Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം വിമാനത്താവളത്തിൽ 15 കോടിയുടെ സ്വർണം പിടികൂടാൻ കസ്റ്റംസിനെ സഹായിച്ച ആ രഹസ്യ ഇൻഫോർമർ ആരാണ്? സ്വപ്‌നയെയും സരിത്തിനെയും കുരുക്കിയ ആ അജ്ഞാതനെ കാത്തിരിക്കുന്നത് ലക്ഷങ്ങൾ; നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വർണ്ണമായതിനാൽ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കിൽ ലഭിക്കുക 45 ലക്ഷം രൂപ; ആ രഹസ്യ ഇൻഫോർമറെ കുറിച്ചുള്ള വിവരം ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും കൈമാറാൻ പാടുല്ലെന്നും കസ്റ്റംസ് ചട്ടം

തിരുവനന്തപുരം വിമാനത്താവളത്തിൽ 15 കോടിയുടെ സ്വർണം പിടികൂടാൻ കസ്റ്റംസിനെ സഹായിച്ച ആ രഹസ്യ ഇൻഫോർമർ ആരാണ്? സ്വപ്‌നയെയും സരിത്തിനെയും കുരുക്കിയ ആ അജ്ഞാതനെ കാത്തിരിക്കുന്നത് ലക്ഷങ്ങൾ; നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വർണ്ണമായതിനാൽ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കിൽ ലഭിക്കുക 45 ലക്ഷം രൂപ; ആ രഹസ്യ ഇൻഫോർമറെ കുറിച്ചുള്ള വിവരം ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും കൈമാറാൻ പാടുല്ലെന്നും കസ്റ്റംസ് ചട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ രാഷ്ട്രീയമായി പിടിച്ചുകുലുക്കിയ വിഷയമായി മാറിയിട്ടുണ്ട് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്. 15 കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്വർണം പിടികൂടിയത്. ആരാണ് ഈ വിവരം നൽകിയത് എന്ന കാര്യം രഹസ്യമായാണ്. കസ്റ്റംസിന്റെ നിയമപ്രകാരം ഇൻഫോർമർക്ക് പണം പാരിതോഷികമായി ലഭിക്കും. 15 കോടിയുടെ സ്വർണമാണ് പിടികൂടിയത് എന്നതിനാൽ ഇവിടെ ലക്ഷങ്ങൾ തന്നെ അത്തരമൊരു ഇർഫോർമർ ഉണ്ടെങ്കിൽ ലഭിക്കുന്നതാണ്.

സ്വർണ്ണ കടത്ത് പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ 45 ലക്ഷം രൂപയും ഉദ്യോഗസ്ഥർ നേരിട്ട് പിടികൂടിയതാണെങ്കിൽ 20 ലക്ഷം രൂപയുമാണ് പരമാവധി പാരിതോഷികമായി കസ്റ്റംസ് നൽകുക. യുഎഇയുടെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ വൻ തട്ടിപ്പ് സംഘം അകത്തായത് കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നിലവിലെ സൂചന. പക്ഷെ ഈ വിവരം ആര് ചോർത്തി നൽകി എന്നത് ഇപ്പോഴും കസ്റ്റംസിന് മാത്രം അറിയാവുന്ന രഹസ്യമാണ്.

നിലവിലെ നിയമപ്രകാരം ഒരു കിലോ സ്വർണം പിടികൂടിയാൽ വിവരം നൽകിയ ആൾക്ക് ലഭിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. ഇവിടെ നയതന്ത്ര ചാനലിലൂടെ എത്തിയത് മുപ്പത് കിലോ സ്വർണ്ണമായതിനാൽ വിവരം കൈമാറിയ വ്യക്തിയുണ്ടെങ്കിൽ 45 ലക്ഷം രൂപ ലഭിക്കും. അന്വേഷണത്തിന് ശേഷം പ്രതികളെ പിടികൂടുന്നതോടെ പാരിതോഷികത്തിന്റെ അമ്പത് ശതമാനം തുക ദിവങ്ങൾക്കുള്ളിൽ കസ്റ്റംസ് മുൻകൂർ ആയി നൽകും.

സുരക്ഷയെ മുൻനിർത്തിയും നിയമ പ്രകാരവും കസ്റ്റംസിനെ വിവരങ്ങൾ അറിയിക്കുന്നവരുടെ വിശദാംശങ്ങൾ ഒന്നും ശേഖരിച്ച് വെക്കുന്നതിന് പകരം വിവരം കൈമാറുന്നയാളുടെ കൈവിരലടയാളം മാത്രമാണ് കസ്റ്റംസിന്റെ കൈയിലുണ്ടാകുക. അന്വേഷണം പൂർത്തിയായായാൽ ഈ വിരലടയാളം ഒത്തുനോക്കി പാരിതോഷികം മുഴുവനായി നൽകുന്നതാണ് രീതി. ചെക്കുകൾക്കും ഡ്രാഫ്റ്റുകൾക്കും പകരം പണം തന്നെ ആയിരിക്കും നൽകുക. കസ്റ്റംസ് ചട്ടങ്ങൾ പ്രകാരം വിവരദാതാവിന്റെ വിശദാംശങ്ങൾ ഇന്ത്യൻ രാഷ്ട്രപതിക്ക് പോലും കൈമാറാൻ പാടുള്ളതല്ല.

കസ്റ്റംസ് കമ്മീഷണർ രാമമൂർത്തിയും സംഘനവുമാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് സമർത്ഥമായി പിടികൂടിയത്. തനിക്ക് വിവരം തന്ന ഇൻഫോർമറെ വിശ്വസിക്കാൻ കൂട്ടാക്കിയതും സംശയാസ്പദമായ സാഹചര്യത്തിൽ വന്ന പെട്ടി പരിശോധിക്കാൻ ഉന്നതങ്ങളിലേക്ക് നടത്തിയ ഇടപെടലുകളും നിർണായക ചുവടു വയ്പായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നയതന്ത്രബാഗേജിൽ സ്വർണ്ണമുണ്ടെന്ന ഒരു ഇൻഫോർമറുടെ വിവരം വിശ്വസിച്ചായിരുന്നു നീക്കങ്ങൾ. റിപ്പോർട്ട് ചെയ്തതിൽ കവിഞ്ഞ തൂക്കം പെട്ടിക്ക് ഉണ്ടായിരുന്നു. ആസൂത്രിതമായ നീക്കത്തിനൊടുവിൽ 30 കിലോ സ്വർണമാണ് രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്.

രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള ഡോക്യുമെന്റ്‌സുകളാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിഭാഗത്തിൽ വരുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. ആവശ്യമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താൻ. ലോക്ഡൗൺ സാഹചര്യമായതിനാലും പെട്ടി പൊട്ടിക്കാൻ അനുമതി ഇല്ലാത്തതിനാലും ആദ്യം പിടിച്ചു വെച്ചു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കും എന്നതു കൊണ്ടു തന്നെ വലിയ വെല്ലുവിളിയായിരുന്നു രാമമൂർത്തി ഏറ്റെടുത്തിരുന്നത്. എന്തെങ്കിലും തരത്തിൽ പാളിച്ച ഉണ്ടായാൽ തകരുന്നത് ആ ബന്ധമാണ്. അതോടൊപ്പം രാമമൂർത്തിയുടെ ജോലിയേയും ബാധിക്കും. പക്ഷേ ഇൻഫോർമറെ വിശ്വാസത്തിൽ എടുത്ത രാമമൂർത്തി ഇക്കാര്യത്തിൽ റിസ്‌ക്ക് എടുക്കാൻ തയ്യാറാകുകയായിരുന്നു. കമ്മീഷണർ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. കസ്റ്റംസിന്റെ അപേക്ഷ വിശദമായി പരിശോധിച്ച വിദേശകാര്യ മന്ത്രാലയം രണ്ടു ദിവസം കഴിഞ്ഞപ്പോൾ അനുമതി നൽകി ഇമെയിൽ സന്ദേശം അയച്ചു.

നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കണം എന്ന നിർദ്ദേശം പാലിച്ച് ഞായറാഴ്ച പെട്ടി പൊട്ടിച്ചപ്പോഴാണ് 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വർണം ബാഗിൽ കണ്ടെത്തിയത്. ബാഗേജിലെ എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണം കുത്തിനിറച്ചിരുന്നു. പെട്ടിയിൽ കണ്ടെത്തിയ പൈപ്പ്, ഡോർലോക്ക്, എയർ കംപ്രസർ എന്നിവയിൽ സിലിൻഡർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇതിനൊപ്പം ന്യൂഡിൽസും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP