Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഇറക്കുമതി ചുങ്കം വർധപ്പിച്ചതോടെ സജീവമായത് സ്വർണക്കടത്ത് ലോബി; അധികൃതരെ വെട്ടിച്ച് ഒരു കിലോഗ്രാം സ്വർണം കടത്തിയാൽ ലാഭം ആറ് ലക്ഷം രൂപ വരെ; കാരിയർമാർക്ക് ലഭിക്കുക മുപ്പതിനായിരം രൂപ; സ്വർണക്കടത്തിന് അവലംബിക്കുന്നത് 'രഹസ്യ വഴി'കളും

ഇറക്കുമതി ചുങ്കം വർധപ്പിച്ചതോടെ സജീവമായത് സ്വർണക്കടത്ത് ലോബി; അധികൃതരെ വെട്ടിച്ച് ഒരു കിലോഗ്രാം സ്വർണം കടത്തിയാൽ ലാഭം ആറ് ലക്ഷം രൂപ വരെ; കാരിയർമാർക്ക് ലഭിക്കുക മുപ്പതിനായിരം രൂപ; സ്വർണക്കടത്തിന് അവലംബിക്കുന്നത് 'രഹസ്യ വഴി'കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറെക്കാലമായി ഏറെ ആകർഷകമല്ലാതിരുന്ന സ്വർണക്കടത്ത് വീണ്ടും സംസ്ഥാനത്ത് സജീവമായിരിക്കുകയാണ്. സ്വർണത്തിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചുങ്കം 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമാക്കി വർധിച്ചതോടെയാണ് കള്ളക്കടത്ത് സ്വർണത്തിന്റെ ഒഴുക്ക് വീണ്ടും വർധിച്ചത്. ഇപ്പോൾ ഒരു കിലോഗ്രാം സ്വർണം അധികൃതരെ വെട്ടിച്ചു കടത്തിയാൽ 6 ലക്ഷം രൂപ വരെ ലാഭമുണ്ട്. 15,000 രൂപ മുതൽ 30,000 രൂപ വരെയാണ് സ്വർക്കടത്തിന് ഉപയോഗിക്കുന്നവർക്കുള്ള പ്രതിഫലം.

ആഗോള ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ 2019ലെ സ്വർണ ഉപഭോഗം ഏതാണ്ട് 850 ടൺ ആയിരിക്കുമെന്നാണ്. കഴിഞ്ഞ 10 വർഷത്തെ ശരാശരി ഉപഭോഗം 838 ടൺ ആണ്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിൽ 100 മുതൽ 150 ടൺ വരെ അനധികൃതമായി എത്തുന്നതാണത്രെ. കഴിഞ്ഞ വർഷം 95 ടൺ സ്വർണമാണു കള്ളക്കടത്തായെത്തിയത്. 2017ൽ ഇത് 120 ടൺ ആയിരുന്നു. ഇപ്പോൾ സ്വർണത്തിനു വില കൂടുകയും നികുതി വർധിപ്പിക്കുകയും ചെയ്തതോടെ കള്ളക്കടത്ത് ഈ വർഷം 150 ടൺ ആയി ഉയരുമെന്നാണ് ഇതു വരെയുള്ള കണക്കുകൾ നൽകുന്ന സൂചന.

Stories you may Like

വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് സമീപകാലത്ത് വർധിക്കുന്നതായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പുറത്തുവിട്ട കണക്കുകളിൽ നിന്ന് വക്തമാകുന്നത്. നവംബർ ഏഴു മുതൽ ഈ മാസം ഏഴു വരെ 22 സ്വർണക്കടത്ത് കേസുകൾ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ മലയാളികളായ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. ആകെ 15.2 കിലോ സ്വർണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 5.2 കോടി രൂപ വിലമതിക്കും

ഈ ഒരു മാസക്കാലയളവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു മാത്രമുള്ള സ്വർണക്കടത്ത് 28 കിലോഗ്രാമോളം വരും. ഏതാണ്ട് 10കോടിയോളം രൂപ വിപണി മൂല്യമുള്ള സ്വർണം. മുപ്പതോളം പേർ സ്വർണക്കടത്തു കേസിൽ ഒരു മാസത്തിനുള്ളിൽ പിടിയിലായി. ഇരുപത്തഞ്ചോളം കേസുകളിലായാണ് ഇത്ര സ്വർണം പിടികൂടിയത്.

അത്യാധുനിക സംവിധാനങ്ങൾ സ്വർണക്കടത്തുകാരെ പിടികൂടാൻ ഒരുക്കുമ്പോൾ വ്യത്യസ്തങ്ങളായ മാർഗങ്ങളാണ് കള്ളക്കടത്തിനായി ഉപയോഗിക്കുന്നത്. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചുകടത്തുന്ന അതിസാഹസിക രീതിയാണു സജീവമാകുന്നത്. സ്വർണത്തരികൾ മറ്റു ചില പൊടികൾക്കൊപ്പം കുഴമ്പുരൂപത്തിലാക്കുന്നതാണ് ആദ്യഘട്ടം. ഈ സ്വർണ മിശ്രിതം ഗർഭനിരോധന ഉറകൾക്കുള്ളിൽ കെട്ടിയ നിലയിലാണ് ഒളിപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവ യന്ത്രങ്ങൾക്കു കണ്ടുപിടിക്കാൻ പ്രയാസമാണെന്നതിനു തെളിവാണ് അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായെത്തിയ യുവാവ് പൊലീസിനു നൽകിയ പരാതി സൂചിപ്പിക്കുന്നത്.

മട്ടൻ കറിയിലും പേനയുടെ റീഫില്ലിലും വരെ സ്വർണം ഒളിപ്പിച്ച് കടത്തുന്ന രീതിയും തുടരുമ്പോഴും ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നതാണ് കൂടുതൽ സുരക്ഷിതമെന്നാണ് കള്ളക്കടത്ത് മാഫിയയുടെ നിഗമനം. സാധാരണ രീതിയിൽ സ്വർണക്കട്ടികൾ എക്‌സ്‌റേ മെഷീനിൽ തെളിയാതിരിക്കാൻ കാർബൺ പേപ്പറിൽ പൊതിഞ്ഞു പിന്നീട് ഇൻസുലേഷൻ ടേപ്പും മറ്റും ചുറ്റിയാണെത്തുന്നതെങ്കിലും ചിലപ്പോഴൊക്കെ എക്‌സ്‌റേ മെഷീനിൽ ഇവ പിടിക്കപ്പെട്ടിട്ടുണ്ട്. ഇതൊഴിവാക്കാൻ ഇപ്പോൾ ശരീരത്തിനുള്ളിലൊളിപ്പിച്ചെത്തുന്നവരിലേറെയും പൊടിയോ, കുഴമ്പോ രൂപത്തിലാണു കൊണ്ടുവരുന്നത്.

മരണം വരെ സംഭവിക്കാവുന്ന കള്ളക്കടത്തു രീതിയാണ് ശരീരത്തിൽ ഒളിപ്പിച്ചും വിഴുങ്ങിയുമുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കള്ളക്കടത്തു സംഘത്തിൽപ്പെട്ട പ്രത്യേക പരിശീലനം ലഭിച്ചവരാണ് യാത്രക്കാരുടെ ശരീരത്തിൽ സ്വർണം ഒളിപ്പിക്കുക. യാത്രയുടെ നിശ്ചിത സമയത്തിനു മുൻപായിരിക്കും അത്. പിന്നീടു ഭക്ഷണം കഴിക്കരുതെന്നാണ് നിർദ്ദേശം. വെള്ളം മാത്രമേ കുടിക്കാനാകൂ. എന്നാൽ, ഇവരിൽ ചിലർ വിമാനത്താവളത്തിലെത്തുമ്പോൾ, ഛർദ്ദി, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംശയം തോന്നി പിടിക്കപ്പെട്ടാൽ എക്‌സ്‌റേ എടുത്ത് ഉറപ്പുവരുത്തും. പലപ്പോഴും ആശുപത്രികളിൽ എത്തിച്ചാണ് സ്വർണം പുറത്തെടുക്കുക.

ശരീരത്തിനുള്ളിലൊളിപ്പിച്ചു സ്വർണം കൊണ്ടുവരുന്നവർ പിടിയിലായാൽ ആശുപത്രിയിൽ വച്ച് എക്‌സ്‌റേ എടുക്കുകയാണ് ആദ്യ പടി. എക്‌സ്‌റേയിൽ എത്രയെണ്ണമുണ്ടെന്ന് ആദ്യമായി മനസ്സിലാക്കും. പിന്നീട് ഇവരോടുതന്നെ ഇവ പുറത്തെടുക്കാൻ ആവശ്യപ്പെടും. ഇവർ ഇതു പുറത്തെടുത്തു കഴുകി വൃത്തിയാക്കി ഉദ്യോഗസ്ഥരെ ഏൽപിക്കും. പിന്നീട് ഒരിക്കൽക്കൂടി എക്‌സ്‌റേ എടുത്തു ശരീരത്തിനുള്ളിൽ സ്വർണം അവശേഷിക്കുന്നില്ല എന്നുറപ്പു വരുത്തിയ ശേഷമാണു പ്രതിയെയുംകൊണ്ട് ഉദ്യോഗസ്ഥർ ആശുപത്രിയിൽനിന്നു മടങ്ങുക.

സ്വർണക്കടത്തിന് സ്ത്രീകളെയാണ് ഏജന്റുമാർക്ക് കൂടുതൽ താല്പര്യം. ദേഹ പരിശോധന ഒഴിവാക്കാൻ സ്വർണക്കടത്തിന് ഉപയോഗിക്കുന്ന സ്ത്രീകൾ പർദ ധരിക്കണമെന്ന നിബന്ധനയുണ്ട്. കടത്തിനായി ആളെ കണ്ടെത്താൻ റിക്രൂട്ടിങ് ഏജൻസികളും നിലവിലുണ്ട് . റിക്രൂട്ടിങ് ഏജൻസിക്ക് പ്രതിഫലത്തിന് പുറമെ അധികം തുകയും കള്ളക്കടത്തുകാർ നൽകും. വിദേശത്ത് നിന്ന് സ്വർണം തന്നത് ആരാണെന്നോ വിമാനത്താവളത്തിലെത്തി ഇത് കൈപ്പറ്റിയത് ആരെന്നോ അറിയില്ലെന്നാണ് കടത്തുകാർ പറയുന്നത്. അതുകൊണ്ട് തന്നെ കടത്തുകാരെ പിടികൂടിയാലും അതിന് പിന്നിലുള്ളവരെ കണ്ടെത്താൻ പലപ്പോഴും കസ്റ്റംസിനും റവന്യൂ ഇന്റലിജൻസിലും കഴിയാറുമില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP