Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യും? കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചന; തലസ്ഥാനത്ത് കസ്റ്റംസ് ഓഫീസിൽ അർദ്ധരാത്രി പിന്നിട്ടും ചോദ്യം ചെയ്യൽ; ഉത്തരങ്ങളിൽ വൈരുദ്ധ്യമെന്നും സൂചന; ഫോൺ രേഖകളും സിസി ടിവി ദൃശ്യങ്ങളും മുഖ്യതെളിവുകൾ; ശിവശങ്കറിന് വിനയായത് സ്വപ്‌നയും സരിത്തുമായി ഔദ്യോഗിക ചുമതലയുടെ അതിരുകൾ കടന്ന അടുപ്പം; ചോദ്യം ചെയ്തത് കസ്റ്റംസും ഡിആർഐയും സംയുക്തമായി

സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യും? കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചന; തലസ്ഥാനത്ത് കസ്റ്റംസ് ഓഫീസിൽ അർദ്ധരാത്രി പിന്നിട്ടും ചോദ്യം ചെയ്യൽ; ഉത്തരങ്ങളിൽ വൈരുദ്ധ്യമെന്നും സൂചന; ഫോൺ രേഖകളും സിസി ടിവി ദൃശ്യങ്ങളും മുഖ്യതെളിവുകൾ; ശിവശങ്കറിന് വിനയായത് സ്വപ്‌നയും സരിത്തുമായി ഔദ്യോഗിക ചുമതലയുടെ അതിരുകൾ കടന്ന അടുപ്പം; ചോദ്യം ചെയ്തത് കസ്റ്റംസും ഡിആർഐയും സംയുക്തമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടിസെക്രട്ടറിയും ആയിരുന്ന എം.ശിവശങ്കർ അറസ്റ്റിലാകുമെന്ന് അഭ്യൂഹം. അർദ്ധരാത്രി പിന്നിട്ടും ചോദ്യം ചെയ്യൽ തുടരുകയാണ്. കസ്റ്റംസും ഡി ആർ ഐയും സംയുക്തമായാണ് ചോദ്യം ചെയ്തത്. സംസ്ഥാന ചരിത്രത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഇത്രയും അധികം മണിക്കൂർ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയ ശേഷമാണ് അറസ്റ്റ് ഉണ്ടാകുക എന്നും പറയപ്പെടുന്നു. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും സൂചനയുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ അർദ്ധരാത്രിക്ക് ശേഷവു തുടരുകയാണ്. ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ഫോൺ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളുമാണ് ശിവശങ്കറിനെതിരെയുള്ള പ്രധാന തെളിവുകളാകുക.കേസിൽ ശിവശങ്കർ നിരപരാധിയാണെങ്കിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാനായിരുന്നു തീരുമാനം. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് ശിവശങ്കർ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യം ചെയ്യുന്നത് വൈകുന്നത് ഇത് കാരണമാണെന്നാണ് കരുതപ്പെടുന്നത്.ശിവശങ്കർ നൽകിയ ഉത്തരങ്ങളിൽ കാര്യമായ പൊരുത്തക്കേടുകളും ഉണ്ടായിരുന്നു. അതിനാലാണ് അറസ്റ്റിലേക്ക് നീങ്ങാനുള്ള തീരുമാനം വരുന്നത്.

ഔദ്യോഗിക ചുമതലയ്ക്കപ്പുറം സ്വപ്നയും സരിത്തുമായുള്ള അടുപ്പം, ഔദ്യോഗികമായി പരിചയപ്പെടാൻ സാധ്യതയില്ലാത്ത സന്ദീപുമായും ബന്ധം, ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ ഒത്തു ചേർന്നെന്ന സരിത്തിന്റെ മൊഴി, ശിവശങ്കറിന്റെ ഫ്‌ളാറ്റുള്ള സമുച്ചയത്തിൽ ജൂൺ അവസാനം സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഫ്‌ളാറ്റ് വാടകക്കെടുത്തെന്ന സംശയം, നാലുപേരുടെയും ഫോൺ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് കസ്റ്റംസ് മറുപടി തേടിയത്.

സരിത്തും സ്വപ്നയുമായി ശിവശങ്കറിന്റെ ബന്ധം കോൾ ലിസ്റ്റിൽ നിന്നും തെളിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണം കടത്ത് കേസിൽ അറസ്റ്റിലായതോടെ പിണറായി സർക്കാർ വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ശിവശങ്കറിനെ സെക്രട്ടറിയേറ്റിനു സമീപത്തെ കസ്റ്റംസ് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. സ്വർണം കടത്തിന്റെ മുഖ്യ ആസൂത്രകരായ സ്വപ്നയും സരിത്തുമായുള്ള ശിവശങ്കറിന്റെ ബന്ധം തെളിഞ്ഞിട്ടും സമയമായില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നത്.

ചൊവ്വാഴ്ച വൈകിട്ടാണ് ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിൽ ഒരു സ്വകാര്യ കാറിൽ എത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് എൻഐഎ-കസ്റ്റസ് ഉദ്യോഗസ്ഥർ നൽകുന്നത്. കസ്റ്റംസ് അസി. കമീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുള്ള മൂന്നംഗ സംഘം ഫ്‌ളറ്റിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. ഉടൻ അന്വേഷണ സംഘം മടങ്ങിയപ്പോൾ വീട്ടിലെ പിൻവാതിലെ വഴിയിൽ കൂടി വേറൊരു കാറിൽ ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ ഹാജരാകുകയായിരുന്നു. പിൻവാതിൽ വഴി വേറൊരു കാറിൽ ശിവശങ്കർ വന്നപ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങൾക്കും കഴിഞ്ഞില്ല.

അതേസമയം, തിരുവനന്തപുരം ഹിൽട്ടൺ ഹോട്ടലിൽ കസ്റ്റംസ് പരിശോധന നടന്നു. സ്വപ്നയും സരിത്തും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും കസ്റ്റംസ് പരിശോധിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ ലഭിച്ചുവെന്ന് കസ്റ്റംസ് അറിയിച്ചു. ഹോട്ടലിൽ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു. അതിനിടെ സന്ദീപിന്റെ വീട്ടിൽ നിന്ന് എൻഐഎ ഫോണുകൾ പിടിച്ചെടുത്തു.അരുവിക്കരയിലെ വീട്ടിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്.

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ എത്തിയത് മുതൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്ത് വിട്ടിരുന്നില്ല. സ്വർണ്ണക്കടത്ത് പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്നു കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജ് പറഞ്ഞതോടെയാണ് ഇതുമായി ഒരു പരസ്യ പ്രതികരണവും നടത്തരുതെന്ന് കേന്ദ്രത്തിൽ കസ്റ്റംസിന് കർശന നിർദ്ദേശം ലഭിച്ചത്. അനീഷ് രാജിനുള്ള സിപിഎം ബന്ധം വ്യക്തമായതോടെയാണ് ഈ കാര്യത്തിൽ വിവരങ്ങൾ പുറത്ത് പോകരുതെന്ന് കർശന നിർദ്ദേശം കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. അനീഷ് ബി രാജിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു.

ഫോൺ രേഖകൾ പുറത്തുവന്നു

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ സരിത്തിന്റെയും സ്വപ്നയുടെയും കോൾ ലിസ്റ്റ് പുറത്ത് വന്നിട്ടുണ്ട്. ശിവശങ്കറും മന്ത്രി കെ.ടി.ജലീലും അടക്കം സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. സരിത്ത് പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുകയാണ്. ഇതിന്നിടയിൽ തന്നെയാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ നീണ്ടുപോവുകയും ചെയ്യുന്നത്.

സ്വപ്നയുടെ ഫോൺലിസ്റ്റിൽ ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺസംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷേയെയും പ്രതികൾ നിരവധി തവണയാണ് വിളിച്ചത്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്ന കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളിൽ നിന്നും വ്യക്തംമാണ് അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺകോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപും ഇരുവരും തമ്മിൽ സംസാരിച്ചുവെന്ന രേഖകൾ ഇതിലുണ്ട്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, പിആർ സരിത്തും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അറസ്റ്റിലാവുന്നതിന് മുൻപായി പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വർണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം ശിവശങ്കറിനെ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്. അറ്റാഷെയുടെ നടപടികളും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.

സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് കോൾ ലിസ്റ്റിൽ വ്യക്തമാകുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി. ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്ളാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് ജൂൺ 24നും 26നും സ്വർണം വന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളിൽ സരിത്തും സ്വപ്നയും യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതിൽ  ഉൾപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP