത്തിൽ‌ പറയുന്നു. ഇതിലൂടെ സർക്കാർ തീരുമാനങ്ങളും സംരംഭങ്ങളും താളെ തട്ടിൽ എത്തുമെന്ന് ഉറപ്പാക്കാം. ഇങ്ങനെ ചെയ്​താൽ മുഴുവൻ പാർട്ടി സംവിധാനവും ജനപ്രതിനിധികളും ആളുകളുമായി സജീവ സമ്പർക്കം പുലർത്തുമെന്നും മന്ത്രിമാരുടെ സംഘം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP